Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുൽവാമയിൽ നടന്നത് കാശ്മീരി ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനം; ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയെ ദുർബലപ്പെടുത്താൻ നടന്ന ഏറ്റവും ആസൂത്രിതമായ ശ്രമം; ആക്രമത്തിൽ പങ്കുള്ള ഒരാളേയും വെറുതെ വിടാതിരിക്കാൻ സൈന്യം പൂർണ്ണമായും നിയന്ത്രണം ഏറ്റെടുത്തത് 15 കാശ്മീരി ഗ്രാമങ്ങളുടെ; രാജ്യത്തെ കരയിച്ചുകൊണ്ടിരിക്കുന്ന ഭീകരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇങ്ങനെ

പുൽവാമയിൽ നടന്നത് കാശ്മീരി ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനം; ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയെ ദുർബലപ്പെടുത്താൻ നടന്ന ഏറ്റവും ആസൂത്രിതമായ ശ്രമം; ആക്രമത്തിൽ പങ്കുള്ള ഒരാളേയും വെറുതെ വിടാതിരിക്കാൻ സൈന്യം പൂർണ്ണമായും നിയന്ത്രണം ഏറ്റെടുത്തത് 15 കാശ്മീരി ഗ്രാമങ്ങളുടെ; രാജ്യത്തെ കരയിച്ചുകൊണ്ടിരിക്കുന്ന ഭീകരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പുൽവാമയിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം. ഈ സാഹചര്യത്തിൽ തിരിച്ചടിക്കാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം. ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്ന സൂചനകൾ ഉന്നത കേന്ദ്രങ്ങളിൽ നിന്ന് വരുന്നുമുണ്ട്. മാവോയിസ്റ്റ് ആക്രമണങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള കെ വിജയകുമാറാണ് ജമ്മു കശ്മീർ ഗവർണറുടെ സുരക്ഷാ ഉപദേഷ്ടാവ്. ഇദ്ദേഹം തന്നെയാണ് സ്ഥിതിഗതികൾ സംബന്ധിച്ച മേൽനോട്ടം വഹിക്കുന്നത്. ആക്രമണത്തിന് പിന്നാലെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. ഇതിനർഥം സമീപത്ത് മറ്റുഭീകരർ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന്റെ പരിസരത്തുള്ള 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞിരിക്കുകയാണ്. യുദ്ധ സമാനമായ സാഹചര്യമാണ് കാശ്മീരിലുള്ളത്. അതിർത്തിയിലും ഇന്ത്യ നിരീക്ഷണം ശക്തമാക്കി. അതിർത്തി കട്ന്നുള്ള ആക്രണത്തിനും ഇന്ത്യ മുതിരുമെന്നാണ് സൂചന.

ഇതിനുമുമ്പ് നടന്ന വലിയ ആക്രമണം 2001ലെ ശ്രീനഗർ സെക്രട്ടേറിയേറ്റിലേക്ക് നടന്ന ചാവേർ ആക്രമണമാണ്. അന്ന് 38 പേരാണ് കൊല്ലപ്പെട്ടത്. 40 പേർക്ക പരിക്കേറ്റു. ജമ്മു കശ്മീരിന്റെ ചരിത്രത്തിൽ സൈനികർക്ക് നേരെ 18 വലിയ ആക്രമണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലുവർഷമായി സൈനികരെ ലക്ഷ്യമിട്ട് ഭീകരർ ആക്രമണം നടത്തുന്നുണ്ട്. വലിയ ആൾനാശം ഉറപ്പുവരുത്തുന്ന തരത്തിൽ ആസൂത്രിതമായ ആക്രമണമാണ് ജെയ്ഷെ മുഹമന്മദ് നടത്തിയത്. സമീപ കാലത്ത് ഉറിയിൽ ഉണ്ടായ ഭീകരാക്രമണമായിരുന്നു ഇതിനുമുമ്പുണ്ടായ ഏറ്റവും വലിയ ആക്രമണം. 20 സൈനികരോളമാണ് അന്ന് വീരമൃത്യു വരിച്ചത്. സമാനമായ രീതിയിൽ അതേ ഭീകരസംഘടന തന്നെയാണ് പുൽവാമയിലും ആക്രമണം നടത്തിയത്. ഉറി ആക്രമണം നടത്തിയ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തന്നെയാണ് പുൽവാമ ആക്രമണത്തിന് പിന്നിലും.

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. അതിക്രൂരമായ ആക്രമണമാണ് നടന്നത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രദേശികചാനലായ ജമ്മു ലിങ്കസ് ആണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കത്തിക്കരിഞ്ഞ വാഹനങ്ങളും ശവശരീരങ്ങളും ദൃശ്യങ്ങളിൽ വ്യകതമാണ്. ജില്ലയിലെ അവന്തിപോരയിൽ സി ആർ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 42 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

350 കിലോയോളം സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇത് എവിടെ നിന്ന് സംഘടിപ്പിച്ചു. ആക്രമണത്തിൽ പാക്കിസ്ഥാനുള്ള പങ്ക്, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നാണോ ഇവ സംഭരിച്ചത് എങ്ങനെ ഉപയോഗിച്ചു, ഏതുതരം ആസൂത്രണങ്ങളാണ് നടത്തിയത് തുടങ്ങിയ വിശദാംശങ്ങളിൽ അന്വേഷണം നടക്കും. കശ്മീരിൽ നിന്ന് ഭീകർക്ക് ലഭിച്ച സഹായങ്ങളും അന്വേഷണപരിധിയിൽ പെടും. 100 മീറ്ററോളം വ്യാപിക്കുന്ന സ്ഫോടനമാണ് നടന്നത്. ഒരു ബസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബസിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച സ്‌കോർപിയോ കാർ ഇടിച്ചുകയറ്റുകയായിരുന്നു. സിആർപിഎഫുകാർ ഉണ്ടായിരുന്ന വാഹന വ്യൂഹത്തിലെ മറ്റ് വാഹനങ്ങൾക്കും ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു.

ഉറി ഭീകരാക്രമണത്തേക്കാൾ വലിയ ആക്രമണമാണ് നടന്നത്. ഇതിനെ വെല്ലുവിളിയായി ഏറ്റെടുത്ത് ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് സിആർപിഎഫ് കേന്ദ്രങ്ങൾ പറയുന്നത്. ഇന്നു രാത്രി മുഴുവനും ഭീകരർക്കായി തിരച്ചിൽ ഉണ്ടാകും. 2010 ൽ ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ 75 സിആർപിഎഫുകാർ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് രാജ്യം കണ്ട സൈനികർക്ക് നേരെയുണ്ടായ വലിയ ഭീകരാക്രമണം. ജമ്മുകശ്മീരിലെ ഉറിയിൽ 2016 ൽ നടന്ന ആക്രണത്തിൽ 19 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് ഇന്ത്യൻ സൈന്യം നൽകിയ മറുപടിയായിരുന്നു പാക് മണ്ണിലെ മിന്നലാക്രമണം. കഴിഞ്ഞ രണ്ടുവർഷങ്ങളായി കശ്മീരിൽ നിരവധി ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. ആയുധം ഉപയോഗിച്ച് ഭീകരരെ അടിച്ചമർത്തുക എന്നതായിരുന്നു കേന്ദ്രത്തിന്റെ നയം. ഇതിനുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ ആക്രമണം.

തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായതിനാൽ മരിച്ച സൈനികരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുന്നത് വൈകുകയും ചെയ്തു. ജോലിയിൽ പ്രവേശിക്കാൻ പോയ ജവാന്മാരാണ് ഭീകരാക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. ജമ്മുവിൽനിന്ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ 2547 ജവാന്മാരാണ് യാത്ര ആരംഭിച്ചത്. അസ്തമയത്തിനു മുന്പ് ശ്രീനഗറിലെത്തുകയായിരുന്നു ലക്ഷ്യം. അവന്തിപോരയിലെ ലതൂമോഡെയിൽ എത്തിയപ്പോഴായിരുന്നു ഭീകരാക്രമണം. സിആർപിഎഫിന്റെ 54-ാം ബറ്റാലിയന്റെ ബസാണ് ആക്രമണത്തിനിരയായത്. 39 പേരാണു ബസിലുണ്ടായിരുന്നത്. മോശം

കാലാവസ്ഥയെത്തുടർന്ന് രണ്ടുമൂന്നു ദിവസമായി ജമ്മു-ശ്രീനഗർ പാതയിൽ ഗതാഗതം കുറവായിരുന്നു. ഇത്രയധികം ജവാന്മാർ ഒരുമിച്ച് കാശ്മീരിലേക്ക് പോകാൻ ഇതാണു കാരണം. സാധാരണ ആയിരത്തോളം ജവാന്മാരുടെ വ്യൂഹമാണു പോകാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP