Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് കോൺഗ്രസുകാരെ കൊന്ന കേസിൽ ഡമ്മി പ്രതികളെയല്ല; യഥാർത്ഥ പ്രതികളെ പിടിക്കണം; കൃപേഷ് ആഗ്രഹിച്ചിരുന്നത് ഒരു പട്ടാളക്കാരനാകാനും ജോലി വഴി സ്വന്തമായൊരു വീട് വയ്ക്കണമെന്നും; കൊലപാതകത്തിന് പിന്നിൽ പാർട്ടിയുടെ അറിവോടും സമ്മതത്തോടും കൂടി പരിശീലനം ലഭിച്ചവർ; ഷുഹൈബ്, ടി.പി വധക്കേസിന്റെ അന്വേഷണത്തിൽ താൻ തൃപ്തനല്ല: സിപിഎമ്മിനും സർക്കാറിനുമെതിരെ മുല്ലപ്പള്ളി; സിബിഐ അന്വേഷണ ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തം

യൂത്ത് കോൺഗ്രസുകാരെ കൊന്ന കേസിൽ ഡമ്മി പ്രതികളെയല്ല; യഥാർത്ഥ പ്രതികളെ പിടിക്കണം; കൃപേഷ് ആഗ്രഹിച്ചിരുന്നത് ഒരു പട്ടാളക്കാരനാകാനും ജോലി വഴി സ്വന്തമായൊരു വീട് വയ്ക്കണമെന്നും; കൊലപാതകത്തിന് പിന്നിൽ പാർട്ടിയുടെ അറിവോടും സമ്മതത്തോടും കൂടി പരിശീലനം ലഭിച്ചവർ; ഷുഹൈബ്, ടി.പി വധക്കേസിന്റെ അന്വേഷണത്തിൽ താൻ തൃപ്തനല്ല: സിപിഎമ്മിനും സർക്കാറിനുമെതിരെ മുല്ലപ്പള്ളി; സിബിഐ അന്വേഷണ ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മിനും സർക്കാറിനുമെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിൽ ഡമ്മി പ്രതികളെയല്ല, യഥാർത്ഥ പ്രതികളെ പിടിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്ന കാര്യത്തിൽ പരാജയപ്പെട്ട സർക്കാരിനെതിരെ ബുധനാഴ്ച കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാർട്ടി പ്രതിഷേധസംഗമങ്ങൾ സംഘടിപ്പിക്കും. പ്രതികൾ കർണാടകയിലേക്ക് കടന്നുവെന്നും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സാഹചര്യം സർക്കാർ ഒരുക്കുകയാണെന്നും മുല്ലപ്പള്ളി കൊച്ചിയിൽ പറഞ്ഞു.

പൊലീസും ആഭ്യന്തരവകുപ്പും കൂടി ഒളിച്ചുകളി നടത്തുകയാണ്. കൊല ചെയ്യപ്പെട്ട കൃപേഷ് ഒരു പട്ടാളക്കാരനാകണമെന്നും ആ ജോലി വഴി സ്വന്തമായൊരു വീട് വയ്ക്കണമെന്നും ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്നു. ഇത്രയും ശോചനീയമായ വീടുകൾ കേരളത്തിലുണ്ടെന്ന് പോലും വിശ്വസിക്കാനാകാത്തത്ര ദരിദ്രകുടുംബമാണ് കൊല്ലപ്പെട്ട കുട്ടികളിലൊരാളായ കൃപേഷിന്റേതെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാസർഗോഡ് ഇരട്ട കൊലപാതകത്തിൽ പൊലീസും സർക്കാരും ഒത്തുകളിക്കുകയാണെന്ന ആരോപണമാണ് മുല്ലപ്പള്ളി ഉന്നയിക്കുന്നത്. പാർട്ടിയുടെ അറിവോടും സമ്മതത്തോടും കൂടി പരിശീലനം ലഭിച്ചവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചു.സിപിഎമ്മിന് ഡമ്മി പ്രതികളെ ഇറക്കുന്ന ശീലമുണ്ട്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും തമ്മിലുള്ള ബന്ധം. ഇവർ സ്റ്റാലിനിസ്റ്റുകളാണെന്നും ക്രിമിനൽ മനസ്സുള്ളവരാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഇവരുടെ മനസ്സിൽ പാവപ്പെട്ടവരോടും നിരാലംബരോടും പ്രത്യേകിച്ച് മനുഷ്യരോട് അല്പം പോലും കാരുണ്യമില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു.സിപിഎമ്മിന്റെ നവോത്ഥാന മുദ്രാവാക്യം കാപട്യമാണ്. ഇത് പറയുമ്പോഴും സിപിഎം ആസൂത്രിതമായി കൊലപാതകങ്ങൾ നടത്തുകയാണ്. ഇതിനെയാണ് ഉന്മൂലന സിദ്ധാന്തം എന്ന് പറയുന്നത്. ഏതുകൊലപാതകം നടത്തിയാലും പാർട്ടിക്ക് പങ്കില്ലെന്ന് പറയാറുണ്ട്. പിടിക്കെപ്പെട്ടാൽ അപലപിക്കുന്നു എന്ന വാക്ക് പറഞ്ഞ് ഒഴിയുകയും ചെയ്യും. ഇത് സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൃപേഷും ശരത്തും ബേക്കൽ പൊലീസിന് ഭീഷണിയുള്ള കാര്യം പലതവണ റിപ്പോർട്ട് ചെയ്തിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ല. സിപിഎമ്മിലെ മന്ത്രിമാരെ പോലെ സമ്പന്നരല്ല ഞങ്ങൾ, അതിനാൽ അവരുമായി മത്സരിക്കാൻ തയ്യാറല്ലെന്ന് കൃപേഷിന്റെ പിതാവ് പറഞ്ഞ കാര്യം മുല്ലപ്പള്ളി ആവർത്തിച്ചു. കഴിഞ്ഞ അൻപത് വർഷമായി കണ്ണൂരിൽ നടക്കുന്ന ആസൂത്രിത കൊലപാതകങ്ങൾ പിണറായി വിജയന്റെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.ടി.പി വധക്കേസിലും ഷുഹൈബ് വധക്കേസിലും ഉന്നത സിപിഎമ്മിന്റെ നേതാക്കൾക്ക് ബന്ധമുണ്ട്. ഷുഹൈബ്, ടി.പി വധക്കേസിന്റെ അന്വേഷണത്തിൽ താൻ തൃപ്തനല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

അതേസമയം പൊലീസ് അന്വേഷണം ഒരു വശത്ത് പുരോഗമിക്കുമ്പോഴും കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും ആക്രമിച്ച സ്ഥലത്തു നിന്ന് ഒരു വടിവാളിന്റെ പിടി പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ആയുധം കൃത്യം നടന്നതിനു സമീപമുള്ള പറമ്പുകളിൽ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകാം എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്. പ്രദേശത്തെ കുറ്റിക്കാടുകളിലടക്കം മെറ്റൽ ഡിക്‌റ്റെക്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കൂടുതൽ പരിശോധന നടത്താനാണ്അന്വേഷണ സംഘത്തിന്റെ ആലോചന.

ഇതോടൊപ്പം കൃത്യം നടക്കുന്ന സമയത്ത്പ്രദേശത്തെ വിവിധ ടവറുകളുടെ പരിധിയിൽ നിന്നുണ്ടായ ഫോൺ വിളികളും പൊലീസ് വിശദമായി പരിശോധിക്കും. നിലവിൽ രണ്ടു ഡിവൈഎസ്‌പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലികരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികൾ വലയിലാകുമെന്ന ആത്മവിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്. അതേസമയം പ്രതികളെ ഉടൻ പിടികൂടുന്നില്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP