Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എം.ജി സർവകലാശാലയിൽ ഫീസടച്ച് ബൈക്കിൽ മടങ്ങിയ വിദ്യാർത്ഥിക്ക് കണ്ടെയ്‌നർ ലോറിയിടിച്ച് ദാരുണാന്ത്യം; സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ് കടുത്തുരുത്തിയിൽ എത്തിയ സംഘം പൊലീസ് പിടിച്ചെടുത്ത വാഹനം അടിച്ചു തകർത്തതിന് പിന്നാലെ ഉദ്യോഗസ്ഥരേയും ആക്രമിച്ചു; പൊലീസ് സ്‌റ്റേഷനിനുള്ളിൽ വരെ ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പെൺകുട്ടികൾ വരെ അടങ്ങുന്ന സംഘം

എം.ജി സർവകലാശാലയിൽ ഫീസടച്ച് ബൈക്കിൽ മടങ്ങിയ വിദ്യാർത്ഥിക്ക് കണ്ടെയ്‌നർ ലോറിയിടിച്ച് ദാരുണാന്ത്യം; സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ് കടുത്തുരുത്തിയിൽ എത്തിയ സംഘം പൊലീസ് പിടിച്ചെടുത്ത വാഹനം  അടിച്ചു തകർത്തതിന് പിന്നാലെ ഉദ്യോഗസ്ഥരേയും ആക്രമിച്ചു; പൊലീസ് സ്‌റ്റേഷനിനുള്ളിൽ വരെ ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പെൺകുട്ടികൾ വരെ അടങ്ങുന്ന സംഘം

മറുനാടൻ മലയാളി ബ്യൂറോ

കടുത്തുരുത്തി : മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഫീസടച്ച ശേഷം ബൈക്കിൽ മടങ്ങിയ ബിരുദ വിദ്യാർത്ഥിക്ക് കണ്ടെയ്‌നർ ലോറിയിടിച്ച് ദാരുണാന്ത്യം. സംഭവത്തിന് പിന്നാലെ കൊച്ചിയിൽ നിന്നുമെത്തിയ വിദ്യാർത്ഥിയുടെ സുഹൃദ് സംഘവും പൊലീസും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. സർവകലാശാലയിലെത്തിയ ശേഷം ബൈക്കിൽ മടങ്ങിയ കോട്ടയം എറണാകുളം റോഡിൽ കുറുപ്പന്തറ പുളിന്തറ വളവിലുണ്ടായ അപകടത്തിൽ കൊച്ചി ചുള്ളിക്കൽ തുണ്ടിക്കൽ പി.എം.ഇക്‌ബാലിന്റെ മകൻ മുഹമ്മദ് ഇൻസാഫ് (21) ആണു അപകടത്തിൽ മരിച്ചത്.

മട്ടാഞ്ചേരി കൊച്ചിൻ കോളജിലെ ബി.കോം വിദ്യാർത്ഥിയാണ്. ഇൻസാഫ് മരിച്ചതറിഞ്ഞു കോളജിലെ സഹപാഠികൾ കടുത്തുരുത്തിയിൽ എത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം. സംഘം അപകടമുണ്ടാക്കിയ ലോറി അടിച്ചുതകർത്തതിനു ശേഷം നാട്ടുകാരെയും പൊലീസിനെയും ആക്രമിക്കുകയായിരുന്നു. 3 പൊലീസുകാർക്ക് അടക്കം 7 പേർക്കു പരുക്കേറ്റു. 20 പേർ അറസ്റ്റിലായി. 4 കാറുകളും 6 ബൈക്കുകളും പിടികൂടി. കാറിലും ബൈക്കിലുമായെത്തിയ 75 പേരടങ്ങുന്ന സംഘം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന കണ്ടെയ്‌നർ ലോറിയാണ് അടിച്ചുതകർത്തത്. തടയാനെത്തിയ പൊലീസ് 4 പേരെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.

അതിനിടെ ചിലർ ആക്രമണം മൊബൈൽ ഫോണിൽ പകർത്താനും ശ്രമിച്ചു. ഇവരേയും സംഘം ആക്രമിച്ചതായാണ് സൂചന. സമീപവാസികളായ പ്രവീൺകുമാർ, ആദർശ്, ഉണ്ണി, അനി എന്നിവർക്കു മർദനമേറ്റു. സംഘം ചേർന്നെത്തിയ വിദ്യാർത്ഥികൾ പൊലീസ് പിടികൂടിയവരെ ബലമായി ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെയാണ് എസ്എച്ച്ഒ പി.കെ.ശിവൻകുട്ടിക്കും 2 പൊലീസുകാർക്കും പരുക്കേറ്റത്. ശിവൻകുട്ടിയുടെ മുഖത്തു മുറിവേറ്റു.

വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ലാത്തി വീശിയാണു റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ തുരത്തിയത്. അപകടത്തിൽ മരിച്ച മുഹമ്മദ് ഇൻസാഫിന്റെ പിതാവ് ഇക്‌ബാൽ, പൊലീസ് പിടികൂടിയവരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു സ്റ്റേഷനിൽ ബഹളം വച്ചു. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ തലയോലപ്പറമ്പ്, വെള്ളൂർ സ്റ്റേഷനുകളിലേക്കു മാറ്റി. വെള്ളൂർ, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈക്കം സ്റ്റേഷനുകളിൽ നിന്നു വൻ പൊലീസ് സംഘം സ്ഥലത്തെത്തി ക്യാംപ് ചെയ്യുകയാണ്.

അപകടത്തെത്തുടർന്നു ബൈക്കിൽ നിന്നു തെറിച്ചു റോഡിൽ വീണ മുഹമ്മദ് ഇൻസാഫ് തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. ബൈക്ക് പൂർണമായി തകർന്നു. മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ. ഇൻസാഫിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ തുരത്തിയതു പൊലീസും നാട്ടുകാരും ചേർന്ന്. പെൺകുട്ടികൾ അടങ്ങുന്ന കോളജ് വിദ്യാർത്ഥികളാണ് അക്രമത്തിനു നേതൃത്വം നൽകിയത്. സഹപാഠി മുഹമ്മദ് ഇൻസാഫ് മരിക്കാനിടയാക്കിയ സംഭവത്തിലെ ലോറിയുടെ ചില്ലുകൾ തകർത്തതോടെ പൊലീസ് 4 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥി സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.

എസ്എച്ച്ഒ പി.കെ.ശിവൻകുട്ടിയും വിരലിൽ എണ്ണാവുന്ന പൊലീസുകാരുമാണ് ഈ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നത്. വിദ്യാർത്ഥിസംഘം സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതോടെ ഇവരെ പുറത്തിറക്കാൻ ശ്രമിച്ച പൊലീസുകാർക്കാണു പരുക്കേറ്റത്. പിന്നീടു കൂടുതൽ പൊലീസിനെ വിളിച്ചുവരുത്തി. തുടർന്നു പൊലീസ് ലാത്തി വീശിയതോടെ വിദ്യാർത്ഥികൾ ചിതറി ഓടുകയും വാഹനങ്ങൾ എടുത്തുപോകാൻ ശ്രമിക്കുകയും ചെയ്തു. ഇവരെ നാട്ടുകാർ തടഞ്ഞു പൊലീസിനു കൈമാറി. ഒരു മണിക്കൂറോളം പൊലീസ് സ്റ്റേഷനു മുന്നിൽ സംഘർഷാവസ്ഥയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP