Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോപണങ്ങൾ തെറ്റിദ്ധാരണാജനകം; ആറു ലക്ഷം രൂപ അടച്ചാൽ വൺ ടൈം സെറ്റിൽമെന്റ് നടത്താം എന്ന് പറഞ്ഞിട്ടില്ല; ചന്ദ്രൻ അടയ്ക്കാനുള്ളത് 12 ലക്ഷം രൂപ തന്നെ; കേസ് ഉള്ളത് കാരണം അഞ്ച് ലക്ഷം അടച്ചത് ലോൺ അകൗണ്ടിൽ ഉൾപ്പെടുത്താൻ സാധിക്കില്ല; കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കും; കാട്ടക്കട ബ്രാഞ്ചിൽ നിന്ന് ലോൺ എടുത്ത ചന്ദ്രന്റെ ആരോപണങ്ങൾക്ക് വിശദീകരണവുമായി ഫെഡറൽ ബാങ്ക്

ആരോപണങ്ങൾ തെറ്റിദ്ധാരണാജനകം; ആറു ലക്ഷം രൂപ അടച്ചാൽ വൺ ടൈം സെറ്റിൽമെന്റ് നടത്താം എന്ന് പറഞ്ഞിട്ടില്ല; ചന്ദ്രൻ അടയ്ക്കാനുള്ളത് 12 ലക്ഷം രൂപ തന്നെ; കേസ് ഉള്ളത് കാരണം അഞ്ച് ലക്ഷം അടച്ചത് ലോൺ അകൗണ്ടിൽ ഉൾപ്പെടുത്താൻ സാധിക്കില്ല; കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കും; കാട്ടക്കട ബ്രാഞ്ചിൽ നിന്ന് ലോൺ എടുത്ത ചന്ദ്രന്റെ ആരോപണങ്ങൾക്ക് വിശദീകരണവുമായി ഫെഡറൽ ബാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ നിന്ന് കാർഷിക ലോൺ എടുത്ത് പ്രതിസന്ധിയിലായ ചന്ദ്രനുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി നൽകിയ വാർത്തയ്ക്ക് വിശദീകരണവുമായി ഫെഡറൽ ബാങ്ക് അധികൃതർ. കാർഷിക ലോൺ എടുത്തതുമായി ബന്ധപ്പെട്ട് ചന്ദ്രന് ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ 12 ലക്ഷം രൂപ കുടിശികയുണ്ട്. പലിശയും ചേർത്താണ് ഈ തുക വന്നത്. എന്നാൽ ലോൺ കാലാവധി പിന്നിടുകയും ഇത് നോൺ പെർഫോർമിങ്ങ് അസറ്റായി പ്രഖ്യാപിക്കുകയും ചെയ്തു. നെടുമങ്ങാട് സബ് കോടതിക്ക് മുൻപാകെ ഇതിന്റെ നടപടികൾക്കായുള്ള നീക്കങ്ങൾ നടക്കുകയാണ്. ചന്ദ്രനെതിരെ ഇതുവരെ നടപടികൾ ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ലോണിന്റെ കാര്യത്തിൽ അഞ്ചു ലക്ഷം രൂപ ചന്ദ്രൻ ഫെബ്രുവരി എട്ടിന് അടച്ചപ്പോൾ തന്നെ ചന്ദ്രന് മൊത്തം 12 ലക്ഷം കുടിശികയുണ്ട് എന്ന കാര്യം ചന്ദ്രനെ ബാങ്ക് ബോധ്യപ്പെടുത്തിയിരുന്നു. അഞ്ചു ലക്ഷം അടച്ചതിനു ശേഷം ഇനി ഏഴുലക്ഷം രൂപ അടയ്ക്കാനുണ്ട് എന്നാണ് ബാങ്ക് ചന്ദ്രനെ അറിയിച്ചത്. അഞ്ചു ലക്ഷം അടച്ചപ്പോൾ അതിനു ബാങ്ക് രസീതിയും നൽകിയിരുന്നു. ചന്ദ്രൻ അഞ്ചു ലക്ഷം രൂപ അടച്ചത് കേസ് ഫയൽ ചെയ്ത അക്കൗണ്ടിലായതിനാൽ ലോൺ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റ് ചെയ്തിട്ടില്ല. ഇത് ബാങ്ക് നാളുകളായി പിന്തുടർന്ന് വരുന്ന ചട്ടമാണ്. ബാക്കി ഏഴ് ലക്ഷം രൂപ അടയ്ക്കണമെന്ന് കാട്ടി ബാങ്ക് അധികൃതർ ചന്ദ്രന് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇയാൾ ഇതിന് തയാറായില്ലെന്ന് മാത്രമല്ല ലോൺ ക്ലോസ് ചെയ്യാനുള്ള അപേക്ഷയും സമർപ്പിച്ചിരുന്നില്ല. ആറുലക്ഷം രൂപ അടച്ചാൽ ചന്ദ്രന്റെ ബാധ്യതകൾ അവസാനിക്കും എന്ന് ബാങ്ക് ചന്ദ്രനോട് പറഞ്ഞിട്ടില്ല.

എന്നാൽ ഫെബ്രുവരി എട്ടിന് അഞ്ചു ലക്ഷം രൂപ അടച്ച ചന്ദ്രൻ 13ന് അഭിഭാഷകനും ആളുകളുമായി ബാങ്കിൽ എത്തുകയും മുൻപ് അടച്ച അഞ്ചു ലക്ഷം രൂപയിൽ ബാധ്യത തീർക്കണമെന്ന് ആവശ്യപ്പെടുകയും ബാങ്കിൽ ബഹളം വയ്ക്കുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി എട്ട് മണി വരെ മൂന്ന് വനിതകൾ ഉൾപ്പടെയുള്ള ബാങ്ക് സ്റ്റാഫിനെ തടഞ്ഞ് വയ്ക്കുകയും ചെയ്തിരുന്നു. ഈ സമയം ബാങ്കിൽ നിന്നും പൊലീസ് സഹായവും അഭ്യർത്ഥിച്ചിരുന്നു. ബാങ്കിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതിനും അക്രമം നടത്തിയതിനും ചന്ദ്രനെതിരെ നിയമ നടപടി എടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ ബാങ്ക് ആലോചിക്കുകയാണ്. എന്നാൽ ഈ പ്രശ്‌നത്തിൽ സത്യത്തിന് വിരുദ്ധമായി ചന്ദ്രൻ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും തെറ്റിധരിപ്പിക്കുകയും ചെയ്തു. ബാങ്ക് മാനേജർ ഇയാളുടെ വീട്ടിൽ ചെന്നെന്നും സെയിൽ നോട്ടീസ് പതിച്ചു എന്നതടക്കമുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ആറ് ലക്ഷം അടച്ചാൽ ബാധ്യത തീർത്ത് തരാമെന്ന് ബാങ്കിന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായി എന്ന് പറയുന്നത് തെറ്റാണ്. ഈ മാസം 18ന് തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി മുൻപാകെ സമർപ്പിക്കും-മറുനാടന് നൽകിയ വിശദീകരണകുറിപ്പിൽ ബാങ്ക് പറയുന്നു. .

രണ്ടു ദിവസം മുൻപാണ് ഫെഡറൽ ബാങ്കിൽ നിന്നും ലോൺ എടുത്ത് പ്രതിസന്ധിയിലായ ചന്ദ്രൻ എന്ന കർഷകന്റെ കഥ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നത്. നാലര ലക്ഷം രൂപ കാർഷിക ലോൺ എടുത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ചന്ദ്രൻ ഈ ലോണിന്റെ കാര്യത്തിൽ നിയമനടപടി നേരിടുകയാണ്. ഈ കേസിൽ പലിശയും മുതലും അടക്കം പത്ത് ലക്ഷം രൂപ ചന്ദ്രൻ അടയ്ക്കണമെന്ന് കോടതി വിധി വന്നിരുന്നു. അതിനിടയിലാണ് ആറു ലക്ഷം രൂപ വൺ ടൈം സെറ്റിൽമെന്റ് എന്ന പേരിൽ അടയ്ക്കാൻ ബാങ്ക് ചന്ദ്രനോട് ആവശ്യപ്പെടുന്നത്. അതുപ്രകാരം അഞ്ചു ലക്ഷം രൂപ ചന്ദ്രൻ ഫെബ്രുവരി എട്ടിന് അടയ്ക്കുകയും ചെയ്തു. അതിനു ശേഷം ഇനി ഏഴു ലക്ഷം രൂപ കൂടി അടയ്ക്കണം എന്ന് ബാങ്ക് ചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.

ആറു ലക്ഷം രൂപ വൺ ടൈം സെറ്റിൽമെന്റ് എന്ന പേരിൽ അടയ്ക്കാൻ പറഞ്ഞ ബാങ്ക് കൂറുമാറിയതാണ് പ്രശ്‌നമായത്. ലോഡ്ജ് പണയപ്പെടുത്തി അഞ്ചു ലക്ഷം രൂപ അടച്ചപ്പോഴാണ് ഇനിയും അഞ്ചു ലക്ഷം രൂപ അടയ്ക്കാൻ ഉണ്ടെന്ന കാര്യം ബാങ്ക് പറയുന്നത്. ഇതോടുകൂടിയാണ് അഭിഭാഷകനും രാഷ്ട്രീയ നേതാക്കളുമായി ചന്ദ്രൻ നേരിൽ ബാങ്കിൽ ചെന്നത്. പക്ഷെ ചന്ദ്രനോട് ആറു ലക്ഷം രൂപയ്ക്ക് സെറ്റിൽ ചെയ്യാം എന്ന് പറഞ്ഞ കാര്യം മറുനാടന് നൽകിയ മറുപടിയിൽ ഫെഡറൽ ബാങ്ക് നിഷേധിക്കുകയാണ്. ഈ കാര്യത്തിൽ നിയമനടപടി സ്വീകരിക്കും എന്നും ചന്ദ്രൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം തെറ്റിദ്ധാരണ ജനകമാണ് എന്നുമാണ് ബാങ്ക് പറയുന്നത്. ഒന്നരയേക്കർ സ്ഥലം ബാങ്കിന് ഈടു നല്കിയാണ് ചന്ദ്രൻ 2007-ൽ ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ നിന്നും ലോൺ എടുത്തത്.

ലോണിന്റെ തിരിച്ചടവ് മുടങ്ങിതാണ് ചന്ദ്രന് വിനയായത്. ഇതോടെ ഈട് നൽകിയ സ്ഥലം വിനയായത്. ഈ കാര്യം 2017-ൽ ഫെഡറൽ ബാങ്ക് കോടതിയിൽ പെറ്റിഷൻ .ഫയൽ ചെയ്തു. പത്ത് ലക്ഷം രൂപ ചന്ദ്രനിൽ നിന്ന് ഈടാക്കാനാണ് വിധി വന്നത്. ഇതിനു ശേഷമുള്ള ബാങ്കിന്റെ നീക്കങ്ങളാണ് ചന്ദ്രന് വിനയായത്. ചന്ദ്രന്റെ പ്രതിസന്ധി വിശദമാക്കിയാണ് മറുനാടൻ ഈ കാര്യത്തിൽ വാർത്ത നൽകിയിരുന്നത്. ഈ വാർത്തയ്ക്ക് ആദ്യം പ്രതികരണം തേടി കാട്ടാക്കട ഫെഡറൽ ബാങ്കിനെ സമീപിച്ചെങ്കിലും വിശദീകരണം ലഭ്യമായിരുന്നില്ല. വാർത്ത വിവാദമായപ്പോഴാണ് ബാങ്ക് വിശദീകരണവുമായി രംഗത്തു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP