Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഉത്തരേന്ത്യൻ മോഡൽ വിദ്വേഷരാഷ്ട്രീയം കേരളത്തിലും പയറ്റി ബിജെപി; യുപിയിലെ ഡോ. കഫീൽഖാനെ പങ്കെടുപ്പിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയുടെ പേരുംപറഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് ബിജെപി മാർച്ച്; പത്ത് മാസം മുമ്പ് പരസ്യമായി നടത്തിയ പരിപാടിയെ ഇപ്പോൾ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; കഫീൽഖാൻ പങ്കെടുത്ത ചടങ്ങിനെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന സംഘപരിവാർ നീക്കം തിരിച്ചറിയണമെന്ന് സാമൂഹിക പ്രവർത്തകർ

ഉത്തരേന്ത്യൻ മോഡൽ വിദ്വേഷരാഷ്ട്രീയം കേരളത്തിലും പയറ്റി ബിജെപി; യുപിയിലെ ഡോ. കഫീൽഖാനെ പങ്കെടുപ്പിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയുടെ പേരുംപറഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് ബിജെപി മാർച്ച്; പത്ത് മാസം മുമ്പ് പരസ്യമായി നടത്തിയ പരിപാടിയെ ഇപ്പോൾ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; കഫീൽഖാൻ പങ്കെടുത്ത ചടങ്ങിനെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന സംഘപരിവാർ നീക്കം തിരിച്ചറിയണമെന്ന് സാമൂഹിക പ്രവർത്തകർ

കെ വി നിരഞ്ജൻ

കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉത്തരേന്ത്യൻ മോഡൽ വിദ്വേഷ രാഷ്ട്രീയം കേരളത്തലും പയറ്റാൻ ശ്രമം നടത്തുകയാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ഉത്തർപ്രദേശിലെ ഡോ: കഫീൽഖാനെ പങ്കെടുപ്പിച്ച് മെഡിക്കൽ കോളെജ് ആശുപത്രിയിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംവാദം രാജ്യദ്രോഹ പ്രവര്ത്തനമാണെന്ന് ആരോപിച്ചുള്ള ബിജെപി മാർച്ച്. വിദ്യാർത്ഥികൾക്കും പരിപാടിക്ക് നേതൃത്വം വഹിച്ച കോളെജിലെ അദ്ധ്യാപകനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ച നേതാവ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത്. ജില്ലാ കലക്ടർ പങ്കെടുത്ത ആശുപത്രി വികസന സൊസൈറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.

കഴിഞ്ഞ മെയ് പത്തിനാണ് ഡോ: കഫീൽഖാനെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ മെഡിക്കൽ കോളെജ് ലൈബ്രറി ഹാളിൽ സംവാദനം സംഘടിപ്പിച്ചത്. ഈ പരിപാടിയുടെ വാർത്തകൾ അന്നേ ചാനലുകളിലും പത്രങ്ങളിലുമെല്ലാം വന്നതാണ്. തുടർന്ന് കോഴിക്കോട് തന്നെ വിവിധ പരിപാടികളിൽ കഫീൽഖാൻ പങ്കെടുക്കുകയും ചെയ്തു. ഈ സംഭവമാണ് പത്ത് മാസത്തിന് ശേഷം ദേശവിരുദ്ധ പരിപാടിയാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നത്. ഇത്രയും കാലം മുമ്പ് നടന്ന പരിപാടിയെ ഇപ്പോൾ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോളെജ് യൂണിയൻ ചെയർമാൻ അമീൻ അബ്ദുല്ല വ്യക്തമാക്കി.

ഡോ; കഫീൽഖാൻ സംഘപരിവാർ കണ്ണിലെ കരടാണ്. 2017 ആഗസ്റ്റിൽ ഉത്തർപ്രദേശിലെ ബാബ രാഘവ് ദേവ് മെഡിക്കൽ കോളെജിൽ കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ പീഡിയാട്രിക് വിഭാഗം ഡോക്ടറും ഹെൽത്ത് മിഷൻ മേധാവിയുമായ ഡോ: കഫീൽഖാനെ ഉത്തർപ്രദേശ് ഉത്തർപ്രദേശ് സർക്കാർ ജയിലിലടച്ചിരുന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം കുട്ടികൾ മരിക്കാനിടയായ സംഭവം സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ഉത്തരവാദിത്തം കഫീൽഖാന്റെ ചുമലിലാക്കി രക്ഷപ്പെടാൻ സർക്കാർ ശ്രമം നടത്തിയത്. പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കഫീൽഖാന്റെ പങ്ക് നിഷേധിച്ച് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

മെഡിക്കൽ കോളെജ് കേന്ദ്രീകരിച്ച് ദേശദ്രോഹ പ്രവർത്തനം നടക്കുന്നുവെന്നാണ് യുവമോർച്ച- ബിജെപി ആരോപണം. കഫീൽഖാന് അനുമതിയില്ലാതെ സ്വീകരണം നൽകിയതിനെതിരെയും പരിപാടിക്ക് നേതൃത്വത്തം നൽകിയ അസി. പ്രൊഫസർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ സമയം ഉത്തർപ്രദേശ് സർക്കാർ അറസ്റ്റു ചെയ്ത ഡോ: കഫീൽഖാനെ മെഡിക്കൽ കോളെജിലെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനോട് കോളെജ് പ്രിൻസിപ്പൽക്ക് എതിർപ്പുണ്ടായിരുന്നു. ഈ വിയോജിപ്പ് വകവെക്കാതെയാണ് വിദ്യാർതഥികൾ പരിപാടി സംഘടിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. അനുമതിയില്ലാതെയാണ് കഫീൽഖാൻ പരിപാടിയിൽ പങ്കെടുത്തതെന്ന് യുവമോർച്ചയും ആരോപിക്കുന്നു.

സംഭവം കഴിഞ്ഞ പത്ത് മാസത്തിന് ശേഷമാണ് ബിജെപിയുടെ ജനം ചാനൽ ഈ വാർത്ത സംപ്രേഷണം ചെയ്തത്. ഈ വാർത്തയുടെ ചുവടും പിടിച്ചാണ് യുവമോർച്ചക്കാർ പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നത്. ഇതേസമയം ബിജെപിയുടെയും യുവമോർച്ചയുടെയും നടപടിക്കെതിരെ വിദ്യാർത്ഥികൾ രംഗത്ത് വന്നിട്ടുണ്ട്. കോളെജിനും അദ്ധ്യാപകർക്കുമെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനവും നടത്തി. കഫീൽഖാൻ പങ്കെടുത്ത സംവാദത്തിൽ രാജ്യദ്രോഹപരമായി ഒന്നും നടന്നിട്ടില്ലെന്ന് കാണിക്കുന്ന വീഡിയോ നവ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ച് തെറ്റിദ്ധാരണ നീക്കാനും വിദ്യാർത്ഥികൾ ശ്രമിക്കുന്നുണ്ട്.

ബിജെപി -യുവമോർച്ച നടപടിക്കെതിരെ സാംസ്കാരിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. യു.പിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. കഫീൽഖാൻ കഴിഞ്ഞ വർഷം മേയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ചടങ്ങിൽ പങ്കെടുത്തതിനെ രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്ന സംഘ്പരിവാർ നീക്കത്തെ തിരിച്ചറിയണമെന്ന് സാമൂഹിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോൺഗ്രസ്, മുസ്ലിം ലീഗ്, ഐ എൻ എൽ, വെൽഫെയർ പാർട്ടി, എസ് ഡി പി ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കളും സംഭവത്തിൽ പ്രതിഷേധിച്ചു.

മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച ചടങ്ങ് സംബന്ധിച്ച് ബിജെപി അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് അന്വേഷണത്തിന് നിർദ്ദേശം നൽകിയ കോളേജ് വികസന സമിതി (എച്ച്.ഡി.എസ്) യുടെ നിലപാട് വിവാദത്തിലായിരുന്നു. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന അക്കാദമിക പരിപാടിയെ ദേശദ്രോഹമായി ചിത്രീകരിക്കാനും അതിന്റെ പേരിൽ വർഗീയ ധ്രുവീകരണം നടത്താനുമാണ് ബിജെപിയും സംഘ്പരിവാറും ശ്രമിക്കുന്നത്. കാമ്പസിലെ മുസ്ലിം വിദ്യാർത്ഥികളെ കുറിച്ചും പരിപാടിയിൽ കേൾവിക്കാരനായെത്തിയ ഡോക്ടറെ ലക്ഷ്യം വെച്ചുമാണ് കോളേജിൽ ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് സംഘ്പരിവാർ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ വിഷയത്തിലെ സംഘ്പരിവാറിന്റെ വർഗീയ അജണ്ട തിരിച്ചറിയണമെന്നും കേരളത്തിലെ പ്രബുദ്ധ സമൂഹം ഇതിനെതിരെ ശക്തമായി രംഗത്ത് വരണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

ഹൈദരലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എംപി, ഹുസൈൻ മടവൂർ (കെ.എൻ.എം), ടി.ടി ശ്രീകുമാർ, കെ.കെ കൊച്ച്, ഒ അബ്ദുറഹ്മാൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി), കെ.പി.എ മജീദ് (മുസ്ലിം ലീഗ്), മുനവറലി ശിഹാബ് തങ്ങൾ (യൂത്ത് ലീഗ്), എ.പി അബ്ദുൽ വഹാബ് (ഐ.എൻ.എൽ), ടി സിദ്ദീഖ് (ഡി.സി.സി), ഹമീദ് വാണിയമ്പലം (വെൽഫെയർ പാർട്ടി), മജീദ് ഫൈസി (എസ്.ഡി.പി.ഐ), കെ.ഇ.എൻ കുഞ്ഞഹമ്മദ്, അഡ്വ. പി.എ പൗരൻ, ഡോ. കെ മൊയ്തു, ഗ്രോ. വാസു, കെ.പി ശശി, ഗോപാൽ മേനോൻ, പി.കെ പോക്കർ, അനൂപ് വി.ആർ, മൃദുല ഭവാനി, കെ.കെ ബാബുരാജ്, പി.എം സ്വാലിഹ് (സോളിഡാരിറ്റി), വർഷ ബഷീർ, മിസ്അബ് കീഴരിയൂർ (എം.എസ്.എഫ്), എസ് ഇർഷാദ് (ഫ്രറ്റേണിറ്റി മൂവ്‌മെന്റ്), സാലിഹ് കോട്ടപ്പള്ളി (എസ്‌ഐ.ഒ), ഫാസിൽ ആലുക്കൽ (എം.എസ്.എം), അഫീദ അഹ്മദ് (ജി.ഐ.ഒ), മുഫീദ തസ്‌നി (ഹരിത) എന്നിവർ പ്രസ്താവനയിൽ ഒപ്പ് വെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP