Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ വലിയ പരിസ്ഥിതി നാശം സൃഷ്ടിച്ച് വൻ തീപിടിത്തം; തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് ആനക്കൂട്ടത്തിന്റെ സാന്നിധ്യമറിഞ്ഞ് മടങ്ങി; ഇന്ന് രാവിലെ തീകെടുത്താൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത് വിസ്തൃതമായ വലിയൊരു പ്രദേശത്ത് ചാരക്കൂനകൾ മാത്രം; നഷ്ടത്തിന്റെ വ്യാപ്തിയറിയാൻ ഉപഗ്രഹ സർവേ വേണ്ടിവന്നേക്കും; പത്തുകിലോമീറ്ററിലേറെ വിസ്തൃതിയിൽ കാടു കത്തിയതോടെ അപൂർവ ജീവ-സസ്യജാലങ്ങൾക്കും നാശം

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ വലിയ പരിസ്ഥിതി നാശം സൃഷ്ടിച്ച് വൻ തീപിടിത്തം; തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് ആനക്കൂട്ടത്തിന്റെ സാന്നിധ്യമറിഞ്ഞ് മടങ്ങി; ഇന്ന് രാവിലെ തീകെടുത്താൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത് വിസ്തൃതമായ വലിയൊരു പ്രദേശത്ത് ചാരക്കൂനകൾ മാത്രം; നഷ്ടത്തിന്റെ വ്യാപ്തിയറിയാൻ ഉപഗ്രഹ സർവേ വേണ്ടിവന്നേക്കും; പത്തുകിലോമീറ്ററിലേറെ വിസ്തൃതിയിൽ കാടു കത്തിയതോടെ അപൂർവ ജീവ-സസ്യജാലങ്ങൾക്കും നാശം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തട്ടേക്കാട് ഞായപ്പിള്ളി മലയിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് ഉണ്ടായത് വിലമതിക്കാനാവാത്ത പാരിസ്ഥിതിക നഷ്ടം. പശ്ചിമഘട്ട മലനിരയോട് ചേർന്നുകിടക്കുന്നതും തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഭാഗവുമായ മലനിരയിൽ ഇന്നലെ രാത്രിയാണ് തീപടർന്നത്. ഇന്ന് രാവിലെയാണ് വനംവകുപ്പധികൃതർക്ക് തീപിടുത്തത്തിന്റെ വ്യാപ്തി വ്യക്തമായത്.

കീഴ്ക്കാംതൂക്കായ പറക്കെട്ടുകളും കുന്നുകളും നിറഞ്ഞ വിസ്്തൃതമായ പ്രദേശത്തെ പച്ചപ്പ് അപ്പാടെ അപ്രത്യക്ഷമായി. ഇവിടെ ഇപ്പോൾ അവശേഷിക്കുന്നത് ചാരം മാത്രമാണ്. ഇന്നലെ രാത്രി തീപിടുത്തമറിഞ്ഞ് ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും ആനക്കൂട്ടത്തിന്റെ സാന്നിദ്ധ്യമറിഞ്ഞ് ഇവർ തിരിച്ചുപോയി. ഫയർഫോസ് വാഹനത്തിന് ചെന്നെത്താൻ കഴിയാത്ത ഭാഗത്തായിരുന്നു തീപിടിത്തമെന്ന് ഇന്ന് രാവിലെ വനംവകുപ്പ് വാച്ചർമാർ നടത്തിയ നിരീക്ഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.

പക്ഷിസങ്കേതത്തിലെ ഉദ്യോഗസ്ഥരും വാച്ചർമാരുമടക്കം 30-ളം പേരടങ്ങുന്ന രാവിലെ തന്നെ തീയണയ്ക്കാൻ സർവ്വസന്നാഹങ്ങളുമായി വിവിധ ഭാഗങ്ങളിൽ നിന്നായി മലകയറി. കൈയിൽക്കരുതിയിരുന്ന മരച്ചില്ലകളും മറ്റും ഉപയോഗിച്ച് ആളിക്കത്തിയിരുന്ന തീ തല്ലിക്കെടുത്തി. പിന്നെ ഫയർ ലൈൻ തെളിച്ച് തീപടുന്നത് നിയന്ത്രിച്ചു. പുകഞ്ഞ് നിന്നിരുന്ന മരങ്ങളിലെ തീ കൈയിൽക്കരുതിയിരുന്ന വെള്ളമൊഴിച്ച് കെടുത്തി.

ജീവൻപണയം വച്ചാണ് വൈകിട്ട് 5 മണിയോടടുത്ത് ദൗത്യം പൂർത്തിയാക്കി തങ്ങൾ മലയിറങ്ങിയതെന്ന് ജീവനക്കാർ വെളിപ്പെടുത്തി. മലയുടെ താഴ്‌വാരം ആനക്കൂട്ടങ്ങളുടെ വിവാഹര കേന്ദ്രമാണ്.ഈ ഭാഗത്തുകൂടിയല്ലാതെ മലയിലെത്താൻ മാർഗ്ഗമില്ല. രാവിലെ മലകയറാൻ പുറപ്പെട്ട തങ്ങൾ ആനക്കൂട്ടത്തെക്കണ്ട് പലതവണി വഴിമാറിപ്പോകേണ്ടിവന്നെന്നും തിരിച്ചുവന്നപ്പോഴും സ്ഥിതി ഇതുതന്നെയായിരുന്നെന്നും ജീവനക്കാർ ഭീതിയോടെ വെളിപ്പെടുത്തി. ഏറെ അപകടകരമായ സാഹചര്യത്തിലാണ് ചെങ്കുത്തായ പ്രദേശത്തെതീയണക്കാൻ ആയതെന്നും ഇവർ കൂട്ടിച്ചേർത്തു.

ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവിൽ മലയിലെ അടിക്കാടുകളും പുൽമേടുകളും ചെറുമരങ്ങളുമെല്ലാം കത്തിനശിച്ചതായിട്ടാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ഉപഗ്രഹ സർവ്വേയിലാണ് നാശനഷ്ടത്തിന്റെ കൃത്യമായ കണക്കുകൾ ലഭ്യമാവു എന്നും ഇതിനുള്ള നടപടികൾ തലസ്ഥാനത്തെ ഓഫീസിൽ ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

തീപിടുത്തം പാരിസ്ഥിതിക നഷ്ടത്തിന് പുറമേ പക്ഷി സങ്കേതത്തിലെ ജീവജാലങ്ങളുടെ ആവസവ്യവസ്ഥയിലും കനത്ത മാറ്റത്തിന് വഴിതെളിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീ പിടുത്തം മൂലമുണ്ടായ പുകയും ചൂടും മൂലം പക്ഷികൂട്ടങ്ങൾ രാത്രി തന്നെ ഇവിടം വിട്ടിരിക്കാനുള്ള സാധ്യത നിലനിൽക്കുന്നതായിട്ടാണ് വിദഗ്ധരുടെ വിലയിരുത്തൽ. അപൂർവ്വ പക്ഷി ജന്തു-ജാലങ്ങളുടെ കലവറയാണ് ലോക പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP