Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിയ്യൂർ ജയിലിന് മുന്നിൽ സമരം ചെയ്ത കോടിയേരി ഇപ്പോൾ പറയുന്നു കൊടി സുനി പാർട്ടിക്ക് ആരുമല്ലെന്ന്; ടിപി കേസിലെ 12 പ്രതികളും സിപിഎം അനുഭാവികളെന്ന് നിയമസഭയിൽ തുറന്ന് പറഞ്ഞ് പിണറായി വിജയൻ; കുഞ്ഞനന്തനെ രക്ഷിക്കാനും പരോൾ നൽകാനും എല്ലാ അടവും പയറ്റുമ്പോഴും കൊടി സുനിയുടെ കാര്യത്തിൽ സിപിഎമ്മിൽ ഭിന്നത; പങ്കില്ലെന്ന പതിവ് പല്ലവി ആവർത്തിക്കുമ്പോഴും പെരിയ ഇരട്ടക്കൊലയിലും കണ്ണൂർ മോഡൽ ചർച്ചയാകുമ്പോൾ ഉത്തരം മുട്ടി സിപിഎം നേതൃത്വം

വിയ്യൂർ ജയിലിന് മുന്നിൽ സമരം ചെയ്ത കോടിയേരി ഇപ്പോൾ പറയുന്നു കൊടി സുനി പാർട്ടിക്ക് ആരുമല്ലെന്ന്; ടിപി കേസിലെ 12 പ്രതികളും സിപിഎം അനുഭാവികളെന്ന് നിയമസഭയിൽ തുറന്ന് പറഞ്ഞ് പിണറായി വിജയൻ; കുഞ്ഞനന്തനെ രക്ഷിക്കാനും പരോൾ നൽകാനും എല്ലാ അടവും പയറ്റുമ്പോഴും കൊടി സുനിയുടെ കാര്യത്തിൽ സിപിഎമ്മിൽ ഭിന്നത; പങ്കില്ലെന്ന പതിവ് പല്ലവി ആവർത്തിക്കുമ്പോഴും പെരിയ ഇരട്ടക്കൊലയിലും കണ്ണൂർ മോഡൽ ചർച്ചയാകുമ്പോൾ ഉത്തരം മുട്ടി സിപിഎം നേതൃത്വം

എം മനോജ് കുമാർ

തിരുവനന്തപുരം: സിപിഎമ്മിന്റെ ക്വട്ടേഷൻ അധിപതി കൊടി സുനിയുടെ കാര്യത്തിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ രണ്ടു തട്ടിൽ. കൊടി സുനി പാർട്ടി അനുഭാവിയും ടിപി വധത്തിൽ പിടിയിലായ പന്ത്രണ്ട് പ്രതികൾ പാർട്ടി അനുഭാവികൾ ആണെന്നും പഴയ പാർട്ടി സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നിയമസഭയിൽ പറയുമ്പോൾ നിലവിലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നതുകൊടി സുനിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ്.

കൊടി സുനിയുടെ കാര്യത്തിൽ സിപിഎം പുലർത്തുന്ന ഇരട്ടത്താപ്പാണ് ഈ പ്രതികരണങ്ങളിൽ ദൃശ്യമാകുന്നത്. ടിപി വധത്തിൽ എത്ര പ്രതികളെ ശിക്ഷിച്ചിട്ടുണ്ട് അവർ ഏത് രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളാണ് എന്ന് എൻ.ഷംസുദ്ദീന്റെ ചോദ്യത്തിനു നിയമസഭയിൽ നൽകിയ മറുപടിയിലാണ് കൊടി സുനി സിപിഎം അനുഭാവിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പ്രതികൾ സിപിഎം അനുഭാവികൾ ആണെന്ന് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂരിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ തുറന്നു പറച്ചിൽ പാർട്ടിക്ക് പ്രയാസമാണെന്നാണ് ഇരു പ്രതികരണങ്ങളും വിരൽ ചൂണ്ടുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ ടിപി വധത്തിന്റെ സമയത്ത് നിലനിൽക്കുന്ന സമാന സാഹചര്യം കാസർകോട് പെരിയ കൊലപാതകങ്ങളുടെ സാഹചര്യത്തിൽ കേരളത്തിൽ നിലനിൽക്കുമ്പോഴാണ് കൊടി സുനിയുടെ പാർട്ടി ബന്ധം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിഷേധിക്കുന്നത്. . ടിപി വധത്തിന്റെ ഉത്തരവാദിത്തം കെസി രാമചന്ദ്രന്റെ തലയിൽ കെട്ടിവെച്ച് സിപിഎം കൈകഴുകാൻ ശ്രമം നടത്തി. ഇപ്പോൾ പെരിയ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം പെരിയ സിപിഎം ലോക്കൽ കമ്മറ്റി അംഗം പീതാംബരന്റെ ചുമലിൽ കെട്ടിവെച്ച് കൈകഴുകാനാണ് സിപിഎം ശ്രമിക്കുന്നതും.

കൊടി സുനിക്ക് യാതൊരു പാർട്ടി ബന്ധവുമില്ലെന്ന് കോടിയേരി പറയുമ്പോഴും സുനിക്ക് ടിപി വധത്തിൽ മർദ്ദനം ഏറ്റപ്പോൾ സിപിഎം അസ്വസ്ഥരായി. തടയാൻ കഴിയും പോലെ ഈ മർദ്ദനം സിപിഎം തടയാൻ ശ്രമിച്ചു. വിയ്യൂർ ജയിലിൽ കൊടി സുനിക്ക് മർദ്ദനം എന്ന് വാർത്ത വന്നപ്പോഴും സിപിഎം ഉന്നത നേതൃത്വം അസ്വസ്ഥരായി. ടി പി വധക്കേസിലെ പ്രതികൾക്കു വേണ്ടി കേസു നടത്തിയതും ഹൈക്കോടതിയിൽ അപ്പീൽ പോയതും സി പി എം നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു. കൊടി സുനിക്കും കൂട്ടർക്കും വിയ്യൂരിൽ മർദ്ദനം എന്നറിഞ്ഞപ്പോൾ സുനി പാർട്ടി അംഗമല്ല എന്ന് ഇപ്പോൾ പറഞ്ഞ ഇതേ കോടിയേരിയുടെ നേതൃത്വത്തിൽ തന്നെയാണ് വിയ്യൂർ ജെയിലിനു മുന്നിൽ സിപിഎം സത്യഗ്രഹമിരുന്നത്. ഇതൊന്നും മറക്കാൻ സമയമായിട്ടില്ലാത്ത ഘട്ടത്തിൽ തന്നെയാണ് കൊടി സുനിക്ക് പാർട്ടിബന്ധമില്ല എന്ന വിവാദ പ്രസ്താവനയുമായി കോടിയേരി രംഗത്തു വരുന്നത്.

പാർട്ടി അംഗവും അനുഭാവിയുമല്ലാത്ത കൊടി സുനിക്ക് വേണ്ടി എന്തിനാണ് പാർട്ടി രംഗത്തിറങ്ങിയത് എന്ന ചോദ്യവും ഈ പ്രസ്താവന നടത്തുന്ന സമയത്ത് കോടിയേരിയേയും പാർട്ടിയേയും തുറിച്ചു നോക്കുന്നുമുണ്ട്. കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങൾ പൊതുദൃഷ്ടിയിൽ വരുമ്പോൾ സിപിഎം എപ്പോഴും ഒളിച്ചു കളി തുടരാറുണ്ട്. കൊലപാതകങ്ങളുടെ കാര്യത്തിൽ വരെ ഈ ഒളിച്ചുകളി വ്യക്തവുമാണ്. ടിപിയുടെ വധത്തിനു പാർട്ടി സംഘങ്ങൾ പുറപ്പെട്ടത് മുസ്ലിം തീവ്രവാദ പോസ്റ്ററുകൾ ഒട്ടിച്ച ഇന്നോവ കാറിലാണ്.

ഇതുതന്നെ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളിൽ ഒന്നായിരുന്നു. ആ സമയത്ത് നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുകയായിരുന്നു. ഈ സമയത്താണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് ടിപിവധം സിപിഎം നടപ്പിലാക്കിയത്. 51 വെട്ടുകൾ കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറിയപ്പോൾ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎം ശക്തമായി നിഷേധിച്ചു. പക്ഷെ പ്രതികൾ പിടിയിലായപ്പോൾ സിപിഎം പ്രതിരോധത്തിലായി. മുഖ്യമന്ത്രി സഭയിൽ നൽകിയ ഈ മറുപടിയിൽ പറഞ്ഞ കാര്യമാണ് സിപിഎമ്മിനെ അന്ന് പ്രതിരോധത്തിൽ ആക്കിയത്.

12 പ്രതികളും സിപിഎം അനുഭാവികൾ എന്ന് മുഖ്യമന്ത്രി ഇപ്പോൾ സഭയിൽ പറഞ്ഞെങ്കിലും കൊലപാതകം നടന്ന കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പൊലീസ് തന്നെ യഥാർത്ഥ പ്രതികളെ കുരുക്കി ഈ വസ്തുത വെളിയിൽ കൊണ്ടുവന്നിരുന്നു. മുസ്ലിം സ്റ്റിക്കറും, പ്രതികളെ തിരിച്ചറിയാതിരിക്കാൻ പയറ്റിയ മറ്റു തന്ത്രങ്ങളും ഒന്നും അപ്പോഴും വിലപ്പോയതുമില്ല. കൊലയാളി സംഘത്തിൽപ്പെട്ട രജീഷ് ഉൾപ്പെടെയുള്ളവർ ടിപി വധത്തെകുറിച്ചുള്ള വെളിപ്പെടുത്തൽ പൊലീസിന് മുന്നിൽ നടത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ പെരിയ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നപ്പോഴും സിപിഎം പറയുന്നത് ഇടതുമുന്നണി വടക്കൻ മേഖലാ ജാഥ ഉദുമയിൽ നടക്കുമ്പോഴാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത് എന്നാണ്. ഇത്തരം രാഷ്ട്രീയ ജാഥകൾ നടക്കുമ്പോൾ എങ്ങിനെ ഇത്തരം കാര്യങ്ങൾ പാർട്ടിക്ക് ചെയാൻ കഴിയും എന്നാണ് പെരിയ കൊലപാതകങ്ങളുടെ കാര്യത്തിൽ സിപിഎം ചോദിക്കുന്ന ചോദ്യം. ഇതേ ചോദ്യം ടിപി വധ സമയത്തും സിപിഎം ഉയർത്തിയിരുന്നു.

നെയാറ്റിൻകര പ്രചാരണം മുറുകുന്ന സമയത്ത് ഇത്തരം ഒരു കൊലപാതകം സിപിഎം ആസൂത്രണം ചെയ്യില്ലാ എന്നാണ് പാർട്ടി പറഞ്ഞത്. പക്ഷെ അത് കളവായിരുന്നു എന്ന് പിനീട് തെളിഞ്ഞു. അതേസമയം സുനിയുടെ കാര്യത്തിൽ ഉരുണ്ടു കളിക്കുന്നുണ്ടെങ്കിലും കുഞ്ഞനന്തന്റെ കാര്യത്തിൽ സിപിഎം ശക്തമായ നിലപാടിലാണ് ഇപ്പോഴും. ടി.പി വധക്കേസിൽ കുഞ്ഞനന്തനെ തെറ്റായി പ്രതിചേർത്താണെന്ന് കോടിയേരി ബാലകൃഷ്ണൻ ഇപ്പോഴും പ്രതികരിക്കുന്നത്.

പക്ഷെ പെരിയ കൊലപാതകങ്ങൾക്ക് പിന്നിൽ സിപിഎം അല്ലാ എന്ന് തുറന്നുപറയാൻ പാർട്ടി സെക്രട്ടറി തയ്യാറാകുന്നുമില്ല. പ്രതികൾ സിപിഎംകാരാണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ എന്നെത്തെയും പോലെ പെരിയ കൊലപാതകങ്ങളിലും പാർട്ടിക്ക് കാലിടറുകയാണ്. രക്ഷിക്കാൻ ഉയർത്തുന്ന വാദങ്ങൾ ഒന്നും തന്നെ പാർട്ടിയെ പ്രതിരോധിക്കാനും എത്തുന്നില്ല എന്നാണ് പെരിയ കൊലപാതകങ്ങളും ഇപ്പോൾ കേരളത്തോട് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP