Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിയുടെ വലംകൈയായ കെ സി വേണുഗോപാലിന്റെ മനസിലെന്ത്? ആലപ്പുഴ ലോക്‌സഭാ സീറ്റിൽ നിന്നും പിൻവലിഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമോ ആശങ്കപ്പെട്ട് ഐ ഗ്രൂപ്പിലെ നേതാക്കൾ; ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ എ കെ ആന്റണിയോളം വളർന്ന കോൺഗ്രസ് നേതാവിന്റേത് ചുവടുകൾ പിഴക്കാത്ത നീക്കങ്ങൾ

രാഹുൽ ഗാന്ധിയുടെ വലംകൈയായ കെ സി വേണുഗോപാലിന്റെ മനസിലെന്ത്? ആലപ്പുഴ ലോക്‌സഭാ സീറ്റിൽ നിന്നും പിൻവലിഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമോ ആശങ്കപ്പെട്ട് ഐ ഗ്രൂപ്പിലെ നേതാക്കൾ; ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ എ കെ ആന്റണിയോളം വളർന്ന കോൺഗ്രസ് നേതാവിന്റേത് ചുവടുകൾ പിഴക്കാത്ത നീക്കങ്ങൾ

എം മനോജ്കുമാർ

തിരുവനന്തപുരം: ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ തീരുമാനം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പുകൾക്കിടയിൽ ആശങ്കകൾക്ക് ഇടയാക്കുന്നു. എഐസിസിയിൽ സംഘടനാ ചുമതലയുള്ള കരുത്തനായ ജനറൽ സെക്രട്ടറിയായി മാറിയ വേണുഗോപാലിന് കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ലഭിക്കുക കേന്ദ്രമന്ത്രി പദവിയാകുമെന്ന കാര്യം ഉറപ്പാണ്. ഇതിന് അദ്ദേഹം ചിലപ്പോൾ രാജ്യസഭാ സീറ്റെന്ന പോംവഴി തേടിയേക്കാം. എന്നാൽ, കേന്ദ്രമന്ത്രിസ്ഥാനത്തിൽ ഉപരി കേരള രാഷ്ട്രീയത്തിലും അതുവഴി മുഖ്യമന്ത്രി കസേരയും കെസി വേണുഗോപാൽ ലക്ഷ്യമിടുന്നുണ്ടോ എന്ന ആശങ്കിൽ കസേര ലക്ഷ്യമിട്ടു കരുക്കൾ നീക്കുന്ന ചെന്നിത്തലയ്ക്കുമുണ്ട്.

രാഹുൽ ഗാന്ധി സംഘടനാ ചുമതല ഏൽപ്പിച്ചിട്ടുള്ളതിനാൽ ആലപ്പുഴയിൽ മത്സരത്തിനിറങ്ങുന്നത് നീതികേടാകുമെന്ന കെസിയുടെ പ്രസ്താവന വീൺവാക്കുകൾ ആയാണ് കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം വെച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രി പദവി പിടിച്ചെടക്കുകയാണ് കെസിയുടെ ഉദ്ദേശ്യം എന്ന് ഉന്നത കേരളത്തിലെ കോൺഗ്രസ് വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഐ ഗ്രൂപ്പിനുള്ളിലും പാർട്ടിയിലും കെ സി വേണുഗോപാൽ ശക്തമായ എതിരാളിയായി മാറുന്നതിലെ ആശങ്ക ചെന്നിത്തലക്കുമുണ്ട്.

ഉമ്മൻ ചാണ്ടിയെ ലോക്‌സഭയിലേക്ക് അയക്കുന്നതിന് ചൊല്ലി കോൺഗ്രസ് രാഷ്ട്രീയത്തിൽ തർക്കങ്ങൾ രൂക്ഷമായിരുന്നു. വീണ്ടും മുഖ്യമന്ത്രി കസേരയിൽ വീണ്ടും ഒരൂഴം കൂടിയെന്ന ഉമ്മൻ ചാണ്ടിയുടെ ആഗ്രഹത്തിനെ കെടുത്താനും തോറ്റാൽ ജനപിന്തുണയില്ലെന്ന ആക്ഷേപം സജീവമാക്കാനും വേണ്ടിയാണ് ഈ നീക്കം എന്നാണ് എ ഗ്രൂപ്പ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആക്ഷേപിച്ചത്. പക്ഷെ മത്സരത്തിന് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ ഉമ്മൻ ചാണ്ടി തന്ത്രപരമായ നിലപാടിൽ ഉറച്ചു നിന്നു. പക്ഷെ ശക്തമായ തന്ത്രങ്ങൾ ചമച്ച് രംഗത്തെത്തിയ കെ സി വേണുഗോപാലിന്റെ നീക്കങ്ങൾ ഐ ഗ്രൂപ്പിനെ പ്രത്യേകിച്ചും രമേശ് ചെന്നിത്തലയെ അലോസരപ്പെടുത്തുക തന്നെ ചെയ്യുകയാണ്. കേരളത്തിൽ കോൺഗ്രസിനെ നയിക്കാനുള്ള 'നിയോഗം' ഹൈക്കമാൻഡ് കൽപ്പിച്ചു തരുമെന്ന കണക്കുകൂട്ടലിലാണ് വേണുഗോപാൽ മുന്നോട്ട് നീങ്ങുന്നത്. പ്രത്യേകിച്ചും രാഹുൽ ഗാന്ധി അധ്യക്ഷനായിരിക്കുന്ന ഘട്ടത്തിൽ.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചെന്നിത്തലയുടെ പ്രകടനം തൃപ്തികരമല്ലാതിരിക്കുകയും ഉമ്മൻ ചാണ്ടിക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്താൽ അവസരം തനിക്ക് എന്ന രീതിയിൽ തന്നെയാണ് കെസിയുടെ നീക്കം. കെസിയുടെ മുൻപ് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന അശോക് ഗെഹ്ലോട്ടിന്റെ നീക്കങ്ങൾ കോൺഗ്രസ് നേതാക്കൾ ഉദാഹരിക്കുകയും ചെയ്യുന്നു. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. ഗെഹ്ലോട്ട് രാജസ്ഥാനിൽ നിയമസഭാ തെരെഞ്ഞെടുപ്പ് വന്നപ്പോൾ സ്ഥാനാർത്ഥിയായി, പാർട്ടി ജയിച്ചപ്പോൾ മുഖ്യമന്ത്രിയായി മാറി. ഈ ചരിത്രം കെസിക്ക് മുന്നിലുണ്ട്. ഗെഹ്ലോട്ടിനെക്കാളും ഹൈക്കമാൻഡിന്റെ വിശ്വസ്തനാണ് കെ.സി.വേണുഗോപാൽ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഏറെ പ്രിയങ്കരൻ.

നിലവിൽ സംസ്ഥാനത്തെ കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള നേതാവുമാണ്. മുഖ്യമന്ത്രി പദവി കയ്യിലിരിക്കും. ഈ കണക്കുകൂട്ടലിലാണ് കെസി നീങ്ങുന്നത് എന്നാണ് കോൺഗ്രസിനകത്തു നിന്നും വരുന്ന വാർത്തകൾ. ഇതിന്റെ ഭാഗമായി തെന്നെയാണ് ആലപ്പുഴയിൽ റിസ്‌ക് എടുക്കാൻ ഇല്ലെന്നു കെസി വേണുഗോപാലിന്റെ പ്രഖ്യാപനവും വന്നത്. തന്റെ അനുചരവൃന്ദമായി കോൺഗ്രസിലെ യുവാക്കളെ വളർത്താനുള്ള ശ്രമങ്ങളും കെ സി വേണുഗോപാൽ നടത്തുന്നുണ്ട്. എൻഎസ്എസിന്റെ അടക്കം പിന്തുണയുള്ളതും വേണുഗോപാലിന് മുതൽക്കൂട്ടാകും.

വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കെസി മത്സരിക്കുകയും അധികാരം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തിന് ചരട് വലിക്കുകയും ചെയ്യും. ഇതിനു ഉപോദ്ബലകമായി ഒട്ടനവധി കാര്യങ്ങൾ മുന്നിൽ നിൽക്കുന്നുമുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ ആലപ്പുഴ ലോക്‌സഭാ സീറ്റ് കെസി നിരസിക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എന്നാണ് വിലയിരുത്തൽ. ഇതോടെ മുഖ്യമന്ത്രി കസേരയെന്ന ഒരൊറ്റ കസേര ലക്ഷ്യമാക്കിയുള്ള യുദ്ധത്തിലേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ കോൺഗ്രസ് ഗ്രൂപ്പുകൾ നീങ്ങുകയാണ് എന്ന് വ്യക്തമാകുന്നു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ കാര്യങ്ങൾ എപ്പോഴേ കാര്യങ്ങൾ മുന്നോട്ടു നീക്കുന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തല കെ.സി.വേണുഗോപാലിന്റെ നീക്കങ്ങൾ മനസിലാക്കി കെസിയുടെ ക്യാമ്പുമായി അകൽച്ചയിലാണ്. പ്രതിപക്ഷ നേതാവ് തന്നെ മുഖ്യമന്ത്രിയായി മാറും എന്ന് എവിടെയും എഴുതിവെച്ചിട്ടൊന്നുമില്ല എന്ന കോൺഗ്രസ് നേതാക്കളുടെ സ്വകാര്യ സംഭാഷണങ്ങളിൽ നിന്നും ഉയരുന്ന വാചകങ്ങളും ചെന്നിത്തലയുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത് മുതൽ കെ.സി.വേണുഗോപാലിന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് എന്ന് എ ഗ്രൂപ്പിന് കൃത്യമായി മനസ്സിലായിട്ടുണ്ട്.

ചെന്നിത്തല ഉള്ളതിനാൽ തത്ക്കാലം ഈ പ്രശ്‌നത്തിൽ എ ഗ്രൂപ്പ് ശ്രദ്ധ കൊടുക്കുന്നില്ല. അവസരം വരുമ്പോൾ ആഞ്ഞടിക്കാനാണ് എ ഗ്രൂപ്പ് തത്ത്വത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായി ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള ആവശ്യം ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും തത്ക്കാലം നിരസിച്ചിട്ടുണ്ട്. യോജിച്ച സമയത്ത് ആഞ്ഞടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. പക്ഷെ എ ഗ്രൂപ്പ് പോലെയല്ല ഈ കാര്യത്തിൽ ഐ ഗ്രൂപ്പ്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കെസിയുടെ നീക്കങ്ങൾ ഐ ഗ്രൂപ്പിനെ പൂർണ പ്രതിസന്ധിയിൽ ആഴ്‌ത്തിയിട്ടുമുണ്ട്. വിവിധ ഗ്രൂപ്പ് നേതാക്കൾ ആയി വിഘടിച്ച് നിൽക്കുന്നതിനാൽ ഐ ഗ്രൂപ്പ് ധപിന്തുണ പൂർണമായും ഈ കാര്യത്തിൽ ചെന്നിത്തലയ്ക്ക് പിന്നിലുമില്ല. ഈ ഘടകങ്ങൾ എല്ലാം തന്നെ ചെന്നിത്തലയ്ക്ക് എതിരായ കാറ്റായി മാറുകയാണ്.

കെ.സി.വേണുഗോപാൽ മത്സരത്തിൽനിന്ന് പിന്മാറിയതോടെ ആലപ്പുഴ കോൺഗ്രസ് ക്യാമ്പിലും അമ്പരപ്പ് നിലനിൽക്കുന്നുണ്ട്. പാർലമെന്റ് കൺവെൻഷൻ നടത്തുകയും ചുവരെഴുത്തുവരെ തുടങ്ങുകയും ചെയ്തിരുന്ന സമയത്താണ് കെസിയുടെ ഈ പിൻവലിയൽ. കെ സി.വേണുഗോപാലിനെ നേരിടാൻതന്നെയാണ് സിപിഎം. എ.എം.ആരിഫിനെ ആലപ്പുഴ രംഗത്തിറക്കിയതും. അതേസമയം കെ.സി.ക്കുപകരം ആര് എന്ന ചോദ്യം മണ്ഡലത്തിൽ ഉയരുന്നുമുണ്ട്. മുൻ കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ, എ.ഐ.സി.സി.സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, ഡി.സി.സി.പ്രസിഡന്റ് എം.ലിജു, മുൻ ഡി.സി.സി.പ്രസിഡന്റ് എ.എ.ഷുക്കൂർ, ഹരിപ്പാട് മുൻ എംഎ‍ൽഎ. ബി.ബാബുപ്രസാദ് എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്. ഡൽഹിയിൽ കൂടിയ കോൺഗ്രസ് സ്‌ക്രീനിങ് കമ്മറ്റി തീരുമാനത്തിന് ശേഷമേ കെസി വേണുഗോപാലിന് പകരം ആര് എന്ന കാര്യത്തിൽ തീരുമാനം വരുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP