Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർ വാങ്ങാൻ തീരുമാനിച്ചാൽ ഏറ്റവും മൈലേജ് കിട്ടുന്ന കാറാണ് കേമമെന്നാണോ മനസ്സിലിരുപ്പ് ? ഏറ്റവും കുറച്ച് ഡീസൽ ചെലവാകുന്ന കാറുകൾ പലതും അപകടത്തിൽ പപ്പടം പൊടിയുന്നത് പോലെ പൊടിയുന്നത് കണ്ടിട്ടില്ലേ! എയർബാഗുണ്ടെങ്കിൽ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന ചിന്തയിലാണോ വണ്ടി ഓടിക്കുന്നത്? വാഹനസുരക്ഷയും സ്വരക്ഷയും: അനൂപ് സി.ബി എഴുതുന്നു

കാർ വാങ്ങാൻ തീരുമാനിച്ചാൽ ഏറ്റവും മൈലേജ് കിട്ടുന്ന കാറാണ് കേമമെന്നാണോ മനസ്സിലിരുപ്പ് ? ഏറ്റവും കുറച്ച് ഡീസൽ ചെലവാകുന്ന കാറുകൾ പലതും അപകടത്തിൽ പപ്പടം പൊടിയുന്നത് പോലെ പൊടിയുന്നത് കണ്ടിട്ടില്ലേ! എയർബാഗുണ്ടെങ്കിൽ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന ചിന്തയിലാണോ വണ്ടി ഓടിക്കുന്നത്? വാഹനസുരക്ഷയും സ്വരക്ഷയും: അനൂപ് സി.ബി എഴുതുന്നു

അനൂപ് സി.ബി

രു കാർ വാങ്ങാൻ തീരുമാനിച്ചവർ ആദ്യം ഉയർത്തുന്നത്, 'ഏറ്റവും കൂടുതൽ മൈലേജ് കിട്ടുന്നത് ഏതിനാണ് ?' എന്ന ചോദ്യമായിരിക്കും. നമ്മുടെ നാട്ടിലുള്ളവരുടെ സ്വാഭാവികമായ ചിന്താഗതിയാണിത്. ഏറ്റവും കൂടുതൽ മൈലേജ് കിട്ടുന്ന കാറാണ് ഇന്ത്യയിൽ ഏറ്റവും നല്ല കാർ. കാരണം ഇന്ധനമടിക്കേണ്ട കാശിൽ ലാഭം കിട്ടും. കൂടുതൽ മൈലേജ് ഉള്ള മോഡൽ ആകുമ്പോൾ റീസെയിൽ വാല്യൂവും കൂടും. വിൽക്കുമ്പോഴും വലിയ നഷ്ടമില്ലാത്ത വില കിട്ടും. അപ്പോൾ സുരക്ഷ ? 'അതിപ്പോൾ അപകടം പറ്റാനാണ് വിധിയെങ്കിൽ ഏത് വണ്ടിയായാലും പറ്റില്ലേ ?' പിശുക്കിന് അടുത്ത ന്യായീകരണം. ഇന്ത്യക്കാരുടെ ഈ മനസ്ഥിതി കണ്ടറിഞ്ഞെന്നോണം 1981ൽ സർക്കാർ പങ്കാളിത്തത്തോടെ ആരംഭിച്ച കാർ കമ്പനിയാണ് മാരുതി.

ചുരുങ്ങിയ വില, ഏത് കവലയിൽ പോയാലും സർവീസ് സെന്റർ, വളരെ ചീപ്പ് ആയ ആക്സസറീസ്, ഏറ്റവുമുയർന്ന മൈലേജ്. ചുരുക്കത്തിൽ ആനന്ദലബ്ധിക്കിനിയെന്ത് വേണ്ടൂ ? എന്നതായിരുന്നു ഉപഭോക്താവിന്റെ അവസ്ഥ. പക്ഷെ അടുത്ത കാലത്തായി 7-8 ലക്ഷം രൂപ വിലയുള്ള മാരുതിയുടെ മോഡലുകൾ പോലും, തെരുവ് പട്ടിയെ ഇടിച്ചും, ഓട്ടോറിക്ഷയിൽ ഇടിച്ചും തകർന്ന് കിടക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പപ്പടം പോലും തട്ടിയാൽ ഇത് പോലെ പൊടിയില്ലെന്ന് ചിത്രങ്ങളിൽ വ്യക്തം. സാധാരണക്കാരന്റെ മൈലേജ് സ്വപ്നങ്ങളിൽ ഇടം പിടിക്കാനായി ഭാരം കുറയ്ക്കുന്നതിന് വേണ്ടി ബോഡി ഭാഗങ്ങൾ ഫൈബറിലും, പ്ലാസ്റ്റിക്കിലും നിർമ്മിച്ച് മാരുതി നടത്തിയ ചില വിട്ടു വീഴ്ചകളാണ് ഈ അവസ്ഥയിലേക്ക് അവരുടെ മോഡലുകളെ എത്തിച്ചത്. മാരുതിയെന്നല്ല ടാറ്റ, റെനോ, നിസ്സാൻ, ഹ്യൂണ്ടായി എന്നീ കമ്പനികളുടെ എൻട്രി ലെവൽ കാറുകളുടെ അവസ്ഥയും തഥൈവ !

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി 2018 വരെ ഹാച്ച് ബാക്ക്, സെഡാൻ, കോംപാക്ട് എസ്യുവി സെക്ടറുകളിൽ വിവിധ മോഡലുകളിലായി മൊത്തം വിറ്റഴിച്ചത് 2 കോടിയോളം വാഹനങ്ങളാണ്. 1983ൽ മാരുതി അതിന്റെ 800 മോഡലുമായി രംഗത്തു വരുമ്പോൾ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ മാത്രമാണ് കാര്യമായി മത്സരരംഗത്തുണ്ടായിരുന്നത്. കാലാനുസൃതമായി പരിഷ്‌ക്കാരങ്ങൾ വരുത്താതിരിക്കുകയും, ഗുണനിലവാരം കുറയുകയും ചെയ്തതോടെ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ വിൽപ്പന പടവലങ്ങ വളരുന്നത് പോലെ കീഴോട്ടായി. ഈ സമയം മാരുതി വെച്ചടി വെച്ചടി കയറുകയായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഉദാരവത്കരണമാണ് വിദേശ കാർ കമ്പനികളെ കൂട്ടമായി ഇന്ത്യയിലേക്ക് ആകർഷിച്ചത്. ഇതോടെ വോക്സ് വാഗൻ, നിസ്സാൻ, ടൊയോട്ട, ഹ്യൂണ്ടായ് എന്നീ ആഗോള വാഹന നിർമ്മാതാക്കൾ ഇന്ത്യയിലും ഒരു കൈ നോക്കാൻ രംഗത്തിറങ്ങി.ഈ വാഹനനിർമ്മാതാക്കളും മാരുതിയുടെ വഴി പിന്തുടർന്നു. ഇന്ത്യക്കാരന്റെ ജീവന് പുല്ലു വിലയേ ഉള്ളൂ എന്ന് മനസ്സിലാക്കിയ അവർ ആഗോളവിപണിയിൽ ജനപ്രീതി നേടിയ തങ്ങളുടെ വാഹന മോഡലുകൾ ഇന്ത്യൻ വിപണിക്കായി സുരക്ഷയിൽ വിട്ടു വീഴ്‌ച്ച ചെയ്ത് കുറഞ്ഞ വിലയിൽ, കുറഞ്ഞ ഗുണനിലവാരത്തിൽ പുറത്തിറക്കി. അതോടെ കച്ചവടം പൊടിപൊടിച്ചു.

ലോകമെമ്പാടും തങ്ങളുടെ പല മോഡലുകളും വിജയകരമായി വിപണനം നടത്തിയിരുന്ന ഈ വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി ഉയർന്ന വാഹന വിലയോടും, കുറഞ്ഞ മൈലേജിനോടും ഇന്ത്യൻ ഉപഭോക്താക്കാൾ പുലർത്തിയിരുന്ന വൈമുഖ്യം ആയിരുന്നു. യൂറോപ്പിലും, അമേരിക്കയിലുമൊക്കെ അടിസ്ഥാനമായി വിവക്ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ മാത്രം ഉള്ള മോഡൽ പോലും ഇന്ത്യൻ വിപണിയിലെ ശരാശരി വിലനിലവാരത്തിൽ ലാഭകരമായി വിൽക്കാൻ പറ്റാത്ത അവസ്ഥ. അതോടെ ഈ വാഹനനിർമ്മാതാക്കളും മാരുതിയുടെ വഴി പിന്തുടർന്നു. ഇന്ത്യക്കാരന്റെ ജീവന് പുല്ലു വിലയേ ഉള്ളൂ എന്ന് മനസ്സിലാക്കിയ അവർ ആഗോളവിപണിയിൽ ജനപ്രീതി നേടിയ തങ്ങളുടെ വാഹന മോഡലുകൾ ഇന്ത്യൻ വിപണിക്കായി സുരക്ഷയിൽ വിട്ടു വീഴ്‌ച്ച ചെയ്ത് കുറഞ്ഞ വിലയിൽ, കുറഞ്ഞ ഗുണനിലവാരത്തിൽ പുറത്തിറക്കി. അതോടെ കച്ചവടം പൊടിപൊടിച്ചു.

സമീപകാലം വരെ കോഴിക്കൂട് പോലെ അത്യാവശ്യം അടച്ചുറപ്പുള്ള ഒരു ശകടം പണിത് സുമാർ 17കി.മീ/ ലിറ്റർ അല്ലെങ്കിൽ അതിൽ കൂടുതൽ മൈലേജോടെ വിപണിയിൽ അവതരിപ്പിച്ചാൽ ആളുകൾ കണ്ണുമടച്ച് ആ വാഹനം വാങ്ങുന്നതായിരുന്നു ഇന്ത്യൻ കാർ വിപണിയിലെ പ്രവണത. ഇന്ത്യൻ കാറുകളിൽ 1994 ലാണ് സീറ്റ് ബെൽറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെങ്കിൽ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ സുരക്ഷാമാനദണ്ഡങ്ങളിൽ ബഹുദൂരം മുന്നിലായിരുന്നു. 1984ൽ തന്നെ ന്യൂയോർക്കിൽ സീറ്റ്‌ബെൽറ്റ് നിർബന്ധമാക്കി. അതിനും മുൻപ് 1979ൽ അമേരിക്കയിലെ എൻ.എച്ച്.ടി.എസ്.എ (നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ) ലോകത്തിലാദ്യത്തെ എൻ.സി.എ.പി (ന്യൂ കാർ അസ്സസ്സ്‌മെന്റ് പ്രോഗ്രാം) ആരംഭിച്ച് വാഹനങ്ങൾ ക്രാഷ് ടെസ്റ്റ് ചെയ്ത് ഫലം പ്രഖ്യാപിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് യൂറോപ്പും, ലോകത്തിലെ മറ്റ് വികസിത രാജ്യങ്ങളും സ്വന്തമായി ന്യൂ കാർ അസ്സസ്സ്‌മെന്റ് പ്രോഗ്രാമുകൾ ആരംഭിച്ച് ക്രാഷ് ടെസ്റ്റുകൾ നടത്താൻ തുടങ്ങി. എന്നാൽ 2014 വരെ ഇന്ത്യയിൽ വാഹനങ്ങൾക്ക് ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നില്ല. 2014ൽ ഗ്ലോബൽ ന്യൂ കാർ അസ്സസ്സ്‌മെന്റ് പ്രോഗ്രാം ഇന്ത്യയിലെ ആദ്യത്തെ ക്രാഷ് ടെസ്റ്റ് നടത്താൻ വാഹന നിർമ്മാതാക്കളെ ക്ഷണിച്ചു. പല വാഹന നിർമ്മാതാക്കളും ഇതിനോട് പ്രതികരിക്കുക പോലും ചെയ്തില്ല. ഇന്ത്യയിൽ ഏറ്റവും വില്പനയുണ്ടായിരുന്ന ചില കാർ മോഡലുകളായ മാരുതി ആൾട്ടോ, ടാറ്റ നാനോ, ഫോർഡ് ഫിഗോ, ഹ്യൂണ്ടായ് ഐ ടെൻ, വോക്സ്വാഗൺ പോളോ എന്നീ 5 മോഡലുകളെയാണ് ജി.എൻ.സി.എ.പി ക്രാഷ് ടെസ്റ്റ് നടത്താൻ തിരഞ്ഞെടുത്തത്. എന്നാൽ ഫലം ഞെട്ടിക്കുന്നതായിരുന്നു. ഈ അഞ്ച് കമ്പനിയുടെയും കാറുകൾക്കും ക്രാഷ് ടെസ്റ്റിൽ പൂജ്യം റേറ്റിങ്ങാണ് കിട്ടിയത്.

ക്രാഷ് ടെസ്റ്റ് നടത്തേണ്ട വാഹനത്തിൽ മുതിർന്നവരുടെയും, കുട്ടികളുടെയും ബോഡി ഡമ്മികൾ ഇരുത്തിയ ശേഷം ശരാശരി വേഗതയിൽ വാഹനം ഒരു ചുവരിൽ കൊണ്ടുവന്ന് ഇടിപ്പിക്കുകയാണ് ക്രാഷ് ടെസ്റ്റിൽ ചെയ്യുന്നത്. ഇടിയുടെ ആഘാതഫലമായി വാഹനത്തിനും, മുതിർന്നവരുടെയും, കുട്ടികളുടെയും, ഡ്രൈവറുടേയുമൊക്കെ ഡമ്മികൾക്കും ഉണ്ടായ ആഘാതം പരിശോധിച്ചാണ് ക്രാഷ് ടെസ്റ്റ് ഫലം പ്രഖ്യാപിക്കുന്നത്. ക്രാഷ് ടെസ്റ്റ് രീതികൾ ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് യൂറോപ്പിൽ യൂറോ.എൻ.സി.എ.പി നടത്തുന്ന ക്രാഷ് ടെസ്റ്റുകളിൽ ഫുൾ ഫ്രണ്ടൽ, ഫ്രണ്ട് ഓഫ്‌സെറ്റ്, സൈഡ് ഇമ്പാക്ട്, സൈഡ് പോൾ ടെസ്റ്റ് എന്നിങ്ങനെ 4 ടെസ്റ്റുകൾ ആണ് ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ 64 കി.മീ/മണിക്കൂർ വേഗതയിലുള്ള ഫ്രണ്ട് ഓഫ്‌സെറ്റ്, അതേ വേഗതയിലുള്ള സൈഡ് ഇമ്പാക്ട് എന്നീ 2 ടെസ്റ്റുകളേ നടത്തുന്നുള്ളൂ. ഇതിന് പുറമേ ഡ്രൈവർക്ക് ഒരുക്കിയ സുരക്ഷ, മുതിർന്നവർക്കുള്ള സുരക്ഷ, കുട്ടികൾക്ക് ഒരുക്കിയ സുരക്ഷ എന്നിവയും മൂല്യനിർണയത്തിന്റെ ഘടകങ്ങളായി പരിഗണിക്കും.

ഇങ്ങനെ ക്രാഷ് ടെസ്റ്റുകൾ നടത്തുമ്പോൾ ഇടിയുടെ ആഘാതങ്ങൾ കുറയ്ക്കുന്ന ഒരു നിർണ്ണായക ഘടകമാകുന്നത് വാഹനത്തിന്റെ ഫ്രണ്ട് എയർ ബാഗുകളാണ്. 2014ലെ ആദ്യത്തെ ക്രാഷ് ടെസ്റ്റിൽ ഉപയോഗിച്ച 5 മോഡൽ കാറുകളും എയർബാഗ് ഇല്ലാത്ത എൻട്രി ലെവൽ കാറുകൾ ആയിരുന്നു. ഈ ടെസ്റ്റിന്റെ ഫലം പുറത്തു വന്നതോടെ ഇന്ത്യൻ സർക്കാർ 2019 മുതൽ വിപണിയിലിറക്കുന്ന കാറുകൾക്ക് എയർബാഗുകൾ നിർബന്ധമാക്കിയിട്ടുണ്ട്. എന്റെ വാഹനത്തിന് എയർ ബാഗുണ്ട്, അതുകൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും കുഴപ്പമില്ല എന്ന് കരുതുന്നവർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. മിക്ക കാറുകളുടെയും എയർബാഗുകൾ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ അപകടസമയത്ത് പ്രവർത്തിക്കില്ല. ഇനി പ്രവർത്തിച്ചാലും, സീറ്റ് ബെൽറ്റ് ഇടാത്ത നിങ്ങളെ പിടിച്ചു നിർത്താനും, സംരക്ഷിക്കാനും എയർ ബാഗിന് മാത്രം കഴിയുകയുമില്ല.

ഇന്ത്യയിൽ ജി.എൻ.സി.എ.പി കഴിഞ്ഞ കൊല്ലം നടത്തിയ ക്രാഷ് ടെസ്റ്റിന്റെ ഫലം ഏറെ ശ്രദ്ധേയമാണ്. 2014ലെ പരിതാപകരമായ അവസ്ഥയിൽ നിന്നും വാഹന നിർമ്മാതാക്കൾ ഏറെ മുന്നോട്ട് പോയിരിക്കുന്നു. ടാറ്റയുടെ നെക്‌സൺ ഇന്ത്യയിലെ ക്രാഷ് ടെസ്റ്റ് ചരിത്രത്തിലാദ്യമായി അഞ്ചിൽ അഞ്ച് (5/5) സ്‌കോറും നേടിയ കാറായി മാറിയിരിക്കുന്നു. മഹീന്ദ്ര മരാസോ, ടൊയോട്ട എത്തിയോസ്, ടാറ്റാ സെസ്റ്റ്, മാരുതി വിറ്റാര ബ്രെസ, വോക്സ് വാഗൺ പോളോ എന്നീ വാഹനങ്ങൾ അഞ്ചിൽ നാല് (4/5) സ്‌കോർ നേടിയിരിക്കുന്നു. ഫോർഡ് ആസ്‌പെയർ, ഹോണ്ട മൊബിലിയോ, റെനോ ഡെസ്റ്റർ എന്നീ വാഹനങ്ങൾ അഞ്ചിൽ മൂന്ന് (3/5) സ്‌കോർ ആണ് നേടിയത്. മാരുതി സ്വിഫ്റ്റിന് രണ്ടും, റെനോ ക്വിഡിന് ഒന്നും സ്‌കോർ ക്രാഷ് ടെസ്റ്റിൽ കിട്ടിയപ്പോൾ മാരുതി ആൾട്ടോ, മാരുതി സെലേറിയോ, ഡാറ്റ്സൺ ഗോ, ടാറ്റ നാനോ എന്നിവയ്ക്ക് അവശിഷ്ട്ടങ്ങൾ മാത്രമാണ് കിട്ടിയത് എന്നാൽ അഞ്ചിൽ അഞ്ച് അല്ലെങ്കിൽ അഞ്ചിൽ നാല് എന്നൊക്കെ തങ്ങൾക്ക് ലഭിച്ച ഈ സ്‌കോർ ഉയർത്തിപ്പിടിച്ചു പല വാഹനനിർമ്മാതാക്കളും ഊറ്റം കൊള്ളുമ്പോഴും ഓർക്കേണ്ട വസ്തുത ഇത് ഫ്രണ്ട് ഓഫ്‌സെറ്റ്, സൈഡ് ഇമ്പാക്ട് ടെസ്റ്റുകൾ മാത്രം നടത്തി കിട്ടിയ സ്‌കോർ ആണ്. പല വികസിത രാജ്യങ്ങളും, ക്രാഷ് ടെസ്റ്റുകളിൽ റൂഫ് ടെസ്റ്റ്, റിയർ ടെസ്റ്റ് എന്നീ രീതികളും ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. അതായത് വാഹനത്തിന്റെ മേലേക്ക് മറ്റൊരു വാഹനം വന്നു മറിഞ്ഞു വീണാലോ, പിന്നിൽ വന്നിടിച്ചാലുള്ള ആഘാതമോ കൂടി ക്രാഷ് ടെസ്റ്റുകളിൽ പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നു.

വാഹനത്തിന് ക്രാഷ് ടെസ്റ്റിൽ എത്രയൊക്കെ മികച്ച സ്‌കോർ കിട്ടിയാലും അതിലിരിക്കുന്ന എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുകയും, കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിലുള്ള ചൈൽഡ് സീറ്റുകൾ ഉപയോഗിക്കുകയും ചെയ്തില്ലെങ്കിൽ സുരക്ഷ എന്നത് വെറും വാക്കായി അവശേഷിക്കും. മുൻപൊരിക്കൽ പിൻസീറ്റിൽ ഇരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചപ്പോഴും, ചൈൽഡ് സീറ്റ് വാങ്ങുന്ന കാര്യം പറഞ്ഞപ്പോഴും കൂടെയുണ്ടായിരുന്നവരുടെ പരിഹാസം കലർന്ന നോട്ടം ഇതെഴുതുമ്പോഴും ഞാൻ ഓർമ്മിക്കുന്നു. നിയമങ്ങൾ പാലിച്ചു വണ്ടിയോടിക്കുന്നവരെയും, സുരക്ഷയെക്കുറിച്ചു സംസാരിക്കുന്നവരെയും ഒന്നിനും കൊള്ളാത്തവരായി കരുതി പരിഹസിക്കുന്ന ഈ മനോഭാവം നമ്മുടെ നാട്ടിൽ വളരുന്നത് ലോകപരിചയത്തിന്റെയും, തിരിച്ചറിവിന്റേയും അഭാവം കൊണ്ട് കൂടിയാണ്. വികസിത രാജ്യങ്ങളിൽ സൈക്കിൾ ചവിട്ടുന്നവർ പോലും, ഹെൽമെറ്റും, സുരക്ഷാ ഉപകരണങ്ങളും അണിയുന്നു. ലെയിൻ ട്രാഫിക്കിൽ വരി വരിയായി കാത്തു നിൽക്കുന്ന എല്ലാ വണ്ടികളെയും മറി കടന്ന് പോകുന്ന, സ്വയം മിടുക്കർ എന്ന് കരുതുന്ന ധാരാളം പേരെ നമ്മുടെ നാട്ടിൽ കാണാറുണ്ട്.വാഹനത്തിന് എയർ ബാഗുണ്ട്, അതുകൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും കുഴപ്പമില്ല എന്ന് കരുതുന്നവർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. മിക്ക കാറുകളുടെയും എയർബാഗുകൾ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ അപകടസമയത്ത് പ്രവർത്തിക്കില്ല. ഇനി പ്രവർത്തിച്ചാലും, സീറ്റ് ബെൽറ്റ് ഇടാത്ത നിങ്ങളെ പിടിച്ചു നിർത്താനും, സംരക്ഷിക്കാനും എയർ ബാഗിന് മാത്രം കഴിയുകയുമില്ല.

അത് പോലെ രാത്രിയിൽ എതിരെ വരുന്ന വാഹനത്തിന് ലൈറ്റ് ഡിം ചെയ്തുകൊടുക്കാത്തവരാണ് ഭൂരിപക്ഷവും. ഇത്തരക്കാർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. വണ്ടിയോടിക്കുന്ന ഒരാളുടെ സംസ്‌കാരവും, പക്വതയുമാണ് അയാളുടെ ഡ്രൈവിങ്ങിൽ പ്രതിഫലിക്കുന്നത്. (ഈ പക്വതക്കുറവിന്റെ പ്രശ്നം കണക്കിലെടുത്താണ് 18 വയസ്സിൽ താഴെയുള്ളവർക്ക് ലൈസൻസ് കൊടുക്കാത്തത്.) രാത്രിയിൽ എതിരെ വരുന്ന വാഹനത്തിന് ലൈറ്റ് ഡിം ചെയ്തുകൊടുത്തില്ലെങ്കിൽ പ്രകാശതീവ്രതയിൽ കണ്ണഞ്ചിപ്പോകുന്ന ആ വാഹനത്തിന്റെ ഡ്രൈവർ ചിലപ്പോൾ നിങ്ങളുടെ വാഹനത്തിലേക്കായിരിക്കും അയാളുടെ വാഹനം ഓടിച്ചു കയറ്റുന്നത്. കാശ് കൊടുത്താൽ നിങ്ങൾക്ക് ഏത് കമ്പനിയുടെ, ഏത് മോഡൽ വാഹനവും വാങ്ങാനാകും എന്നാൽ സംസ്‌കാരവും, മര്യാദയും കാശ് കൊടുത്താൽ കിട്ടില്ലെന്ന കാര്യം വാഹനമോടിക്കുമ്പോൾ മറക്കാതിരിക്കുക. ഇന്ത്യൻ സർക്കാരിന്റെ പരസ്യത്തിൽ അക്ഷയ് കുമാർ പറയുന്നത് പോലെ 'റോഡ് ആരുടേയും പിതൃസ്വത്തല്ല ' എന്ന വസ്തുത ഡ്രൈവ് ചെയ്യുമ്പോൾ ഓർമ്മിക്കുക. ഒരു നിമിഷത്തിന്റെ അശ്രദ്ധ കൊണ്ട് അല്ലെങ്കിൽ ആവേശം കൊണ്ട് കേരളത്തിലെ റോഡുകളിൽ 2018ൽ ഉണ്ടായ 40,181അപകടങ്ങളിൽ മരണമടഞ്ഞത് 4,303 പേരാണ്. 45,458 പേർക്ക് പരിക്കേറ്റു. അടുത്തത് നിങ്ങളാകാതിരിക്കട്ടെ. ഉത്തരവാദിത്വത്തോടെ, പക്വതയോടെ ഡ്രൈവിങ് സീറ്റിലിരുന്ന് വളയം പിടിക്കുക.

(ഈ ലേഖനം ഏതെങ്കിലും പ്രത്യേക വാഹന കമ്പനിയുടെയോ, പ്രത്യേക വാഹന മോഡലിന്റെയോ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനോ, നിരുത്സാഹപ്പെടുത്തുന്നതിനോ ഉള്ള ഉദ്ദേശത്തോട് കൂടി എഴുതിയിട്ടുള്ളതല്ല മറിച്ച്, വർധിച്ചു വരുന്ന റോഡപകടങ്ങളുടെ സാഹചര്യത്തിൽ സുരക്ഷയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനും, സുരക്ഷാ സംബന്ധമായ അറിവുകൾ പങ്ക് വെക്കുന്നതിനും വേണ്ടി എഴുതപ്പെട്ടിട്ടുള്ളതാണ്. ലേഖനത്തിലുള്ളത് മറുനാടന്റെ അഭിപ്രായമല്ല, ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്.)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP