Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം റാഫേൽ പണം മോഷണം പോയി..ഇപ്പോൾ ഫയലും എന്ന് പരിഹസിച്ച രാഹുലിനും കോൺഗ്രസിനും മറുപടി; റാഫേൽ രേഖകൾ മോഷണം പോയെന്ന് പറഞ്ഞിട്ടില്ല; കരാറിന്റെ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹർജിക്കാർ ഉപയോഗിച്ചുവെന്നുമാത്രമാണ് സുപ്രീം കോടതിയിൽ പറഞ്ഞത്; പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയെന്ന് താൻ വാദിച്ചതായ പ്രതിപക്ഷ പ്രചാരണം തെറ്റ്: വിശദീകരണവുമായി കെ.കെ.വേണുഗോപാൽ; അറ്റോർണി ജനറൽ മുന്നോട്ട് വന്നത് പരാമർശം വിവാദമായതോടെ

ആദ്യം റാഫേൽ പണം മോഷണം പോയി..ഇപ്പോൾ ഫയലും എന്ന് പരിഹസിച്ച രാഹുലിനും കോൺഗ്രസിനും മറുപടി; റാഫേൽ രേഖകൾ മോഷണം പോയെന്ന് പറഞ്ഞിട്ടില്ല; കരാറിന്റെ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹർജിക്കാർ ഉപയോഗിച്ചുവെന്നുമാത്രമാണ് സുപ്രീം കോടതിയിൽ പറഞ്ഞത്; പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയെന്ന് താൻ വാദിച്ചതായ പ്രതിപക്ഷ പ്രചാരണം തെറ്റ്: വിശദീകരണവുമായി കെ.കെ.വേണുഗോപാൽ; അറ്റോർണി ജനറൽ മുന്നോട്ട് വന്നത് പരാമർശം വിവാദമായതോടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിൽ നിന്നും റാഫേൽ രേഖകൾ മോഷണം പോയെന്ന പരാമർശത്തിലൂടെ വൻകോളിളക്കം സൃഷ്ടിച്ച അറ്റോർണി ജനറൽ രണ്ടുദിവസത്തിന് ശേഷം നിലപാട് മാറ്റി. റാഫേൽ രേഖകൾ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട രഹസ്യ രേഖകളുടെ ഫോട്ടോകോപ്പി ഹർജിക്കാർ ഉപയോഗിച്ചു എന്ന് മാത്രം ആണ് സുപ്രീം കോടതിയിൽ വാദിച്ചിട്ടുള്ളത് എന്ന് അറ്റോർണി ജനറൽ പറഞ്ഞു.

റഫേൽ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷണം പോയി എന്ന് താൻ വാദിച്ചതായി പ്രതിപക്ഷം പറയുന്നത് തെറ്റ് ആണെന്ന് വേണുഗോപാൽ അറിയിച്ചു. കഴിഞ്ഞ ദിവസം കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച അറ്റോർണി ജനറൽ റാഫേൽ രേഖകൾ മോഷ്്ടിക്കപ്പെട്ടതായി പറഞ്ഞത്. രഹസ്യ രേഖകൾ ഉപയോഗിക്കുക വഴി പരാതിക്കാർ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിൽനിന്ന് രേഖകൾ മോഷ്ടിച്ചത് നിലവിൽ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആയ ഉദ്യോഗസ്ഥരാണ്. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

റഫാൽ രേഖകളുടെ ഉറവിടം പ്രധാനമാണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി. രേഖകളുടെ ഉറവിടം കണ്ടെത്താതെ കോടതി രേഖകൾ പരിശോധിക്കരുത്. ഇപ്പോൾ അന്വേഷണത്തിനുത്തരവിട്ടാൽ രാജ്യത്തിനു വൻതിരിച്ചടിയാകുമെന്നാണു വാദം. രേഖകൾ പുറത്തുവിട്ടവർ കോടതിയെ ഉറവിടം അറിയിക്കണം. എഫ് 16 വിമാനങ്ങൾക്കെതിരെ പോരാടാൻ റഫാൽ വേണമെന്നും എജി കോടതിയിൽ നിലപാടെടുത്തു.

റഫാൽ രേഖകൾ പുറത്തുവിട്ട രണ്ട് പത്രങ്ങൾക്കെതിരെ കേസെടുക്കുമെന്നും അറ്റോർണി ജനറൽ അറിയിച്ചു. മോഷ്ടിക്കപ്പെട്ട രേഖകൾ ഒരിക്കലും പുറത്തുവന്നുകൂടാത്തതാണ്. രേഖകൾ മോഷ്ടിച്ചതിന് അഭിഭാഷകനെതിരെയും നടപടിയുണ്ടാകും. പ്രതിരോധരേഖകൾക്ക് വിവരാവകാശനിയമം ബാധകമല്ല. പ്രതിരോധ മന്ത്രാലയത്തിലെ മുൻ ജീവനക്കാരിലൂടെയോ, നിലവിലെ ജീവനക്കാർ മുഖേനയോ ആണ് രേഖകൾ മോഷ്ടിച്ചതെന്നും എജി വ്യക്തമാക്കി. അതേസമയം സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചോദിച്ചു. എന്നാൽ മോഷണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

അതേസമയം അറ്റോണി ജനറൽ ഭീഷണിപ്പെടുത്തുന്നതായി മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂറി എന്നിവർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു. ഉറവിടം അറിയാതെ രേഖകൾ പരിശോധിക്കരുതെന്ന വാദം നിലനിൽക്കില്ല. 2ജി, കൽക്കരി കേസുകളിൽ സുപ്രീംകോടതി ഇതു തള്ളിയതാണ്. പ്രതിരോധ ഇടപാടുകളിലെ അഴിമതി അന്വേഷിക്കാൻ ഒരു തടസ്സവുമില്ലെന്നും പ്രശാന്ത് ഭൂഷൺ നിലപാടെടുത്തു.

റഫാൽ വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവച്ചപ്പോൾ, അഴിമതി കണ്ടെത്തിയാൽ പിഴ ചുമത്താനുള്ള വ്യവസ്ഥയും കരാർ തുക വ്യക്തമായി ഓരോ ഇനത്തിലും ചെലവഴിക്കാൻ നിഷ്‌കർഷിക്കുന്ന വിധം എസ്‌ക്രോ അക്കൗണ്ട് തുടങ്ങുന്നതും ഒഴിവാക്കിയെന്നും ഒരു ദേശീയ മാധ്യമം വാർത്ത നൽകിയിരുന്നു. കരാറിൽ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇടപെട്ടതിൽ പ്രതിരോധ മന്ത്രാലയം വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതുൾപ്പെടെയുള്ള രേഖകൾ മോഷ്ടിച്ചതാണെന്നാണു സർക്കാർ നിലപാട്.

എന്നാൽ, ഔദ്യോഗിക രഹസ്യനിയമം മറയാക്കി സർക്കാരിന് ഒളിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഔദ്യോഗികരഹസ്യനിയമം കണക്കിലെടുക്കില്ല. മോഷ്ടിച്ച രേഖകളും കോടതിക്കു പരിശോധിക്കാമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. തെളിവുനിയമത്തിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണം തീരുമാനിക്കുന്നതിന് രാജ്യസുരക്ഷ ഘടകമല്ലെന്നും സുപ്രീംകോടതി അറിയിച്ചു. കേസിൽ വാദം കേൾക്കുന്നത് മാർച്ച് 14-ലേക്ക് മാറ്റി.

മോഷ്ടിക്കപ്പെട്ടു എന്ന വാക്ക് എജിക്ക് ഒഴിവാക്കാമായിരുന്നുവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ അഭിപ്രായം ഉയർന്നിരുന്നു. മോഷണ വിവാദം ചൂടുപിടിച്ചപ്പോൾ രാഹുൽ ഗാന്ധി അത് സർക്കാരിനെതിരെയുള്ള ആയുധമാക്കുകയും ചെയ്തു. ഗായബ് ഗോ ഗയ എന്ന പുതിയ മുദ്രാവാക്യം തന്നെ അദ്ദേഹം സർക്കാരിനെതിരെ മെനഞ്ഞെടുത്തു. രാജ്യത്ത് എല്ലാം കാണാതാകുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കർഷകന്റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. റഫാൽ ഫയലും കാണാതായെന്ന രൂക്ഷ പരിഹാസമാണ് രാഹുൽ മോദിക്കെതിരെ വാർത്താ സമ്മേളനം നടത്തി ഉന്നയിച്ചത്. റഫാൽ വിമാനങ്ങൾ വൈകിപ്പിച്ചത് പ്രധാനമന്ത്രിയാണ് . അനിൽ അംബാനിക്ക് കരാർ ഒപ്പിച്ച് നൽകുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചതെന്നും രാഹുൽ ഗന്ധി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP