Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷീലാ ദീക്ഷിതിന്റെ പിടിവാശിയേക്കാൾ വലുത് മോദി വിരുദ്ധ സഖ്യമെന്ന് തിരിച്ചറിഞ്ഞ് രാഹുലിന്റെ കൃത്യമായ ഇടപെടൽ; പിസി ചാക്കോയുടെ നേതൃത്വത്തിൽ കേജ്രിവാളുമായി സഖ്യ ശ്രമം; മൂന്ന് സീറ്റുകൾ വീതം പങ്കിടാനും ഒരു സീറ്റ് പൊതു സ്വതന്ത്രന് നൽകാനും നീക്കം സജീവം; ഷീലയോട് പിണങ്ങി ഏഴിടങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ആം ആദ്മിയും അയയുന്നു; ഡൽഹിയിൽ കോൺഗ്രസ്-എഎപി സഖ്യസാധ്യത സജീവം

ഷീലാ ദീക്ഷിതിന്റെ പിടിവാശിയേക്കാൾ വലുത് മോദി വിരുദ്ധ സഖ്യമെന്ന് തിരിച്ചറിഞ്ഞ് രാഹുലിന്റെ കൃത്യമായ ഇടപെടൽ; പിസി ചാക്കോയുടെ നേതൃത്വത്തിൽ കേജ്രിവാളുമായി സഖ്യ ശ്രമം; മൂന്ന് സീറ്റുകൾ വീതം പങ്കിടാനും ഒരു സീറ്റ് പൊതു സ്വതന്ത്രന് നൽകാനും നീക്കം സജീവം; ഷീലയോട് പിണങ്ങി ഏഴിടങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ആം ആദ്മിയും അയയുന്നു; ഡൽഹിയിൽ കോൺഗ്രസ്-എഎപി സഖ്യസാധ്യത സജീവം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപിയെ തറപറ്റിക്കാൻ മോദി വിരുദ്ധ സഖ്യം സൃഷ്ടിക്കാനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്രസ്. ഇതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പി.സി ചാക്കോയുടെ നേതൃത്വത്തിൽ ആം ആദ്മിയുമായി സഖ്യം സൃഷ്ടിക്കാനുള്ള കോൺഗ്രസ് നീക്കം നടക്കുന്നത്. ഇക്കാര്യത്തിൽ വരുന്ന മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ തീരുമാനമാകുമെന്ന് ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി കൂടിയായ പിസി ചാക്കോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മോദി സർക്കാർ വീണ്ടും അധികാരത്തിലേറരുതെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസിന്റെ ഏറ്റവും വലിയ ആവശ്യം ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയുക എന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ ഡിപിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് ഉൾപ്പടെ ചിലർ എതിർപ്പ് തുടരുന്നുണ്ട്. എന്നാൽ ഈ നേതാക്കളുടെ വാശിയേക്കാൾ മോദി വിരുദ്ധ വികാരത്തിനാണ് രാഹുൽ ഗാന്ധിയും ഊന്നൽ നൽകുന്നത്. കോൺഗ്രസ് നയം വഴി മോദി വിരുദ്ധ വോട്ടുകളുടെ നേട്ടം വീണ്ടും ഭരണത്തിലെത്താൻ തങ്ങളെ സഹായിക്കുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ.

എഎപിക്കും കോൺഗ്രസിനും മൂന്ന് സീറ്റ് വീതവും ഒരു സീറ്റിൽ രണ്ടുകൂട്ടർക്കും സ്വീകാര്യനായ സ്വതന്ത്രനുമെന്ന രീതിയിലാണ് ചർച്ച പുരോഗമിക്കുന്നത്. ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ ഈയിടെ ചേർന്ന യോഗം, സഖ്യം ആവശ്യമില്ലെന്ന നിലപാടെടുത്തിരുന്നു. തുടർന്ന് എഎപി സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഷീലയുടെ നേതൃത്വത്തിൽ നടന്ന യോഗം അനൗപചാരികം മാത്രമാണെന്നാണു ഇപ്പോൾ കോൺഗ്രസ് നിലപാട്.

സഖ്യം : നിലപാടിലുറച്ച് രാഹുൽ

എഎപിയുമായി സഖ്യം വേണമെന്ന് രാഹുലാണ് തീരുമാനിച്ചത്. ഡൽഹിയിലെ പാർട്ടി ഘടകത്തിന്റെ നിർദ്ദേശങ്ങളും അദ്ദേഹം തള്ളി. ഏത് വമ്പൻ നേതാവ് വന്നാലും കോൺഗ്രസ് ഡൽഹിയിൽ വിജയിക്കില്ലെന്നാണ് വിലയിരുത്തൽ. സഖ്യം വേണ്ടെന്ന പിടിവാശിയും രാഹുൽ ഒഴിവാക്കിയിട്ടുണ്ട്. ബിജെപി വീഴ്‌ത്തുക എന്നത് മാത്രമാണ് ലക്ഷ്യം. അതിന് എഎപിയുടെ പിന്തുണ വേണമെന്നാണ് രാഹുലിന്റെ ആവശ്യം.

സഖ്യത്തിനായി ശ്രമിച്ചിട്ടും നടന്നില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കുക എന്ന നിലപാടിൽ നിന്ന് രാഹുൽ പിന്നോക്കം പോയിരിക്കുകയാണ്. എല്ലാ സംസ്ഥാനത്തും പരമാവധി സഖ്യം ഉണ്ടാക്കാനാണ് പുതിയ തീരുമാനം. ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ സഖ്യം പെട്ടെന്ന് തന്നെ ഉണ്ടാക്കാനായിരുന്നു രാഹുൽ ആവശ്യപ്പെട്ടത്. പുൽവാമയിലെ സംഭവത്തോടെ രാഷ്ട്രീയ സാഹചര്യം മാറിയെന്നാണ് ഗ്രൗണ്ട് റിപ്പോർട്ട്.

കോൺഗ്രസും ആംആദ്മി പാർട്ടിയും ഒറ്റയ്ക്ക് മത്സരിച്ചാൽ ഒറ്റസീറ്റ് പോലും രണ്ട് പാർട്ടികൾക്ക് ലഭിക്കില്ല. ബിജെപി ഏഴ് സീറ്റും തൂത്തുവാരുമെന്നാണ് കോൺഗ്രസിന്റെ ഗ്രൗണ്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ദയനീയ അവസ്ഥയിലാണ് പാർട്ടി ഉള്ളതെന്നും, സംഘടനാ സംവിധാനം മോശമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഷീലാ ദീക്ഷിതിന്റെ സാന്നിധ്യം യാതൊരു മാറ്റവും കൊണ്ടുവന്നിട്ടില്ല.

യുപിഎയ്ക്ക് ബദലായി പ്രതിപക്ഷ സഖ്യമുണ്ടാകുമോ ?

തിരഞ്ഞെടുപ്പ് ഗോദായിൽ വിജയമുറപ്പാക്കാൻ യുപിഎ കച്ചകെട്ടി ഇറങ്ങുന്ന അവസരത്തിലും തോൽവിയുടെ കയ്‌പ്പ് അനുഭവിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് നേതാക്കൾക്ക് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ബിജെപി തരംഗത്തിന് മുൻപിൽ പിടിച്ചു നിൽക്കുന്നതിനായി ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ തന്നെ യുപിഎയ്ക്ക് ബദലായി പ്രതിപക്ഷ സഖ്യം ഉടലെടുക്കാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്. വിശാല സഖ്യമുണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമോ എന്ന എന്ന ആശങ്ക മൂലം കോൺഗ്രസ് വേട്ടയാടപ്പെടുന്ന അവസരത്തിൽ മറ്റൊരു സഖ്യം ഉടലെടുക്കുമെന്ന ചിന്ത തെറ്റെന്ന് കരുതാനാവില്ല.

യുപിഎ വികസനത്തിന് ഏറെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ നിന്നും പുറമേ നിന്നും നേരിടുന്ന അവസരത്തിൽ പുതിയൊരു പേര് നൽകി സഖ്യം ഉടലെടുത്താൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയത്തിൽ നിന്നും കരകയറുന്നതിന് കോൺഗ്രസിന് ഏറെ സഹായകരമാവും. വിശാല സഖ്യമെന്ന കുടയ്ക്ക് കീഴിൽ ഇപ്പോഴുള്ള യുപിഎയുടെ നിൽപ്പ് ബിജെപി കൊടുങ്കാറ്റിന് മുൻപിൽ തകർന്നു വീഴാൻ അധിക സമയം വേണ്ട. രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി തൽകാലം വിശാല സഖ്യത്തിന്റെ മറ പിടിച്ചാലും സ്വന്തം കാലിൽ നിന്ന് ഭരണചക്രം തിരിക്കണമെന്ന് തോന്നുന്ന സമയം കോൺഗ്രസിന് പുറത്ത് വരികയും ചെയ്യാമെന്നും ഈ അവസരത്തിൽ ഓർക്കണം.

തിരഞ്ഞെടുപ്പു പൂർവ സഖ്യമുണ്ടാക്കിയില്ലെങ്കിൽ സർക്കാരുണ്ടാക്കുന്നതിന് ആദ്യ ക്ഷണം ലഭിക്കണമെന്നില്ല. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ വലിയ ഒറ്റക്കക്ഷിയെയോ വലിയ തിരഞ്ഞെടുപ്പു പൂർവ സഖ്യത്തെയോ ആണു രാഷ്ട്രപതി ആദ്യം ക്ഷണിക്കുക. തിരഞ്ഞെടുപ്പിൽ അവ്യക്തമായ ജനവിധിയാണ് ഉണ്ടാകുന്നതെങ്കിൽ രാഷ്ട്രപതിയുടെ വിവേചനാധികാരം ഏറെ നിർണായകമാകുമെന്നുറപ്പ്. നരേന്ദ്ര മോദി സർക്കാരിന് അത് അനുകൂലമായേക്കാം എന്നുള്ളത് മറ്റൊരു ചിന്തിക്കേണ്ട സംഗതിയാണ്.

തുല്യപ്രാധാന്യത്തോടെ വിവിധ പാർട്ടികൾ ഉൾപ്പെട്ട സഖ്യം, നേതൃത്വം നൽകാൻ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട സ്റ്റിയറിങ് കമ്മിറ്റി, കക്ഷി നേതാക്കൾ ചേർന്നു തയാറാക്കുന്ന പൊതു മിനിമം പരിപാടി എന്നിവയാണു പരിഗണനയിൽ. അഖിലേന്ത്യാ സഖ്യം സംസ്ഥാനതല സഖ്യങ്ങൾക്കും നിലപാടുകൾക്കും തടസമാവില്ല. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രമുഖ കക്ഷികൾ നീക്കു പോക്കുകൾക്ക് തയാറാകേണ്ടി വരുമെന്ന് പറഞ്ഞതും രാഷ്ട്രീയ ഗോദായിൽ ആശങ്കയുളവാക്കുന്ന ഒന്നാണ്.

മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി കോൺഗ്രസിനു കരുത്തുള്ള സംസ്ഥാനങ്ങളിൽ മറ്റാരും പങ്കാളിത്തം ആവശ്യപ്പെടില്ല. തൃണമൂൽ കോൺഗ്രസ് കരുത്താർജിച്ചിരിക്കുന്ന ബംഗാളിൽ വിശാല സഖ്യത്തിന് പ്രസക്തിയില്ല എന്നതും മറ്റൊരു പ്രധാന സംഗതിയാണ്. കോൺഗ്രസുമായി ഡൽഹിയിൽ സഖ്യം വേണമെന്ന് അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെടുന്നതിനു ന്യായമുണ്ടെന്നും നിർദിഷ്ട സഖ്യത്തിന്റെ സങ്കീർണതകളും മമത വ്യക്തമാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP