Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വടക്കന്റെ കാലുമാറ്റം ഒറ്റപ്പെട്ടതല്ല; മോദി അധികാരത്തിലേറിയ ശേഷം 'കുതിരക്കച്ചവടത്തിലൂടെ' ബിജെപിയിൽ എത്തിയത് നൂറോളം കോൺഗ്രസ് നേതാക്കൾ; കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കൂടുമാറിയത് പതിനഞ്ചോളം കോൺഗ്രസ് നേതാക്കൾ; ബംഗാളിൽ പാർട്ടി എംഎൽഎയും കാവിയണിഞ്ഞപ്പോൾ ഞെട്ടി സിപിഎമ്മും; തൃണമൂലിൽനിന്നും ശിവസേനയിൽനിന്നും കാലുമാറ്റം; പണവും പദവികളും വാരിയെറിഞ്ഞ് അമിത്ഷായും കൂട്ടരും ചാക്കിടൽ തുടരുമ്പോൾ ചങ്കിടിക്കുന്നത് കോൺഗ്രസിന്; ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയോ?

വടക്കന്റെ കാലുമാറ്റം ഒറ്റപ്പെട്ടതല്ല; മോദി അധികാരത്തിലേറിയ ശേഷം 'കുതിരക്കച്ചവടത്തിലൂടെ' ബിജെപിയിൽ എത്തിയത് നൂറോളം കോൺഗ്രസ് നേതാക്കൾ; കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കൂടുമാറിയത് പതിനഞ്ചോളം കോൺഗ്രസ് നേതാക്കൾ; ബംഗാളിൽ പാർട്ടി എംഎൽഎയും കാവിയണിഞ്ഞപ്പോൾ ഞെട്ടി സിപിഎമ്മും; തൃണമൂലിൽനിന്നും ശിവസേനയിൽനിന്നും കാലുമാറ്റം; പണവും പദവികളും വാരിയെറിഞ്ഞ് അമിത്ഷായും കൂട്ടരും ചാക്കിടൽ തുടരുമ്പോൾ ചങ്കിടിക്കുന്നത് കോൺഗ്രസിന്; ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയോ?

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാഷ്ട്രീയ എതിരാളികളെ പാളയത്തിലെത്തിച്ച് വിജയം നേടുകയെന്ന തന്ത്രം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന നേതാവ് എന്ന വിശേഷണത്തിന് അർഹനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. അതിനായി പണവും പദവികളും വാരിയെറിയാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. കർണ്ണാടകയിൽ അധികാരം പിടിക്കാനായി കോടികൾ മുടക്കിക്കൊണ്ടുള്ള 'കുതിരക്കച്ചവടം'അവസാന നിമിഷം പാളിപ്പോയത് ജനം ്കണ്ടതാണ്. കോൺഗ്രസിൻെ പല പ്രമുഖരായ നേതാക്കളും ഇന്ന് ബിജെപിയിലാണ്. ഐഎസിസിയും സെക്രട്ടറിയും വക്താവുമായിരുന്ന ടോം വടക്കന്റെ കാലുമാറ്റം ഒറ്റപ്പെട്ടതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മോദി അധികാരത്തിൽ എത്തിയശേഷം കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയത് നൂറോളം നേതാക്കളാണ്.കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ കാവിപുതപ്പിച്ചാണ് ഷായും കൂട്ടരും തൃപുരയിൽ രണ്ടരപതിറ്റാണ്ട് നീണ്ടുനിന്ന ഇടതുഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയത്. അരുണാചലിനും, മണിപ്പൂരിലും, ഗോവയിലും ഇതേ തന്ത്രം ഫലം കണ്ടു.

ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതോടെ അമിത് ഷായും ബിജെപിയും ഇതര പാർട്ടികളുടെ നേതാക്കളെ താമരയ്ക്ക് കീഴിൽ അണിനിരത്താനുള്ള തീവ്രശ്രമത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കൂടുമാറിയത് പതിനഞ്ചോളം കോൺഗ്രസ് നേതാക്കളാണ് ബിജെപിയിൽ എത്തിയത്. അവസാനം ബംഗാളിലെ ഒരു സിപിഎം എംഎൽഎ കൂടി കാലുമാറി ബിജെപിയിൽ എത്തിയതോടെ ഇടതുമുന്നണിയും ഞെട്ടിയിരിക്കയാണ്. കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് നൽകുന്നതിന് തുല്യമാണ് എന്നു പറഞ്ഞ്, കേരളത്തിൽ യുഡിഎഫിനെതിരെ കാമ്പയിൽ നടത്താൻ ഇരുന്ന എൽഡിഎഫിനും ഇത് ശക്തമായ തിരിച്ചടിയായി.പണവും പദവികളും വാരിയെറിഞ്ഞ് അമിത്ഷായും കൂട്ടരും ചാക്കിടൽ തുടരുമ്പോൾ ചങ്കിടിക്കുന്നത് കോൺഗ്രസിനാണ്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ കാലുമാറി ബിജെപിയിൽ എത്തിയത് 15 ഓളം നേതാക്കൾ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ഈ സമയത്തും കോൺഗ്രസിൽനിന്ന് പതിനഞ്ചോളം നേതാക്കളാണ് ബിജെപിയിലേക്ക് കൂറുമാറിയത്. ഗുജറാത്ത് നിയമസഭയിൽ കഴിഞ്ഞ ഒറ്റ ആഴചകൊണ്ട് മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നത്. ജാംനഗർ റൂറൽ എംഎൽഎ വല്ലഭ് ധാരാവിയയാണ് ഒടുവിൽ എംഎൽഎ സ്ഥാനം രാജിവെച്ചത്. കോൺഗ്രസ് നേതാവായിരുന്ന പാർസോത്തം സബരിയയും ഈയിടെ ബിജെപിയിൽ ചേർന്നു. മാർച്ച് എട്ടിന് ധ്രൻഗാധ്രയിലെ എംഎൽഎ സ്ഥാനം സബരിയ രാജിവെച്ചിരുന്നു. ജലസേചന പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബറിൽ സബരിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന സബരിയയ്ക്ക് ഫെബ്രുവരിയിലാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കർണാടകയിൽ രണ്ടു ദിവസം മുമ്പാണ് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലെത്തിയത്. കോൺഗ്രസ് നേതാവായ എ മഞ്ജുവാണ് തെരഞ്ഞെടുപ്പടുത്തിരിക്കെ ബിജിപിയിലേയ്ക്ക് ചേക്കേറിയത്. സംസ്ഥാന നിയമസഭയിൽ മൂന്നു തവണ എംഎൽഎയായ മഞ്ജു ബിജെപി ടിക്കറ്റിൽ ഹസനിൽ മൽസരിക്കുമെന്നാണ് വിവരം.മഞ്ജു അനുയായികളുടെ യോഗവും വിളിച്ചു.

അസമിലെ രണ്ട് കോൺഗ്രസ് നേതാക്കളാണ് കഴിഞ്ഞ ദിവസം ബിജെപിയിലെത്തിയത്. മുന്മന്ത്രി ഗൗതം റോയ്, മുൻ എംപി കിരിപ് ചാലിഹ എന്നിവരാണ് ബിജെപിയിലേക്ക് പോയത്. സംസ്ഥാന കോൺഗ്രസിലെ പ്രമുഖരായ ഇവർ അടുത്ത ദിവസം ഗുവാഹത്തിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപിയിൽ ചേരും.സിൽചാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു ഗൗതം റോയ്. സിൽചാർ ലോക്സഭ സീറ്റ് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ കോൺഗ്രസിന്റെ സുഷ്മ ദേവാണ് സിൽചാർ എംപി. അസമിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന തരുൺ ഗോഗോയിയുടെ കടുത്ത വിമർശകനാണ് മുൻ എംപികൂടിയായ കിരിപ് ചാലിഹ. മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാക്കളാണ് ഇരുവരും. ഇരുവരുടെയും കൂറുമാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയാകും.

മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽയുമായ കാളിദാസ് കോലംബളകാർ ആണ് ബിജെപിയിൽ ചേർന്ന പ്രമുഖൻ. ഓഫീസിന് പുറത്തെ കോൺഗ്രസിന്റെ ചിഹ്നങ്ങൾ മാറ്റി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ വലിയ ചിത്രവും കാളിദാസ് സ്ഥാപിച്ചു. ആറു തവണ എംഎൽഎ ആയി കാളിദാസ് കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് ശിവസേനയിലായിരുന്നു. കാളിദാസ് മാത്രമല്ല ബിജെപിയുമായി അടുത്ത ബന്ധമുള്ള പല കോൺഗ്രസ് നേതാക്കളുമുണ്ടെന്നും വഴിയെ അറിയാമെന്നും മന്ത്രിയും ബിജെപി നേതാവുമായ ഗിരിഷ് മഹാജൻ പറഞ്ഞു.മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖേ പട്ടീലിന്റെ മകൻ സുജയ് വിഖേ പട്ടീലും കഴിഞ്ഞദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

സിപിഎമ്മിന് വൻ തിരിച്ചടിയായി ബംഗാൾ എംഎൽഎയുടെ കാലുമാറ്റം

കോൺഗ്രസിന് വോട്ടുചെയ്യുകയെന്നാൽ ഫലത്തിൽ ബിജെപിക്ക് വോട്ടുചെയ്യുക കൂടിയാണെന്ന് കേരളത്തിൽ പ്രചരിപ്പിക്കുന്ന സിപിഎമ്മിനുള്ള വലിയ തിരിച്ചടിയായത് ബംഗാളിൽ സിപിഎം എംഎൽഎ ബിജെപിയിൽ ചേർന്നതാണ്. സിപിഎം നേതാവും എംഎൽഎയുമായ ഖഗേൻ മർമുവാണ് കാലുമാറി പാർട്ടിയെ ഞെട്ടിച്ചത്. തൃണമൂൽ എംപി അനുപം ഹസ്രം ബിജെപിയിലെത്തിയതിന് പിന്നാലെയാണ് സിപഎം എംഎൽഎ മർമുവും ബിജെപിയിലെത്തിയിരിക്കുന്നത്. ബിർഭം ജില്ലയിലെ ബോൽപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഹസ്ര.പാർട്ടി അണികൾ പലരും കൂറുമാറുമ്പോഴും ബംഗാളിൽ നേതൃത്വത്തിൽ നിന്ന് കൂറുമാറ്റം ഉണ്ടായിരുന്നില്ല. ഇപ്പോൾ അതും തുടങ്ങിയത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കയാണ്.

മോദി ഭരണത്തിലേറിയ ശേഷം ബിജെപിയിലെത്തിയത് നൂറോളം കോൺഗ്രസ് നേതാക്കൾ

കോൺഗ്രസിന്റെ ദേശീയ ജനറൽസെക്രട്ടറിമാരും മുൻ മുഖ്യമന്ത്രിമാരും എംപിമാരുമടക്കം എംഎൽഎമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കളാണ് അഞ്ചു വർഷത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത്. ഈ പട്ടികയിലെ പുതിയ പേരാണ് ടോം വടക്കൻ. മുൻ മുഖ്യമന്ത്രിമാരായ എസ് എം കൃഷ്ണ, വിജയ് ബഹുഗുണ, ജഗദാംബികാ പാൽ എന്നിവർക്ക് ഒരു സുപ്രഭാതത്തിൽ ബിജെപിയിലേക്ക് പോകാൻ ഒട്ടും മടിയുണ്ടായില്ല. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോൾ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ മന്ത്രി. തെലങ്കാനയിലെ കോൺഗ്രസ് നേതാവും ആന്ധ്ര മുൻ ഉപമുഖ്യമന്ത്രിയുമായ ദാമോദർ രാജ നരസിംഹ റെഡ്ഡിയുടെ ഭാര്യ പത്മിനി റെഡ്ഡി ഇപ്പോൾ ബിജെപി നേതാവാണ്. യുപിഎ മന്ത്രിസഭയിൽ എ കെ ആന്റണിക്കുകീഴിൽ പ്രതിരോധ സഹമന്ത്രിയായിരുന്ന റാവു ഇന്ദ്രജിത് സിങ് ഇപ്പോൾ ബിജെപി നേതാവും മോദി മന്ത്രി സഭയിൽ സഹമന്ത്രിയുമാണ്.

ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതാക്കളായിരുന്ന സത്യപാൽ മഹാരാജ്, ഭാര്യ അമൃത റാവത്, മുൻ സ്പീക്കർ യശ്പാൽ ആര്, മുൻ മന്ത്രി ഹരക് സിങ് റാവത്, സുബോധ് ഉണ്യാൽ, പ്രണവ്സിങ് എന്നിവർ ഇപ്പോൾ ബിജെപിയിലാണ്.മേഘാലയയിലെ ആരോഗ്യമന്ത്രി അലക്സാണ്ടറും കോൺഗ്രസ് മുൻ നേതാവാണ്. അസമിലെ മന്ത്രിമാരായ ഹിമന്ത ബിശ്വ ശർമയും പല്ലഭ് ലോചൻ ദാസും ബിജെപിയിലെ മുൻ കോൺഗ്രസുകാരാണ്. യൻതുങ്കോ നാഗാലാൻഡിൽ മന്ത്രിപദവി ലഭിച്ച മുൻ കോൺഗ്രസ് നേതാവാണ്. കോൺഗ്രസിൽനിന്ന് കൂറുമാറി എത്തിയ എംഎൽഎമാരുടെ ബലത്തിലാണ് അരുണാചൽപ്രദേശ്, മണിപ്പുർ, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലേറിയത്. ത്രിപുരയിലും കോൺഗ്രസിലെ നിരവധി നേതാക്കൾ ബിജെപിയിലെത്തി. കോൺഗ്രസ് മുൻ എംഎൽഎ രത്തൻലാൽനാഥാണ് ഇപ്പോൾ ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി.

അസമിൽ തരുൺ ഗൊഗോയ് നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമ 2016ലാണ് ബിജെപിയിലെത്തിയത്. അസമിലെ പല ജില്ലകളിലും കോൺഗ്രസ് നേതാക്കളാണ് ബിജെപിയെ നയിക്കുന്നത്. കഴിഞ്ഞദിവസം മുന്മന്ത്രി ഗൗതം റോയ്, മുൻ എംപി കരിപ് ചാലിഹ എന്നിവരും ബിജെപിയിൽ ചേർന്നു.

അരുണാചൽപ്രദേശിൽ കൂറുമാറിയ 34 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന് സംസ്ഥാന ഭരണ നേതൃത്വത്തിലെത്തി. അങ്ങനെ കോൺഗ്രസ് മുഖ്യമന്ത്രിയായ പേമ കണ്ഡു ബിജെപിയുടെ മുഖ്യമന്ത്രിയായി. ലോക്സഭാ തെരരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് എംഎൽഎ മരിക്കോ ടാഡോ ബിജെപിയിൽ ചേർന്നു.

60 അംഗ മണിപ്പുർ നിയമസഭയിൽ കോൺഗ്രസിന് 28ഉം ബിജെപിക്ക് 21ഉം സീറ്റാണുണ്ടായിരുന്നത്. ഇതിൽ ഒമ്പത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കാലുമാറിയതിനെത്തുടർന്ന് കോൺഗ്രസിന് ഭരണം നഷ്ടമായി. ബിജെപി അധികാരത്തിലെത്തി. ഗോവയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസായിരുന്നു. 40 അംഗ സഭയിൽ 17 സീറ്റ്. എന്നാൽ, മന്ത്രിസഭ ഉണ്ടാക്കിയത് ബിജെപിയും. മൂന്ന് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി. മുൻ കോൺഗ്രസ് മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകൻ വിശ്വജിത് റാണെ, ആറു തവണ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയായ സുഭാഷ് ഷിറോദ്കർ എന്നിവരുൾപ്പെടെ കൂറുമാറി.

ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയടക്കം ഒമ്പത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതാണ് കോൺഗ്രസ് മന്ത്രിസഭയുടെ പതനത്തിന് കാരണമായത്. ഹിമാചലിൽ മുൻ കോൺഗ്രസ് നേതാവ് സുഖ്റാമിന്റെ മകനും എംഎൽഎയുമായ അനിൽശർമയടക്കം രണ്ട് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി.

കോൺഗ്രസിന്റെ മറുപടി ഇങ്ങനെ

കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ എത്തുന്നത്, കേരളത്തിൽ സിപിഎം പ്രചാരണ ആയുധമാക്കുന്നുമ്പോൾ കോൺഗ്രസിനും മറുപടിയുണ്ട്. ബംഗാളിൽ സിപിഎമ്മിന്റെ ഓഫീസുകൾ അടക്കം ഒന്നടങ്കം ബിജെപിയിലേക്ക മാറിയതാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ബംഗാളിലെ സിപിഎം ഗ്രാമങ്ങൾ ഇന്ന് ബിജെപിയുടെ ഗ്രാമങ്ങളാണ്. ആ രീതയിലുള്ള ഒരു ഗതികേട് തങ്ങൾക്കില്ലെല്ലോ എന്നാണ് അവർ ചോദിക്കുന്നത്. ഈയിടെ ത്രിപുരയിലെ സിപിഎം എംഎൽഎ ബിജെപിയിൽ ചേർന്നതും കോൺഗ്രസ് പ്രചാരണ ആയുധമാക്കുന്നുണ്ട്. കേരളത്തിൽ എൽഡിഎഫ് എംഎൽഎ ആയ അൽഫോൻസ് കണ്ണന്താനം ഇന്ന് എവിടെയയാരുന്നെന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. മാത്രമല്ല നിരവധി നേതാക്കൾ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതും അവർ ചൂണ്ടിക്കാട്ടുന്നു.

ഛത്തീസ്‌ഗഡിൽ തെരഞ്ഞെടുപ്പിന്റെ തലേന്ന് കോൺഗ്രസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നിട്ടും കോൺഗ്രസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ
അധികാരത്തിൽ വരികയാണ് ഉണ്ടായത്. കർണ്ണാടകയിൽ മുൻ വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ടും തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണ്ണാടകത്തിൽ അധികാരത്തിൽ വന്നു.മധ്യപ്രദേശിൽ രണ്ടു എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയോടൊപ്പം ചേർന്നു.പക്ഷേ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 15 കൊല്ലത്തെ ബിജെപി കുത്തക തകർത്ത് കോൺഗ്രസ്
അധികാരം പിടിക്കായാണ് ഉണ്ടായത. അതായത് നേതാക്കളുടെ വരുവും പോക്കും ജനപിന്തുണക്ക് അടിസ്ഥാനമല്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP