Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് സീറ്റില്ലെങ്കിൽ കോട്ടയവുമായി വച്ച് മാറി ഇടുക്കി തങ്ങൾക്ക് വേണം; നിലപാട് കർശനമാക്കി ജോസഫ്; വാദത്തിന് ശക്തിപകരാൻ താൻ തന്നെ സ്ഥാനാർത്ഥിയാവാമെന്നും ജോസഫ്; ജോസഫിന് പിന്തുണയുമായി സിഎഫ് തോമസ് അടക്കം മാണിയിലെ തന്നെ പ്രമുഖരും; മാണിയുടെ യഥാർത്ഥ പിന്തുടർച്ചക്കാരൻ താൻ ആണ് എന്നുറപ്പിക്കാൻ മകൻ നടത്തിയ കേരള യാത്ര അവസാനിക്കുമ്പോൾ കേരളാ കോൺഗ്രസിൽ വൻ പൊട്ടിത്തെറി

രണ്ട് സീറ്റില്ലെങ്കിൽ കോട്ടയവുമായി വച്ച് മാറി ഇടുക്കി തങ്ങൾക്ക് വേണം; നിലപാട് കർശനമാക്കി ജോസഫ്; വാദത്തിന് ശക്തിപകരാൻ താൻ തന്നെ സ്ഥാനാർത്ഥിയാവാമെന്നും ജോസഫ്; ജോസഫിന് പിന്തുണയുമായി സിഎഫ് തോമസ് അടക്കം മാണിയിലെ തന്നെ പ്രമുഖരും; മാണിയുടെ യഥാർത്ഥ പിന്തുടർച്ചക്കാരൻ താൻ ആണ് എന്നുറപ്പിക്കാൻ മകൻ നടത്തിയ കേരള യാത്ര അവസാനിക്കുമ്പോൾ കേരളാ കോൺഗ്രസിൽ വൻ പൊട്ടിത്തെറി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജോസ് കെ മാണിയുടെ കേരള യാത്ര ഇന്ന് അവസാനിക്കുമ്പോൾ കേരളാ കോൺഗ്രസിൽ ഉയരുന്നത് പൊട്ടിത്തെറിയുടെ കലഹങ്ങളാണ്. ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടു വീഴ്ചയ്ക്ക് പിജെ ജോസഫ് തയ്യാറല്ല. രണ്ട് സീറ്റ് യുഡിഎഫിൽ നിന്ന് ചോദിച്ചു വാങ്ങണമെന്നാണ് ആവശ്യം. എന്നാൽ പാർട്ടി ചെയർമാൻ കെ എം മാണിക്ക് ഇതിനോട് താൽപ്പര്യമില്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസിന് സീറ്റ് കൂടണമെന്നാണ് മാണിയുടെ നിലപാട്. അതുകൊണ്ട് തന്നെ ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടാനാണ് മാണിയുടെ തീരുമാനം. അതും കോട്ടയം സീറ്റ്. എന്നാൽ പിജെ ജോസഫ് വിട്ടു വീഴ്ചയ്ക്കില്ല. തനിക്ക് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നും അതിന് സീറ്റ് കിട്ടിയേ തീരൂ എന്നുമാണ് ജോസഫ് പറയുന്നത്. മാണി ഗ്രൂപ്പിലെ നിരവധി പേർ ജോസഫിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെയാണ് കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് സാധ്യത ഉയരുന്നത്.

ജോസ്. കെ. മാണി നയിക്കുന്ന കേരള യാത്രയുടെ ഇന്നത്തെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ പി.ജെ. ജോസഫ് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെ ജോസഫ് ഗ്രൂപ്പ് നിലപാട് ശക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് 2 സീറ്റു ചോദിക്കണമെന്നും അതിൽ ഒന്നു തങ്ങൾക്കു വേണമെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞതോടെയാണ് ഭിന്നത പുറത്തായത്. ഭിന്നത ചർച്ച ചെയ്തു പരിഹരിക്കാൻ കേരള കോൺഗ്രസ് (എം) അടുത്തയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റേ ഉള്ളുവെങ്കിൽ അതു തങ്ങൾക്കു വേണമെന്നും ഇടുക്കിയിലോ കോട്ടയത്തോ മത്സരിക്കാൻ പി.ജെ. ജോസഫ് തയാറാണെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾ കെ.എം. മാണിയും പി.ജെ. ജോസഫുമാണെന്ന വാദവും ജോസഫ് വിഭാഗം ഉയർത്തുന്നു. ലയനത്തിനു ശേഷം മാണിജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കേരള യാത്രയോടെയാണു രൂക്ഷമായത്. പാർട്ടി ചെയർമാനും വർക്കിങ് ചെയർമാനും ഉള്ളപ്പോൾ വൈസ് ചെയർമാൻ ജോസ് കെ. മാണിയെ യാത്രയുടെ ക്യാപ്റ്റനാക്കിയത് പാർട്ടി പിടിച്ചടക്കാനുള്ള നീക്കമാണെന്നാണ് പി.ജെ. ജോസഫും കൂട്ടരും പറയുന്നത്.

2 സീറ്റ് ലഭിച്ചില്ലെങ്കിൽ തുടർ നടപടികൾ പിന്നീടു തീരുമാനിക്കുമെന്നു മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. സീറ്റു ലഭിച്ചില്ലെങ്കിൽ ജോസഫിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ തുടരാനാണു നീക്കം. കേരള കോൺഗ്രസിലെ (എം) അസംതൃപ്തരായ മുതിർന്ന നേതാക്കൾ തങ്ങളോടൊപ്പം എത്തുമെന്നും ജോസഫ് വിഭാഗം കരുതുന്നു. കഴിഞ്ഞ തവണ ജോസ് കെ. മാണി വിജയിച്ച കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കേണ്ടെന്നാണു മാണി വിഭാഗത്തിന്റെ ഉറച്ച നിലപാട്. തിങ്കളാഴ്ച കോൺഗ്രസുമായുള്ള ചർച്ചയിൽ 2 സീറ്റ് ആവശ്യപ്പെടും. രണ്ടെണ്ണം കിട്ടിയാൽ ഒന്ന് ജോസഫ് വിഭാഗത്തിന്. ഇപ്പോഴുള്ള ഏക സീറ്റാണെങ്കിൽ വിട്ടുകൊടുക്കില്ല. സീറ്റിന്റെ പേരിൽ പാർട്ടിയിൽ നിന്നു പിണങ്ങി മൂവാറ്റുപുഴയിൽ പി.ജെ. ജോസഫ് മത്സരിച്ചു തോറ്റ ചരിത്രം മറക്കരുതെന്നും മാണി വിഭാഗം പറയുന്നു. ഇതോടെ കേരളാ കോൺഗ്രസ് പിളർപ്പിലേക്ക് എത്തുകയാണ്. രണ്ടു സീറ്റ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറാവില്ലെന്ന് ഇരുവിഭാഗങ്ങൾക്കും അറിയാം. ഇതോടെയാണു കോട്ടയത്തായാലും പി.ജെ. ജോസഫ് മത്സരിക്കാൻ ഒരുക്കമാണെന്ന് നിലപാട് എടുക്കുന്നത്.

കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. മാണിയുടെ മകൻ കേരള യാത്രയുമായെത്തിയത് ഇതിന് വേണ്ടി കൂടിയാണ്. എന്നാൽ കേരള യാത്രയിൽ പങ്കെടുക്കാതെ ലോക കേരള സഭയിൽ പങ്കെടുക്കാൻ ജോസഫ് ദുബായിലേക്ക് പോയി. അവിടെ ഇടത് നേതാക്കളുമായി ജോസഫ് ചർച്ച ചെയ്യുമെന്നാണ് സൂചന. കേരളാ കോൺഗ്രസിൽ നിന്ന് പുറത്തു ചാടി ഇടതു പക്ഷ സ്ഥാനാർത്ഥിയായി ഇടുക്കിയിൽ ജോസഫ് എത്താനും സാധ്യതയുണ്ട്. ലോക്‌സഭയിലേക്ക് ജയിച്ച ശേഷം മകനെ തൊടുപുഴയിൽ മത്സരിപ്പിക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് രണ്ട് സീറ്റുകൾ കേരളാ കോൺഗ്രസ യുഡിഎഫിൽ നിന്ന് വാങ്ങണമെന്ന് ജോസഫ് ആവശ്യപ്പെടുന്നത്. ഇനി ഒരു സീറ്റേ കിട്ടൂവെങ്കിൽ കോട്ടയം കോൺഗ്രസിന് നൽകി ഇടുക്കി വാങ്ങണം. അവിടെ താൻ മത്സരിക്കാമെന്നാണ് ജോസഫ് പറയുന്നത്. തന്റെ മകനേയും നിയമസഭയിൽ എത്തിക്കാണ് ജോസഫിന്റെ ശ്രമം.

കേരളാ കോൺഗ്രസിൽ പ്രധാനികളുടെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മാണിയുടെ മകൻ ജോസ് കെ മാണി, ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാർ, ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്.. പിന്നെ ഫ്രാൻസിസ് ജോർ, പിസി തോമസ്... അങ്ങനെ നിരവധി പേർ. തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്. ജോസഫ് ജയിച്ച് ലോക്‌സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. എന്നാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ സ്വപ്‌നങ്ങളെ തകർക്കാനാണ് ജോസഫിന്റെ നീക്കം. ജോസഫ് ജയിച്ച് പാർലമെന്റിലെത്തിയാൽ ഇല്ലാതാകുന്നത് രാജ്യ സഭാ അംഗമായ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിപദ മോഹമാണ്. അതുകൊണ്ടാണ് ജോസഫിനെ എംപിയാക്കാൻ മാണി താൽപ്പര്യം കാട്ടാത്തത്.

കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിൽ ആറു പേരാണുള്ളത്. മാണിയും ജോസഫും മോൻസ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതിൽ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോൻസ് മാത്രമാണ്. എന്നാൽ പുതിയ പ്രതിസന്ധിയിൽ സി എഫ് തോമസും മറുപക്ഷത്താണ്. ജോസ് കെ മാണിയെ നേതാവാക്കാനുള്ള മാണിയുടെ കരുനീക്കവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്ന തിരിച്ചറിവുമാണ് ഇതിന് പിന്നിൽ. സി എഫ് തോമസിനൊപ്പം ജനപക്ഷം നേതാവായ പിസി ജോർജും പതിയെ ജോസഫിനോട് അടുക്കുന്നുണ്ട്. ഇതെല്ലാം കോട്ടയത്ത് ബദൽ കേരളാ കോൺഗ്രസ് ഉണ്ടാകാനുള്ള കാരണമായി മാറുമെന്നാണ് വിലയിരുത്തൽ. കെ.എം. മാണി-പി.ജെ. ജോസഫ് ഏറ്റുമുട്ടൽ പരസ്യമായതോടെ വെട്ടിലാകുന്നത് കോൺഗ്രസുമാണ്.

ജോസഫിന് യുഡിഎഫിൽ തുടരാനാണ് താൽപ്പര്യം. കേരളാ കോൺഗ്രസി(എം)ൽ പ്രതിസന്ധി രൂക്ഷമായി പാർട്ടി പിളർന്നാൽ മാണിയും ജോസഫും ഒരു മുന്നണിയിൽ എങ്ങനെ നിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മാണിയെ തള്ളി ജോസഫിനെ കൂടെ കൂട്ടാൻ കോൺഗ്രസിനാകില്ല. ഇതിനൊപ്പമാണ് ജോസഫിനൊപ്പം ചേർന്നുള്ള പിസി ജോർജിന്റെ നടത്തം. ജോസഫ് ഇടതുപക്ഷത്തേക്ക് മാറിയാൽ അത് ഇടുക്കിയിൽ പ്രതിഫലനവുമുണ്ടാകും. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിലെ പുതിയ പ്രതിസന്ധിയെ സസൂക്ഷ്മം വീക്ഷിക്കുകയാണ് കോൺഗ്രസ്. മാണിയുടെ നിഴൽ വിട്ട് യു.ഡി.എഫിൽത്തന്നെ പ്രത്യേക ഗ്രൂപ്പായി നിൽക്കാനാണു ജോസഫ് പക്ഷത്തിന്റെ നീക്കം. ഇടതുമുന്നണിയിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസുമായി സഹകരിക്കാൻ തടസമില്ലെന്നു പറയുമ്പോഴും യു.ഡി.എഫ്. വിടാൻ ജോസഫിന് ഉദ്ദേശ്യമില്ല. എന്നാൽ മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ ഏതറ്റംവരേയും ജോസഫ് പോകും. അങ്ങനെ വന്നാൽ ഇടതുപക്ഷത്തേക്ക് കൂറുമാറുകയും ചെയ്യും.

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സർവമതപ്രാർത്ഥന ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഈ പ്രാർത്ഥനയിൽ പിസി ജോർജും പങ്കെടുത്തു. കോട്ടയവും ഇടുക്കിയും വേണമെന്നാണ് ജോസഫിന്റെ ആവശ്യം. രണ്ട് സീറ്റ് കൊടുത്താൽ മാണിയുടെ പ്രതിനിധി കോട്ടയത്തും ജോസഫ് ഇടുക്കിയിലും മത്സരിക്കും. അല്ലെങ്കിൽ കോട്ടയവും ചാലക്കുടിയുമെന്നതാണ് ജോസഫിന്റെ ആവശ്യം. മാണിക്ക് കോട്ടയം മാത്രം മതി. പ്രശ്ന പരിഹാരത്തിനായി രണ്ട് സീറ്റ് കേരളാ കോൺഗ്രസിന് കൊടുത്താൽ മുസ്ലിം ലീഗും വയനാട്ടിൽ നിലപാട് കടുപ്പിക്കും. അവർക്കും സീറ്റ് നൽകേണ്ടി വരും. ഇതോടെ യുഡിഎഫിൽ കോൺഗ്രസിന് മത്സരിക്കാനുള്ള സീറ്റിന്റെ എണ്ണം ഏറെ കുറയുകയും ചെയ്യും. ഇതെല്ലാം യുഡിഎഫിൽ പുതിയ പ്രശ്നമായി മാറും. അതിനാൽ കേരളാ കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകാൻ കോൺഗ്രസിന് കഴിയില്ല.

ഇടുക്കി സീറ്റിൽ വാശി വിടാതെ ജോസഫ് കളത്തിലിറങ്ങിയത് മാണിക്കുള്ള താക്കീതുമായാണ്. പാർട്ടിയിൽ രണ്ടാമൻ താനാണെന്ന ഓർമ്മപ്പെടുത്തൽ. പഴയ ശത്രുവായ ജോർജിനെ ഉപവാസ പന്തലിൽ എത്തിച്ചത് മാണിയെ വിരട്ടാൻ കൂടിയാണ്. മാണിയുടെ പ്രധാന രാഷ്ട്രീയ ശത്രുവാണ് ജോർജ്. ഇതെല്ലാം മനസ്സിലാക്കിയാണ് ലയനം കൊണ്ട് പ്രയോജനമുണ്ടായില്ല എന്ന കുത്തുവാക്കിന് അതേ വാക്കിൽ മറുപടി കൊടുത്ത് ഉടക്കിനെങ്കിൽ ഉടക്കിന് തന്നെയെന്ന് സൂചന നൽകി മാണിയും കളം നിറഞ്ഞത്. ഇതോടെ കേരളാ കോൺഗ്രസിൽ പ്രതിസന്ധി പുതിയ തലത്തിൽ എത്തിയിരുന്നു. പഴയ കേരളാ കോൺഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കണമെന്നാണു ജോസഫ് പക്ഷത്തെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ, യു.ഡി.എഫ്. വിടാൻ ജോസഫിനു താത്പര്യമില്ല. കൂറുമാറ്റനിരോധനനിയമവും തടസമാണ്. ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടി, യു.ഡി.എഫിൽ പ്രത്യേകവിഭാഗമായി നിലകൊള്ളാനാണു ജോസഫിന്റെ നീക്കമെന്നാണ് സൂചന. അപ്പോഴും ഇടതു പക്ഷവുമായി ജോസഫ് ചർച്ചയും നടത്തുന്നുണ്ട്.

പാർട്ടി ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാനാണു കേരള യാത്രാ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിയോഗിച്ചതെന്നു ജോസഫ് വിഭാഗം കരുതുന്നു. കേരളാ കോൺഗ്രസിൽ ഇപ്പോൾ കെ.എം. മാണിയാണ് ചെയർമാൻ. പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും. ചെയർമാനെയും വർക്കിങ് ചെയർമാനെയും ഒഴിവാക്കി വൈസ് ചെയർമാനെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചത് ചെയർമാന്റെ കസേര ലക്ഷ്യമിട്ടാണെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. ചെയർമാൻ സ്ഥാനത്തിന് അവകാശം ഉന്നയിക്കുന്നതിനു പകരം ലോക്സഭാ സീറ്റിന്റെ പേരിൽ അതൃപ്തി രേഖപ്പെടുത്താനാണു ജോസഫ് ഗ്രൂപ്പിന്റെ നീക്കം. സിറ്റിങ് സീറ്റായ കോട്ടയം വിട്ടു നൽകാൻ മാണി വിഭാഗം തയാറല്ല.രാജ്യസഭാ സീറ്റും ലോക്സഭാ സീറ്റും മാണി വിഭാഗം എടുക്കുന്നതിലാണു ജോസഫ് വിഭാഗത്തിന് അതൃപ്തി.

കേരളാ കോൺഗ്രസി(എം)ൽ ലയിച്ചതു മുതൽ ജോസഫ് ആവശ്യപ്പെടുന്നതാണ് ഇടുക്കി ലോക്‌സഭാ സീറ്റ്. ഓരോ തവണയും മാണി ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്ത് തങ്ങളെ ചതിക്കുന്നുവെന്നാണു ജോസഫിന്റെ പരാതി. പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിനു പരാതിയുണ്ട്. ജോസ് കെ. മാണിയെ ലോക്‌സഭാംഗത്വം രാജിവയ്‌പ്പിച്ച് രാജ്യസഭാംഗമാക്കിയതിനു പുറമേ, വർക്കിങ് ചെയർമാനായ തന്നെ മറികടന്ന് വൈസ് ചെയർമാൻ ജോസിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാൻ കേരളയാത്ര സംഘടിപ്പിച്ചതിലും ജോസഫിനു പ്രതിഷേധമുണ്ട്. ഉമ്മൻ ചാണ്ടിക്കു മത്സരിക്കണമെങ്കിൽ കോട്ടയം സീറ്റ് കോൺഗ്രസിനു വിട്ടുകൊടുക്കണമെന്നാണു ജോസഫിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP