Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യതിന് എതിരെയുള്ള കടന്നുകയറ്റം; സ്വത്ത് കൈവശം വയ്ക്കാനും സംരക്ഷിക്കാനും അവകാശമുണ്ട്; എതിർ സ്വരങ്ങൾ ഒറ്റപ്പെട്ടവ മാത്രം; നിരുപദ്രവകാരിയെന്ന് കരുതുന്ന ബിൽ പ്രശ്‌നക്കാരൻ തന്നെ; കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് കരട് ബില്ലിനെതിരെ കെസിബിസി; ബില്ലിന് പിന്നിൽ സഭയെ മനഃപൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്ന വിഭാഗമെന്നും

ഇത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യതിന് എതിരെയുള്ള കടന്നുകയറ്റം; സ്വത്ത് കൈവശം വയ്ക്കാനും സംരക്ഷിക്കാനും അവകാശമുണ്ട്; എതിർ സ്വരങ്ങൾ ഒറ്റപ്പെട്ടവ മാത്രം; നിരുപദ്രവകാരിയെന്ന് കരുതുന്ന ബിൽ പ്രശ്‌നക്കാരൻ തന്നെ; കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് കരട് ബില്ലിനെതിരെ കെസിബിസി; ബില്ലിന് പിന്നിൽ സഭയെ മനഃപൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്ന വിഭാഗമെന്നും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ പാസാക്കുന്നതിന് മുന്നോടിയായി ബില്ലിന്റെ കരട് പുറത്തിറക്കിയതിനെതിരെ കെസിബിസി. ബില്ലിൽ പറഞ്ഞിരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് എന്നാണ് കെസിബിസി ആരോപിക്കുന്നത്. സഭയുടെ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് നിലവിൽ നിയമം ഒന്നും തന്നെ ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്നാണ് കെസിബിസി ഉന്നയിക്കുന്ന വാദം. രാജ്യത്ത് നിലനിൽക്കുന്ന സിവിൽ നിയമം അവിടെ ബാധകമാണ് എന്നാണ് കെസിബിസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. സിവിൽ കോടതികളെ സമീപിച്ചാൽ പരിഹാരം കാണാൻ കഴിയുമെന്നാണ് കെസിബിസി പറയുന്നത്. ഈ സാഹചര്യത്തിൽ ബിൽ പാസാക്കുന്നതിന്റെ അവശ്യകതയെകുറിച്ച് പറയുന്നത് തെറ്റായ കാര്യങ്ങളാണ് എന്നും കെസിബിസി ആരോപിക്കുന്നു.

പുതിയ ഒരു നിയമത്തിൻെ ആവശ്യകത ആർക്കും അനുഭവപ്പെട്ടിട്ടില്ലെന്നും ക്രൈസ്തവ സമൂഹത്തെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ വേണ്ടിയുള്ള ചിലരുടെ സ്ഥാപിത താൽപര്യം മാത്രമാണ് ബില്ലിന് പിന്നിലെന്നും കെസിബിസി ആരോപിക്കുന്നു. ഒറ്റപ്പെട്ട ശബ്ദം മാത്രമാണ് അസംതൃപ്തരുടേതെന്ന രീതിയിൽ പ്രചരിക്കുന്നത് എന്നും ആരോപണം ഉണ്ട്.കമ്മീഷന്റെ നടപടി ആശങ്കാജനകവും ഉദ്ദേഷ്യശുദ്ധി സംശയാസ്പദവുമാണ് എന്നും കെസിബിസി പറയുന്നു. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങളാണ് സ്വത്ത് സംരക്ഷിക്കാനും അവകാശം നിലനിർത്താനുമുള്ള സ്വാതന്ത്ര്യമെന്നും കെസിബിസി പറയുന്നു.

ബിൽ നിയമമായാൽ സഭ സ്വത്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ച് നിലനിൽക്കുന്ന സ്വസ്ഥമായ അന്തരീക്ഷം തകർക്കപ്പെടുമെന്നും പ്രത്യക്ഷത്തിൽ നിരുപദ്രവകാരിയെന്ന് തോന്നുമെങ്കിലും ബിൽ അങ്ങനെ അല്ലെന്നാണ് കെസിബിസി ആരോപിക്കുന്നത്. കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടായി എന്നത് ദൗർഭാഗ്യകരമാണ് എന്നാണ് സഭ ഉന്നയിക്കുന്നത്. എന്നിരുന്നാലും കമ്മീഷൻ മുമ്പാകെ നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ നിലപാട് വ്യക്തമാക്കുമെന്നും കെസിബിസി വ്യക്തമാക്കി

കേരളത്തിലെ ക്രിസ്ത്യൻ സഭകളിൽ ശക്തമായ അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ നിയമമക്കുന്നത്. ഇതിന്റെ ഭാഗമായി ബില്ലിന്റെ കരട് നിയമപരിഷ്‌ക്കരണ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യൻ സഭാ ഭരണരീതികളിൽ കാര്യമായ മാറ്റങ്ങൾ ഉറപ്പുവരുത്തും വിധമാണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബില്ലിന്റെ കരട് പുറത്തു വന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമകാര്യ മന്ത്രി എകെ ബാലൻ എന്നിവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് കെടി തോമസ് ചെയർമാനായും കെ ശശിധരൻ നായർ വൈസ് ചെയർമാനായും കെ ജോർജ് ഉമ്മൻ, എൻ കെ ജയകുമാർ, ലിസമ്മ അഗസ്റ്റിൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്ന നിയമ പരിഷ്‌കരണ കമ്മീഷനാണ് കരട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ബില്ലിന്റെ രൂപീകരണത്തിനായി സർക്കാർ ഉയർത്തുന്ന വാദം ഇങ്ങിനെയാണ്. ഇന്ത്യൻഭരണഘടനയുടെ ആർട്ടിക്കിൾ 26(റ) പ്രകാരം എല്ലാ മതവിഭാഗങ്ങൾക്കും നിയമാനുസൃതം വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിന് അവകാശമുണ്ട്. നിലവിൽ ക്രൈസ്തവ ദേവാലയങ്ങളുടെ വിവിധ മതവിഭാഗങ്ങളുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. വിവിധ മാർഗ്ഗങ്ങളിലൂടെ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങൾ വൻതോതിൽ വസ്തുവകകൾ ആർജിച്ചിട്ടുണ്ട്. ഈ വസ്തുക്കളെല്ലാം കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്.

മതിയായ കൂടിയാലോചനകൾ ഇല്ലാതെ വസ്തുവകകൾ വക മാറ്റം ചെയ്തും പണയപ്പെടുത്തിയും ദേവാലയങ്ങൾക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വിശ്വാസികളുടെ മനോവീര്യത്തെ തകർക്കുന്നു. നിലവിൽ ഇത്തരം വിഷയങ്ങളിൽ പരാതി നൽകാനുള്ള സംവിധാനം ഇല്ല.അതിനാൽ അത്തരത്തിൽ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സർക്കാർ കരുതുന്നു. അതിനാലാണ് ഈ കരട് നിയമം എന്നാണ് സർക്കാർ വാദം.

ബിൽ കരടിന്റെ ആമുഖം തന്നെ ക്രിസ്ത്യൻ സഭാ നേതൃത്വത്തെ അസ്വസ്ഥമാക്കാൻ പര്യാപ്തമായിട്ടുള്ളതാണ്. നിലവിൽ ദേവാലയ സ്വത്തുക്കളുടെ പരിപാലനം സുതാര്യവും നീതിപൂർവ്വവുമല്ല എന്ന ധ്വനി ആമുഖത്തിൽ തന്നെയുണ്ട്. സഭാ സ്വത്തുക്കളുടെ ദുരുപയോഗത്തിനെതിരെ പരാതി നൽകാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ആമുഖത്തിൽ പറയുന്നുമുണ്ട്. കേരളത്തിലെ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും പള്ളികളും സഭകളും ബില്ലിന്റെ പരിധിയിൽ വരും. പള്ളി സ്വത്ത് സംബന്ധിച്ചു തർക്കമുണ്ടാവുകയോ സഭയുടെ സ്വത്ത് ആരെങ്കിലും ദുരുപയോഗപ്പെടുത്തുകയോ ചെയ്താൽ ഇനി ട്രിബ്യൂണൽ മുമ്ബാകെ പരാതിപ്പെടാം. ഈ നിയമത്തിലെ വകുപ്പ് 8 പ്രകാരമാണ് സർക്കാർ രൂപീകരിക്കുന്ന ഈ ട്രിബ്യൂണൽ നിലവിൽ വരുന്നത്. റിട്ട.ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലാണു ഈ ട്രിബ്യൂണൽ നിലവിൽ വരുന്നത്. ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള ഒരാൾ, വിരമിച്ച ഗവ. സെക്രട്ടറി എന്നിവരായിരിക്കും അംഗങ്ങൾ. ഇടവകയിൽ പരാതി ഉന്നയിച്ച് നടപടിയുണ്ടാകാത്ത വിഷയങ്ങളിലും ട്രിബ്യൂണലിൽ പരാതി നൽകാം. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.

അവതരിപ്പിക്കുന്ന ദിവസം തന്നെ നിയമമാക്കുന്ന വിധത്തിലാണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ നിയമം ആക്കുന്നത്. സഭകളെ പിടിച്ചു കുലുക്കും വിധമുള്ള നിർദ്ദേശങ്ങളാണ് കരടിൽ പറയുന്നത്. ബൈബിളിൽ വിശ്വസിക്കുന്നവരും യേശുക്രിസ്തുവിനെ ഏകജാതനായ ദൈവ പുത്രനായി വിശ്വസിക്കുന്നവരും മാമ്മോദീസാ മുങ്ങിയവരും എല്ലാം ബില്ലിലെ ക്രിസ്ത്യൻ എന്ന ഈ നിർവചനത്തിൽ ഉൾപ്പെടും. ബില്ലിന്റെ കരട് പ്രകാരം വിവിധ ഡിനോമിനേഷനുകൾ ഇടവകാ തലത്തിൽ തന്നെ വരും. ആധ്യാത്മികവും ഭൗതികവുമായ കാര്യങ്ങളിൽ ഏതെങ്കിലും സഭാധ്യക്ഷനോടും സിനഡിനോട് / കൗൺസിലിനോട് വിധേയപ്പെട്ടിരിക്കുന്നവരെ ഡിനോമിനേഷൻ എന്ന് പറയും. യഹോവ സാക്ഷികളും, സഭാധ്യക്ഷന്മാർ ഇല്ലാതെ ഏതെങ്കിലും പാസ്റ്റർ തുടങ്ങിയവരിൽ മേൽനോട്ട അധികാരം അർപ്പിച്ചിരിക്കുന്ന വിഭാഗങ്ങളും ഇതിൽ ഉൾപ്പെടും.

സഭയുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം, വരിസംഖ്യയിലൂടെ സംഭാവനകളിലൂടെ, നേർച്ച കാഴ്ചകളിലൂടെ വരുന്ന എല്ലാ സംഭാവനകളും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംഭാവനകളും കൈകാര്യം ചെയ്യുന്നതിന് പുതുതായി വരുന്ന ഡിനോമിനേഷന് അവകാശമുണ്ടായിരിക്കും. ബില്ലിന്റെ കരട് അനുസരിച്ച് ഓരോ ഡിനോമിനേഷനും അവരവരുടെ അധികാരപരിധിയിൽ വരുന്ന അതത് ഇടവകകൾ ഭരിക്കുന്നതിനുള്ള ചട്ടങ്ങൾ ഉണ്ടാക്കണം.എല്ലാ ഡിനോമിനേഷനുകളും വരവ് ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കണം..ഈ കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റ് വാർഷിക ഓഡിറ്റ് നടത്തണം. ഓഡിറ്റ് വാർഷിക പ്രതിനിധി യോഗത്തിൽ സമർപ്പിക്കണം.ഓരോ ഇടവകയും കൃത്യമായ കണക്കുകൾ സൂക്ഷിക്കേണ്ടതും അവ ഓഡിറ്റിന് വിധേയമാക്കേണ്ടത് ഓഡിറ്റ് റിപ്പോർട്ട് ഇടവക പൊതുയോഗം മുമ്ബാകെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുമാണ്.

ബില്ലിന്റെ കരട് നിയമപരിഷ്‌ക്കരണ കമ്മീഷന്റെ വെബ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ക്രിസ്ത്യൻസഭാ നേതൃത്വത്തിൽ നിന്നും എതിർപ്പും തലപൊക്കിയിട്ടുണ്ട്. കത്തോലിക്കാ കോൺഗ്രസ് ആണ് പ്രതിഷേധ സ്വർണവുമായി രംഗത്തുള്ളത്. ചർച്ച് ആക്ട് : സഭയെ തകർക്കാനുള്ള കമ്മ്യുണിസ്റ്റ് അജണ്ടയുടെ ഭാഗമാണ്.-കത്തോലിക്ക കോൺഗ്രസ് പ്ര സിഡന്റ് ബിജു പറയനിലം പറയുന്നു. ചർച്ച് ആക്ട് ആക്ട് ബില്ലുമായി ബില്ലുമായി ബന്ധപ്പെട്ട് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ തോമസിൽ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളുടെ അടിയന്തിര യോഗം ഇന്നു ചേരുന്നുമുണ്ട്.

കെസിബിസി മുൻപ് ചർച്ച ചെയ്ത കാര്യമാണ് ചർച്ച് ആക്റ്റ് ബിൽ. ഇപ്പോൾ സർക്കാർ ബിൽ നിയമമാക്കാൻ പോവുകയാണ്. പക്ഷെ ഉടനടി ഒരു പ്രതികരണത്തിന് കെസിബിസി തയ്യാറല്ല-കെസിബിസി വക്താവ് വർഗീസ് വള്ളിക്കാട്ട് മറുനാടൻ മലയാളിയോട് പറഞ്ഞു. ബില്ലിന്റെ കരട് മനസിരുത്തി പഠിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രം പ്രതികരണം നടത്തിയാൽ മതി എന്നാണ് കെസിബിസി തീരുമാനം. സർക്കാരിന്റെ തീരുമാനങ്ങളിൽ നിലപാട് എടുക്കേണ്ട അവസ്ഥ ഇപ്പോൾ വന്നിട്ടില്ല. പക്ഷെ നിയമവശം ആലോചിക്കും. കൂടുതൽ അഭിപ്രായങ്ങൾ സഭാ നേതൃത്വത്തിൽ നിന്നും വരേണ്ടതുമുണ്ട്. അതിനാൽ ആലോചിച്ച് മാത്രം പിന്നീട് തീരുമാനം പറയും-വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.

മുൻപ് നിയമപരിഷ്‌ക്കാര കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ വി എസ് അച്യുതാനന്ദൻ സർക്കാരിനു സമർപ്പിച്ച ബിൽ ആണ് കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ബിൽ. ഒരു പതിറ്റാണ്ടു മുൻപ് തയ്യാറാക്കി സർക്കാരിനു സമർപ്പിച്ച ബിൽ ആണിത് വി എസ് സർക്കാരിനു ശേഷം ഉമ്മൻ ചാണ്ടി സർക്കാർ വന്നെങ്കിലും ബിൽ കോൾഡ് സ്റ്റോറെജിൽ നിലകൊള്ളുകയായിരുന്നു. ഇപ്പോൾ പിണറായി സർക്കാർ വന്നശേഷമാണ് ബിൽ വീണ്ടും നിയമമാക്കാൻ ശ്രമിക്കുന്നത്. പള്ളികളുടെ ഭരണത്തിൽ വിശ്വാസികൾക്കും കൂടി പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ബിൽ ആണിത്.

ദേവസ്വം ബോർഡ്, വഖഫ് ബോർഡ് പോലെ ക്രിസ്ത്യൻ രീതിയിലും ഉള്ള ഒരു നിയമസംവിധാനമാണ് ചർച്ച് പ്രോപ്പർട്ടീസ് ബിൽ. ഒരു ചർച്ച് കമ്മിഷണർ കൂടി ഈ ബില്ലിന്റെ ഭാഗമായി വരും. ഇടവക മുതൽ രൂപത വരെ ഇത്തരം കമ്മറ്റികൾ വരും. മൂന്നു തലത്തിലുള്ള കമ്മറ്റികൾ വരും. ഈ കമ്മറ്റികളിൽ എല്ലാം വിശ്വാസികൾക്കും പങ്കാളിത്തം നൽകുന്നതാണ് ബില്ലിലെ നിയമ വ്യവസ്ഥ. അതായത് സഭാ ഭരണത്തിൽ വിശ്വാസികൾക്കും കൂടി പങ്കാളിത്തം വരും. ഈ ബിൽ നിയമമാക്കുന്നതിനോട് ആലോചിച്ച ശേഷം മാത്രം പ്രതികരിക്കാം എന്നാണ് സഭാ നേതൃത്വം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP