Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാന്തപുരം എത്തപ്പെടുന്നത് സുന്നി-സൂഫി മുസ്ലിം സമൂഹത്തിന്റെ ഇന്ത്യയിലെ പരമോന്നത നേതാവ് എന്ന പദവിയിൽ; ലക്ഷക്കണക്കിന് ഇസ്ലാമിക വിശ്വാസികളുടെ ഏക ആത്മീയ നേതാവായി മാറിയ കാന്തപുരത്തിന് ഇനി ഫ്തവകൾ വരെ പുറപ്പെടുവിക്കാം; ദക്ഷിണേന്ത്യയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ മത പണ്ഡിതൻ; രാജ്യത്തെ സുന്നി മുസ്‌ലിങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുന്നതിന് പ്രഥ്മ പരിഗണനയെന്ന് ഗ്രാന്റ് മുഫ്തിയുടെ പ്രഖ്യാപനം; ഇസ്ലാമിക വിഷയങ്ങളിൽ ഇന്ത്യയിലെ അവസാന വാക്കായി കാന്തപുരം മാറുമ്പോൾ

കാന്തപുരം എത്തപ്പെടുന്നത് സുന്നി-സൂഫി മുസ്ലിം സമൂഹത്തിന്റെ ഇന്ത്യയിലെ പരമോന്നത നേതാവ് എന്ന പദവിയിൽ; ലക്ഷക്കണക്കിന് ഇസ്ലാമിക വിശ്വാസികളുടെ ഏക ആത്മീയ നേതാവായി മാറിയ കാന്തപുരത്തിന് ഇനി ഫ്തവകൾ വരെ പുറപ്പെടുവിക്കാം; ദക്ഷിണേന്ത്യയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ മത പണ്ഡിതൻ; രാജ്യത്തെ സുന്നി മുസ്‌ലിങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുന്നതിന് പ്രഥ്മ പരിഗണനയെന്ന് ഗ്രാന്റ് മുഫ്തിയുടെ പ്രഖ്യാപനം; ഇസ്ലാമിക വിഷയങ്ങളിൽ ഇന്ത്യയിലെ അവസാന വാക്കായി കാന്തപുരം മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇസ്ലാമിക മാനദണ്ഡങ്ങളനുസരിച്ച് സമകാലികമായ പ്രശനങ്ങളിൽ പ്രാമാണബദ്ധമായി വിഷയങ്ങളെ സമീപിക്കയും യുക്തിപരവും പ്രായോഗികവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കയും ചെയ്യുന്ന പണ്ഡിതരാണ് മുഫ്തി. ഈ ഇസ്ലാമിക പണ്ഡിതരിൽ നിന്നും ഓരോ രാജ്യത്തും ഗ്രാന്റ് മുഫ്തിമാരെ കണ്ടെത്തുന്നു. ഈ മേഖലയിലെ ഇസ്ലാമികകാര്യങ്ങളിൽ അവസാന വാക്ക് ഗ്രാന്റ് മുഫ്തിയുടേതാകും. ഇസ്ലാമിക നിയമത്തെ പ്രയോഗികതയുടെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കുന്നവരാണ് ഇവർ. ഈ പദവിയിലേക്കാണ് കാന്തപുരം അബൂബക്കർ മുസ്ലീയാർ എത്തുന്നത്.

ഇസ്ലാമിലെ ഈ നിവാരണമാണ് ഫത്വഅഥവാ വിധി എന്നു പറയുന്നത്.എന്നാൽ പല ഫത്വകളിലും ഇത്തരം മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടാത്തതിനാൽ അബന്ധങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആൻ, സുന്നത്ത് എന്നിവയെകുറിച്ചുള്ള അവഗാഹവും സമകാലിക സാഹചര്യങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവും ഉള്ളവരെയാണ് ഗ്രാന്റ് മുഫ്തികളായി തെരഞ്ഞെടുക്കാറുള്ളത്. ഇത്തരം വിധികൾ പുറപ്പെടുവിക്കുന്ന വ്യക്തികളും കൗൺസിലുകളും ഉണ്ട്. ഇങ്ങനെ പുറപ്പെടുവിക്കുന്ന ഫത്വകൾ ഇസ്ലാം നിയമങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കേണ്ടതും ഗ്രാന്റ് മുഫ്തിയാണ്. ഇങ്ങനെ രണ്ടഭിപ്രായമുണ്ടാകുന്ന മതവിഷയങ്ങളിൽ എല്ലാം അവസാന വാക്ക് ഗ്രാന്റ് മുഫ്തിയുടേതാകും. ഇങ്ങനെ ഇന്ത്യയിൽ ഇസ്ലാമിക നിയമങ്ങളുടെ കാര്യങ്ങളിൽ അന്തിമ വിധി കർത്താവ് എന്ന പദവിയിലേക്കാണ് കാന്തപുരം എത്തുന്നത്.

ഡൽഹിയിൽ നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തിലാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ മുസ്ലിം പണ്ഡിതർ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചത്. സുന്നി-സൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ മുസ്ലിം ജനതകളുടെ പരമോന്നത നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്. കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയാക്കിയുള്ള പണ്ഡിതരുടെ പ്രഖ്യാപനം രാംലീല മൈതാനിയിലെത്തിയ വിശ്വാസികൾ തക്‌ബീർ വിളികളോടെയാണ് സ്വീകരിച്ചത്. രാജ്യത്തെ സുന്നി മുസ്‌ലിങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരണമെന്ന് കാന്തപുരം സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. ഇന്ത്യയിലെ സുന്നി മുസ്‌ലിങ്ങൾ വ്യത്യസ്ത ചിന്താധാരകൾ പിന്തുടരുന്നവരാണെങ്കിലും വിശ്വാസപരമായി സമാനധാരയിലുള്ളവരാണെന്ന് കാന്തപുരം പറഞ്ഞു. ഉത്തരേന്ത്യയിലെ പ്രമുഖ സൂഫി പണ്ഡിതൻ ഹസറത്ത് മന്നാൻ ഖാൻ രസ്വി ബറേലിയെയും കാന്തപുരത്തെയും പണ്ഡിതർ ഷാൾ അണിയിച്ച് ആദരിച്ചു.

മതപരമായ വിഷയങ്ങളിൽ ബറേൽവികൾക്കിടയിൽ തീർപ്പുകൽപിക്കാനും ഫത്‌വ പുറപ്പെടുവിക്കാനും കാന്തപുരത്തെ അധികാരപ്പെടുത്തുന്നതാണ് പുതിയ പദവി. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു മതനേതാവിന് ഉത്തരേന്ത്യൻ ബറേൽവി വിഭാഗം ഇത്തരമൊരു പദവി നൽകുന്നത് ഇതാദ്യമാണ്. വിശ്വാസപരമായ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ഇസ്‌ലാമിലെ കർമശാസ്ത്രപരമായ വൈവിധ്യങ്ങൾ സുന്നി മുസ്‌ലിംകളുടെ ഐക്യത്തിന് തടസ്സമാകരുതെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. സുന്നി മുസ്ലിംകൾ വ്യത്യസ്ത ചിന്താധാരകൾ പിന്തുടരുന്നവരാണെങ്കിലും വിശ്വാസപരമായി ഒരേ ധാരയിലാണ്. അതിനാൽ ഇന്ത്യയിലെ മുഴുവൻ സുന്നി മുസ്ലിംകളും ഒരേ പ്ലാറ്റ്ഫോമിലേക്ക് കടന്നുവരണം. സമുദായത്തിലെ പിന്നാക്ക-ദുർബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കേണ്ടത് സമുദായത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കാന്തപുരം ഓർമിപ്പിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ പി വിഭാഗം) ജനറൽ സെക്രട്ടറിയാണ് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്നും വിളിക്കാറുണ്ട്. കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറി. മുസ്ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ പി വിഭാഗം), കേരള മുസ്ലിം ജമാഅത്ത് എന്നീ സംഘടനകൾക്ക് നേതൃത്വം നൽകുന്നുണ്ട്. മത വിഷയങ്ങളിലെ പാണ്ഡിത്യമാണ് ഗ്രാന്റ് മുഫ്തി പദവിയിൽ കാന്തപുരത്തെ എത്തിക്കുന്നത്.

ൗത്താരി അഹമ്മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാർച്ച്-22 നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്ലിയാർ ജനിച്ചത്. പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്‌കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട് കാന്തപുരം,വാവാട്, പൂനൂർ ,കോളിക്കൽ, തലക്കടത്തൂർ,ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മത പഠനം നേടിയടുത്തു. 1961-ൽ ഉപരിപഠനത്തിനായ വെല്ലൂർ ബാഖിയാത്തു സാലിഹാത് അറബിക് കോളേജിൽ ചേർന്നു.

1962-ൽ തന്റെ ഇരുപത്തഞ്ചാം വയസ്സിലാണ് പൂനൂർ മങ്ങാട് മസ്ജിദിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ദർസ് (മത പഠന ക്ലാസ്) ആരംഭിക്കുന്നത്. 1970-ൽ കോളിക്കൽ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വർഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദർസ് ചുമതലയേറ്റു. പിന്നീട് കുന്ദമംഗലത്തിനടുത്ത് കാരന്തൂരിൽ മർകസു സ്സഖാഫത്തി സുന്നിയ്യ എന്ന സ്ഥാപനം സ്ഥാപിച്ചു. 1981 മുതൽ അവിടെ സദർ മുദരിസും ആയി. അതിനിടയിൽ 1974 ഏപ്രിലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. 1976 ൽ സംഘടന അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി. 1975 മുതൽ 1989 വരെ സമസ്ത കേരളാ സുന്നീ യുവജന സംഘം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.

1996 മുതൽ 2004 വരെ ഇതെ സംഘടനയുടെ പ്രസിഡണ്ടായിരുന്നു. 1987-ൽ കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1989 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു. 1993 ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1993 ൽ തന്നെ കോഴിക്കോട് സംയുക്ത ഖാദിയായി ബൈഅത്ത് ചെയ്യപ്പെട്ടു. ഇപ്പോൾ സുന്നീ യുവജന സംഘം സുപ്രീം കൗൺസിൽ അധ്യക്ഷനാണ്. കൂടാതെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ട്രഷറർ, മർകസുസഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

ജോർദ്ദാൻ രാജാവിന്റെ മേൽനോട്ടത്തിൽ പ്രവത്തിക്കുന്ന റോയൽ അൽ ബയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട്, മുസ്ലിം വേൾഡ് ലീഗ് തുടങ്ങിയ ലോക സംഘടനകളിൽ അംഗമാണ് അദ്ദേഹം. സഊദി ഭരണകൂടം നിതഖാത് നിയമം നടപ്പിലാക്കിയപ്പോൾ കാന്തപുരം മക്കയിലെ ഗവർണറുമായി ചർച്ച നടത്തിയിരുന്നു. ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തികളിൽ ഒരാളായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്. 2010 മുതൽ 2015 വരെ പുറത്തിറക്കിയ ഈ പട്ടികയിൽ അഞ്ചുവർഷവും കാന്തപുരം ഇടം നേടിയിട്ടുണ്ട്. മുസ്ലിം സമുദായ വികാസത്തിന് നൽകിയ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക പുറത്തിറക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP