Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി യൂറോപ്പുമായി ഒരു ചർച്ചയ്ക്കും സാധ്യത ബാക്കിയില്ല; അവസാന വ്യാപാര കരാർ ശ്രമവും പൊളിഞ്ഞതോടെ ഇനി ബ്രിട്ടന് മുന്നിൽ വേറെ വഴികളില്ല; ബ്രെക്‌സിറ്റിന്റെ പേരിൽ ഇനി സംഭവിക്കാൻ ഇടയുള്ളത് എന്തൊക്കെ?

ഇനി യൂറോപ്പുമായി ഒരു ചർച്ചയ്ക്കും സാധ്യത ബാക്കിയില്ല; അവസാന വ്യാപാര കരാർ ശ്രമവും പൊളിഞ്ഞതോടെ ഇനി ബ്രിട്ടന് മുന്നിൽ വേറെ വഴികളില്ല; ബ്രെക്‌സിറ്റിന്റെ പേരിൽ ഇനി സംഭവിക്കാൻ ഇടയുള്ളത് എന്തൊക്കെ?

യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയണമെന്ന് ബ്രിട്ടീഷ് ജനത തീരുമാനിച്ചത് 2016 ജൂണിലാണ്. അന്നുതൊട്ടിങ്ങോട്ട് ബ്രിട്ടനിലെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയവും ബ്രെക്‌സിറ്റാണ്. ബ്രിട്ടീഷ് സർക്കാർ ഏറ്റവും കൂടുതൽ ഊർജം ചെലവാക്കിയിട്ടുള്ളതും ബ്രെക്‌സിറ്റ് കരാറിന് രൂപം നൽകുന്നതിനാണ്. ഇന്നലെ ബ്രെക്‌സിറ്റ് കരാർ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പുപോലും യൂറോപ്യൻ യൂണിയൻ നേതൃത്വവുമായി ചർച്ച നടത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ സ്‌ട്രോസ്ബർഗിൽ പോയിരുന്നതും അതിന്റെ തുടർച്ചയായാണ്.

എന്നാൽ, ബ്രെക്‌സിറ്റ് ബിൽ വീണ്ടും പാർലമെന്റിൽ പരാജയപ്പെട്ടതോടെ സ്ഥിതിഗതികളാകെ മാറി. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉൾ്‌പ്പെടെയുള്ള നിർണായക വിഷയങ്ങളിൽ നേരീയ മാറ്റങ്ങളുമായി അവതരിപ്പിച്ച ബ്രെക്‌സിറ്റ് ബിൽ ബ്രിട്ടീഷ് പാർലമെന്റ് 149 വോട്ടുകൾക്കാണ് തള്ളിയത്. തെരേസ കൊണ്ടുവന്ന ഭേദഗതികൾ 242 പേർ അംഗീകരിച്ചപ്പോൾ, സ്വന്തം പാർട്ടിയിൽനിന്നുള്ള വിതമരുൾപ്പെടെ 392 പേർ എതിർത്തുവോട്ടുചെയ്തു. ജനുവരിയിൽ സഭയിൽവെച്ചതും വലിയ മാർജിനിൽ പരാജയപ്പെട്ടതുമായ ബില്ലാണ് വീണ്ടും അവതരിപ്പിച്ചതെന്നും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു.

ബ്രെക്‌സിറ്റ് ബിൽ രണ്ടാംവട്ടവും വലിയമാർജിനിൽ പരാജയപ്പെട്ടത് ഭരണത്തിൽ തുടരാനുള്ള തെരേസ മെയ്‌ സർക്കാരിന്റെ ധാർമികതയെപ്പോലും ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ബ്രെക്‌സിറ്റ് സംബന്ധിച്ച നടപടി ക്രമങ്ങൾ ഇനിയും ശേഷിക്കുന്നതിനാൽ, അങ്ങനെ കൈവിട്ടുപോകാനുമാവില്ല. മാർച്ച് 29-ന് എങ്ങനെ യൂറോപ്യൻ യൂണിയനിൽനിന്ന് പിരിയണമെന്നതിനെച്ചൊല്ലിയാകും ഇനിയുള്ള ചർച്ചകൾ. യൂറോപ്യൻ യൂണിയനുമായി കരാറില്ലാതെ വേർപിരിയണോ എന്നതുസംബന്ധിച്ച വോട്ടെടുപ്പാണ് ഇനി പാർലമെന്റിൽ നടക്കുക. ഇന്നാണ് അതിന്മേൽ വോട്ടെടുപ്പ്. നോ ഡീൽ കരാറുമായി പുറത്തുപോകണോ എന്നത് സംബന്ധിച്ച് തുടർന്ന് ചർച്ചയും വോട്ടെടുപ്പും നടക്കും. നോ-ഡീൽ വ്യവസ്ഥ പാർലമെന്റ് അംഗീകരിച്ചില്ലെങ്കിൽ നാളെ, ബ്രെക്‌സിറ്റ് നീട്ടിവെക്കണോ എന്നതിൽ ചർച്ചയും വോട്ടെടുപ്പും നടക്കും.

ഫലത്തിൽ, ബ്രെക്‌സിറ്റ് സംബന്ധിച്ച നടപടികൾ സർക്കാരിൽനിന്ന് പാർലമെന്റ് ഏറ്റെടുത്തതുപോലെയായി സ്ഥിതിഗതികൾ. ഇനിയുള്ള തീരൂമാനങ്ങൾ പാർലമെന്റാണ് എടുക്കുക. നോ-ഡീൽ വേണോ ബ്രെക്‌സിറ്റ് നീട്ടിവെക്കണോ, ബ്രെക്‌സിറ്റ് തീരുമാനം തന്നെ റദ്ദാക്കണോ, പുതിയതായൊരു ഹിതപരിശോധന നടപ്പാക്കണോ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനിക്കുക പാർലമെന്റാകും. തെരേസ സർക്കാർ തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനും പാർലമെന്റിന് സാധിക്കും.

മാർച്ച് 29-ന് ബ്രെക്‌സിറ്റ് നടപ്പാക്കണമെന്നിരിക്കെ, ഇനിയൊരു ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് യൂറോപ്യൻ കമ്മിഷൻ അദ്ധ്യക്ഷൻ ഴാങ് ക്ലോഡ് ജങ്കർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബ്രിട്ടനെ രക്ഷിക്കണമെന്നുള്ളവർ ബ്രെക്‌സിറ്റ് ബില്ലിന പിന്തുണയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചർച്ചകളില്ലെന്ന് പറയുമ്പോഴും ബ്രെക്‌സിറ്റ് നീട്ടിവെക്കാനാണ് പാർലമെന്റ് തീരുമാനിക്കുന്നതെങ്കിൽ, അത് ചർച്ചകൾക്ക് വീണ്ടും വാതിൽ തുറന്നിടുകയാണ് ചെയ്യുന്നത്.

ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ എംപിമാർക്ക് വേണമെങ്കിൽ കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുന്ന സാഹചര്യം തടസ്സപ്പെടുത്താനാകും. ഈ വോട്ടെടുപ്പിൽ ഇഷ്ടമുള്ള നിലപാട് സ്വീകരിക്കാമെന്ന് തെരേസ മെയ്‌ തന്റെ പാർട്ടിയിലെ എംപിമാർക്ക് നിർദ്ദേശം നൽകിയതും അത്തരമൊരു സാഹചര്യം മുന്നിൽക്കണ്ടുകൊണ്ടാണ്. ഡീൽ വേണമെന്ന് പാർലമെന്റ് തീരുമാനിക്കുകയാണെങ്കിൽ, നാളെ നടക്കുന്ന വോട്ടെടുപ്പ് കൂടുതൽ പ്രസക്തമാകും.

ബ്രെക്‌സിറ്റ് നീട്ടിവെക്കണോ എന്നതാണ് അതിലെ വിഷയം. കരാർ ഉണ്ടാക്കണമെങ്കിൽ ബ്രെക്‌സിറ്റ് നീട്ടിവെക്കുകയല്ലാതെ മറ്റുമാർഗമില്ല. ഇതിനോട് യൂറോപ്യൻ യൂണിയനും യോജിപ്പാണ്. കരാർ വേണമെന്നും ബ്രെക്‌സിറ്റ് നീട്ടുവെക്കേണ്ടെന്നുമാണ് എംപിമാരുടെ തീരുമാനമെങ്കിൽ, രണ്ടാമതൊരു ഹിതപരിശോധനയ്ക്കുള്ള സാധ്യതകൂടി അത് തുറന്നിടുന്നുണ്ട്. ഇതിന് മാസങ്ങൾ വേണ്ടിവരുമെന്നത് തെരേസ മെയ്‌ സർക്കാരിന് ആശ്വാസം പകരുന്ന കാര്യമാണ്. മറിച്ച്, അതിന് കാത്തുനിൽക്കാതെ, രാജിവെച്ചൊഴിയാൻ തെരേസ മെയ്‌ തയ്യാറാകുമെന്ന സൂചനയും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP