Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാക്കിസ്ഥാനിലെ ഏറ്റവും വലിയ ദേശീയ അംഗീകാരവും സ്വർണത്തോക്കും സമ്മാനിച്ച് ഇമ്രാൻ ഖാൻ മുഹമ്മദ് ബിൻ സൽമാനെ വിലയ്ക്കെടുത്തോ...? പുൽവാമ ആക്രമണത്തെ കുറിച്ച് സൗദി രാജകുമാരൻ എന്ത് പറയും എന്നറിയാൻ ആകാംക്ഷയോടെ കാത്ത് ഇന്ത്യ; ഇന്നലെ രാത്രിയിൽ എത്തിയ കിരീടാവകാശി ഇന്ന് മടങ്ങുമ്പോൾ മൗനമെങ്കിൽ ഇന്ത്യക്ക് തിരിച്ചടി; പരിഷ്‌കാരവാദിയായ എംബിഎസ് പാക്ക് ഭീകരതയെ തള്ളുമെന്ന് തന്നെ കരുതി ഇന്ത്യ മുന്നോട്ട്

പാക്കിസ്ഥാനിലെ ഏറ്റവും വലിയ ദേശീയ അംഗീകാരവും സ്വർണത്തോക്കും സമ്മാനിച്ച് ഇമ്രാൻ ഖാൻ മുഹമ്മദ് ബിൻ സൽമാനെ വിലയ്ക്കെടുത്തോ...? പുൽവാമ ആക്രമണത്തെ കുറിച്ച് സൗദി രാജകുമാരൻ എന്ത് പറയും എന്നറിയാൻ ആകാംക്ഷയോടെ കാത്ത് ഇന്ത്യ; ഇന്നലെ രാത്രിയിൽ എത്തിയ കിരീടാവകാശി ഇന്ന് മടങ്ങുമ്പോൾ മൗനമെങ്കിൽ ഇന്ത്യക്ക് തിരിച്ചടി; പരിഷ്‌കാരവാദിയായ എംബിഎസ് പാക്ക് ഭീകരതയെ തള്ളുമെന്ന് തന്നെ കരുതി ഇന്ത്യ മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് ഇന്ത്യാ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് ഡൽഹിയിലെത്തിയത്. തൊട്ട് മുമ്പത്തെ ദിവസത്തെ പാക്കിസ്ഥാൻ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തിയതെന്നതിനാൽ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇന്ത്യ സശ്രദ്ധം ചെവിയോർക്കുകയാണ്. അതായത് പുൽവാമ യിൽ പാക്ക് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 44 സിആർപിഎഫ് പട്ടാളക്കാർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് എംബിഎസ് ഏത് തരത്തിലാണ് പ്രതികരിക്കുകയെന്നാണ് ഇന്ത്യ ഉറ്റ് നോക്കുന്നത്.

എന്നാൽ ഇത് വരെ അതിനെക്കുറിച്ച് രാജകുമാരൻ ഒരക്ഷരം ഉരിയാടിയിട്ടില്ല. പാക്ക് സന്ദർശന വേളയിൽ രാജ്യത്തെ ഏറ്റവും വലിയ ദേശീയ അംഗീകാരവും സ്വർണത്തോക്കും സമ്മാനിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എംബിഎസിനെ വിലയ്ക്കെടുത്തോ എന്ന ചോദ്യവും ഇതിനെ തുടർന്ന് ഇന്ത്യയിൽ വ്യാപകമായി ഉയരുന്നുണ്ട്. ഇന്ന് ഇന്ത്യയിൽ നിന്നും മടങ്ങുന്ന എംബിഎസ് പാക്ക് ഭീകരതാ വിഷയത്തിൽ മൗനം തുടരുകയാണെങ്കിൽ അത് ഇന്ത്യയ്ക്ക് കടുത്ത തിരിച്ചടിയാകുമെന്നുറപ്പാണ്. എന്നാൽ ഒരു ചോദ്യത്തിനുള്ള മറുപടിയെന്ന നിലയിലെങ്കിലും പാക്ക് ഭീകരതയെ എംബിഎസ് തള്ളുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.

എംബിഎസിന്റെ പാക്കിസ്ഥാൻ സന്ദർശനം വൻ വിജയമായിരുന്നുവെന്നാണ് വാഴ്‌ത്തപ്പെടുന്നത്. സൗദി ജയിലുകളിൽ കഴിയുന്ന 2000ത്തിൽ അധികം തടവ് പുള്ളികളെ വിട്ടയക്കണമെന്ന പാക്കിസ്ഥാന്റെ അഭ്യർത്ഥന അനുഭാവ പൂർവം പരിഗണിക്കാണെന്ന് എംബിഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ 2000 കോടിയുടെ നിക്ഷേപം പാക്കിസ്ഥാനിൽ നടത്താനും എംബിഎസ് സമ്മതിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരുന്നു എംബിഎസിന് എലാബറേറ്റഡ് ഹെക്ക്ലർ ആൻഡ് കോച്ച് എംപി5കെ എന്ന സ്വർണത്തിൽ കെട്ടിയ തോക്ക് സെനറ്റ് ചെയർമാൻ സാദിഖ് സൻജ് റാനി തിങ്കളാഴ്ച സമ്മാനമായി നൽകിയത്.

അതിന് മുമ്പത്തെ ദിവസം പാക്ക് പ്രസിഡന്റ് അരിഫ് അൽവിയും പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്കിസ്ഥാനിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ നിഷാൻ ഇ പാക്കിസ്ഥാനി നൽകിയിരുന്നു. ഇതിന് പുറമെ എംബിഎസിന് ഒരു ഫൈറ്റർ ജെറ്റ് എസ്‌കോർട്ട്, 21 ഗൺ സല്യൂട്ട്,. ഗാർഡ് ഓഫ് ഓണേർസ്, എന്നിവയും പാക്കിസ്ഥാനിൽ ഒരുക്കിയിരുന്നു. പാക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം റിയാദിലേക്ക് തിരിച്ച് പോയതിന് ശേഷമാണ് എംബിഎസ് വീണ്ടും ഇന്ത്യയിലേക്ക് വന്നത്. ഇവിടെ നിന്നും അദ്ദേഹം ചൈനയിലേക്കാണ് പോകുന്നത്. സൗദി ജേർണലിസ്റ്റും സൗദി ഭരണകൂടത്തിന്റെ വിമർശകനുമായിരുന്ന ജമാൽ ഖഷോഗിയെ വധിച്ചതിന്റെ ഉത്തരവാദിത്വം ഉണ്ടാക്കിയ നാണക്കേടിൽ നിന്നും മോചനം ലക്ഷ്യമിട്ടാണ് എംബിഎസ് ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനിറങ്ങിയിരിക്കുന്നത്.

പുൽവാമ ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും കടുത്ത സംഘർഷാവസ്ഥയിൽ നിലകൊള്ളുമ്പോഴാണ് എംബിഎസ് ഇരു രാജ്യങ്ങളും സന്ദർശിച്ചിരിക്കുന്നതെന്നത് നിർണായകമാണ്. ജെയ്ഷ് ഇ മുഹമമദ് ഭീകരൻ പുൽവാമയിൽ നടത്തിയ കൂട്ടക്കുരുതിയെ തുടർന്ന് പാക്കിസ്ഥാനുമായി അതിർത്തി പങ്ക് വയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. അതായത് ഗുജറാത്ത്, അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിഎസ്എഫ് കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. അതിർത്തിയിലെ റോഡുകളിൽ 24 മണിക്കൂറും കടുത്ത പരിശോധന നടത്താൻ ബിഎസ്എഫ്, മറൈൻ പൊലീസ്, സെക്യൂരിറ്റി ഏജൻസികൾ എന്നിവയോട് നിർദ്ദേശിച്ചിരിക്കുന്നുവെന്നാണ് മുതിർന്ന ഗവൺമെന്റ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നത്.

പാക്കിസ്ഥാനുമായി കടൽ മാർഗവും കരമാർഗവും ഉള്ള അതിർത്തികളിൽ കടുത്ത ജാഗ്രതയാണ് ബിഎസ്എഫും നാവിക സേനയും പുലർത്തുന്നത്. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ബസുകൾ, റെയിൽ വേ സ്റ്റേഷനുകൾ, തുടങ്ങിയ ഇടങ്ങളിലെല്ലാം കടുത്ത പരിശോധനകൾ നടക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ കടുത്ത സുരക്ഷാ പരിശോധനകളും നടക്കുന്നുണ്ട്. ബിഎസ്എഫ് ഔട്ട് പോസ്റ്റുകളിലെ സുരക്ഷ വർധിപ്പിച്ചിട്ടുമുണ്ട്.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ പാക്കിസ്ഥാന്റേതു വലിയ നേട്ടം ആണെന്നാണ് കഴിഞ്ഞ ദിവസം അവിടം സന്ദർശിച്ചപ്പോൾ സൗദി കിരീടാവകാശി അഭിപ്രായപ്പെട്ടത്. ഭീകരസംഘടനകൾക്കെതിരെ രാജ്യാന്തര തലത്തിലുള്ള ഉപരോധത്തിന് രാഷ്ട്രീയ പരിഗണനകൾ പാടില്ലെന്നും പാക്ക് പക്ഷത്തോടു യോജിച്ച് അദ്ദേഹം നിലപാടെടുത്തു. രണ്ടു കാര്യങ്ങളിലും ഇന്ത്യയ്ക്കു വിയോജിപ്പുണ്ട്. എന്നാൽ, കശ്മീർ വിഷയത്തിൽ പാക്ക് വാദങ്ങൾ സൗദി അംഗീകരിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ കേന്ദ്രങ്ങൾ എടുത്തുപറയുന്നു. ചർച്ചയാണ് പ്രശ്‌നങ്ങൾക്ക് ഏക പരിഹാരമെന്നാണ് പാക്ക് പ്രധാനമന്ത്രിയെക്കൊണ്ട് മുഹമ്മദ് ബിൻ സൽമാൻ പറയിച്ചത്. ഡൽഹിയിലും അതേ നിലപാടിന് അദ്ദേഹം ഊന്നൽ നൽകുമെന്നാണു വിലയിരുത്തൽ.

ഭീകരവാദം തടയാൻ കൃത്യവും വ്യക്തവുമായ നടപടിയില്ലാതെ എങ്ങനെ ചർച്ചയെന്ന ചോദ്യമാവും ഇന്ത്യൻ നേതൃത്വം ഉന്നയിക്കുക. ഭീകരവാദത്തിൽ പാക്കിസ്ഥാന്റെ പങ്കു സൂചിപ്പിക്കുന്ന സംയുക്തപ്രസ്താവനയ്ക്ക് സൗദി തയാറാകുമോ എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ നാലാം സ്ഥാനത്താണ് സൗദി. മുൻവർഷത്തെ അപേക്ഷിച്ച് 2017-18 ൽ ഉഭയകക്ഷി വ്യാപാരത്തിൽ 10% വർധനയുണ്ടായി. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയുടെ 17% സൗദിയിൽ നിന്നാണ്. സൗദിയുടെ അരാംകോ എണ്ണക്കമ്പനി, മഹാരാഷ്ട്രയിലെ രത്‌നഗിരി റിഫൈനറി പദ്ധതിയിൽ മുതൽ മുടക്കാൻ ഇന്ത്യൻ കമ്പനികളുമായി കരാറുണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP