Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിജെ ജോസഫ് ബിഷപ്പ് ഹൗസുകൾ കയറി ഇറങ്ങുന്നു; പാലയിലേയും കോട്ടയത്തേയും മെത്രാന്മാരെ സന്ദർശിച്ച ജോസഫ് ഇന്നലെ സഹായം ചോദിച്ചെത്തിയത് ചങ്ങനാശ്ശേരി മെത്രാന്റെ അടുത്ത്; ലയനം കൊണ്ട് ഒന്നും നേടിയില്ലെന്നും കോട്ടയം സീറ്റെങ്കിലും തരണമെന്നും മാണിയെ ഉപദേശിക്കാനും ആവശ്യപ്പെട്ട് ജോസഫ്; എൻ എസ് എസ് ആസ്ഥാനത്ത് എത്തി സഹായം ചോദിച്ചെങ്കിലും ഇല്ലെന്ന് തീർത്ത് പറഞ്ഞ് സുകുമാരൻ നായർ; മാണിയെ ഇറക്കി മത്സരിപ്പിച്ചാലും കോട്ടയം വിട്ടു കൊടുക്കില്ലെന്ന വാശിയിൽ മാണിയും; ഭിന്നത മുതലാക്കാൻ സിപിഎമ്മും

പിജെ ജോസഫ് ബിഷപ്പ് ഹൗസുകൾ കയറി ഇറങ്ങുന്നു; പാലയിലേയും കോട്ടയത്തേയും മെത്രാന്മാരെ സന്ദർശിച്ച ജോസഫ് ഇന്നലെ സഹായം ചോദിച്ചെത്തിയത് ചങ്ങനാശ്ശേരി മെത്രാന്റെ അടുത്ത്; ലയനം കൊണ്ട് ഒന്നും നേടിയില്ലെന്നും കോട്ടയം സീറ്റെങ്കിലും തരണമെന്നും മാണിയെ ഉപദേശിക്കാനും ആവശ്യപ്പെട്ട് ജോസഫ്; എൻ എസ് എസ് ആസ്ഥാനത്ത് എത്തി സഹായം ചോദിച്ചെങ്കിലും ഇല്ലെന്ന് തീർത്ത് പറഞ്ഞ് സുകുമാരൻ നായർ; മാണിയെ ഇറക്കി മത്സരിപ്പിച്ചാലും കോട്ടയം വിട്ടു കൊടുക്കില്ലെന്ന വാശിയിൽ മാണിയും; ഭിന്നത മുതലാക്കാൻ സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ കോൺഗ്രസിൽ കോട്ടയത്തെ ചൊല്ലി പോര് മുറുകുകയാണ്. മത്സരിച്ചേ മതിയാകൂവെന്ന നിലപാടിലാണ് പിജെ ജോസഫ്. അതിനുള്ള നീക്കവും ജോസഫ് സജീവമാക്കി. കഴിഞ്ഞ ദിവസം കോട്ടയത്തെ പത്രക്കാരെ നേരിൽ കണ്ട് പിന്തുണ ചോദിച്ച പിജെ ജോസഫ് ഇപ്പോൾ ബിഷപ്പ് ഹൗസുകൾ കയറി ഇറങ്ങി പിന്തുണ തേടുകയാണ്. പാലയിലേയും കോട്ടയത്തേയും മെത്രാന്മാരെ സന്ദർശിച്ച ശേഷം ഇന്നലെ ജോസഫ് സഹായം ചോദിച്ചെത്തിയത് ചങ്ങനാശ്ശേരി മെത്രാന്റെ അടുത്തും. കെ എം മാണിയുമായി ഏറെ അടുപ്പമുള്ള ചങ്ങനാശ്ശേരി രൂപതയോട് കേരളാ കോൺഗ്രസിലെ പ്രതിസന്ധി വിശദീകരിക്കുകയും ചെയ്തു. ലയനം കൊണ്ട് ഒന്നും നേടിയില്ലെന്നും കോട്ടയം സീറ്റെങ്കിലും തരണമെന്നും മാണിയെ ഉപദേശിക്കാനായിരുന്നു മെത്രാനോട് ആവശ്യപ്പെട്ടത്. അതിനിടെ എൻ എസ് എസ് ആസ്ഥാനത്ത് നിന്നും തീർത്തും നിരാശാജനകമായ പ്രതികരണമാണ് ജോസഫിന് നേരിടേണ്ടി വന്നത്. കെഎം മാണിയുടെ പിന്തുണയില്ലെങ്കിൽ ജോസഫിനെ കോട്ടയത്ത് അനുകൂലിക്കില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പിജെ ജോസഫിനെ അറിയിച്ചു.

അതിനിടെ മാണിയെ തന്നെ ഇറക്കി മത്സരിപ്പിച്ചാലും കോട്ടയം വിട്ടു കൊടുക്കില്ലെന്ന വാശിയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗവും എത്തുകയാണ്. ഇതോടെ ഭിന്നത മുതലാക്കാൻ യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പറ്റിയ സ്ഥാനാർത്ഥിയെ തേടി സിപിഎമ്മും സജീവമായി. സ്വതന്ത്ര സ്ഥാനാർത്ഥിയെ കണ്ടെത്താനും നീക്കമുണ്ട്. യുഡിഎഫിന് വിജയ സാധ്യത കോട്ടയത്ത് ഏറെയാണ്. എന്നാൽ മാണിയും ജോസഫും കൊമ്പു കോർക്കുമ്പോൾ അത് ഇല്ലാതാകുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം നീക്കങ്ങൾ. ലോക്‌സഭാ സീറ്റു സംബന്ധിച്ച് കേരള കോൺഗ്രസിൽ (എം) ഭിന്നത തുടരവേ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് നടത്തുന്ന നീക്കങ്ങളും സിപിഎം വീക്ഷിക്കുന്നുണ്ട്. ഇന്നലെ ചങ്ങനാശേരി അതിരൂപത ആസ്ഥാനം സന്ദർശിച്ചു. വ്യാഴാഴ്ച കോട്ടയം, പാലാ രൂപതകളുടെ ആസ്ഥാനങ്ങളിൽ ജോസഫ് സന്ദർശനം നടത്തിയിരുന്നു. ഇതെല്ലാം മാണിക്കെതിരെ വികാരം ഉയർത്താനാണെന്നാണ് വിലയിരുത്തൽ.

രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് ലഭിച്ചതോടെ ലോക്‌സഭാ സീറ്റ് ജോസഫ് ഗ്രൂപ്പിന് വേണമെന്നും മൽസരിക്കാൻ തയാറാണെന്നുമാണ് പി.ജെ. ജോസഫിന്റെ നിലപാട്. ഇതിനുള്ള പിന്തുണ തേടലിന്റെ ഭാഗമായാണ് ജോസഫ് സമുദായ നേതാക്കന്മാരെ സന്ദർശിക്കുന്നതെന്നാണ് വിലയിരുത്തൽ. ലയിക്കുന്നതിനു മുൻപ് തന്നെ രാജ്യസഭാ സീറ്റും ലോക്‌സഭാ സീറ്റും തങ്ങളുടെ കൈവശമായിരുന്നു എന്നാണു മാണി വിഭാഗത്തിന്റെ വാദം. പ്രശ്‌ന പരിഹാരത്തിന് 25, 26 തീയതികളിൽ നടക്കുന്ന ചർച്ചകൾ നിർണ്ണായകമാകും. പി.ജെ. ജോസഫ് മത്സരിക്കാൻ തയാറായി രംഗത്തെത്തിയതോടെ ബദൽ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണു മാണി വിഭാഗത്തിന്റെ നീക്കം. മുൻ എംപി ജോയ് ഏബ്രഹാം, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവരിലൊരാൾ മൽസരിക്കുമെന്ന് മാണി വിഭാഗം സൂചന നൽകി. ഇതിനെ ജോസഫ് ചോദ്യം ചെയ്താൽ മാണി തന്നെ മത്സരിക്കാനെത്തുമെന്നാണ് സൂചന. കോട്ടയം സീറ്റ് മാണി വിഭാഗം ആർക്കും വിട്ടുകൊടുക്കില്ല.

യുഡിഎഫിലെ സീറ്റ് ചർച്ച 26നാണ്. അതിനു മുൻപ് കെ. എം. മാണിയും പി.ജെ. ജോസഫുമായി വീണ്ടും ചർച്ച നടത്താനാണു മധ്യസ്ഥന്റെ റോൾ വഹിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. കേരള കോൺഗ്രസിൽ ഏകദേശ ധാരണയായ ശേഷം യുഡി എഫിൽ ചർച്ച നടത്തും. സീറ്റ് വിവാദത്തിൽ ജോസഫ് തെറ്റി പിരിയുമെന്നും മുന്നണി വിട്ടു പോകുമെന്നും സൂചനകളുണ്ട്. ഇടുക്കിയിൽ ഇടതു സ്ഥാനാർത്ഥിയായി പിജെ ജോസഫ് മത്സരിക്കുമെന്ന വിലയിരുത്തലുമുണ്ട്. തൊടുപുഴ നിയമസഭാ സീറ്റിൽ മകനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ജോസഫ് ഇതിലൂടെ നടത്തുന്നത്. മോൻസ് ജോസഫ് അടക്കമുള്ള എംഎൽഎമാരും ജോസഫിന് പിന്തുണയുമായുണ്ട്. ജോസഫിനെ ഡൽഹിക്ക് അയച്ച് കേരളത്തിൽ മന്ത്രിയാകാനുള്ള സാധ്യതയാണ് മോൻസ് ജോസഫ് തേടുന്നത്. ഇതിനിടെ ജസ്റ്റീസ് കുര്യൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയും കേരളാ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.

ജോസഫ് ഇന്നലെ വൈകിട്ട് പെരുന്നയിൽ എൻ.എസ്.എസ്. ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി ഒരു മണിക്കൂറോളം ചർച്ച നടത്തി. കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.ജെ. ലാലി ഒപ്പമുണ്ടായിരുന്നു. എൻ എസ് എസ് ആസ്ഥാനത്ത് നിന്ന വളരെ നിരാശാജനകമായ പ്രതികരണമാണ് ജോസഫിന് ലഭിച്ചത്. മാണിയുടെ സ്ഥാനാർത്ഥിക്ക് മാത്രമാകും പിന്തുണയെന്ന് സുകുമാരൻ നായർ അറിയിച്ചു. ചങ്ങനാശേരി അരമനയിൽ മാർ ജോസഫ് പെരുന്തോട്ടവുമായി അരമണിക്കൂർ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോസഫ് പെരുന്നയിൽ എത്തിയത്. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർ ജോസഫ് പൗവത്തിലിനെയും സന്ദർശിച്ചു കോട്ടയത്ത് സ്വതന്ത്രനായി പോലും മത്സരിക്കുന്നത് ജോസഫിന്റെ പരിഗണനയിലുണ്ട്. ഇതിന് മുന്നോടിയായാണ് സമുദായ നേതാക്കളെ ജോസഫ് കാണുന്നത്. കേരളാ കോൺഗ്രസിൽ സമ്മർദ്ദം ശക്തമാക്കാൻ കൂടിയാണ് ഇത്. കോട്ടയം എംപിയായിരുന്ന ജോസ് കെ മാണി ലോക്‌സഭാ അംഗത്വം രാജിവച്ച് രാജ്യസഭയിൽ പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

അതിനിടെ യുഡിഎഫിൽ നിന്നു കോട്ടയം സീറ്റ് പിടിച്ചെടുക്കാൻ പുതുമുഖ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന നേതൃത്വം ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ വിവിധ വിഭാഗങ്ങൾക്കും സമുദായങ്ങൾക്കും സ്വീകാര്യനായ സ്വതന്ത്രനെ രംഗത്തിറക്കാനാണ് ശ്രമം. ശബരിമലയുടെ സമീപ ജില്ലയിൽ പാർട്ടി ചിഹ്നത്തെക്കാൾ നല്ലതു സ്വതന്ത്രചിഹ്നമാണെന്നു സിപിഎം കരുതുന്നു. സ്വതന്ത്രൻ വരുന്നതു സംബന്ധിച്ചു ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം സിപിഎം സംസ്ഥാന നേതൃത്വം ആരാഞ്ഞിട്ടുണ്ട്. ഇതിനു മുൻപു കോട്ടയത്തു സിപിഎം സ്വതന്ത്രസ്ഥാനാർത്ഥിയെ മത്സരിപ്പിച്ചത് 1971ലാണ്. അദ്ധ്യാപക സംഘടനാ നേതാവായ ആർ. രാമചന്ദ്രൻ നായർ അന്നു മത്സരിച്ചെങ്കിലും 25,000 വോട്ടുകൾക്കു പരാജയപ്പെട്ടു.

കേരളാ കോൺഗ്രസ് പരിഗണിക്കുന്ന ജസ്റ്റീസ് കുര്യൻ ജോസഫിനെ ഇടതു പക്ഷത്തിനും സ്ഥാനാർത്ഥിയാക്കിയാൽ കൊള്ളാമെന്നുണ്ട്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ, മുൻ അദ്ധ്യാപകൻ എന്നിവരുടെ പേരുകളും സിപിഎം നേതാക്കളുടെ ചർച്ചയിലുണ്ട്. മുൻ മാവേലിക്കര എംപി സി.എസ്. സുജാതയും ആലപ്പുഴയ്‌ക്കൊപ്പം കോട്ടയം മണ്ഡലത്തിനായി ശ്രമിക്കുന്നുണ്ട്. അതേസമയം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ കോട്ടയം ജില്ലയിൽ നിന്നുള്ള നേതാക്കളായ കെ.ജെ. തോമസ്, പി.കെ. ഹരികുമാർ, ജെയ്ക് സി. തോമസ് എന്നിവരുടെ പേരുകൾ ജില്ലാ നേതൃത്വം നിർദ്ദേശിക്കുന്നു. സുരേഷ് കുറുപ്പിന്റെ പേരു ചർച്ചയിലുണ്ടെങ്കിലും ഏറ്റുമാനൂരിലെ എംഎൽഎയായ അദ്ദേഹത്തിനു ലോക്‌സഭയിലേക്കു മത്സരിക്കാൻ താൽപര്യമില്ല.

ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടു വീഴ്ചയ്ക്ക് പിജെ ജോസഫ് തയ്യാറല്ല. രണ്ട് സീറ്റ് യുഡിഎഫിൽ നിന്ന് ചോദിച്ചു വാങ്ങണമെന്നാണ് ആവശ്യം. എന്നാൽ പാർട്ടി ചെയർമാൻ കെ എം മാണിക്ക് ഇതിനോട് താൽപ്പര്യമില്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസിന് സീറ്റ് കൂടണമെന്നാണ് മാണിയുടെ നിലപാട്. അതുകൊണ്ട് തന്നെ ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടാനാണ് മാണിയുടെ തീരുമാനം. അതും കോട്ടയം സീറ്റ്. എന്നാൽ പിജെ ജോസഫ് വിട്ടു വീഴ്ചയ്ക്കില്ല. തനിക്ക് ലോക്സഭയിലേക്ക് മത്സരിക്കണമെന്നും അതിന് സീറ്റ് കിട്ടിയേ തീരൂ എന്നുമാണ് ജോസഫ് പറയുന്നത്. മാണി ഗ്രൂപ്പിലെ നിരവധി പേർ ജോസഫിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെയാണ് കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് സാധ്യത ഉയരുന്നത്.

കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. മാണിയുടെ മകൻ കേരള യാത്രയുമായെത്തിയത് ഇതിന് വേണ്ടി കൂടിയാണ്. എന്നാൽ കേരള യാത്രയിൽ പങ്കെടുക്കാതെ ലോക കേരള സഭയിൽ പങ്കെടുക്കാൻ ജോസഫ് ദുബായിലേക്ക് പോയി. അവിടെ ഇടത് നേതാക്കളുമായി ജോസഫ് ചർച്ച ചെയ്യുമെന്നാണ് സൂചന. കേരളാ കോൺഗ്രസിൽ നിന്ന് പുറത്തു ചാടി ഇടതു പക്ഷ സ്ഥാനാർത്ഥിയായി ഇടുക്കിയിൽ ജോസഫ് എത്താനും സാധ്യതയുണ്ട്. കേരളാ കോൺഗ്രസിൽ പ്രധാനികളുടെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മാണിയുടെ മകൻ ജോസ് കെ മാണി, ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാർ, ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്.. പിന്നെ ഫ്രാൻസിസ് ജോർ, പിസി തോമസ്... അങ്ങനെ നിരവധി പേർ. തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്.

ജോസഫ് ജയിച്ച് ലോക്സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. എന്നാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ സ്വപ്നങ്ങളെ തകർക്കാനാണ് ജോസഫിന്റെ നീക്കം. ജോസഫ് ജയിച്ച് പാർലമെന്റിലെത്തിയാൽ ഇല്ലാതാകുന്നത് രാജ്യ സഭാ അംഗമായ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിപദ മോഹമാണ്. അതുകൊണ്ടാണ് ജോസഫിനെ എംപിയാക്കാൻ മാണി താൽപ്പര്യം കാട്ടാത്തത്. കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിൽ ആറു പേരാണുള്ളത്. മാണിയും ജോസഫും മോൻസ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതിൽ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോൻസ് മാത്രമാണ്.

എന്നാൽ പുതിയ പ്രതിസന്ധിയിൽ സി എഫ് തോമസും മറുപക്ഷത്താണ്. ജോസ് കെ മാണിയെ നേതാവാക്കാനുള്ള മാണിയുടെ കരുനീക്കവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്ന തിരിച്ചറിവുമാണ് ഇതിന് പിന്നിൽ. സി എഫ് തോമസിനൊപ്പം ജനപക്ഷം നേതാവായ പിസി ജോർജും പതിയെ ജോസഫിനോട് അടുക്കുന്നുണ്ട്. ഇതെല്ലാം കോട്ടയത്ത് ബദൽ കേരളാ കോൺഗ്രസ് ഉണ്ടാകാനുള്ള കാരണമായി മാറുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP