Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളം അറിയാത്ത വടക്കൻ സ്ഥാനാർത്ഥിയായാൽ അപമാനമെന്ന് അഴിക്കോട് പറഞ്ഞത് കളങ്കമായി; ചായ കൊടുക്കാൻ നിൽക്കുന്നവർക്കും തൂപ്പുകാർക്കും സീറ്റ് കൊടുക്കരുതെന്ന് സേനാപതി വേണുവിന്റെ കളിയാക്കലും മത്സര മോഹത്തെ തകർത്തു; ചെന്നിത്തലയുടെ കത്ത് ചോർത്തി ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കലും നടന്നില്ല; കെസിയും ഒസിയും ഡൽഹിയിലെത്തിയപ്പോൾ സോണിയയുടെ വീട്ടിലും ഇടംപോയി; രാമന് പോലും മോദിയിൽ വിശ്വാസമില്ലെന്ന് കളിയാക്കിയ നേതാവ് ഒടുവിൽ ബിജെപിക്കാരനുമായി; ബിഷപ്പ് ഫ്രാങ്കോ വളർത്തിയ ടോമിന്റെ 'വീരകഥ' ഇങ്ങനെ

മലയാളം അറിയാത്ത വടക്കൻ സ്ഥാനാർത്ഥിയായാൽ അപമാനമെന്ന് അഴിക്കോട് പറഞ്ഞത് കളങ്കമായി; ചായ കൊടുക്കാൻ നിൽക്കുന്നവർക്കും തൂപ്പുകാർക്കും സീറ്റ് കൊടുക്കരുതെന്ന് സേനാപതി വേണുവിന്റെ കളിയാക്കലും മത്സര മോഹത്തെ തകർത്തു; ചെന്നിത്തലയുടെ കത്ത് ചോർത്തി ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കലും നടന്നില്ല; കെസിയും ഒസിയും ഡൽഹിയിലെത്തിയപ്പോൾ സോണിയയുടെ വീട്ടിലും ഇടംപോയി; രാമന് പോലും മോദിയിൽ വിശ്വാസമില്ലെന്ന് കളിയാക്കിയ നേതാവ് ഒടുവിൽ ബിജെപിക്കാരനുമായി; ബിഷപ്പ് ഫ്രാങ്കോ വളർത്തിയ ടോമിന്റെ 'വീരകഥ' ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: മലയാളം അറിയാത്ത ടോം വടക്കൻ തൃശൂരിൽ സ്ഥാനാർത്ഥിയായാൽ അത് സാംസ്കാരിക തലസ്ഥാനത്തിന് അപമാനകരമാണെന്ന് സുകുമാർ അഴീക്കോട് പറഞ്ഞത് കേരളം ഏറെ ചർച്ചയാക്കിയിരുന്നു. 2004ലും 2009ലും തൃശൂർ ലോക്സഭാ സീറ്റിന് വേണ്ടി കരുക്കൾ നീക്കിയ ടോം വടക്കന് വിനയായത് സുകുമാർ അഴിക്കോടിന്റെ ഈ പരാമർശമായിരുന്നു. വരത്തനും വയസനും വേണ്ടെന്ന മുദ്രാവാക്യവുമായി തൃശൂരിലെ കോൺഗ്രസുകാർ ടോം വടക്കനെതിരെ പ്രതിരോധം തീർത്തതും വിനയായി. അപ്പോഴും ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കൻ. എന്നാൽ കോൺഗ്രസിലെ അധികാരം പുതു തലമുറയിലേക്ക് എത്തുമ്പോൾ ജനകീയ അടിത്തറയില്ലാത്ത നേതാവിന് പ്രതാപകാലം നഷ്ടമായി. കെ സി വേണുഗോപാലും ഉമ്മൻ ചാണ്ടിയും കോൺഗ്രസിന്റെ ദേശിയ നേതൃനിരയിലെത്തിയപ്പോൾ പാർട്ടിക്കുള്ളിലെ കറിവേപ്പിലയായി ടോം വടക്കൻ മാറി. ഈ സാഹചര്യത്തിലാണ് ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചുവടു മാറ്റം.

അഴിക്കോടിന്റെ മലയാളം അറിയാത്തവൻ എന്ന പ്രസംഗത്തിന് ശേഷം വടക്കനെ തകർത്തത് ഉടുമ്പൻചോലയിൽനിന്നുള്ള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സേനാപതി വേണുവായിരുന്നു. എഐസിസി ഓഫിസിൽ ചായ കൊടുക്കാൻ നിൽക്കുന്നവർക്കും തൂപ്പുകാർക്കും തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കരുതെന്ന ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതൃസംഗമത്തിൽ സേനാപതി വേണു ആഞ്ഞടിച്ചു. ഇത് വടക്കന് കൊള്ളുകയും ചെയ്തു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇരുന്ന വേദിയിൽ ഇത്തരത്തിലൊരു പരാമർശം നടത്തിയത് കോൺഗ്രസ് സംസ്‌ക്കാരത്തിന് ചേർന്നതല്ലെന്ന് ടോം വടക്കൻ അന്ന് തന്നെ പ്രതികരിച്ചു. മത്സരിക്കാൻ ഉന്നത കുടുംബത്തിൽ ജനിക്കണമെന്നില്ല. നിലം തുടയ്ക്കുന്നവർക്കും പാത്രം കഴുകുന്നവർക്കും മത്സരിക്കാൻ അവകാശമുണ്ട്. അഞ്ച് വർഷം മുന്പ് കോൺഗ്രസിലെത്തിയ സേനാപതിക്ക് പാർട്ടിയെ കുറിച്ച് വേണ്ടത്ര ധാരണയില്ലെന്നായിരുന്നു ടോം വടക്കന്റെ അന്നത്തെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സേനാപതി വേണു. എന്നാൽ വർഷങ്ങൾ ശ്രമിച്ചിട്ടും ടോം വടക്കന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനായില്ല. ഈ നിരാശയമാണ് കോൺഗ്രസിൽ നിന്ന് കൂടുമാറാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലെന്ന പേര് മലയാളികൾക്കിടയിൽ പ്രശസ്തമായത് കന്യാസ്ത്രീ നൽകിയ പരാതിയോടെയാണ്. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും സംസ്ഥാന കേന്ദ്ര രാഷ്ട്രീയ പാർട്ടികളെയും വിറപ്പിച്ചു നിർത്തുന്ന ഫ്രാങ്കോയുടെ ബന്ധങ്ങൾ ഏറെ ചർച്ചയായി. ഫ്രാങ്കോയുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു ടോം വടക്കൻ. അതുകൊണ്ട് തന്നെ ബിജെപിയിലേക്ക് വടക്കനെ അടുപ്പിച്ചതിന് പിന്നിൽ ജലന്തർ രൂപതയുടെ പങ്കും ചർച്ചകളിൽ സജീവമാണ്. എന്നും ബിജെപിയെ വിമർശിച്ച നേതാവാണ് ടോം വടക്കൻ. ബിജെപി 1996 നു ശേഷം പുറത്തിറിക്കിയ എല്ലാ പ്രകടനപത്രികകളിലും രാമക്ഷേത്രം നിർമ്മിക്കുമെന്ന് പറയുന്നുണ്ടെന്നും 21 വർഷമായി അവർ രാമനെ വനവാസത്തിന് അയച്ചിരിക്കയാണെന്ന് കളിയാക്കിയ നേതാവാണ് ടോം വടക്കൻ. രാമനു തന്നെയും ഇപ്പോൾ ബിജെപിയിൽ വിശ്വാസം നഷ്ടപ്പെട്ടുകാണുമെന്ന് പറഞ്ഞ ടോം വടക്കനാണ് ഇപ്പോൾ ബിജെപിയിൽ എത്തുന്നത്. മോദിയേയും അമിത് ഷായേയും പുകഴ്‌ത്തിയാണ് വരവെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നിൽ ബിഷപ്പിന്റെ ഇടപെടുലകൾ ഉണ്ടെന്നാണ് സൂചന. ഒരാഴ്ച മുമ്പും ടോം വടക്കൻ തൃശൂരിലെത്തിയിരുന്നു. ലോക്സഭാ സീറ്റ് സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കേരളത്തിലെ ഗ്രൂപ്പുകൾ തന്നെ ഒരിക്കലും വാഴിക്കില്ലെന്ന് മനസ്സിലാക്കിയപ്പോൾ ടോം വടക്കൻ ഒരാഴ്ച കൊണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി. പെട്ടെന്ന് പുൽവാമയിലെ വികാരം ആളിക്കത്തി. കോൺഗ്രസിനെ തള്ളി പറഞ്ഞ് ബിജെപിയിലും എത്തി.

ദേശീയ രാഷ്ട്രീയത്തിൽ അഹമ്മദ് പട്ടേലിന്റെ സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാൽ ഉയർന്നപ്പോൾ സ്ഥാനം തെറിച്ച് രണ്ടു മലയാളികളാണ് വിൻസന്റ് ജോർജും ടോം വടക്കനും. രാജീവ് ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ശബ്ദമായിരുന്നു വിൻസന്റ് ജോർജ്. സോണിയാ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി എന്ന നിലയിൽ കരുത്തേറി. രാഹുൽഗാന്ധി ദേശീയ അധ്യക്ഷനായതോടെ വിൻസന്റ് ജോർജും നിശബ്ദനായി. വിൻസന്റ് ജോർജിലൂടെ സോണിയാ ഗാന്ധിയുടെ ലിസ്റ്റിൽ കയറിപ്പറ്റിയ മറ്റൊരു പ്രമഖുനായിരുന്നു ടോം വടക്കൻ. മീഡിയയുടെ ചുമതലയിലാണ് ടോം വടക്കൻ താരമായത്്. തൃശൂർ ആർച്ച് ബിഷപ്പിന്റെ ചരടുവലികളിലൂടെ തൃശൂർ സീറ്റിന് ശ്രമിച്ച് മുമ്പ് പരാജയം ഏറ്റുവാങ്ങിയ ടോം വടക്കൻ എഐസിസി സെക്രട്ടറിയുമായി. എന്നാൽ ഡൽഹിയിൽ കെസി വേണുഗോപാൽ ചുവടുറപ്പിച്ചപ്പോൾ ടോം വടക്കനും അപ്രസക്തനായി. ഇനി കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് ടോം വടക്കൻ മനസ്സിലാക്കി. അങ്ങനെയാണ് ബിജെപിയിലേക്ക് മാറുന്നത്. കേരളത്തിലെ കോൺഗ്രസിലെ രണ്ട് ഗ്രൂപ്പുകളുടേയും കണ്ണിലെ കരടായിരുന്നു ടോം വടക്കൻ

മുമ്പ് സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റം അട്ടിമറിക്കാൻ ഡൽഹി കേന്ദ്രമായി പ്രവർത്തിച്ച മൂവർ സംഘമാണ് അന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേരിൽ പുറത്തുവന്ന കത്തിനു പിന്നിലെന്നു വിവാദം കോൺഗ്രസിൽ സജീവമായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ സോണിയാ ഗാന്ധിയെ രമേശ് ചെന്നിത്തല ധരിപ്പിക്കുകയും ചെയ്തു. എ.ഐ.സി.സി വക്താവ് ടോം വടക്കൻ, പാവം പയ്യൻ എന്നറിയപ്പെടുന്ന തോമസ് കുരുവിള, സംസ്ഥാനത്തെ പ്രമുഖ നേതാവിന്റെ മകൻ എന്നിവരടങ്ങിയ സംഘം ആപ്‌കോ എന്ന പി.ആർ ഏജൻസി വഴിയാണു കത്ത് തയാറാക്കി പുറത്തുവിട്ടതെന്നു ഐ ഗ്രൂപ്പ് ആരോപിക്കച്ചിരുന്നു. കത്തിന്റെ ആദ്യ പേജ് പുറത്തുവന്നിട്ടില്ല. കത്തിൽ ചെന്നിത്തലയുടെ ഒപ്പ് സ്‌കാൻ ചെയ്തുവച്ച രീതിയിലാണ്. സോണിയാഗാന്ധിക്കു സ്വന്തം കൈപ്പടയിൽ മാത്രമേ ചെന്നിത്തല കത്തെഴുതാറുള്ളൂ. അതുകൊണ്ടാണു കത്ത് പുറത്തുവന്ന ഉടന് ആഭ്യന്തരവകുപ്പ് ഇതിന്റെ ഉറവിടത്തെപ്പറ്റി രഹസ്യമായി അന്വേഷിച്ചത്. കത്ത് ടോം വടക്കൻ വഴിയാണു മാധ്യമപ്രവർത്തകർക്കു ലഭിച്ചതെന്നും ഇന്റലിജൻസ് കണ്ടെത്തി. ഇത് ഏറെ വിവാദങ്ങളുണ്ടാക്കി.

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മൻ ചാണ്ടിയുടേതെന്നും സംസ്ഥാനത്തു സ്വാധീനം വർധിച്ചു വരുന്ന ബിജെപിയെ പ്രതിരോധിക്കുന്നതില് മുഖ്യമന്ത്രി പരാജയമാണെന്നും നായർ സമുദായം കോൺഗ്രസിനെ കൈവിട്ടു തുടങ്ങിയതായും അഴിമതി ആരോപണങ്ങളെ നേരിടാൻ ഉമ്മൻ ചാണ്ടിക്കു കഴിയുന്നില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിനെ ഉമ്മൻ ചാണ്ടി നയിച്ചാൽ കോൺഗ്രസ് തന്നെ കേരളത്തിൽ ഇല്ലാതാകുമെന്നും അതിനാൽ തനിക്ക് ഒരു അവസരം തരണമെന്നും തുടർഭരണം ഉറപ്പാക്കാമെന്നും രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവത്രെ. തുടർന്നു ഹൈക്കമാൻഡ് കേരളത്തിൽ നേതൃമാറ്റ സാധ്യത ചർച്ച ചെയ്തതിനു പിന്നാലെയാണു ഈ വിവാദ കത്ത് പുറത്തുവന്നത്. ഈ വിവാദം ടോം വടക്കന് ദോഷം ചെയ്തു. അപ്പോഴും ദേശീയ ചാനലുകളിൽ കോൺഗ്രസിന്റെ മുഖമായി ചർച്ചകളിൽ എത്തി. നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. അങ്ങനെ ദേശീയതലത്തിൽ താരമായി നിൽക്കുമ്പോഴാണ് കെസി വേണുഗോപാൽ രാഹുലിന്റെ അതിവിശ്വസ്തനായത്. പിന്നീട് സംഘടനാ ജനറൽ സെക്രട്ടറിയുമായി. ഇതോടെ ഇനി ഡൽഹിയിൽ നിന്നിട്ട് കാര്യമില്ലെന്ന് വടക്കൻ തിരിച്ചറിഞ്ഞു.

പുൽവാമ ആക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് ടോം വടക്കൻ ബിജെപിയിൽ ചേരുന്നത്. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടും ആകർഷിച്ചുവെന്നും ടോം വടക്കൻ വ്യക്തമാക്കി. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. അതേസമയം, ടോം വടക്കൻ കേരളത്തിൽ മൽസരിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനൊപ്പമെത്തിയാണ് ടോം നാടകീയമായി ബിജെപിയിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ബംഗാളിലും കഴിഞ്ഞ മൂന്നുദിവസമായി മറ്റു പാർട്ടികളിൽ നിന്ന് നിരവധി നേതാക്കന്മാരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ബംഗാളിൽ സിപിഎം, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് പാർട്ടികളിൽ നിന്നാണ് എംപിയും എംഎൽഎമാരും ബിജെപിയിൽ ചേർന്നത്.

രണ്ടാഴ്ച മുമ്പ് നാഗാലാണ്ടിൽ വേണമെങ്കിലും കോൺഗ്രസ് പറഞ്ഞാൽ മത്സരിക്കുമെന്ന് പറഞ്ഞ നേതാവാണ് ടോം വടക്കൻ. കഴിഞ്ഞ തവണ തൃശൂരിൽ ധനപാലന് തോറ്റതിന് പിന്നിൽ ടോം വടക്കന് പങ്കുണ്ടെന്ന ആരോപണം സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP