Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിശയൻ ദേവദാസ് നായകനാകുന്ന 'കളിക്കൂട്ടുകാർ' തിയേറ്ററിലേക്ക്; റിലീസ് മാർച്ച് എട്ടിന് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ; 'കളിക്കൂട്ടുകാർ' പറയുന്നത് പത്തൊമ്പതുകാരായ ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്റെ കഥ

അതിശയൻ ദേവദാസ് നായകനാകുന്ന 'കളിക്കൂട്ടുകാർ' തിയേറ്ററിലേക്ക്; റിലീസ് മാർച്ച് എട്ടിന് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ; 'കളിക്കൂട്ടുകാർ' പറയുന്നത് പത്തൊമ്പതുകാരായ ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്റെ കഥ

പ്രേക്ഷക ശ്രദ്ധ നേടിയ ഹിറ്റ് ചിത്രങ്ങളായ അതിശയൻ, ആനന്ദഭൈരവി ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവർന്ന ദേവദാസ് നായകനാകുന്നു ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിൽ. ദേവദാസിന്റെ പിതാവും പ്രമുഖ നടനുമായ ഭാസി പടിക്കൽ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിർമ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന 'കളിക്കൂട്ടുകാരി'ലാണ് ദേവദാസ് കേന്ദ്ര കഥാപാത്രമാകുന്നത്.

പത്തൊമ്പത് വയസ്സുള്ള ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് കളിക്കൂട്ടുകാർ. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളർന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥികളായി ഒരുമിച്ച് മുന്നേറുമ്പോൾ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് കളിക്കൂട്ടുകാർ കഥ വികസിക്കുന്നതെന്ന് സംവിധായകൻ പി.കെ ബാബുരാജ് വ്യക്തമാക്കി. ആനന്ദ് (ദേവദാസ്), അഞ്ജലി (നിധി) ഇവരാണ് ഈ ഗ്രൂപ്പിന്റെ ലീഡേഴ്‌സ്. ഇവർ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങളും. ആറ് പേർ ചേർന്നുള്ള ഒരു ടീനേജ് ഗ്രൂപ്പിന്റെ കഥ മാത്രമല്ല ഈ ചിത്രം. ക്യാമ്പസ് മൂവിയുമല്ല. മറിച്ച് ഈ പ്രായത്തിൽ അവർ നേരിടേണ്ടി വരുന്ന ചില സാമൂഹിക പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആക്ഷനും സസ്‌പെൻസുമൊക്കെയുള്ള ചിത്രം പൂർണ്ണമായും ഒരു ഫാമിലി എന്റർടെയ്‌നറാണെന്നും സംവിധായകൻ പറയുന്നു.

യുവാക്കൾക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ടെന്ന് കഥയും തിരക്കഥയും ഒരുക്കിയ തിരക്കഥാകൃത്ത് രാമു പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ കൗമാരക്കാർ വീട്ടിൽനിന്ന് മാത്രമല്ല സമൂഹത്തിൽ നിന്നും ഒട്ടേറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നേറുമ്പോൾ അവർ നേരിടുന്ന ചില സോഷ്യൽ റിയാലിറ്റികളാണ് കളിക്കൂട്ടുകാർ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് രാമു ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥ അഴിമതി, മയക്കുമരുന്ന് മാഫിയ തുടങ്ങിയ സാമൂഹിക വിപത്തുകളെ ഗൗരവമായി തന്നെ സമീപിക്കുകയും അത്തരം വിപത്തുകളെ സമൂഹമധ്യത്തിൽ വരച്ചുകാട്ടുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. തൃശ്ശൂരിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. തൃശ്ശൂർ, ഗോവ, വാഗമൺ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത് . എം ടി - ഹരിഹരൻ കൂട്ടുകെട്ടിലൂടെ കടന്നുവന്ന് ഭദ്രൻ, പി.എൻ മേനോൻ, ജി.എസ് വിജയൻ തുടങ്ങി ഒട്ടേറെ പ്രമുഖ സംവിധായകരുടെ ഒപ്പം പ്രവർത്തിച്ചുവന്ന പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കളിക്കൂട്ടുകാർ.

ദേവദാസിന് പുറമെ എൽ കെ ജി ക്ലാസ്സ് മുതൽ ഒരുമിച്ച് പഠിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ വരെയായിട്ടുള്ള ഈ ചങ്ങാതിക്കൂട്ടത്തെ അവതരിപ്പിക്കുന്നത് യുവതാരങ്ങളായ നിധി, ആൽവിൻ, ജെൻസൺ ജോസ്, സ്‌നേഹ സുനോജ്, ഭാമ എന്നിവരാണ്. കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാർ,ജനാർദ്ദനൻ,കുഞ്ചൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ബൈജു, ഷമ്മി തിലകൻ, രാമു, ശിവജി ഗുരുവായൂർ, , വിവേക് ഗോപൻ, സുനിൽ സുഖദ, സുന്ദര പാണ്ഡ്യൻ, ബിന്ദു അനീഷ്, രജനി മുരളി , ഐറിൻ, ലക്ഷ്മി പ്രമോദ് എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്. ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിങ് - അയൂബ് ഖാൻ, പശ്ചാത്തല സംഗീതം - ബിജിബാൽ, സംഗീതം- വിഷ്ണു മോഹൻ സിത്താര, വിനു തോമസ്, ഗാനരചന - റഫീക്ക് അഹമ്മദ്, ഹരിനാരായണൻ, കലാസംവിധാനം - എം. ബാവ, വസ്ത്രാലങ്കാരം - നിസാർ റഹ്മത്ത്, മേക്കപ്പ് - സജി കൊരട്ടി, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ - എം. വി ജിജേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് - നസീർ കൂത്തുപറമ്പ്, ജിതേഷ് അഞ്ചുമന, സ്റ്റിൽസ് - മോമി, സംഘട്ടനം - മാഫിയ ശശി, പ്രദീപ് ദിനേശ്, നൃത്തം - രേഖ മഹേഷ്, അബ്ബാസ്, പി ആർ ഒ -വാഴൂർ ജോസ്, പി.ആർ.സുമേരൻ, അസോസിയേറ്റ് ഡയറക്ടർ - അരുഗോപ്, സഞ്ജു അമ്പാടി, അസിസ്റ്റന്റ് ഡയറക്ടർ - യദുകൃഷ്ണ പി.ജെ, റിതു, എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP