Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

92ലെ ലോകകപ്പുമായി ഇമ്രാൻ ഖാൻ ചുവരുകളിൽ; കൂട്ടിന് വസിം അക്രവും ആലവും റമീസ് രാജയും; പുൽവാമയിലെ വില്ലനെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഒഴിവാക്കില്ല; പ്രതിഷേധവുമായി യുവമോർച്ചയും; ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന് പറയുന്ന ഗാംഗുലിക്ക് കളിക്കാരുടെ ചിത്രങ്ങൾ മാറ്റാൻ താൽപ്പര്യക്കുറവ്; പാക് ഭീകരാക്രമണം ക്രിക്കറ്റിൽ ചർച്ചയാകുന്നത് ഇങ്ങനെ

92ലെ ലോകകപ്പുമായി ഇമ്രാൻ ഖാൻ ചുവരുകളിൽ; കൂട്ടിന് വസിം അക്രവും ആലവും റമീസ് രാജയും; പുൽവാമയിലെ വില്ലനെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഒഴിവാക്കില്ല; പ്രതിഷേധവുമായി യുവമോർച്ചയും; ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന് പറയുന്ന ഗാംഗുലിക്ക് കളിക്കാരുടെ ചിത്രങ്ങൾ മാറ്റാൻ താൽപ്പര്യക്കുറവ്; പാക് ഭീകരാക്രമണം ക്രിക്കറ്റിൽ ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണം ക്രിക്കറ്റിനേയും ബാധിച്ചിരിക്കുകയാണ്. പാക്കിസ്ഥാനെതിരെ കളിക്കാതിരിക്കാൻ ലോകകപ്പ് പോലും ഒഴിവാക്കണമെന്നാണ് ഉയരുന്ന ആവശ്യം. മൊഹാലി സ്‌റ്റേഡിയത്തിൽ നിന്ന് പാക് താരങ്ങളുടെ ചിത്രവും മാറ്റി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയമാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ. ഇന്ത്യയുടെ ലോർഡ്‌സ്. എന്നാൽ ഇവിടെ പാക്കിസ്ഥാന് ഇപ്പോഴും വിലക്കില്ല. സ്‌റ്റേഡയിൽത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുള്ളവരുടെ ചിത്രങ്ങൾ ഇപ്പോഴുമുണ്ട്. ക്രിക്കറ്റിൽ ഭീകരവാദ രാഷ്ട്രീയം വേണ്ടെന്നാണ് കൊൽക്കത്തയുടെ ദാദയുടെ തീരുമാനം. അതുകൊണ്ട് തന്നെ ബിസി റോയ് ക്ലബ് ഹൗസിലെ ലോബിയിൽ ഇമ്രാന് സ്ഥാനമുണ്ടാകും.

1992ലെ ലോകകപ്പ് കിരീടം പാക്കിസ്ഥാന് സമ്മാനിച്ച നായകനാണ് ഇമ്രാൻ ഖാൻ. ലോകത്തെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഇമ്രാൻ മാസങ്ങൾക്ക് മുമ്പാണ് പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായയത്. പുൽവാമയിലെ ആക്രമണത്തിലൂടെ ക്രിക്കറ്റിലെ പഴയ ഹീറോ ഇന്ത്യാക്കാരുടെ നമ്പർ വൺ ശത്രുവായി. പാക്കിസ്ഥാനുമായി യാതൊരു ബന്ധവും വേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. അടുത്ത ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിക്കുന്നത് പോലും ചിന്തയിൽ. എന്നാൽ ഇതൊന്നും ഇന്ത്യൻ ക്രിക്കറ്റിലെ പഴയ നായകൻ സൗരവ് ഗാംഗുലിയെ ബാധിച്ചില്ല. പ്രതിഷേധങ്ങൾ ഏറെയുണ്ടായിട്ടും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ഗാംഗുലി ഇമ്രാന്റെ ചിത്രം എടുത്തു മാറ്റാൻ അനുവദിച്ചില്ല. ലോകകപ്പുമായി നിൽക്കുന്ന ഇമ്രാന്റെ ചിത്രം ഇപ്പോഴും ഈഡൻ ഗാർഡനിൽ കാണാം.

ഇമ്രാനൊപ്പം വസിം അക്രവും ഇതികാബ് ആലവും റമീസ് രാജയും ഈഡന്റെ ചുവരുകളിലുണ്ട്. ഇവ മാറ്റണമെന്ന് ആവശ്യവുമായി യുവമോർച്ച സ്‌റ്റേഡിയത്തിലേക്ക് പ്രതിഷേധം നടത്തി. എന്നാൽ തനിക്ക് ഇതേ കുറിച്ച് ഒന്നും പറയാനില്ലെന്നാണ് സൗരവ് ഗാംഗുലിയുടെ നിലപാട്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഞാൻ അതിൽ തന്നെ ഉറച്ചു നിൽക്കും-ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിൽ നടക്കുന്ന 2019 ലോകകപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നിന്നും പാക്കിസ്ഥാനെ ഒഴിവാക്കണമെന്നുള്ള ധ്വനി ഒളിപ്പിച്ച് ഭീഗരവാദ പ്രവർത്തനങ്ങളിൽ ഇടപെടുന്ന രാജ്യങ്ങളുമായി സഹകരണങ്ങൾ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ബി.സി.സിഐ ഐ.സി.സിക്ക് കത്തയച്ചിരുന്നു. ലോകപ്പിൽ നിന്നു മാത്രമല്ല, പാക്കിസ്ഥാനുമായുള്ള എല്ലാ കൈകോർക്കലുകളും വേണ്ടെന്ന് വെക്കണമെന്ന് സീനിയർ താരങ്ങളായ ഹർഭജൻ സിങ്, വി.വി എസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവർ പറഞ്ഞപ്പോൾ ലോകകപ്പിൽ പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങൾ ബഹിഷ്‌കരിച്ച് സർഫറാസിനും കൂട്ടർക്കും രണ്ട് പോയിന്റ് വെറുതെ നൽകരുതെന്നാണ് സച്ചിൻ തെണ്ടുൽക്കർ അഭിപ്രായപ്പെട്ടത്.

അതായത് ലോകകപ്പിൽ കളിക്കുന്നതിനെ എതിർക്കുന്ന ഗാംഗുലിയാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷനെ നയിക്കുന്നത്. അപ്പോഴും ഇമ്രാന്റെ ചിത്രം മാറ്റുന്ന തീരുമാനം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ എടുത്തു മാറ്റുന്നില്ലെന്നാതാണ് വസ്തുത. 2019 ഇംഗ്ലണ്ട് ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത് വന്നപ്പോൾ കളിയാരാധകരെല്ലാം ആവേശത്തോടെ നോക്കിയത് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുന്നേർ വരുന്നത് എന്നാണ് എന്നായിരുന്നു. ഇത് വേണ്ടെന്ന് പറയുന്ന ഗാംഗുലി എന്തുകൊണ്ടാണ് ഇമ്രാന്റെ ചിത്രം മാറ്റാൻ തയ്യാറാകാത്തതെന്തു കൊണ്ടെന്ന് ഇനിയും വ്യക്തമാക്കുന്നുമില്ല. പുൽവാമ ആക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് ലോകകപ്പ് മത്സരം ഉപേക്ഷിക്കണമെന്നു പറഞ്ഞ ഗാംഗുലിക്ക് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരത്തിന്റെ പരിഹാസവുമെത്തി. തിരഞ്ഞെടുപ്പിന് മത്സരിക്കണമെന്ന് ആഗ്രഹമുള്ളതിനാലാകാം ഗാംഗുലി ഇത്തരം പരാമർശം നടത്തിയതെന്ന് പാക് താരം ജാവേദ് മിയൻദാദ് പറഞ്ഞു.

പാക്കിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റോ ഹോക്കിയോ ഫുട്‌ബോളോ കളിക്കുന്നത് നിർത്തുക മാത്രമല്ല, എല്ലാ വിധത്തിലുമുള്ള ഉഭയക്ഷി ചർച്ചകളും അവസാനിപ്പിക്കണമെന്നും ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ സച്ചിൻ ഗാവസ്‌കർ തുടങ്ങിയവർ പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിച്ച് 2 പോയിന്റെ നഷ്ടപ്പെടുത്തരുത് എന്നാണ് അഭിപ്രായപ്പെട്ടത്. പാക്കിസ്ഥാനെ വീണ്ടും കളിച്ചു തോൽപ്പിക്കുകയാണ് വേണ്ടതെന്ന് സച്ചിൻ പറഞ്ഞു.
''ഗാംഗുലി തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ മുഖ്യമന്ത്രിയാകാനോ ആഗ്രഹിക്കുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇത് ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണ്. ഇന്ത്യ നടത്തുന്ന ഭീരുത്വ ശ്രമങ്ങൾക്കൊപ്പം നിൽക്കാനല്ല, സ്വയം മെച്ചപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. സമാധാനപരമായ ചർച്ചക്ക് പാക്കിസ്ഥാൻ എപ്പോഴും ഇന്ത്യയെ ക്ഷണിച്ചിരുന്നു. എന്നാൽ ഇന്ത്യ നല്ല രീതിയിലല്ല പ്രതികരിച്ചത്'', മിയൻദാദ് പറഞ്ഞു.

മത്സരം ഉപേക്ഷിക്കാനുള്ള ബിസിഐയുടെ അപേക്ഷ ബാലിശമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP