Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുട്ടികൾക്ക് പഠിക്കാൻ സ്വന്തം മുറിയിൽ കമ്പ്യൂട്ടർ വരെ ഏർപ്പാട് ചെയ്തു; നീന്തൽ കുളത്തിലിറങ്ങുന്ന സമയവും സന്ദർശനം പതിവ്; എല്ലാവരുടേയും മുൻപിൽ നല്ല വേഷം ചമഞ്ഞ് നടക്കുന്ന സമയം പീഡന കഥ പുറത്തായി; പീഡിപ്പിച്ചത് പെൺകുട്ടിയുടെ പിതാവാണെന്ന് തെളിയിക്കാൻ ശ്രമം നടന്നെങ്കിലും ഡിഎൻഎ ഫലം വന്നതോടെ വൈദികന്റെ കള്ളി പൊളിഞ്ഞു; കൂറുമാറ്റം തകർത്ത് ലൈവ് ബെർത്ത് സർട്ടിഫിക്കറ്റും; കൊട്ടിയൂരിലെ ക്രൂരത പുറലോകത്ത് എത്തുമ്പോൾ അഴിഞ്ഞ് വീഴുന്നത് റോബിനച്ചന്റെ പൊയ്മുഖം

പെൺകുട്ടികൾക്ക് പഠിക്കാൻ സ്വന്തം മുറിയിൽ കമ്പ്യൂട്ടർ വരെ ഏർപ്പാട് ചെയ്തു; നീന്തൽ കുളത്തിലിറങ്ങുന്ന സമയവും സന്ദർശനം പതിവ്; എല്ലാവരുടേയും മുൻപിൽ നല്ല വേഷം ചമഞ്ഞ് നടക്കുന്ന സമയം പീഡന കഥ പുറത്തായി; പീഡിപ്പിച്ചത് പെൺകുട്ടിയുടെ പിതാവാണെന്ന് തെളിയിക്കാൻ ശ്രമം നടന്നെങ്കിലും ഡിഎൻഎ ഫലം വന്നതോടെ വൈദികന്റെ കള്ളി പൊളിഞ്ഞു; കൂറുമാറ്റം തകർത്ത് ലൈവ് ബെർത്ത് സർട്ടിഫിക്കറ്റും; കൊട്ടിയൂരിലെ ക്രൂരത പുറലോകത്ത് എത്തുമ്പോൾ അഴിഞ്ഞ് വീഴുന്നത് റോബിനച്ചന്റെ പൊയ്മുഖം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ഫാ. റോബിൻ വടക്കാഞ്ചേരി കുറ്റക്കാരനെന്ന് കോടതി പ്രഖ്യാപിക്കുമ്പോൾ കൊട്ടിയൂർ പീഡനക്കേസിൽ ചർച്ചയായതെല്ലാം ശരിയാണെന്ന് വരികയാണ്. പീഡിപ്പിക്കപ്പെട്ട ഇരയുടേയും അമ്മയുടേയും കൂറുമാറ്റമൊന്നും റോബിനെ സഹായിച്ചില്ല. ശാസ്ത്രീയ തെളിവുകൾ റോബിന് വിനയായി. കൊട്ടിയൂർ മേഖലയിലെ ഏറ്റവും മികച്ച വ്യക്തിയെന്ന രീതിയിൽ സമൂഹത്തിൽ സമ്മതനായിരുന്ന ഫാ.റോബിന്റെ യഥാർത്ഥ മുഖം പുറത്ത് വന്നതോടെ വിശ്വാസ സമൂഹത്തിന് അനുഭവിക്കേണ്ടി വന്ന വേദന ചില്ലറയല്ല.

നീണ്ടു നോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയായ റോബിൻ ഇതിന് മുൻപും സമാനമായ രീതിയിൽ പീഡനം നടത്തിയിട്ടുണ്ടെന്നും അന്ന് ആരോപണം ഉയർന്നിരുന്നു. ഒടുവിൽ പൊതു സമൂഹത്തിന്റെ ഇടപെടലിൽ കുറ്റം തെളിയുകായണ്. സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത് വന്നതാണ് കേസിൽ വഴിത്തിരിവായത്. കുഞ്ഞിന്റെ പിതാവ് റോബിനാണെന്ന് തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. പെൺകുട്ടി പ്രസവിച്ച ശേഷം കുഞ്ഞിനെ തൊക്കിലങ്ങാടി ആശുപത്രിയിലേക്ക് മാറ്റിയെന്ന ആരോപണ തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്. പ്രതിയെ രക്ഷിക്കാൻ വൈത്തിരി അനാഥാലയത്തിൽനിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങൾക്കും ഡിഎൻഎ പരിശോധനാഫലം വന്നതോടെ അന്ത്യമായി.

പീഡനത്തിനിരയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വന്തം അച്ഛന്റെ തലയിൽ പിതൃത്വം കെട്ടിയേൽപ്പിക്കാനുള്ള തന്ത്രങ്ങളും ഫാ. റോബിൻ പയറ്റിയിരുന്നു. ഇതിനായി പെൺകുട്ടിയുടെ പിതാവിന് റോബിൻ പണം വാഗ്ദാനം ചെയ്യുകയുണ്ടായി. കുട്ടിക്ക് പ്രായപൂർത്തിയാതാണെന്ന വാദവും ഉയർത്തി. പോക്സോ കേസ് ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ ലൈവ് ബർത്ത് സർട്ടിഫിക്കറ്റ് പൊലീസ് ഹാജരാക്കിയതോടെ ഈ കളിയും പൊളിഞ്ഞു. ഇതോടെ റോബിൻ കുടുക്കിലായി.

ആദ്യം സ്വന്തം പിതാവാണ് തന്നെ ചതിച്ചതെന്ന് വിദ്യാർത്ഥിനി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ പ്രദേശത്തെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാറുള്ള പള്ളി വികാരി ഈ സംഭവം അറിയാത്ത പോലെയാണ് നടിച്ചത്. പെൺകുട്ടിയെ ആരോ പറയിച്ചതു പോലെയാണ് സ്വന്തം പിതാവാണ് ഇതിന് ഉത്തരവാദിയെന്ന് പറഞ്ഞത്. പ്രശ്‌നത്തിന്റെ ഗൗരവമൊന്നും അവൾ ഉൾക്കൊണ്ടിരുന്നുമില്ല. ചൈൽഡ് ലൈൻ പൊലീസിനെ വിവരമറിയിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയുകയായിരുന്നു. പൊലീസിന്റെ ചോദ്യത്തിന് യഥാർത്ഥ ഉത്തരവാദി നീണ്ടുനോക്കി പള്ളിയിലെ ഫാ റോബിൻ വടക്കുംഞ്ചേരിയാണ് തന്നെ ചതിച്ചതെന്ന് അവൾ മൊഴി നൽകി. ഇതാണ് നിർണ്ണായകമായത്.

എന്നാൽ സമ്മർദ്ദങ്ങളുടെ ഫലമായി വിചാരണയ്ക്കിടെ പെൺകുട്ടി നിലപാട് മാറ്റി. അച്ചനും താനുമായുള്ളയത് പരസ്പര സമ്മതത്തോടെയുണ്ടായിരുന്ന ബന്ധമാണെന്നും തനിക്ക് പ്രായപൂർത്തിയായ ശേഷമായിരുന്നു ലൈംഗിക വേഴ്ച നടന്നതെന്നും പറഞ്ഞു. ഇതായിരുന്നു പെൺകുട്ടിയുടെ അച്ഛനും അമ്മയും കോടതിയിൽ പറഞ്ഞത്. ഇതെല്ലാം കോടതി തള്ളിക്കളഞ്ഞു, കൊട്ടിയൂർ കുടിയേറ്റ മേഖലയിലേ വലിയ ദേവാലയമാണ് കൊട്ടിയൂർ സെന്റെ സെബാസ്റ്റ്യൻ പള്ളി. ഇടവക കാര്യങ്ങളിൽ ഓടി നടന്ന വൈദീകൻ, ഈ വിവാദം ഉണ്ടാകുന്നതിന് തലേ ദിവസം വരെ അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ച് തിരുവോസ്തി ജനങ്ങൾക്ക് നല്കിയ വൈദീകനാണ് ഇദ്ദേഹം, റോബിൽ ഇല്ലാതെ കൊട്ടിയൂരിൽ ഒന്നും നടക്കില്ല.

ഒരു കരികിലയും അനങ്ങില്ലെന്ന അവസ്ഥയായിരുന്നു. കൊട്ടിയൂർ വികസന സമിതിയുടെ നായകനായിരുന്നു എല്ലാ കേസുകളും തർക്കങ്ങളും പൊലീസിൽ പോകാതെ തീർക്കാൻ ഇയാൾ ഓടിയെത്തും. മാത്രമല്ല നിരവധി കുട്ടികളേ വൈദീകൻ കർണ്ണാടകത്തിലും, മറ്റുമായി സ്വന്തം ചെലവിൽ പഠിപ്പിക്കുന്നുണ്ട്. നിരവധി കുട്ടികളേ വിദേശത്തേക്ക് അയച്ചു. ഇത്തരത്തിലൊരു വൈദികനാണ് ഇപ്പോൾ പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്നത്. പ്രദേശത്തെ ഏറ്റവും നിർധന കുടുംബത്തിലെ പെൺകുട്ടിയാണ് വൈദികന്റെ ക്രൂരതകൾക്ക് ഇരയായത്. വിവാദമായതോടെ ധ്യാനത്തിനെന്നു പറഞ്ഞ് ഒളിവിൽ പോയ വൈദികനെ തൃശൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും ജയിലിൽ അടച്ചതും.

പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചതിനെ തുടർന്നാണ് നടന്ന സംഭവങ്ങൾ പുറത്ത് വരുന്നത്. തന്റെ പിതാവാണ് തന്നെ ചതിച്ചതെന്നാണ് കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് ആദ്യം പറഞ്ഞിരുന്നത്. അന്ന് ഒന്നും അറിയാത്ത പോലെയായിരുന്നു റോബിന്റെ പെരുമാറ്റം. ആർക്കും സംശയം തോന്നിയുമില്ല. എന്നാൽ കുട്ടിയുടെ മൊഴിയിൽ സംശയം തോന്നിയ ചൈൽഡ് ലൈൻ പ്രവർത്തകർ സംഭവം പൊലീസിലറിയിക്കുകയും പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് നടന്ന സംഭവം പുറത്ത് വന്നത്. ഫാ. റോബിൻ വികാരിയായിരുന്ന കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ പള്ളിമേട ബംഗ്ലാവിനെയും തോൽപ്പിക്കുന്ന സൗധമായിരുന്നു. ഓഫീസും ബെഡ്‌റൂമും അടങ്ങിയ ഒരു സ്യൂട്ട് പോലെയായിരുന്നു ഫാ. റോബിന്റെ താമസസ്ഥലം.

പീഡനത്തിനിരയായ പെൺകുട്ടിയുമായും അമ്മയുമായും ഫാ. റോബിന് ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നു. പെൺകുട്ടിയും അമ്മയും പള്ളിമേടയിലെ നിത്യ സന്ദർശകരായിരുന്നു.. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും പ്രാർത്ഥനകളിലും മാതൃവേദിയിലും ദമ്പതിക്കൂട്ടായ്മയിലും അമ്മ നിറ സാന്നിധ്യമായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയെ ഒരു വർഷത്തോളം ഫാ. റോബിൻ സ്വന്തം മുറിയിൽ വച്ച് കംപ്യൂട്ടർ പഠിപ്പിച്ചിരുന്നു. സ്‌കൂൾ കഴിഞ്ഞാൽ പെൺകുട്ടി നേരേ പോകുന്നത് പള്ളിമേടയിലേക്കാണ്.

അവധി ദിവസങ്ങളിലാണെങ്കിൽ രാവിലെ തന്നെ എത്തും. ഇക്കാലയളവിൽ ഫാ. റോബിൻ കുട്ടിയെ ഉപയോഗപ്പെടുത്തിയിരുന്നു. പെൺകുട്ടികളോട് പ്രത്യേക സ്‌നേഹവും പരിഗണനയും ഫാ. റോബിൻ കാട്ടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ ഫാ. റോബിൻ നിത്യ സന്ദർശകനായിരുന്നു. പെൺകുട്ടികളുടെ ജന്മദിനം കണ്ടുപിടിച്ച് വളയ്ക്കുന്നതിലും അച്ചൻ വിരുതനായിരുന്നു. വഴങ്ങുന്ന കുട്ടികളാണെങ്കിൽ പള്ളിമേടയിലേക്കു കൂട്ടിക്കൊണ്ടുപോകും. തുടർന്ന് വാതിലടച്ച് പെൺകുട്ടിയുടെ ബർത്ത്‌ഡേ ദിനം പ്രാർത്ഥിക്കുന്ന പതിവും ഉണ്ടായിരുന്നു. ജന്മദിനം ആഘോഷിക്കുന്ന പെൺകുട്ടികൾക്കായി കേക്കും ചോക്ലേറ്റും സ്വന്തം മുറിയിൽ കരുതിയിരിക്കും.

ഫാ. റോബിനു ചുറ്റും പെൺകുട്ടികളുടെ ഒരു കൂട്ടം തന്നെ എപ്പോഴും ഉണ്ടാകുമായിരുന്നെന്നാണു പറയുന്നത്. സ്‌കൂൾ കുട്ടികൾക്കു പുറമേ കോളജ് വിദ്യാർത്ഥികളും ഉണ്ടായിരുന്നു. എല്ലാം നല്ലതിനായിരുന്നെന്നാണു നാട്ടുകാർ വിചാരിച്ചിരുന്നത്. അച്ചന്റെ ടൈപ്പിംഗും കണക്കുകൂട്ടലും അടുക്കളപ്പണിയും ക്ലീനിംഗും എല്ലാം ഇവരാണു ചെയ്തിരുന്നത്. അച്ചനെ സേവിക്കാൻ ഒരിക്കൽ പോകുന്ന കുട്ടികൾ പിന്നെ സ്ഥിരം എത്തുമായിരുന്നത്രേ. കുട്ടികൾക്ക് നല്ല ഭക്ഷണവും പണവും വസ്ത്രവും പഠനസഹായവും എല്ലാം ഫാ. റോബിൻ ചെയ്തുകൊടുക്കുമായിരുന്നുവെന്നാണ് നാട്ടുസംസാരം. മദ്യപാനം, മയക്കു മരുന്നുപയോഗം എന്നിവയിൽനിന്നും മോചനം നേടാൻ വൈദികന്റെ ഉപദേശം തേടിയെത്തുന്നവർ ഏറെയാണ്.

മതജാതി പരിഗണനകളൊന്നും ഇക്കാര്യത്തിൽ തടസ്സമാകാറുമില്ല. കൊട്ടിയൂരിലെ റോഡു നിർമ്മാണം, വഴിപ്രശ്നം, മറ്റു തർക്കങ്ങൾ എന്നിവയ്‌ക്കെല്ലാം വൈദികന്റെ ഇടപെടൽ കൊണ്ട് പരിഹാരമാകാറുണ്ട്. അത്തരത്തിലുള്ള ഒരാളിൽ നിന്നും ഇങ്ങനെയുള്ള ഒരു ഹീനകൃത്യം ജനങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പള്ളിയിൽ പോലും വിദ്യാഭ്യാസ പ്രവർത്തനത്തിന് സജീവമാകുന്ന വൈദികൻ കൊട്ടിയൂർ ഹയർ സെക്കന്ററി സ്‌കൂളിനെ നൂറു ശതമാനം വിജയത്തിലെത്തിച്ചതിന് പ്രധാന നേതൃത്വം നൽകിയ ആളാണ്. വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് കുട്ടികൾ നേരിട്ടു തന്നെ വൈദികനെ ചെന്നു കാണാറുമുണ്ടായിരുന്നു.

വൈദികൻ വിദേശത്തേക്ക് പെൺകുട്ടികളെ വിടുമായിരുന്നു. പഠന വിസയിൽ കാനഡയിലും, ബ്രിട്ടനിലും ഒക്കെ കുട്ടികളെ വിടും. സിംഗപ്പൂർ, മലേഷ്യ, ഗൾഫ് എന്നിവിടെയൊക്കെ പെൺകുട്ടികളെ വിട്ടിട്ടുണ്ട്. ചെലവ് ഒന്നും വാങ്ങാതെയാണ് വിടുന്നത്. ഈ പെൺകുട്ടികളിൽ പലരേയും വൈദികൻ പീഡിപ്പിച്ചതായി പരാതികൾ ഉയർന്നിരുന്നു. നിരവധി തവണ പള്ളിമേടയിൽ വൈദികന്റെ മുറിയിൽ ഇന്റർവ്യൂ കഴിഞ്ഞ ശേഷമാണ് പഠിക്കാനും വിദേശത്ത് വിടാനുമുള്ള പെൺകുട്ടികളേ തിരഞ്ഞെടുത്തിരുന്നത്. ഇതെല്ലാം പിന്നീട് പല സംശയങ്ങൾക്കും ഇട നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP