Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശപ്പടക്കാൻ മോഷ്ടിച്ചതിന് ജനക്കൂട്ടം തച്ചുകൊന്ന ആദിവാസിയുവാവ് മധുവിന്റെ പേരിൽ പണപ്പിരിവ്; അട്ടപ്പാടിയിൽ ആദിവാസി ഭൂമിയിൽ അനധികൃത വീടുനിർമ്മാണവും പാട്ടത്തിനെടുത്ത് സംയുക്തകൃഷിയും; എച്ച്ആർഡിഎസ് ട്രസ്റ്റിന് നേതൃത്വം നൽകുന്നത് മുൻ കേന്ദ്ര മന്ത്രി എസ്.കൃഷ്ണകുമാറും ഭാര്യ ഉഷ കൃഷ്ണകുമാറും; വിവാദ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത് സിപിഎം സഹയാത്രികനായ അജി കൃഷ്ണനും; അനുമതിയില്ലാതെയുള്ള ട്രസ്റ്റിന്റെ നിർമ്മാണപ്രവർത്തനം സമഗ്രമായി അന്വേഷിക്കാൻ പട്ടികവർഗ വികസനവകുപ്പ്

വിശപ്പടക്കാൻ മോഷ്ടിച്ചതിന് ജനക്കൂട്ടം തച്ചുകൊന്ന ആദിവാസിയുവാവ് മധുവിന്റെ പേരിൽ പണപ്പിരിവ്; അട്ടപ്പാടിയിൽ ആദിവാസി ഭൂമിയിൽ അനധികൃത വീടുനിർമ്മാണവും പാട്ടത്തിനെടുത്ത് സംയുക്തകൃഷിയും; എച്ച്ആർഡിഎസ് ട്രസ്റ്റിന് നേതൃത്വം നൽകുന്നത് മുൻ കേന്ദ്ര മന്ത്രി എസ്.കൃഷ്ണകുമാറും ഭാര്യ ഉഷ കൃഷ്ണകുമാറും; വിവാദ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത് സിപിഎം സഹയാത്രികനായ അജി കൃഷ്ണനും; അനുമതിയില്ലാതെയുള്ള ട്രസ്റ്റിന്റെ നിർമ്മാണപ്രവർത്തനം സമഗ്രമായി അന്വേഷിക്കാൻ പട്ടികവർഗ വികസനവകുപ്പ്

എം മനോജ് കുമാർ

തൊടുപുഴ: ആദിവാസി ഭൂമിയിൽ അനുമതിയില്ലാതെ ഭവനനിർമ്മാണം നടത്തിയ എച്ച്ആർഡിഎസിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പട്ടികവർഗവികസനവകുപ്പ് രംഗത്ത് വന്നതോടെ എച്ച്ആർഡിഎസ് സംശയനിഴലിലാകുന്നു. ആദിവാസി ഭൂമി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ രണ്ടു തരത്തിലുള്ള പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാണ് പട്ടികവർഗ വികസനവകുപ്പ് ഡയക്ടർക്കും . കളക്ടർക്കും അട്ടപ്പാടി നോഡൽ ഓഫീസർക്കും ഐടിഡിപി റിപ്പോർട്ട് നൽകിയത്. ദുരൂഹതയുടെ നിഴലിലുള്ള . എച്ച്ആർഡിഎസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ദുരൂഹമാക്കുന്നതാണ് ഐടിഡിപിയുടെ റിപ്പോർട്ട്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണം ഉയർത്തിക്കാട്ടി ഈ ട്രസ്റ്റ് പണം സ്വരൂപിക്കുന്നുണ്ടെന്നു ചില കേന്ദ്രങ്ങളിൽ നിന്ന് ആരോപണം ഉയർന്നിരിക്കെ തന്നെയാണ് അട്ടപ്പാടിയിലെ ദുരൂഹ പ്രവർത്തനങ്ങളുടെ പേരിൽ എച്ച്ആർഡിഎസിനെതിരെ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടത്.

മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ സുനിൽ സ്വാമി, സിംഗപ്പൂരിലുള്ള രാമാനന്ദ മൂർത്തി സ്വാമികൾ എന്നീ വ്യക്തികൾ കൂടി ഉൾപ്പെട്ട ആദിവാസികൾക്കുള്ള വീട് വയ്ക്കൽ പരിപാടിയാണ് ഇപ്പോൾ അട്ടപ്പാടിയിൽ വിവാദത്തിൽ അകപ്പെട്ടിട്ടുള്ളതും. വീട് വയ്ക്കലിന്റെ മറവിൽ വൻ ധനസമാഹരണം എച്ച്ആർഡിഎഎസ് നടത്തി എന്നുള്ള ആരോപണവും സജീവമാണ്. ആദിവാസി ഭൂമിയിൽ ഈ ട്രസ്റ്റ് എങ്ങിനെ വീട് വെച്ചു. ഇതിനുള്ള അധികാരം ആരാണ് ഇവർക്ക് നൽകിയത് എന്നാണ് ചോദ്യം ഉയരുന്നത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് അട്ടപ്പാടിയിൽ ഈ ട്രസ്റ്റ് നടത്തിയ രണ്ടു പ്രവർത്തനങ്ങളും. ഇത് സംബന്ധിച്ച് ഐടിഡിപി നൽകിയ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇപ്പോൾ പദ്ധതി വിവാദത്തിന്റെ നിഴലിൽ ആയിരിക്കെ സർക്കാർ നടപടി വരുമ്പോൾ പിരിച്ച കോടികളുമായി ട്രസ്റ്റ് പ്രവർത്തനം സുഗമമാക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നാണ് എച്ച്ആർഡിഎസിനെതിരെ ഉയരുന്ന പ്രധാന ആരോപണം.

രണ്ടു തരത്തിലുള്ള പ്രവർത്തനങ്ങളാണ് എച്ച്ആർഡിഎസ് അട്ടപ്പാടിയിൽ നടത്തിവന്നത്. ആദിവാസി ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുക, അട്ടപ്പാടി ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകുക. രണ്ടും വിവാദത്തിന്റെ നിഴലിലാണ്. 33 വർഷത്തേയ്ക്ക് ഭൂമി പാട്ടത്തിനു എടുത്തിട്ടു കൃഷി നടത്തുന്ന പദ്ധതിയാണ് ആദ്യത്തേത്. ഇങ്ങിനെ ഭൂമി പാട്ടത്തിനു എടുത്ത് കൃഷി നടത്തുമ്പോൾ കാലക്രമേണ ആദിവാസി ഭൂമി ആദിവാസികളുടെ കയ്യിൽ നിന്ന് അന്യാധീനപ്പെടുന്ന അവസ്ഥവരും. പാട്ടത്തിനു കൃഷി നടത്തുമ്പോൾ ആദ്യ വർഷത്തിൽ ഏക്കറിന് ആയിരം രൂപയും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം കർഷക സമിതിക്കും നാല്പത് ശതമാനം എച്ച്ആർഡിഎസിനും നൽകുന്ന വിധമാണ് പദ്ധതി തീരുമാനിക്കപ്പെട്ടത്.

ആദിവാസി ഭൂമി പാട്ടകൃഷിക്ക് നൽകുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ നിയമപരമായ പ്രവർത്തനങ്ങൾ അല്ല എച്ച്ആർഡിഎസ് നടത്തുന്നത് എന്ന് വ്യക്തമാണ്. അതുമല്ല ഏതെങ്കിലും രീതിയിൽ കർഷകർ കരാറിൽ നിന്ന് പിന്മാറിയാൽ പദ്ധതിക്ക് സംഭവിച്ച നഷ്ടം കർഷകർ എച്ച്ആർഡിഎസിനു തിരികെ നൽകണം എന്നും നിബന്ധനയുണ്ട്. ഇത് തീർത്തും ദുരുദ്ദേശ്യ പരമാണ് എന്ന ആരോപണം ഉയർന്നിട്ടുമുണ്ട്. എച്ച്ആർഡിഎസിന്റെ സദ്ഗൃഹ പദ്ധതി പ്രകാരം 19 എംഎം സിമന്റ് ഫൈബർ ബോർഡ് ഭിത്തികൾ ഉപയോഗിച്ചുള്ള 1500 ഓളം വീടുകളുടെ നിർമ്മാണം എച്ച്ആർഡിഎസ് പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷെ അനുമതിയില്ലാതെയാണ് വീട് നിർമ്മാണം തുടങ്ങിയതും പൂർത്തിയാക്കിയതും. ഇത് സംബന്ധിച്ച് ഐടിഡിപി പട്ടിക വർഗ വികസന വകുപ്പിന് നൽകിയ റിപ്പോർട്ട് മറുനാടന് ലഭിച്ചിട്ടുണ്ട്. , വീടിന്റെ സുരക്ഷ സർക്കാർ പരിശോധിച്ചിട്ടില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീടുകളുടെ സുരക്ഷ പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വാസയോഗ്യമല്ലെന്നു കണ്ടാൽ വീടുകളുടെ പദ്ധതി നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഒപ്പം പദ്ധതിയുടെ വിശദറിപ്പോർട്ടു നൽകാനും ഇടുക്കി ജില്ലാ കളക്ടർ എച്ച്ആർഡിഎസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. എച്ച്ആർഡിഎഎസ് ട്രസ്റ്റ് പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും പ്രവർത്തനത്തിലെ ദുരൂഹതകളും പൊതുസമക്ഷത്തിലേക്ക് വരുന്നത്. കോൺഗ്രസിൽ നിന്നും ഇപ്പോൾ ബിജെപിയിലെത്തിയ മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറാണ് ഇപ്പോൾ എച്ച്ആർഡിഎസിന്റെ തലപ്പത്തുള്ളത്.

എച്ച്ആർഡിഎസ് പ്രസിഡന്റ് പോസ്റ്റിലാണ് എസ് .കൃഷ്ണകുമാർ ഉള്ളത്. ഇടത് സഹയാത്രികനായിരുന്ന അജി കൃഷ്ണനാണ് സെക്രട്ടറി. വൈസ് പ്രസിഡന്റ് ആയി കൃഷ്ണകുമാറിന്റെ ഭാര്യ ഉഷാ കൃഷ്ണകുമാറും ഒപ്പമുണ്ട്. എം. മഹാദേവയ്യ, ഡോക്ടർ ബാബു രഘുനാഥ്, സി.വി.വിവേകാനന്ദൻ, അനു ശിവറാം എന്നിവർ വിവിധ പോസ്റ്റുകളിലായി ട്രസ്റ്റ് ഗവേണിങ് ബോഡിയിലുണ്ട്. 

എച്ച്ആർഡിഎസ് എന്ത്? പ്രവർത്തനം എങ്ങനെ?

1996-ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ട്രസ്റ്റാണിത്. അന്ന് ട്രസ്റ്റിൽ മുഴുവൻ സിപിഎം നേതാക്കൾ ആയിരുന്നു. ഇപ്പോൾ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആയിട്ടുള്ള എൻ.ശിവരാജന്റേത് ആയിരുന്നു ട്രസ്റ്റ്. അന്നത്തെ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി സിറിയക് കൂടി ട്രസ്റ്റിൽ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഒരു പാട് ആരോപണങ്ങൾ ഉയർന്നിരുന്ന ട്രസ്റ്റ് ആയിരുന്നു ഇത്. അന്നും ഇപ്പോഴത്തെ ട്രസ്റ്റ് സെക്രട്ടറി അജി കൃഷ്ണൻ സജീവമായിരുന്നു, ഒട്ടനവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് തുടർന്ന് ഇടുക്കിയിൽ ഈ ട്രസ്റ്റിന് നിലനിൽപ്പ് ഇല്ലാതായി. അഡ്വ.കെ.ജെ.സിറിയക്ക്, അഡ്വ.മേരി സിറിയക്ക്, എൻ.ശിവരാജൻ, പ്രവദ ശിവരാജൻ,അജി കൃഷ്ണൻ എന്നിവരാണ് ട്രസ്റ്റിൽ ഉണ്ടായിരുന്നത്. വ്യാപക അഴിമതി ആരോപണങ്ങളാണ് ഈ ട്രസ്റ്റിന്റെ പേരിൽ വന്നത്. ട്രസ്റ്റ് നടത്തിയ പട്ടുനൂൽ കൃഷിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണങ്ങളിൽ കുടുങ്ങി ഉള്ള ഭൂമിയെല്ലാം വിറ്റു സിപിഎംനേതാവായ മേരി സിറിയക്കിനു ഒളിച്ചോടേണ്ടി വന്നു. അവർ ഇപ്പോൾ എവിടെയുണ്ടെന്നു അറിയില്ലെന്നാണ് ലഭിക്കുന്ന വിവരം. 2000- ൽ ചാലക്കുടിയിലുള്ള എണ്ണപ്പന കൃഷി ചെയ്യുന്ന എസ്റ്റേറ്റുമായി ബന്ധപ്പെട്ടും ട്രസ്റ്റിനെതിരെ വിവാദം വന്നു. .

ഫോറസ്റ്റിൽ നിന്നും ലീസിനെടുത്താണ് ഈ എസ്റ്റേറ്റ് പ്ലാന്റേഷൻ കോർപറേഷൻ നടത്തിയത്. പ്ലാന്റേഷൻ കോർപറേഷനിൽ നിന്നും ട്രസ്റ്റ് ലീസിനെടുത്തപ്പോൾ ഫോറസ്റ്റ് വകുപ്പ് കേസിനു പോയി. ഇടപാട് നിയമവിധേയമായിരുന്നില്ല. ട്രസ്റ്റ് അന്ന് വനനശീകരണം തന്നെ നടത്തി. വനത്തിനു തീയിട്ടു എന്നാണ് ആരോപണം വന്നത്. ഫോറസ്റ്റ് റെയിഡ് നടത്തിയപ്പോൾ ഒരു പാട് മൃഗങ്ങളും പാമ്പുകളുമെല്ലാം കത്തി എരിഞ്ഞ കാഴ്ചയും കണ്ടു. അതിന്റെ പേരിൽ ട്രസ്റ്റിനെതിരെ കേസുമുണ്ടായിരുന്നു. സിപിഎം നേതാക്കൾ എല്ലാം ട്രസ്റ്റ് വിട്ടെങ്കിലും ഇടത് സഹയാത്രികൻ ആയ അജി കൃഷ്ണൻ തുടർന്നു. അജി കൃഷ്ണൻ ആണ് എച്ച്ആർഡിഎസിന്റെ പ്രസിഡന്റ് ആയി ബിജെപി നേതാവ് കൃഷ്ണകുമാറിനെ കൊണ്ടുവരുന്നത്. ഭരണത്തിന്റെ തണലിൽ വലിയ പദ്ധതികൾ തന്നെ കൃഷ്ണകുമാർ ട്രസ്റ്റിന്റെ പേരിൽ കൊണ്ടുവന്നു. തൊടുപുഴയിലെ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോളേജ് ഈ രീതിയിൽ കൃഷ്ണകുമാർ വഴി ട്രസ്റ്റിന് ലഭിച്ചതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

ട്രസ്റ്റ് തുടങ്ങിയ പദ്ധതികൾ പലതും മുൻപ് വിവാദത്തിൽ കലാശിക്കുകയും ചെയ്തു. ഒരു കാൻസർ ആശുപത്രി തുടങ്ങി. ഒരു രോഗി മരിച്ചതോടെ സംഭവം വിവാദവുമായി. ഇടുക്കിയിൽ പട്ടുനൂൽപ്പുഴു പദ്ധതി തുടങ്ങി. ഒട്ടനവധി പേരിൽ നിന്ന് പണം പിരിച്ചു. ഇതിന്റെ പേരിലാണ് ഇടുക്കി ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ആയിരുന്ന മേരി സിറിയക്കിനു സ്ഥലം വിട്ടു ഓടേണ്ടി വന്നത്. സ്വത്തുക്കൾ മുഴുവൻ അവർക്ക് വിൽക്കേണ്ടിയും വന്നിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കൂടിയായിരുന്നു ഈ മേരി സിറിയക്ക്. ഈ സംഭവങ്ങൾക്ക് ശേഷം ട്രസ്റ്റ് പ്രവർത്തനങ്ങളുമായി അജി കൃഷ്ണൻ കന്യാകുമാരി പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.

അതിനുശേഷമാണ് കൃഷ്ണകുമാറിനെ പ്രസിഡന്റ് ആക്കി വീണ്ടും അജി കൃഷ്ണൻ ട്രസ്റ്റ് സജീവമാക്കുന്നത്. ട്രസ്റ്റിന്റെ പേരിൽ കൃഷ്ണകുമാറും ഉഷ കൃഷ്ണകുമാറും തമ്മിൽ ഇടയുന്ന അവസ്ഥയും ഉണ്ടെന്നും ട്രസ്റ്റുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് ലഭിക്കുന്നുമുണ്ട്. കൃഷ്ണകുമാറിന്റെ ചില രീതികളെ ഉഷ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ട്രസ്റ്റിൽ ഇങ്ങിനെ ഒട്ടുവളരെ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ട്രസ്റ്റ് പ്രവർത്തനങ്ങൾ ദുരൂഹമായി തുടരുകയാണ്. സർക്കാർ തലത്തിൽ വിശദമായ അന്വേഷണം വന്നാൽ മാത്രമേ ട്രസ്റ്റിനെ സംബന്ധിച്ചുള്ള ദുരൂഹതകളുടെ ചുരുളഴിക്കാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP