Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസഫിന്റെ ഉടക്കിൽ വെള്ളം കുടിച്ചു നിന്ന മാണിക്ക് ആശ്വാസം പകർന്നുകൊണ്ട് കോട്ടയത്തെ സിപിഎം സ്ഥാനാർത്ഥി നിർണയം; സിന്ധുമോൾ ജേക്കബിനെ ഇറക്കി മാണിയുടെ സ്വപ്നങ്ങൾ തകർക്കാൻ മോൻസ് ജോസഫ് നടത്തിയ നീക്കം പൊളിച്ചു; ജോസ് കെ മാണിയുടെ പൂഴിക്കടകനിലൂടെ വി എൻ വാസവൻ സ്ഥാനാർത്ഥിയായി; ദളിൽ നിന്നും പിടിച്ചെടുത്ത കോട്ടയം മാണിക്ക് അടിയറവ് വെച്ചതു കോടിയേരിയുടെ മാണിപ്രേമം എന്ന ആരോപണം വീണ്ടും ശക്തം; മാണിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വെമ്പി നിന്ന കോൺഗ്രസ് വോട്ട് രണ്ടിലക്ക് തന്നെ

ജോസഫിന്റെ ഉടക്കിൽ വെള്ളം കുടിച്ചു നിന്ന മാണിക്ക് ആശ്വാസം പകർന്നുകൊണ്ട് കോട്ടയത്തെ സിപിഎം സ്ഥാനാർത്ഥി നിർണയം; സിന്ധുമോൾ ജേക്കബിനെ ഇറക്കി മാണിയുടെ സ്വപ്നങ്ങൾ തകർക്കാൻ മോൻസ് ജോസഫ് നടത്തിയ നീക്കം പൊളിച്ചു; ജോസ് കെ മാണിയുടെ പൂഴിക്കടകനിലൂടെ വി എൻ വാസവൻ സ്ഥാനാർത്ഥിയായി; ദളിൽ നിന്നും പിടിച്ചെടുത്ത കോട്ടയം മാണിക്ക് അടിയറവ് വെച്ചതു കോടിയേരിയുടെ മാണിപ്രേമം എന്ന ആരോപണം വീണ്ടും ശക്തം; മാണിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വെമ്പി നിന്ന കോൺഗ്രസ് വോട്ട് രണ്ടിലക്ക് തന്നെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോട്ടയം മണ്ഡലത്തിന് വേണ്ടി പി.ജെ.ജോസഫ് വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കേരള കോൺഗ്രസ് കാറ്റും കോളുമുള്ള കടലുപോലെയാണ്. ലോക്‌സഭയിലേക്ക് ഒന്നുപോയാൽ കൊള്ളാമെന്ന മോഹം ജോസഫ് തുറന്നുപറഞ്ഞതോടെ, മാണി പക്ഷം മുഖം കറുപ്പിച്ചപ്പോൾ രണ്ടില പിളരുമെന്ന വരെയായി വാർത്തകൾ. അധിക സീറ്റില്ലെന്ന് കോൺഗ്രസ് തറപ്പിച്ച് പറഞ്ഞതോടെ, വഴക്ക് മൂത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 11 തവണ കേരള കോൺഗ്രസിനെയോ, കോൺഗ്രസിനെയോ ജയിപ്പിച്ചുവിട്ട മണ്ഡലത്തിൽ മത്സരിച്ചാൽ പോരാ, ജോസ് .കെ.മാണി നേടയത് പോലെ ഒരുലക്ഷത്തിലേറെ വോട്ടിന്റെ റെക്കോഡ് ആവർത്തിക്കുകയും വേണം. താൻ മത്സരിക്കാമെന്ന് ജോസഫ് പറഞ്ഞപ്പോൾ മാണി ഇടങ്കോലിട്ടു. ഇതോടെ, തന്ത്രങ്ങളും മറുതന്ത്രങ്ങളും ചരടുവലികളുമായി ജോസഫ്-മാണി വിഭാഗങ്ങൾ കളം നിറഞ്ഞു. മണ്ഡലത്തിൽ എതിരാളി ദുർബലനായാൽ എളുപ്പത്തിൽ പിടിച്ചടക്കാമെന്നത് പകൽപോലെ സത്യം. അതുകൊണ്ട് തന്നെ ജോസഫിനെ എങ്ങനെ മെരുക്കുമെന്ന് അറിയാതിരുന്ന മാണിക്ക് എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ തുള്ളിച്ചാടാൻ തോന്നി. അണികൾക്ക് പ്രിയങ്കരനാണ് വി.എൻ.വാസവനെങ്കിലും, മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ ഒപ്പമാക്കാനാവില്ല. ഇതോടെ, കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കാര്യങ്ങൾ കുറെ കൂടി എളുപ്പമായെന്നാണ് വിലയിരുത്തൽ.

കോട്ടയത്തെ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നത് വി.എൻ.വാസവനും സിന്ധുമോൾ ജേക്കബുമാണ്. മാണിക്ക് കാര്യങ്ങൾ എളുപ്പമാകാതിരിക്കാൻ ജോസഫ് പക്ഷത്തിന്റെ പ്രതീക്ഷ സിന്ധുമോൾ ജേക്കബ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാധ്യതാ പട്ടികയിൽ പല പേരുകളും വരിക സ്വാഭാവികം. എന്നാൽ, അതുപോലെയല്ല സിന്ധുമോൾ ജേക്കബിന്റെ പേര് കടന്നുവന്നത്.
ഉഴവൂരിലെ പഞ്ചായത്ത് അംഗമാണ് സിന്ധുമോൾ ജേക്കബ്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ഭാഗം. ഈ മേഖലയിലെ അറിയപ്പെടുന്ന ക്രൈസ്തവ കുടുംബാഗമാണ് സിന്ധുമോൾ. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇതെല്ലാം സിന്ധുമോൾക്ക് കോട്ടയത്ത് മികച്ച സാധ്യത നൽകുന്ന ഘടകങ്ങളായിരുന്നു. ഇത് മനസിലാക്കി കടുത്തുരുത്തിയിലെ എംഎൽഎ കൂടിയായ കേരളാ കോൺഗ്രസ് നേതാവ് മോൻസ് ജോസഫാണ് ഇടതുപക്ഷത്തിന് സിന്ധുമോൾ ജേക്കബിനെ ചൂണ്ടിക്കാട്ടി കൊടുത്തത്. പിജെ ജോസഫിന് കേരളാ കോൺഗ്രസിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മോൻസ് സിന്ധുമോളുമായി രംഗത്ത് വന്നത്. പിജെ ജോസഫിന് സീറ്റ് കൊടുക്കാത്തതിന് പ്രതികാരമായി കേരളാ കോൺഗ്രസിനായി കെ എം മാണി നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള തന്ത്രപരമായ നീക്കം. ഇത് മനസ്സിലായതോടെ ജോസ് കെ മാണിയും സന്ദർഭത്തിന് ഒത്തുയർന്നു. ഇതോടെ, വിഎൻ വാസവന്റെ പേര് ചർച്ചയാക്കി ജോസ് കെ മാണി മറുതന്ത്രം പണിതു.

മത്സരിക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് വി.എൻ.വാസവൻ ആദ്യം സ്വീകരിച്ചത്. സ്ഥാനാർത്ഥി ചർച്ചകളിൽ അപ്രതീക്ഷിതമായി ഇടം പിടിച്ച സിന്ധുമോളെ വെട്ടി സിപിഎം പാർലമെന്ററിി പാർട്ടി വാസവനെ മാത്രമാണ് നിർദ്ദേശിച്ചത്. വിജയസാധ്യത വാസവനെന്ന് സിപിഎം വിലയിരുത്തുമ്പോൾ, മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ നോക്കുമ്പോൾ തങ്ങൾക്ക് പ്രശ്‌നമാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. വാസവൻ നിന്നാൽ അത് തങ്ങൾക്ക് അനുകൂലമാകുമെന്ന മാണി വിഭാഗം കണക്കുകൂട്ടുന്നു. വാസവൻ വന്നതോടെ, മോൻസ് ജോസഫിന്റെ കളികൾ പൊളിഞ്ഞു. സിന്ധിമോൾ ജേക്കബ് ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ മാണിയെ കുരുക്കിലാക്കാമെന്ന ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷയും പൊലിഞ്ഞു. പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി. 2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. നിലവിൽ ഉഴവൂർ ലോക്കൽകമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്.കടുത്തുരുത്തി എംഎൽഎയുമായി ഏറെ അടുത്തും സിന്ധുമോൾ പ്രവർത്തിച്ചിട്ടുണ്ട്. ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന പഞ്ചായത്ത് അംഗം. ഡോക്ടറുടെ ജാടകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി. ഇങ്ങനെ അനുകൂല ഘടകങ്ങൾ ഏറെയുണ്ടായിട്ടും, ജയസാധ്യത വാസവന് തന്നെയെന്ന് സിപിഎം പാർലമെന്ററി കമ്മിറ്റി വിലയിരുത്തിയതോടെ മറ്റുകാര്യങ്ങൾ അപ്രസക്തമായി.

നേരത്തെ, ജോസ് കെ.മാണി, രാജ്യസഭയിലേക്കു ജയിച്ചുമാറിയതോടെ നിലവിൽ കോട്ടയം നാഥനില്ലാ കളരിയായിരുന്നു. ഉപതിരഞ്ഞെടുപ്പില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയെഴുതിയതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ജനപ്രതിനിധിയില്ലാതെ മാറുകയും ചെയ്തു. ജോസ് കെ മാണി രാജ്യസഭാ അംഗമായതും കേരളാ കോൺഗ്രസ് മാണിയുടെ സീറ്റിലാണ്. അതുകൊണ്ടാണ് പി.ജെ.ജോസഫിന് സീറ്റില്ലെന്ന് മാണി പ്രഖ്യാപിച്ചത്. ജോസഫിനെ ലോക്സഭയിലേക്ക് അയയ്ക്കാനും ജോസഫിന്റെ മകനെ തൊടുപുഴയിൽ നിർത്തി ജയിപ്പിക്കാനും ചരട വലികൾ നടത്തിയത് മോൻസ് ജോസഫായിരുന്നു. ജോസഫിനെ ഡൽഹിയിൽ അയച്ച് കേരളത്തിൽ മന്ത്രിയാവുകയായിരുന്നു മോൻസിന്റെ ലക്ഷ്യം. ഇതാണ് മാണിയുടെ കടുംപിടിത്തത്തിലൂടെ പൊളിഞ്ഞത്. സിന്ധുമോൾ ജേക്കബിനെ ഇടത് സ്ഥാനാർത്ഥിയാക്കി മാണിക്ക് പരാജയമൊരുക്കാൻ നീക്കിയ കരുക്കൾ പാഴാവുകയും ചെയ്തു. അതേസമയം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കിയാൽ, കേരള കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ കഴിയുമെന്ന അഭിപ്രായം ഉയർന്നതായി പറയുന്നു. സുരേഷ് കുറുപ്പിനെ സ്ഥാനാർത്ഥിയാക്കിയാൽ എൻഎസ്എസിനെ പ്രീണിപ്പിക്കാമെന്ന വാദത്തോട് വാസവൻ യോജിച്ചില്ലെന്ന് അറിയുന്നു. ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ വാസവൻ ഒഴിയാൻ നോക്കിയെങ്കിലും ഒടുവിൽ നറുക്ക് വീഴുകയായിരുന്നു.

2014 ൽ കോട്ടയത്ത് ജെഡിഎസിന് സീറ്റ് നൽകിയത് പ്രത്യേക അവസരത്തിലാണെന്നും ഇത്തവണ അത് നൽകാനാകില്ലെന്നും കാട്ടിയാണ് സിപിഎം സീറ്റി നിഷേധിച്ചത്. ഇതോടെ വല്യേട്ടനും കൊച്ചേട്ടനും മാത്രമായി മത്സരരംഗത്ത്. നേരത്തെ ഇടതുമുന്നണി പ്രവേശനത്തിന് തൊട്ടടുത്ത വരെ എത്തി ഗോൾ പാഴായി പോയ പാർട്ടിയാണ് കേരള കോൺഗ്രസ് മാണി വിഭാഗം. ബാർകോഴക്കേസിന്റെ പേരിൽ സിപിഎം മാണിയെ അകറ്റിയെങ്കിലും, കോട്ടയത്ത് മാണിയോട് അനുഭാവ സമീപനം ഉണ്ടെന്ന ആരോപണം ശക്തമാണ്. സഥാനാർഥി നിർണയം കഴിഞ്ഞതോടെ അതുശക്തമാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP