Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി സർക്കാരുമായും കോടിയേരിയുമായും ചർച്ച ആഗ്രഹിക്കുന്നില്ല; ഇപ്പോൾ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിക്കുന്നവർ നേരത്തെ പലതവണ ഫോണിൽ സംസാരിച്ചിട്ടും അനുകൂല പ്രതികരണം നടത്താത്തവർ; സുപ്രീംകോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും എടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കും; നിലപാട് തിരുത്തേണ്ടത് സർക്കാരും; സിപിഎമ്മിന്റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് എൻ എസ് എസ്; ശബരിമലയിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് സുകുമാരൻ നായർ വീണ്ടും

ഇനി സർക്കാരുമായും കോടിയേരിയുമായും ചർച്ച ആഗ്രഹിക്കുന്നില്ല; ഇപ്പോൾ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിക്കുന്നവർ നേരത്തെ പലതവണ ഫോണിൽ സംസാരിച്ചിട്ടും അനുകൂല പ്രതികരണം നടത്താത്തവർ; സുപ്രീംകോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും എടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കും; നിലപാട് തിരുത്തേണ്ടത് സർക്കാരും; സിപിഎമ്മിന്റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് എൻ എസ് എസ്; ശബരിമലയിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് സുകുമാരൻ നായർ വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്. നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. എൻ.എസ്.എസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് എൻ എസ് എസ് നിലപാട് വിശദീകരിക്കുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിനായി എൻ എസ് എസ് ഉറച്ചു നിൽക്കുമെന്നും സുകുമാരൻ നായർ വിശദീകരിക്കുന്നു. ഇതോടെ സിപിഎമ്മിന്റെ അനുനയ ശ്രമവും പൊളിയുകായണ്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും നേരത്തെ ഫോണിലൂടെ പല തവണ സംസാരിച്ചതാണെന്നും ഇക്കാര്യത്തിൽ അനുകൂല പ്രതികരണം ഇവരിൽ നിന്നും ഉണ്ടായില്ലെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. ഇതിനു ശേഷം ഒരു ചർച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എൻ.എസ്.എസ് ശ്രമിച്ചിട്ടില്ല. അതിന് ഇനി ആഗ്രഹവുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാൽ അതും നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ല. ശബരിമല വിഷയത്തിൽ വിധി അനുകൂലമായാലും പ്രതികൂലമായാലും എടുത്ത നിലപാടിൽ തന്നെ എൻ.എസ്.എസ് ഉറച്ചു നിൽക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു. നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ശബരിമലയിലെ യഥാർത്ഥ ഹീറോ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണെന്നാണ് വിലിയരുത്തൽ. നാരായണ പണിക്കരിൽ നിന്ന് സമുദായത്തിന്റെ നേതൃത്വം സുകുമാരൻ നായർ ഏറ്റെടുക്കുമ്പോൾ വിവാദ പുരുഷനായിരുന്നു സുകുമാരൻ നായർ. സമുദായ അംഗങ്ങൾ തന്നെ പലവിധ സംശയങ്ങൾ ഉയർത്തി. അദ്ദേഹത്തിന്റെ അർഹത പോലും ചോദ്യം ചെയ്തു. സർക്കാരുകളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന വെള്ളാപ്പള്ളി നടേശനുമായി സുകുമാരൻ നായരെ താരതമ്യം ചെയ്തു. അപ്പോഴും സമുദായത്തിലെ നേതൃപിന്തുണയുടെ മികവിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിയായി സുകുമാരൻ നായർ മുമ്പോട്ട് പോയി. എന്നാൽ ശബരിമല വിഷയത്തിലൂടെ എൻ എസ് എസിന്റെ യഥാർത്ഥ നേതാവായി സുകുമാരൻ നായരും മാറുകയാണ്. ആചാര വിഷയങ്ങളിൽ ഭക്തർക്കൊപ്പം നിൽക്കുന്ന സുകുമാരൻ നായർ ചതിച്ചവർക്ക് പണി കൊടുക്കാനുള്ള തന്ത്രമൊരുക്കയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരായ വികാരം ആളിക്കത്തിക്കാനാണ് എൻ എസ് എസ് നീക്കം. ഇത് തിരുവനന്തപുരം ഒഴികെ എല്ലായിടത്തും കോൺഗ്രസിന് ഗുണകരമായി മാറുമെന്നാണ് സൂചനകൾ പുറത്തു വന്നു. ഇതിനിടെ സിപിഎം സുകുമാരൻ നായരുടെ സ്വാധീനത്തെ കുറിച്ച് സർവ്വേയും നടത്തി. ഇതിന് ശേഷമാണ് സുകുമാരൻ നായരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോടിയേരി പറഞ്ഞത്.

എൻ എസ് എസ് ആസ്ഥാനത്ത് എത്തി പോലും ചർച്ച ചെയ്യാമെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തിൽ സുകുമാരൻ നായരെ കടന്നാക്രമിക്കുന്ന നിലപാടാണ് സിപിഎമ്മും കോടിയേരിയും ആദ്യം എടുത്തത്. കളിയാക്കുക പോലും ചെയ്തു. ഇതിനിടെയാണ് കാസർഗോട്ടെ ഇരട്ട കൊല വില്ലനായെത്തിയത്. ഇതോടെ സ്ത്രീ വോട്ടർമാരുടെ മനസ്സ് എതിരാകുമെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിൽ എൻ എസ് എസിനെ പിണക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലുമെത്തി. ഇതോടെ എൻ എസ് എസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ കോടിയേരി ശ്രമിക്കുകയായിരുന്നു. ഇതാണ് സുകുമാരൻ നായർ തള്ളുന്നത്. ഫലത്തിൽ ഇത് കോൺഗ്രസിന് ഗുണകരമായി മാറും. തിരുവനന്തപുരത്ത് ബിജെപിയും എൻ എസ് എസിന്റെ സഹായം ആഗ്രഹിക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും വിശ്വാസികളെ വഞ്ചിച്ചു. ഈ സാഹചര്യത്തിൽ പിണറായി സർക്കാരിന് പണി കൊടുക്കാനാണ് എൻ എസ് എസ് തീരുമാനം. നായർ സമുദായത്തിന് സ്വാധീനമുള്ളിടത്തെല്ലാം കരുതലോടെ കാര്യങ്ങൾ നീക്കം. ശബരിമല വികാരം വിശ്വാസികളിൽ നിറയ്ക്കുന്നത തരത്തിലാകും ഇടപെടൽ. ഒരിക്കലും പ്രതീക്ഷിക്കാത്ത ചതിയാണ് പിണറായി സർക്കാർ ചെയ്തതെന്നാണ് എൻ എസ് എസ് വിലയിരുത്തൽ. കോൺഗ്രസിന്റേതായി പ്രചരിക്കുന്ന സ്ഥാനാർത്ഥി പട്ടികയിലും സുകുമാരൻ നായർക്ക് എതിർപ്പൊന്നുമില്ല. അതും യുഡിഎഫിന് അനുകൂലമായി മാറും. ഏതായാലും സുകുമാരൻ നായർ നേതാവായി മാറി കഴിഞ്ഞുവെന്ന് കോൺഗ്രസും തിരിച്ചറിയുന്നു. വിശ്വാസികളെ ഒപ്പം നിർത്തിയാണ് എൻ എസ് എസിന്റെ നേതാവായുള്ള സുകുമാരൻ നായരുടെ മാറ്റം. മാതൃഭൂമിയിൽ മീശ നോവലിൽ ഹിന്ദു വിരുദ്ധ പരാമർശങ്ങളുണ്ടായപ്പോഴാണ് അതിശക്തായ ഇടപെടൽ സുകുമാരൻ നായർ നടത്തിയത്. മാതൃഭൂമിയെ പോലും ഞെട്ടിക്കുന്ന തരത്തിൽ പത്രം ബഹിഷ്‌കരിക്കാൻ സുകുമാരൻ നായർ ആഹ്വാനം ചെയ്തു. ഇതിനെ മാതൃഭൂമി പോലും കാര്യമായെടുത്തില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ ഇടപെടൽ സുകുമാരൻ നായർ നടത്തുമെന്നാണ് സൂചന.

ശബരിമല യുവതി പ്രവേശനത്തെ ആർ എസ് എസും ബിജെപിയും കോൺഗ്രസും തുടക്കത്തിൽ അനുകൂലിച്ചു. എന്നാൽ പ്രതിഷേധത്തിനള്ള എൻ എസ് എസിന്റേയും പന്തളം കൊട്ടാരത്തിന്റേയും ആവശ്യം ഭക്തർ ഏറ്റെടുത്തു. നാമജപ പ്രതിഷേധം ആളിക്കത്തി. ഇതോടെയാണ് ആർഎസ്എസ് നിലപാട് മാറ്റിയത്. ബിജെപി പ്രത്യക്ഷ സമരത്തിനും ഇറങ്ങി. ഇതോടെ എൻ എസ് എസും പരിവാറും അടുക്കുകയും ചെയ്തു. അയ്യപ്പജ്യോതിയിലും അയ്യപ്പ ഭക്ത സംഗമത്തിലും ആളുകൾ ഒഴുകിയെത്തി. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സുകുമാരൻ നായരുടെ പിന്തുണയായിരുന്നു. ഇതോടെയാണ് സിപിഎം സുകുമാരൻ നായരെ തള്ളിപ്പറയാൻ തുടങ്ങിയത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയെ കൈയയച്ചു പിന്തുണച്ച എൻ.എസ്.എസ് ലോക് സഭാ തിരഞ്ഞെടുപ്പിൽ കളം മാറുന്നതിന്റെ രാഷ്ട്രീയ അനുകൂലത യുഡിഎഫ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP