Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൊബൈൽ കൈയിൽ ഇല്ലാതിരുന്നിട്ടും വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പിടികൂടി; വീട്ടുകാരുടെ ക്രൂരമർദ്ദനം കഴിഞ്ഞപ്പോൾ രാത്രി മുഴുവൻ പൊലീസിന്റെ ചൂരൽ പ്രയോഗം; മർമ്മസ്ഥാനങ്ങളിലേറ്റ ക്ഷതം മൂലം ജോലിയും മുടങ്ങി; കള്ളപ്പരാതിയെ തുടർന്നുള്ള കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്തുള്ള ഇരുപത്തൊന്നുകാരന്റെ ആത്മഹത്യയിൽ നടുങ്ങി നെയ്യാറ്റിൻകരക്കാർ; പപ്പട തൊഴിലാളിയായ അജിത്തിനെ ബലിയാടാക്കിയത് അയൽക്കാരുടെ പകപോക്കൽ; നീതി തേടി കുടുംബം സമരത്തിന്

മൊബൈൽ കൈയിൽ ഇല്ലാതിരുന്നിട്ടും വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പിടികൂടി; വീട്ടുകാരുടെ ക്രൂരമർദ്ദനം കഴിഞ്ഞപ്പോൾ രാത്രി മുഴുവൻ പൊലീസിന്റെ ചൂരൽ പ്രയോഗം; മർമ്മസ്ഥാനങ്ങളിലേറ്റ ക്ഷതം മൂലം ജോലിയും മുടങ്ങി; കള്ളപ്പരാതിയെ തുടർന്നുള്ള കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്തുള്ള ഇരുപത്തൊന്നുകാരന്റെ ആത്മഹത്യയിൽ നടുങ്ങി നെയ്യാറ്റിൻകരക്കാർ; പപ്പട തൊഴിലാളിയായ അജിത്തിനെ ബലിയാടാക്കിയത് അയൽക്കാരുടെ പകപോക്കൽ; നീതി തേടി കുടുംബം സമരത്തിന്

എം മനോജ് കുമാർ

തിരുവനന്തപുരം: നെയ്യാറ്റിൻകര പൊലീസ് പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച വിഷമത്തിൽ ഇരുപത്തൊന്നു വയസുള്ള യുവാവ് ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. കള്ളപ്പരാതിയിൽ കുടുക്കുകയും വീട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും കടുത്ത മർദ്ദനം ഏൽക്കുകയും ചെയ്തതിന്റെ മനോവിഷമത്തിലുള്ള ആത്മഹത്യയായതിനാലാണ് സംഭവം വിവാദമാകുന്നത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് പ്രതിക്കൂട്ടിലാണ്. നെയ്യാറ്റിൻകര പട്ടിയക്കാലയിലെ അജിത് എൽ എന്ന പപ്പട തൊഴിലാളിയാണ് ആണ് പൊലീസ് മർദ്ദനത്തെ തുടർന്നുള്ള മനോവിഷമം കാരണം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം 27 നാണ് അജിത്ത് ജോലി ചെയ്യുന്ന പപ്പട കമ്പനിക്ക് അടുത്തുള്ള വീട്ടിൽ നിന്ന് പൊലീസ് പിടികൂടുന്നത്. ആ വീട്ടിലെ വീട്ടമ്മയുടെ ദൃശ്യങ്ങൾ അജിത് പകർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് അജിത്തിനെ വീട്ടുകാർ പിടികൂടിയത്. പിടികൂടിയ അജിത്തിനെ വീട്ടുകാർ മർദ്ദിക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയുമാണുണ്ടായത്.

പിടികൂടിയ സമയത്ത് വീട്ടുകാരുടെ മർദ്ദനവും അന്ന് രാത്രി പൊലീസിന്റെ മർദ്ദനവും അജിത്തിന് ഏൽക്കേണ്ടിവന്നു. ഒപ്പം മാനഹാനിയും. ഇതാണ് അജിത്തിനെ ആത്മഹത്യയിലേക്ക് നയിച്ചത്. കള്ളക്കേസിൽ കുടുക്കപ്പെടുകയും പൊലീസിൽ നിന്ന് ഒരു രാത്രി മുഴുവനും മർദ്ദനമേൽക്കുകയും ചെയ്തതിൽ കടുത്ത വിഷമത്തിലായിരുന്നു അജിത്ത്. പൊലീസിന്റെയും അജിത്തിനെ പിടികൂടിയ വീട്ടുകാരിൽ നിന്നുമുള്ള മർദ്ദനത്തിന്റെ മുഴുവൻ വിവരങ്ങളും വീട്ടുകാരോട് അജിത് തുറന്നു പറഞ്ഞു. മർമ്മ ഭാഗങ്ങളിൽ ഏറ്റ കനത്ത മർദ്ദനത്തെ തുടർന്ന് പിന്നീട് അജിത്തിന് ജോലി്ക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വിശ്രമത്തിന് ശേഷം ജോലിക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും അജിത് പോയില്ല. ഈ കഴിഞ്ഞ 17-നു കുടുംബവീട്ടിൽ അജിത് തൂങ്ങിമരിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം 27 നാണ് അജിത് അറസ്റ്റിലായത്. സംഭവം അറിഞ്ഞതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്റ്റേഷനിൽ എത്തിയിരുന്നു. അജിത്ത് അടുത്ത വീട്ടിലെ സ്ത്രീയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്ന് കേട്ടപ്പോൾ അമ്പരപ്പിലായിരുന്നു വീട്ടുകാർ. അതിനേക്കാളും അവരെ വേദനിപ്പിച്ചത് അജിത്തിന് ഏറ്റ ശാരീരിക മർദ്ദനങ്ങൾ ആയിരുന്നു. പിടികൂടിയ വേളയിലും പൊലീസിൽ നിന്നും ഏറ്റ മർദ്ദനത്തിനേക്കാളും ക്രൂര മർദ്ദനം രാത്രിയിൽ അജിത്തിനെ കാത്തിരിക്കുന്നുണ്ടെന്ന് വീട്ടുകാർ അറിഞ്ഞതുമില്ല. പ്രശ്‌നം കള്ളക്കേസ് ആണെന്ന് മനസിലാക്കിയ വീട്ടുകാർ നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ സഹായം തേടി. വിട്ടയക്കാൻ ആൻസലനും ആവശ്യപ്പെട്ടു. ജാമ്യത്തിന്റെ ചിട്ടവട്ടങ്ങൾ വീട്ടുകാരും പൂർത്തിയാക്കി. എംഎൽഎയുടെ വാക്കിനു പുല്ലുവില കൽപ്പിച്ച പൊലീസ് അന്ന് രാത്രി അജിത്തിനെ ക്രൂരമർദ്ദനത്തിനു വിധേയമാക്കിയെന്നാണ് വീട്ടുകാർ മറുനാടനോട് പറഞ്ഞത്. പിറ്റേന്ന് രാവിലെയും അജിത്തിനെ വിട്ടില്ല. ഉച്ചയോടെയാണ് വിട്ടയച്ചത്. പക്ഷെ അതിനു ശേഷം അജിത് മാനസികമായി തകർന്ന നിലയിലായിരുന്നു. തുടർന്ന് കഴിഞ്ഞ 17 നു അജിത്ത് കുടുംബവീട്ടിൽ തൂങ്ങുകയും ചെയ്തു.

അജിത്തിന്റെ കുടുംബം പറയുന്നത്

നിർദ്ധന കുടുംബമാണ് ഞങ്ങളുടേത്. അജിത്തിന്റെ 'അമ്മ ഇതേ കമ്പനിയിൽ പപ്പട തൊഴിലാളിയായിരുന്നു. അമ്മയ്ക്ക് കൂട്ടിനു ഒപ്പം പോയ അജിത്ത് പിന്നെ പപ്പട ജോലിയിൽ മുഴുകുകയും ചെയ്തു. 'അമ്മ ഇതേ പപ്പട കമ്പനിയിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. അജിത്തും ജോലി ചെയ്യുന്നു. അജിത്ത് ജോലി ചെയ്യുന്ന പപ്പട കമ്പനിയുടെ ഉടമയുടെ വീട്ടുകാരും അജിത്തിനെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്ത വീട്ടുകാരും തമ്മിൽ രസത്തിലല്ല. അത്യാവശ്യം പൊലീസ് സ്വാധീനം ഈ വീട്ടുകാർക്കുണ്ട്. പപ്പട കമ്പനിയോടുള്ള വിരോധം തീർക്കാൻ അജിത്ത് എന്ന ജീവനക്കാരനെ ഈ വീട്ടുകാർ ബലിയാടാക്കിയതാണ്. രാത്രി പപ്പട കമ്പനിയിൽ വന്നപ്പോൾ അജിത്ത് വീടിനരികത്തുള്ള മതിലരികിൽ മൂത്രം ഒഴിക്കാൻ നിന്നു. ഈ ഘട്ടത്തിലാണ് വീട്ടുകാർ അജിത്തിനെ പിടികൂടുകയും ഒളിഞ്ഞു നോക്കി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു എന്ന് ആരോപണം ഉയർത്തിയത്.

ഞങ്ങൾ അറിഞ്ഞത് പ്രകാരം അജിത്തിനെ മതിലിനു മുകളിലേക്ക് വലിച്ചെടുത്ത് ആ വീട്ടിന്റെ പരിസരത്ത് എത്തിച്ച ശേഷം ക്രൂരമർദ്ദനം ഏൽപ്പിക്കുകയായിരുന്നു. മൊബൈൽ എന്ന സാധനം കയ്യിലില്ലാത്ത സമയത്താണ് ദൃശ്യങ്ങൾ പകർത്തി എന്ന കള്ളപ്പരാതി ഇവർ ഉയർത്തിയത്. മൊബൈൽ കയ്യിലില്ലാതെ എങ്ങിനെയാണ് ദൃശ്യങ്ങൾ പകർത്തുക. നല്ലവണ്ണം മർദ്ദിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്. ജീപ്പിനകത്തിട്ടു പൊലീസുകാരും നല്ലപോലെ പെരുക്കി. രാത്രി അജിത്ത് ലോക്കപ്പിൽ കിടന്നപ്പോൾ അജിത്തിനെ കുടുംബത്തെ പൊലീസ് പറഞ്ഞയച്ചു. ആ സമയത്ത് തന്നെ ഒരു ഫോൺ കോൾ ഈ വിഷയത്തിൽ പൊലീസിന് വരുകയും ചെയ്തു. ഇതോടെ അജിത്തിന്റെ കാര്യത്തിൽ പൊലീസിന്റെ മനോഭാവം മാറുകയും ചെയ്തു. പൊലീസ് പറഞ്ഞു. നിങ്ങൾ നാളെ അജിത്തിനെ ഇറക്കാൻ തക്ക രീതിയിൽ വന്നാൽ മതി. അതിനുശേഷം രാത്രിയിൽ പുറത്ത് നിന്നെത്തിയ പൊലീസ് സംഘമാണ് അജിത്തിനെ ജീവനോടെ തന്നെ കൊന്നത്. അത്രമാത്രം മർദ്ദനമാണ് ആ കിളുന്നു ശരീരത്തിൽ നെയ്യാറ്റിൻകര പൊലീസ് ഏൽപ്പിച്ചത്. രാത്രി പന്ത്രണ്ടിന് ശേഷമാണ് മർദ്ദനം തുടങ്ങിയത്.

വലിയ ചൂരൽ വടിയും കയ്യുപയോഗിച്ചുള്ള മർദ്ദന മുറകളുമാണ് പ്രയോഗിച്ചത്. അജിത്ത് അവശനായിരുന്നു. അജിത്തിനെ പിറ്റേന്ന് ഏറ്റുവാങ്ങിയ വേളയിൽ തന്നെ ഞങ്ങൾക്ക് അത് ബോധ്യമായിരുന്നു. പിറകുവശത്ത് അത്രയും പാടുകൾ മർദ്ദനബാക്കിയായി നിലനിന്നിരുന്നു. ഞങ്ങൾ അജിത്തിനെ മരുന്നുകൾ കൊണ്ട് ശുശ്രൂഷിക്കുകയായിരുന്നു. പക്ഷെ അജിത്ത് ഒന്നിനും കാത്തുനിന്നില്ല. ആത്മഹത്യയിൽ അഭയം തേടുകയായിരുന്നു. മരണത്തിന്റെ അന്ന് പറഞ്ഞത് നാളെ മുതൽ പണിക്ക് കയറാം എന്നാണ്. വീട്ടിലുള്ള അവന്റെ ബന്ധുക്കളെ തന്ത്രപൂർവം പുറത്തേക്ക് പറഞ്ഞുവിട്ടിട്ടാണ് അജിത്ത് തൂങ്ങിയത്. ഇപ്പോൾ അജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നെയ്യാറ്റിൻകര ഡിവൈഎസ്‌പിക്ക് ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്-വീട്ടുകാർ മറുനാടനോട് പറഞ്ഞു.

നെയ്യാറ്റിൻകര പൊലീസ് പറയുന്നത്

വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്ന പരാതി കിട്ടിയപ്പോഴാണ് ഞങ്ങൾ പോയത്. ചിലർ അജിത്തിനെ പിടിച്ചു വെച്ച നിലയിലായിരുന്നു. കേസ് അങ്ങിനെയായതിനാൽ ഞങ്ങൾ ജീപ്പിൽ ഇങ്ങോട്ട് കൊണ്ടുവന്നു. പിറ്റേന്നാണ് അജിത്തിനെ വിട്ടയച്ചത്. മർദ്ദനം ഒന്നും ഏല്പിച്ചിട്ടില്ല. മർദ്ദിച്ചു എന്ന ആരോപണം ഞങ്ങൾ നിഷേധിക്കുകയാണ്. പിന്നീടുണ്ടായ മരണത്തെ കുറിച്ചൊന്നും അറിയില്ല -നെയ്യാറ്റിൻകര പൊലീസ് മറുനാടനോട് പറഞ്ഞു.

കള്ളക്കേസിൽ കുടുക്കപ്പെട്ടതും, പൊലീസ് മർദ്ദനമേറ്റതിലുള്ള മനോവിഷമവും മൂലം അജിത് ആത്മഹത്യ ചെയ്യുകയായിരുന്നു. തങ്ങൾക്ക് നീതി വേണം എന്നാണ് അജിത്തിന്റെ കുടുംബം പറയുന്നത്. ജ്യേഷ്ഠനെ പൊലീസ് പിടികൂടി മർദ്ദിച്ചു കൊന്നതിനെ തുടർന്ന് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സത്യഗ്രഹം അനുഷ്ഠിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായിരിക്കുന്നു. നെയ്യാറ്റിൻകരയ്ക്ക് തൊട്ടപ്പുറത്തുള്ള പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവ് മരണപ്പെടുന്നത്. സിബിഐ അന്വേഷണം വരെ ഈ കേസിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും നീതി ലഭിക്കാത്തതിന്റെ പേരിൽ ശ്രീജിത്ത് ഇപ്പോഴും സമരം തുടരുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് നെയ്യാറ്റിൻകര പൊലീസിന്റെ മർദ്ദനത്തെ തുടർന്നുള്ള അജിത്തിന്റെ ആത്മഹത്യയും പൊതുധാരയിൽ വരുന്നത്. ശ്രീജിത്തിനെ പോലെ തന്നെ ഇപ്പോൾ അജിത്തിന്റെ കുടുംബവും നീതി തേടി സമരത്തിന് ഇറങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP