Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്കപ്പിലിട്ട് മർദ്ദിച്ചെന്നും അറുപതിനായിരം രൂപ തട്ടിയെടുത്തെന്നും കാട്ടി പരാതിയും പ്രമുഖ ചാനലിനെ സ്വാധീനിച്ച് വാർത്തയും; താൻ കോൺഗ്രസ് നേതാവാണെന്നും തൃശ്ശൂർ ബിഷപ്പ് സ്വന്തം ആളാണെന്നും എസ്‌ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നും ഭീഷണി; ജനകീയനായ കടവന്ത്ര പ്രിൻസിപ്പൽ എസ്‌ഐക്കെതിരെ വ്യാജപരാതി നൽകി കുടുക്കാൻ നോക്കിയത് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; വ്യാജ വാർത്ത കൊടുത്ത ചാനലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ലോക്കപ്പിലിട്ട് മർദ്ദിച്ചെന്നും അറുപതിനായിരം രൂപ തട്ടിയെടുത്തെന്നും കാട്ടി പരാതിയും പ്രമുഖ ചാനലിനെ സ്വാധീനിച്ച് വാർത്തയും; താൻ കോൺഗ്രസ് നേതാവാണെന്നും തൃശ്ശൂർ ബിഷപ്പ് സ്വന്തം ആളാണെന്നും എസ്‌ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നും ഭീഷണി; ജനകീയനായ കടവന്ത്ര പ്രിൻസിപ്പൽ എസ്‌ഐക്കെതിരെ വ്യാജപരാതി നൽകി കുടുക്കാൻ നോക്കിയത് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; വ്യാജ വാർത്ത കൊടുത്ത ചാനലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ആർ പീയൂഷ്

കൊച്ചി: ബിൽ അടയ്ക്കാതിരുന്നതിനാൽ വൈദ്യുത ബന്ധം വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത എസ്‌ഐയ്ക്കെതിരെ വ്യാജ പരാതി. കടവന്ത്ര സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ എ.എൽ അഭിലാഷിനെതിരെയാണ് കെ.എസ്.ഇ.ബി ജീവനക്കാരന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ തൃശ്ശൂർ മണ്ണുത്തി മീനച്ചേരി വീട്ടിൽ ആൽഫ്രഡ് തോമസ് പരാതി നൽകിയിരിക്കുന്നത്. മേൽപ്പറഞ്ഞ കേസിൽ അറസ്റ്റിലായിരുന്നപ്പോൾ സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റെന്നും പോക്കറ്റിലുണ്ടായിരുന്ന അറുപതിനായിരം രൂപയും എസ്‌ഐ തട്ടിയെടുത്തുമെന്നും കാട്ടിയാണ് സിറ്റി പൊലീസ് കമ്മീഷ്ണർക്കും ഡി.ജി.പിക്കും പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു പ്രമുഖ ചാനലിൽ എസ്‌ഐയ്ക്കെതിരെ വാർത്തയും വന്നിരുന്നു. എന്നാൽ ഈ പരാതിയും വാർത്തയും തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് എസ്‌ഐയും സ്റ്റേഷനിലെ ജനമൈത്രി
അംഗങ്ങളും നാട്ടുകാരും പറയുന്നത്.

സംഭവത്തെ പറ്റി ജനമൈത്രി അംഗവും കെ.കെ കോളനി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ പറയുന്നതിങ്ങനെ. ഇത് തികച്ചും ഒരു വ്യാജ പരാതിയും വ്യാജ വാർത്തയുമാണ്. കാരണം വാർത്തയിൽ പറയുന്ന സംഭവങ്ങളെല്ലാം വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ ആദ്യത്തെ ആറു ശിശു സൗഹൃദ പൊലീസ് സ്റ്റേഷനായ കടവന്ത്ര പൊലീസ് സ്റ്റേഷൻ കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനാണ്. ഇവിടുത്തെ എസ്‌ഐ അഭിലാഷ് ജനങ്ങൾക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. സ്റ്റേഷൻ പരിധിയായ കമ്മട്ടിപ്പാടം, ഉദയാ, പിആൻഡ് ഡി, കെ.കെ എന്നീ കോളനികളിലെ മുഴുവൻ ക്രമ സമാധാന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കിയത് എസ്‌ഐ അഭിലാഷാണ്. ആറുമാസമായതെയുള്ളൂ അദ്ദേഹം ഇവിടെ ചാർജ്ജ് എടുത്തിട്ട്. അതിനിടയിൽ സ്‌ക്കൂൾ കുട്ടികളും ചെറുപ്പക്കാരും ഉൾപ്പടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തി ബോധവത്കരണം നടത്തി അവരെ നേരായ മാർഗ്ഗത്തിലേക്ക് എത്തിച്ചു വരികയാണ്. അതു പോലെ സ്റ്റേഷനിലെത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ട എല്ലാ നിയമ സഹായങ്ങളും ചെയ്തു കൊടുക്കുന്നുമുണ്ട്. അങ്ങനെയുള്ള ഒരു എസ്‌ഐയെ പറ്റിയാണ് വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ചാനൽ വ്യാജ വാർത്ത നൽകിയത്. ഇതിനെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി നിന്നു പ്രതികരിക്കും. വാർത്ത കൊടുത്ത ചാനലിന് സംഭവത്തെപറ്റി പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

എസ്‌ഐ അഭിലാഷിനെതിരെ വ്യാജ പരാതി ആൽഫ്രഡ് നൽകാനിടയായ സംഭവം ഇതാണ്: കഴിഞ്ഞമാസം പതിനൊന്നാം തീയതി ആൽഫ്രഡിന്റെ വൈറ്റില ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എ -വൺ ട്രാവൽ ഏജൻസ് എന്ന സ്ഥാപനത്തിൽ വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരനായ സുനിൽ കുമാർ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അവിടെ എത്തി. ആ സമയം ആൽഫ്രഡിന്റെ ഭാര്യ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവരോട് വിവരം പറഞ്ഞ സേഷം സുനിൽകുമാർ എഫ്.ആർ (ഫൈനൽ റീഡിങ്) എഴുതിയ ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഈ സമയം വിവരം അറിഞ്ഞെത്തിയ ആൽഫ്രഡ് സുനിൽകുമാറിനെ തടഞ്ഞു വയ്ക്കുകയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു. ബില്ലടച്ചതിന് ശേഷം ബോർഡിലെ അക്കൗണ്ട് വിഭാഗത്തിൽ നിന്നും അറിയിപ്പ് കിട്ടിയെങ്കിൽ മാത്രമേ പുനഃസ്ഥാപിക്കാനാവൂ എന്ന് സുനിൽകുമാർ അറിയിച്ചു. എന്നാൽ ആൽഫ്രഡ് കുറച്ചാളുകളെ വിളിച്ചു കൂട്ടുകയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം സുനിൽകുമാർ പൊലീസ് ഹെൽപ്പ് ലൈനായ 100 ൽ വിളിച്ചു വിവരം പറഞ്ഞു. തുടർന്ന് അവർ അറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി സുനിൽകുമാറിനെ മോചിപ്പിച്ചു. സംഭവം നടന്ന സ്ഥലം കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയായതിനാൽ സുനിൽകുമാർ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ രേഖാമൂലം ഔദ്യോഗികമായി പരാതി നൽകി. ഇതോടെ പൊലീസ് ആൽഫ്രഡിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഇതോടെ ആൽഫ്രഡ് തന്റെ ഭാര്യയെ കെ.എസ്.ഇ.ബി ജീവനക്കാരൻ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നും ലൈംഗിക ചുവയോടെ സംസാരിച്ചു എന്നുും കാട്ടി ഒരു കൗണ്ടർ പരാതിയുമായാണ് സ്റ്റേഷനിലെത്തിയത്. പ്രഥമിക പരിശോധനയിൽ തന്നെ പരാതി വ്യ.ാജമാണെന്ന് തെളിഞ്ഞു.

സ്റ്റേഷനിലെത്തിയ ശേഷം ആൽഫ്രഡ് എസ്‌ഐയ്ക്ക് നേരെ ഭീഷണി മുഴക്കൽ തുടർന്നു. താൻ കോൺഗ്രസ്സ് നേതാവാണെന്നും തൃശ്ശൂർ ബിഷപ്പ് തന്റെ സ്വന്തം ആളാണെന്നും തന്റെ കസേര ഞാൻ തെറിപ്പിക്കും എന്നൊക്കെ ഭീഷണി തുടർന്നു. സംഭവം രമ്യതയിൽ പരിഹരിക്കാനെന്നിരിക്കെ ആൽഫ്രഡിന്റെ വിരട്ടൽ കേട്ട് കുപിതനായ എസ്‌ഐ ആൽഫ്രഡിനെ സുനിൽകുമാറിന്റെ പരാതിയിൽ എഫ്.ഐ.ആർ ഇട്ട് ലോക്കപ്പിലടച്ചു. അപ്പോഴും താൻ എസ്‌ഐയുടൈ തൊപ്പി തെറിപ്പിക്കും എന്ന് ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കിയെങ്കിലും മജ്സ്ട്രേട്ട് ജാമ്യം നൽകി. ജാമ്യമില്ലാ വകുപ്പായിരുന്നെങ്കിലും ആൽഫ്രഡിന്റെ ബന്ധുവായ ന്യായാധിപൻ സഹായിക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്. ജാമ്യത്തിലിറങ്ങിയ ഇയാൾ ആശുപത്രിയിൽ അഡ്‌മിറ്റാകുകയും തനിക്ക് പൊലീസ് മർദ്ദനമേറ്റെന്നും പോക്കറ്റിലുണ്ടായിരുന്ന അറുപതിനായിരം രൂപ എസ്‌ഐ കൈക്കലാക്കി എന്നു പറഞ്ഞ് പരാതി നൽകുകയും ചാനലിനെ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകിക്കുകയുമായിരുന്നു.

വാർത്തയിൽ പറയുന്നതു പോലെ ഇയാൾക്ക് യാതൊരു മർദ്ദനവുമേറ്റിട്ടില്ല എന്ന് കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് എടുത്ത മെഡിക്കൽ ചെക്കപ്പിൽ പറയുന്നുണ്ട്. മുൻപുണ്ടായിരുന്ന നടുവേദനമാത്രമാണ് അതിൽ സൂചിപ്പിച്ചിരുന്നത്. നെഞ്ചിന്റെ എക്സറേ എടുത്തതിലും ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ ജാമ്യം ലഭിച്ചതിന് ശേഷം ആശുപത്രിയിൽ അഡ്‌മിറ്റാകുകയും ദിവസങ്ങൾക്ക് ശേഷം എസ്‌ഐ അറുപതിനായിരം രൂപ തട്ടിയെടുത്തു എന്നും പരാതി ഉന്നയിച്ചിരിക്കുന്നത് ദരുദ്ദേശപരമായിട്ടാണ്. തന്നെ അറസ്റ്റ് ചെയ്ത എസ്‌ഐയെ മനഃപൂർവ്വം കുടുക്കാൻ ചെയ്ത ശ്രമമാണ് ഇത്. നിരപരാധിയായ എസ്‌ഐയെ കുടുക്കാൻ മനഃപൂർവ്വം സ്റ്റേഷനിൽ പ്രകോപനമുണ്ടാക്കുകയും അത് ഫോണിൽ റെക്കോർഡു ചെയ്യുകയുമായിരുന്നു. ഈ സമയം എസ്‌ഐ കുപിതനായി സംസാരിക്കുന്ന ഭാഗങ്ങൾ ചാനൽ പ്രതിനിധിക്ക് കൈമാറുകയും തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകുകയുമായിരുന്നു. വാർത്ത വന്നതോടെ എസ്‌ഐക്ക് ഏറെ മാനക്കേടുണ്ടായി. ഇതോടെയാണ് ഏറെ ജനസമ്മതനായ എസ്‌ഐയ്ക്ക് വേണ്ടി ജനസമിതി അംഗങ്ങളും നാട്ടുകാരും രംഗത്ത് വന്നത്.

മുമ്പ് ആൽഫ്രഡ് പാർസൽ സർവ്വീസ് നടത്തുന്ന സമയം അഞ്ചു ലക്ഷം രൂപയുടെ സാധനങ്ങൾ തട്ടിയെടുത്തു എന്ന ഒരു ചീറ്റിങ് കേസുണ്ടായിരുന്നു. അന്നും ഇയാളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾ മയക്കുമരുന്നിനും അടിമയാണ്. ഇയാളുടെ കൈകളിൽ ഇഞ്ചക്ഷൻ വയ്ക്കുന്നതിന്റെ നിരവധി പാടുകൾ കാണാൻ കഴിയും. ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലുമള്ള ആളാണ് എസ്‌ഐയ്ക്കെതിരെ വ്യാജ പരാതി നൽകി വാർത്ത ചാനലിൽ വരുത്തിയത്. ചാനലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

പി ആൻഡ് ഡി കോളനി നിവാസിയായ പൊതു പ്രവർത്തകയും ഓട്ടോറിക്ഷാ തൊഴിലാളിയുമായ ധനലക്ഷ്മി എന്ന വീട്ടമ്മയ്ക്ക് എസ്‌ഐ അഭിലാഷിനെ പറ്റി പറയാൻ നൂറു നാവാണ്. തങ്ങളുടെ ചേരി പ്രദേശത്തുള്ള മയക്കു മരുന്ന് കഞ്ചാവ് ലോബികളെ തുരത്തിയത് എസ്‌ഐ ആണ് എന്നും തന്റെ ഓട്ടോയിലെ ബാറ്ററി മോഷണം പോയപ്പോൾ അതിന് പകരം മറ്റൊന്ന് വാങ്ങി തന്ന് സഹായിച്ചതും അദ്ദേഹമാണെന്നും പറയുന്നു. ജന സമിതി അംഗമായ ശ്യാമളാ കാർത്തിക് പറയുന്നത് എസ്‌ഐയ്ക്കെതിരെയുള്ള ഈ പരാതി വ്യാജമാണ് എന്നു തന്നെയാണ്. ഇങ്ങനെ ഒരു പരാതിയുമായി വാർത്ത നൽകണമെന്നാവശ്യപ്പെട്ട് ഒരാൾ എത്തുമ്പോൾ എസ്‌ഐയോട് ഒന്നു വിളിച്ചു ചോദിക്കാനുള്ള മര്യാദ ആ ചനൽ പ്രതിനിധി കാണിക്കണമായിരുന്നു എന്നും ചാനലിനെതിരെ അസോസിയേഷൻ പരാതി നൽകിയിട്ടുണ്ടെന്നും ജനസമിതി പ്രവർത്തകൻ ബിജു ചൂളയ്ക്കൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP