Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിന്റെ വിരട്ടലിൽ നെഞ്ചിടിക്കുന്നത് ഇന്ത്യൻ ടെക്കികൾക്ക്..! ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് കടിഞ്ഞാണിട്ട ട്രംപ് ഔട്ട് സോഴ്‌സിംഗിലും കൈവെക്കുമെന്ന ഭയത്തിൽ ഇന്ത്യൻ ഐടി കമ്പനികൾ; ഹാർലി ഡേവിസൺ മോട്ടോർ സൈക്കിളിന് മേൽ നൂറ് ശതമാനം നികുതി ചുമത്തിയപ്പോൾ തുടങ്ങിയ പിണക്കത്തിൽ കടുത്ത നടപടികളിലേക്ക് അമേരിക്ക; ചൈനയെ വരുതിയിൽ നിർത്തിയ മർക്കട മുഷ്ടി ഇന്ത്യക്ക് നേരെയും പ്രയോഗിക്കാൻ ഒരുങ്ങി ട്രംപ്; യുഎസ്- ഇന്ത്യാ വ്യാപാരയുദ്ധം മുറുകുമ്പോൾ എന്തു സംഭവിക്കും?

ട്രംപിന്റെ വിരട്ടലിൽ നെഞ്ചിടിക്കുന്നത് ഇന്ത്യൻ ടെക്കികൾക്ക്..! ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് കടിഞ്ഞാണിട്ട ട്രംപ് ഔട്ട് സോഴ്‌സിംഗിലും കൈവെക്കുമെന്ന ഭയത്തിൽ ഇന്ത്യൻ ഐടി കമ്പനികൾ; ഹാർലി ഡേവിസൺ മോട്ടോർ സൈക്കിളിന് മേൽ നൂറ് ശതമാനം നികുതി ചുമത്തിയപ്പോൾ തുടങ്ങിയ പിണക്കത്തിൽ കടുത്ത നടപടികളിലേക്ക് അമേരിക്ക; ചൈനയെ വരുതിയിൽ നിർത്തിയ മർക്കട മുഷ്ടി ഇന്ത്യക്ക് നേരെയും പ്രയോഗിക്കാൻ ഒരുങ്ങി ട്രംപ്; യുഎസ്- ഇന്ത്യാ വ്യാപാരയുദ്ധം മുറുകുമ്പോൾ എന്തു സംഭവിക്കും?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി പങ്കാളികളിൽ ഏറ്റവും പ്രധാന സ്ഥാനം തന്നെയാണ് അമേരിക്കയ്ക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയെ വ്യാപാര സൗഹൃദ രാഷ്ട്രമായി ഇതുവരെ അമേരിക്ക കണ്ടിരുന്നത്. എന്നാൽ, അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യവുമായി ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായപ്പോൾ മുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറുകയാണ്. ഇന്ത്യൻ സാമ്പത്തിക മേഖലയെ ട്രംപിന്റെ ഇടപെടൽ സാരമായി തന്നെ ബാധിച്ചു തുടങ്ങി. ഏറ്റവും ഒടുവിൽ ചൈനയെയും വരുതിയിൽ നിർത്തിയ വ്യാപാര യുദ്ധത്തിന് ശേഷം ട്രംപ് കണ്ണുവെക്കുന്നത് ഇന്ത്യയിലേക്കാണ്. ഇതോടെ ഇന്ത്യൻ വ്യവസായ ഭീമന്മാർക്കും നെഞ്ചിടിപ്പു തുടങ്ങിയിട്ടുണ്ട്.

ഐടി രംഗത്തുള്ളവരെ ആശങ്കയിലാക്കുന്ന തീരുമാനം കുറച്ചു കാലങ്ങളായി അമേരിക്കയിൽ നിന്നും വാർത്തകൾ ഉണ്ടാകാറുണ്ട്. പത്ത് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും അധികം വളർച്ച നേടിയത് ഐടി അനുബന്ധ വ്യവസായങ്ങളും ബിപിഒ വർക്കുകളുമാണ്. എന്നാൽ, അടുത്തകാലത്തായി ഇന്ത്യ കുത്തകയാക്കിയ ഈ രംഗത്തേക്ക് തായ്‌ലന്റും ഇന്റോനേഷ്യയും അടക്കമുള്ളവർ കൈവെച്ചു തുടങ്ങി. ഇതോടെ ആശങ്കയിലായ ഐടി വ്യവസായത്തിന് ആശങ്ക പകരുന്ന നീക്കമാണ് ഇപ്പോൾ ഇരു രാജ്യങ്ങളും വ്യാപാര കരാറിന്റെ പേരിൽ ഉണ്ടായിരിക്കുന്ന ശീതയുദ്ധം.

വ്യാപാര രംഗത്ത് ഇന്ത്യക്കു നൽകിവരുന്ന പരിഗണന അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദ്ദേശം നൽകിയതാണ് ഇന്ത്യൻ കമ്പനികളെ ആശങ്കയിലാക്കുന്നത്. ഇത് കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കില്ലെന്ന വിലയിരുത്തലാണ് വാണിജ്യ മന്ത്രാലയും വ്യക്തമാക്കുന്നത്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിർദ്ദേശം നടപ്പാക്കാൻ ഇന്ത്യ തയാറാകാതിരുന്ന സാഹചര്യത്തിലാണ് യുഎസ് ട്രേഡ് ചീഫിന്റെ ഓഫിസിന് ട്രംപ് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്.

60 ദിവസത്തിനുള്ളിൽ ഇതു പ്രാബല്യത്തിൽ വരുമെന്നാണു സൂചന. യുഎസ് പ്രതിനിധി സഭാ നേതാക്കൾക്ക് ഇതു സംബന്ധിച്ച് ട്രംപ് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്‌പി) പരിപാടി അനുസരിച്ച് ഇന്ത്യയ്ക്കും തുർക്കിക്കും അനുവദിച്ചിരുന്ന മുൻഗണനാ സ്ഥാനം റദ്ദാക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും അതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് യുഎസ് ട്രേഡ് ഓഫിസ് അറിയിച്ചു. യുഎസിനു വിപണിയിൽ ആവശ്യമായ അവസരം ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞില്ലെന്നും വ്യാപാരത്തിനു തിരിച്ചടിയാകുന്ന തരത്തിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും അവർ അറിയിച്ചു.

കയറ്റുമതിയിൽ ഇടപെട്ട ട്രംപ് അടുത്തഘട്ടമായി ഇന്ത്യൻ ഐടി കമ്പനികളെ ബാധിക്കുന്ന വിധത്തിൽ ഓട്ട് സോഴ്‌സിംഗിൽ ഇടപെടലാകുമെന്നതാണ് ആശങ്ക. ടിസിഎസ് അടത്തമുള്ള പ്രമുഖ ഐടി കമ്പനികൾ കാലങ്ങളായി മികച്ച പ്രകടനം നടത്തിവരുന്നുണ്ട്. ഇത് അമേരിക്കയുമായുള്ള സുഗമമായ ബന്ധത്തിന്റെ പേരിലായിരുന്നു. എന്നാൽ, വ്യാപാര യുദ്ധം കടുക്കുമ്പോൾ ഈ രംഗത്തു ട്രംപ് കൈവെക്കുമോ എന്ന ആശങ്കയാണ് ടെക്കികൾക്ക് ഉള്ളത്. ട്രംപിന്റെ ഇപ്പോഴത്തെ നടപടി നേരിട്ടു ബാധിക്കുക ജുവല്ലറി, വജ്രാഭരണങ്ങൾ, വസ്ത്രങ്ങൾ, ഇരുമ്പ് തുടങ്ങിയ കമ്പനികളെ ബാധിക്കും. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ രംഗത്തിനും അധിക നികുതി ചുമത്തുമ്പോൾ സാരമായി ബാധിക്കും.

ഹാർലി ഡേവിസൺ മോട്ടോർ ബൈക്കിൽ തുടങ്ങിയ തർക്കം

ഹാർലി ഡേവിസൺ ബൈക്കുകൾ അടക്കമുള്ളവയ്ക്ക് ഇന്ത്യ ചുമത്തുന്ന വൻ ഇറക്കുമതിച്ചുങ്കമാണ് ട്രംപിനെ ഇന്ത്യക്കെതിരായ നീക്കങ്ങളിൽ പ്രകോപിപ്പിച്ചത്. ഹാർലി ഡേവിസൺ ബൈക്കുകളുടെ 100% തീരുവ ചുമത്തിയാണ് പ്രശ്‌നമായത്. ഇന്ത്യൻ നീക്കം അമേരിക്കൻ ഓട്ടോമൊബൈൽ രംഗത്തിനും തിരിച്ചടിയായി. ഇതോടെയാണ് ഇന്ത്യൻ വിപണിയിൽ സമ്മർദ്ദം ശക്തമാക്കാൻ ട്രംപി ഇടപെട്ടതും.

'ഇന്ത്യയിലേക്ക് നമ്മൾ ഹാർലി ഡേവിഡ്‌സൺ മോട്ടോർ സൈക്കിൾ കയറ്റി അയക്കുമ്പോൾ അവർ അതിന് വളരെ ഉയർന്ന താരിഫാണ് ഈടാക്കുന്നത്. തിരിച്ച് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കും ഉയർന്ന നികുതി ഈടാക്കുന്നു. അവർ 100 ശതമാനം ഈടാക്കുമ്പോൾ അതേ ഉൽപന്നത്തിന് 25 ശതമാനമെങ്കിലും നമ്മൾ ഈടാക്കണം. 25 ശതമാനം മാത്രം ഈടാക്കുന്നത് തന്നെ നമ്മെ സംബന്ധിച്ചിടത്തോളം മണ്ടത്തരമാണ്. എന്നാലും നിങ്ങൾക്ക് വേണ്ടിയാണത്. എനിക്ക് നിങ്ങളുടെ സപോർട്ട് ആവശ്യമുണ്ട്. -ട്രംപ് വ്യക്തമാക്കിയിരുന്നു.

ആഭ്യന്തരവിപണി സംരക്ഷിക്കാനായി അലുമിനിയം, ഉരുക്ക് ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ ഉയർത്തി ആഗോള വ്യാപാരയുദ്ധത്തിന് വഴിയൊരുക്കിയതോടെയാണ് ഇന്ത്യയും തീരുവ ഉയർത്തിയത്. ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങൾക്ക് യു.എസ്. ഇറക്കുമതിത്തീരുവ ചുമത്തിയത് ഇന്ത്യക്ക് 24.1 കോടി ഡോളറിന്റെ (1650 കോടി രൂപ) സാമ്പത്തിക ആഘാതമുണ്ടാക്കിയിരുന്നു. അതിനാൽ, ഏതാണ്ട് അത്രതന്നെ തുകയ്ക്കുള്ള അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതി ചുമത്താനാണ് ഇന്ത്യയുടെ നീക്കം നടത്തി.

ആപ്പിൾ, ബദാം, 800 സി.സി.യിൽ കൂടുതൽ എൻജിൻ ശേഷിയുള്ള ബൈക്ക് തുടങ്ങിയവയുടെ നികുതിയാണ് ഇന്ത്യ ഉയർത്തിയത്. ഇത് പിൻവലിക്കാൻ വേണ്ടിയാണ അമേരിക്കൻ സമ്മർദ്ദം ശക്തമായത്. ബൈക്കിന് 50 ശതമാനം, ബദാമിനും വാൽനട്ടിനും 20 ശതമാനം വീതം, ആപ്പിളിന് 25 ശതമാനം എന്ന തോതിലാകും നികുതി ചുമത്തിയത്. ചൈനയോടും ഇന്ത്യയോടും മാത്രമല്ല, സുഹൃത്തുക്കളായ കാനഡ, യൂറോപ്യൻ യൂണിയൻ, മെക്‌സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്കും ഇറക്കുമതിത്തീരുവ ഏർപ്പെടുത്തുമെന്ന നിലപാടിലായിരുന്നു അമേരിക്ക.

ഇപ്പോഴത്തെ നികുതി വർദ്ധനവ് പിൻവലിച്ചാൽ വ്യാപാര യുദ്ധത്തിന് താൽക്കാലം വിരാമം ആകുമെങ്കിലും ഇന്ത്യയുടെ പൊന്മുട്ടയിടുന്ന താറാവിനെ നോക്കിയാണ് ട്രംപിന്റെ വെല്ലുവിളി. ഐടി മേഖലയിൽ ഇന്ത്യ നേട്ടമുണ്ടാക്കുന്നത് തടയിടാനും ശ്രമം നടത്തിയേക്കും. ഇന്ത്യ ലോകത്തിലെ തന്നെ മികച്ച ഐടി ഹബ്ബുകളിലൊന്നാണെങ്കിലും ആ മേഖലയ്ക്ക് അടുത്തകാലത്തായി അമേരിക്കൻ നയങ്ങൾ കാരണം തിരിച്ചടി നേരിട്ടിരുന്നു. അമേരിക്കയുടെ മൊത്തം ഔട്ട് സോഴ്സിംഗിന്റെ 67 ശതമാനവും ഇന്ത്യയിലേയ്ക്കാണു ഒഴുകുന്നത്. വിദഗ്ധതൊഴിലാളികളെ വിദേശരാജ്യങ്ങളിൽ അയച്ചു ജോലി ചെയ്യിക്കാനും തുടങ്ങിയപ്പോൾ ഇന്ത്യയുടെ ഖ്യാതി മാത്രമല്ല, ശക്തവും മികവുറ്റതുമായ മാനവികവിഭവശേഷിയും ലോകത്തിനു മുന്നിൽ വെളിപ്പെടുകയായിരുന്നു. ഇതു ചെറുതും വലുതുമായ ഐടി കമ്പനികൾക്കു വളമാകുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ആഗോള ഐടി ഭീമന്മാർ ഇന്ത്യയിൽ ശാഖകൾ തുടങ്ങാനും തയ്യാറായി.

രണ്ടായിരത്തിന്റെ തുടക്കം മുതൽ ആരംഭിച്ച ഈ വളർച്ച ഇപ്പോൾ പിന്നോട്ടു പോകുന്നു എന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. അമേരിക്കൻ പ്രസിഡന്റ് ആയി ഡോണാൾഡ് ട്രംപ് സ്ഥാനമേറ്റതോടെ ഔട്ട് സോഴ്സിങ് രംഗത്തും പ്രതിസന്ധി രൂപം കൊണ്ടു. ഐടി കമ്പനികൾ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന വാർത്തകൾ ദിനംപ്രതി വരാൻ തുടങ്ങുന്നു. പുതിയ നിയമനങ്ങൾ വെട്ടിക്കുറച്ചതോടെ കൊളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന എഞ്ചിനീയർമാർക്കു നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയായി. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ മോദി സർക്കാറും പരാജയപ്പെട്ടിരുന്നു. എച്ച് 1 ബി വിസ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള ട്രംപിന്റെ നയങ്ങൾ കനത്ത പ്രഹരമാണ് ഇന്ത്യക്ക് നൽകിയത്. ഔട്ട സോഴ്സിങ് രംഗത്തെ വേലിയിറക്കത്തിന്റെ സമയത്തിലേക്ക് ട്രംപിന്റെ ഇടപെടൽ മാറുമോ എന്ന കടുത്ത ആശങ്കയ്ക്കാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഇടയാക്കുന്നത്. എന്തായാലും ട്രംപിന്റെ ഇപ്പോഴത്തെ വിരട്ടലിൽ ഇന്ത്യൻ ടെക്കികൾക്ക് നെഞ്ചിടിച്ചു തുടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP