Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീകരവാദത്തിന് ഫുൾസ്റ്റോപ്പിടാതെ ഇനി ഒരു തുള്ളി വെള്ളം തരില്ല; പാക്കിസ്ഥാനെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ; കിഴക്കൻ നദികൾ ഇനി ശത്രു രാജ്യത്തേക്ക് ഒഴുകില്ല; സത്‌ലജ്, രവി, ബിയാസ് നദികളിലെ വെള്ളം ഇന്ത്യക്കാർക്ക് മാത്രം; നദികളിലെ വെള്ളം ജമ്മു കാശ്മീരിലേക്കും പഞ്ചാബിലേക്കും വഴിതിരിച്ച് വിടും; പുൽവാമയിൽ പൊലിഞ്ഞ 44 വീര ജവാന്മാരുടെ ജീവന് പകരം ചോദിക്കൽ ശക്തമാക്കി ഇന്ത്യ; യുദ്ധം ചെയ്യാതെ പാക്കിസ്ഥാനെ കൊല്ലാക്കൊല ചെയ്യുന്നത് ഇങ്ങനെ

ഭീകരവാദത്തിന് ഫുൾസ്റ്റോപ്പിടാതെ ഇനി ഒരു തുള്ളി വെള്ളം തരില്ല; പാക്കിസ്ഥാനെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ; കിഴക്കൻ നദികൾ ഇനി ശത്രു രാജ്യത്തേക്ക് ഒഴുകില്ല; സത്‌ലജ്, രവി, ബിയാസ് നദികളിലെ വെള്ളം ഇന്ത്യക്കാർക്ക് മാത്രം; നദികളിലെ വെള്ളം ജമ്മു കാശ്മീരിലേക്കും പഞ്ചാബിലേക്കും വഴിതിരിച്ച് വിടും; പുൽവാമയിൽ പൊലിഞ്ഞ 44 വീര ജവാന്മാരുടെ ജീവന് പകരം ചോദിക്കൽ ശക്തമാക്കി ഇന്ത്യ; യുദ്ധം ചെയ്യാതെ പാക്കിസ്ഥാനെ കൊല്ലാക്കൊല ചെയ്യുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ നടപടിയ്‌ക്കൊരുങ്ങി ഇന്ത്യ. ഇതിന്റെ ആദ്യപടിയെന്നവണ്ണം കിഴക്കൻ നദികളിലെ വെള്ളം പാക്കിസ്ഥാനുമായി പങ്കുവയ്ക്കുന്നത് നിറുത്താനാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. നദികളിലെ ജലം ജമ്മു കശ്മീരിലേക്കും പഞ്ചാബിലേക്കും വഴിതിരിച്ച് വിടുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

നമ്മുടെ മൂന്ന് നദികളിൽ നിന്നും പാക്കിസ്ഥാനിലേക്ക് വെള്ളമൊഴുകുന്നുണ്ടെന്നും പുതിയ പ്രോജക്ട് നടപ്പിലാക്കുന്നത് വഴി ഈ നദികളിലെ ജലം യമുനാ നദിയിലേക്ക് വഴിതിരിച്ച് വിടാനാണ് ഉദ്ദേശിക്കുന്നതെന്നും ഇത് പ്രാവർത്തികമാക്കി കഴിഞ്ഞാൽ യമുനയിൽ കൂടുതൽ ജലമുണ്ടാകുമെന്നുമാണ് ഗഡ്കരി അറിയിച്ചത്.

സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യ സറ്റ്‌ലജ്, ബീസ് എന്നീ നദികൾ പാക്കിസ്ഥാനുമായി പങ്കുവയ്ക്കുന്നുണ്ട്. നദിയിൽ നിന്നും വെള്ളം വിതരണം ചെയ്യുന്നത് നിറുത്തുന്നതിന് പുറമേ പാക്കിസ്ഥാനിൽ നിന്നുമുള്ള ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമായി വർധിപ്പിച്ചിരുന്നു. തിരിച്ചടിക്കൽ നടപടിക്കായി ഇന്ത്യൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ സ്വാതന്ത്രം നൽകുകയും പുൽവാമയിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രഖ്യാപിച്ചിരുന്നു.

സിന്ധു നദിജല വിനിയോഗകരാർ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുള്ള സിന്ധു നദി സ്ഥിര കമ്മിഷന്റെ 115ാമത് യോഗം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ലാഹോറിൽ വച്ച് നടന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒൻപതംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. സിന്ധുനദിജല കരാറിന്റെ ഭാഗമായി ഇന്ത്യ നിർമ്മിക്കുന്ന രണ്ടു ജലസംഭരണികളെ സംബന്ധിച്ചും ജലവൈദ്യുത പദ്ധതികളെക്കുറിച്ചുമായിരുന്നു പ്രധാന ചർച്ച.

ചെനാബ് നദിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പകാൽദൾ, കൽനായി പ്രോജക്ടുകളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുക എന്നാണ് ചർച്ച നടക്കുന്നതിന് മുൻപ് തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നത്. 1960 സെപ്റ്റംബർ 19ന് കറാച്ചിയിൽ വച്ച്പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാക്ക് പ്രസിഡന്റ് അയൂബ് ഖാനും ഒപ്പ് വച്ചതാണ് സിന്ധു നദീജലകരാർ.

ലോകബാങ്കിന്റെ മധ്യസ്ഥതയിലായിരുന്നു കരാർ ഉടമ്പടി ഒപ്പുവച്ചത്. കരാർ പ്രകാരം ബിയാസ്, രവി, സത്ലജ് നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു,ചെനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. സിന്ധു നദിയിൽ നിന്നുള്ള 20 ശതമാനം ജലം ഇന്ത്യയ്ക്കു ഉപയോഗിക്കാം എന്നും കരാറിൽ പറയുന്നു.

തോക്കെടുത്താൽ തീർക്കുമെന്ന് സൈന്യം

കാശ്മീരിൽ ഇനി തോക്കെടുത്ത് ഇറങ്ങുന്നവരെ ഒരു ദാക്ഷിണ്യവും കൂടാതെ വെടിവച്ചുവീഴ്‌ത്തുമെന്നും ഭീകരർക്ക് ഇത് അവസാന മുന്നറിയിപ്പാണെന്നും കരസേന. കാശ്മീരിനെ മോചിപ്പിക്കുമെന്ന മുദ്രാവാക്യമുയർത്തി നിലകൊള്ളുന്ന ഭീകരർക്ക് ഇത് അവസാന അവസരമാണെന്നും എത്രയും വേഗം കീഴടങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആണ് ഇന്ന് ആർമി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ കാശ്മീരിൽ ഇനി വിഘടനവാദം തരിമ്പും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് കേന്ദ്രസർക്കാർ നീങ്ങുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്

കാശ്മീരിലെ ഭീകരർക്ക് അന്ത്യാശാസനം നൽകിക്കൊണ്ടാണ് കാശ്മീരിലെ സേനാ ചുമതലയുള്ള ചിനാർ കോർ കമാൻഡർ കെജെഎസ് ധില്ലൻ ഇന്ന് പത്രസമ്മേളത്തിലൂടെ തോക്കെടുത്താൽ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആയുധംവച്ച് കീഴടങ്ങാം. രാജ്യത്തോട് യുദ്ധം ചെയ്യാൻ ഇറങ്ങിയാൽ അതോടെ ഇല്ലാതാക്കും എന്ന അന്തിമ മുന്നറിയിപ്പാണ് ഇന്ന് സൈന്യം നൽകിയിട്ടുള്ളത്. കാശ്മീരിൽ നിന്നുകൊണ്ട് വിഘടനവാദവും പാക്കിസ്ഥാൻ അനുകൂല നിലപാടും സ്വീകരിക്കുന്നവർക്ക് ഇത് അവസാന അവസരമെന്ന് നൽകിയാണ് പ്രഖ്യാപനം.

ഭീകരർ കീഴടങ്ങുക, അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്നതാണ് ധില്ലൻ പ്രഖ്യാപിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം വന്നത്. ഇത് അവസാന മുന്നറിയിപ്പാണ്. ഇനി ഒരു ദയവും പ്രതീക്ഷിക്കേണ്ട എന്ന് ലഫ്റ്റനന്റ് ജനറൽ കൂടിയായ കെജെഎസ് ധില്ലൻ വ്യക്തമാക്കി. പാക്കിസ്ഥാന്റെ സഹായത്തോടു കൂടിയാണ് കഴിഞ്ഞ ദിവസം പുൽവാമയിൽ ആക്രമണം നടന്നതെന്ന് തെളിഞ്ഞുകഴിഞ്ഞു. ജയ്ഷെ മുഹമ്മദിന്റെ സഹായത്തോടെയാണ് ഇതുണ്ടായത്. കാശ്മീരിലെ ജയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ധില്ലൻ പ്രഖ്യാപിച്ചു. ജമ്മു കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും സൈന്യത്തിന്റെയും മേധാവികൾ സംയുക്തമായി ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശക്തമായ മുന്നറിയിപ്പ്.

ഇന്നലെയാണ് ശക്തമായ തിരിച്ചടിയിലൂടെ സൈന്യം പുൽവാമ ആക്രമണത്തിന് ചുക്കാൻ പിടിച്ച കമ്രാൻ അഥവാ അബ്ദുൽ റഷീദ് ഖാസി ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വെടിവച്ചുവീഴ്‌ത്തിയത്. ഇതോടെ കശ്മീരിൽ ജയ്ഷെയുടെ തലയറുത്തു എന്നുതന്നെയാണ് ഇന്ന് സേനാ തലവൻ കെജെഎസ് ധില്ലൻ വ്യക്തമാക്കിയത്. 18 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് പുൽവാമ സംഭവത്തിൽ ഇന്ത്യ പ്രതികാരം ചെയ്തത്. ഇതോടെ ജയ്ഷെയുടെ സംസ്ഥാനത്തെ നേതൃത്വത്തെ തന്നെ ഇല്ലാതാക്കിയെന്ന് സേനാ മേധാവി പറഞ്ഞു.

രാജ്യത്തോടായി ഞങ്ങൾ പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞായിരുന്നു ധില്ലൻ കാര്യങ്ങൾ വിശദീകരിച്ചത്. ഇതോടെ പാക്കിസ്ഥാന്റെ പങ്ക് നിസ്സംശയം തെളിഞ്ഞിരിക്കുകയാണ്. ഇന്നലെ കൊല്ലപ്പെട്ട മൂന്ന് ഭീകരരും പാക്കിസ്ഥാൻ പൗരന്മാരാണ്. ജയ്ഷെ മുഹമ്മദിന്റെ മൂന്ന് കമാൻഡർമാർ. ഇന്നലെയുണ്ടായ ആക്രമണത്തിൽ മേജർ ഉൾപ്പെടെ നാല് സൈനികരും കൊല്ലപ്പെട്ടിരുന്നു. ജയ്ഷെ ഭീകരന്മാരെ ആക്രമിക്കുമ്പോൾ നാട്ടുകാർ കൊല്ലപ്പെടരുത് എന്ന് സൈന്യം ആഗ്രഹിച്ചിരുന്നു.

അതിനാലാണ് ഇന്നലെ നാല് സൈനികരെ കൂടെ രാജ്യത്തിന് നഷ്ടമായതെന്ന് അവരുടെ ജീവത്യാഗവും ഈ രാജ്യത്തിന് വേണ്ടിയായിരുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് ധില്ലൻ വ്യക്തമാക്കി. കാശ്മീരിലെ മുസ്ളീങ്ങൾക്കിടയിൽ ഒരുവിഭാഗം തീവ്രവാദത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ഏറെക്കാലമായി പാക് അനുകൂല നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അതിർത്തി കടന്ന് ഇവിടെ ഭീകരപ്രവർത്തനത്തിന് എത്തുന്ന ജയ്ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയ്ബ ഭീകരർക്ക് പിന്തുണ നൽകുന്നതും ഒളിവിൽ താമസിക്കാൻ ഇടം നൽകുന്നതുമെല്ലാം ഇത്തരക്കാരാണ്.

ഇത്തരം കുടുംബങ്ങളിൽ നിന്നാണ് പ്രാദേശികമായി ഈ ഭീകര സംഘടനകളും പ്രാദേശിക വിഘടനവാദി ഗ്രൂപ്പുകളും ചെറുബാലന്മാരെയും യുവാക്കളെയും ബ്രെയിൻവാഷ് ചെയ്ത് ഭീകര സംഘടനകളിൽ ചേർക്കുകയാണ് ചെയ്യുന്നത്. ഇനി ഇത്തരം നീക്കം നടന്നാൽ അന്നേരം മരിക്കാൻ തയ്യാറാവുക എന്ന അന്ത്യശാസനയാണ് സൈന്യം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP