Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ തിരികെ കയറാൻ കഴിഞ്ഞതോടെ മക്കളെ കാണാൻ വേണ്ടിയുള്ള നിയമപോരാട്ടത്തിൽ കനകദുർഗ്ഗ; ഭർത്താവ് മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു; പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി കമ്മീഷണർ കെ മോഹൻകുമാർ; ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന തീരുമാനമെടുത്ത ഭർത്താവ് കൃഷ്ണനുണ്ണി വിവാഹ മോചനത്തിന്റെ വഴിയിലും

വീട്ടിൽ തിരികെ കയറാൻ കഴിഞ്ഞതോടെ മക്കളെ കാണാൻ വേണ്ടിയുള്ള നിയമപോരാട്ടത്തിൽ കനകദുർഗ്ഗ; ഭർത്താവ് മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു; പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി കമ്മീഷണർ കെ മോഹൻകുമാർ; ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന തീരുമാനമെടുത്ത ഭർത്താവ് കൃഷ്ണനുണ്ണി വിവാഹ മോചനത്തിന്റെ വഴിയിലും

എം പി റാഫി

മലപ്പുറം: ഭർതൃവീട്ടിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചതിനു പിന്നാലെ മക്കളെ കാണാൻ നിയമപോരാട്ടം നടത്തി കനകദുർഗ. ശബരിമല പ്രവേശനത്തിനു പിന്നാലെ കുടുംബത്തിൽ നിന്നുള്ള എതിർപ്പ് ശക്തമായതോടെയാണ് മക്കളെ കാണാൻ ഭർത്താവ് അടക്കമുള്ളവർ എതിർക്കുന്നത്. ഇതോടെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. മക്കളെ കാണാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇന്ന് കനകദുർഗ മനുഷ്യാവകാശ കമ്മീഷനു മുന്നിലെത്തി.

മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന കനകദുർഗയുടെ പരാതിയിന്മേൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പിയോട് മനുഷ്യാവകാശ കമ്മീഷൻ അടിയന്തിര റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു. ഇന്ന് തിരൂർ റസ്റ്റ് ഹൗസിൽ മനുഷ്യാവകാശ കമ്മീഷണർ കെ മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിലാണ് നടപടി.

ഫെബ്രുവരി ആദ്യവാരത്തിലാണ് കനകദുർഗ മക്കളെ കാണാൻ അനുവദിക്കണമെന്ന പരാതി മനുഷ്യാവകാശ കമ്മീഷന് നൽകിയത്. കോടതി ഉത്തരവ് പ്രകാരം വീട്ടിൽ കയറാൻ അനുവദിച്ചതായും പൊലീസ് സംരക്ഷണം ലഭിക്കുന്നതായും ഇന്നലെ മനുഷ്യാവകാശ കമ്മീഷനു മുന്നിൽ ഹാജരായ കനകദുർഗ ബോധിപ്പിച്ചു. എന്നാൽ കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നും കനകദുർഗ പറഞ്ഞു.

കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ നിലവിൽ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും കനഗദുർഗ സർക്കാറിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷിക്കണമെന്നും കമ്മീഷൻ അംഗം പറഞ്ഞു. കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്ന പരാതിയിൽ പൊലീസ് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണം. കുടുംബ കോടതി മേഖേന പരിഹാരം തേടേണ്ട വിഷയമാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം അഡ്വ.കെ മോഹൻ കുമാർ പറഞ്ഞു.

അയ്യപ്പനെ ദർശനം നടത്തിയ യുവതി ഇപ്പോൾ പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടിൽ പൊലീസ് സംരക്ഷണയിൽ ഒറ്റക്കാണ് താമസം. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന തീരുമാനത്തിലാണ് ഭർത്താവ് കൃഷ്ണനുണ്ണി. അതുകൊണ്ട് തന്നെ ശബരിമല കയറിയ കനകദുർഗയുമായുള്ള ബന്ധം വേർപെടുത്താനാണ് കൃഷ്ണനുണ്ണി ഒരുങ്ങുന്നത്. എന്നാൽ, കോടതി വിധി അനുസരിച്ച് ശബരിമല കയറി എന്നത് ഒരു കുറ്റമാക്കി ചൂണ്ടിക്കാട്ടി എങ്ങനെ കേസുമായി മുന്നോട്ടു പോകുമെന്ന ചോദ്യമാണ് കൃഷ്ണനുണ്ണിക്ക് മുന്നിലുള്ളത്. ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹർജി നൽകുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദർശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം തീർന്നിട്ടില്ല. ഇവർ തമ്മിലുള്ള മാനസിക പൊരുത്തം ഇല്ലായ്മ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.

കനകദുർഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികൾക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. കനകദുർഗ തനിച്ചാണു താമസം. സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുർഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. അപ്പോൾ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഒന്നും ഓർത്തില്ല. ശബരിമല കയറിയാൽ മതിയെന്ന ചിന്തയായിരുന്നു അവർക്ക്. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇരുളിന്റെ മറവിൽ പൊലീസിന്റെ സഹായത്തോടെ ദർശനം നടത്തി കനകദുർഗ്ഗയും ബിന്ദുവും. ഇതിന്ശേഷം പ്രതിഷേധം ശക്തമായതോടെ പലയിടത്തായി ഒളിവു ജീവിതമായിരുന്നു കനകദുർഗ്ഗ നയിച്ചത്.

പിന്നീടു ഭർതൃവീട്ടിലെത്തിയപ്പോൾ അമ്മയി അമ്മയുമായി കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുർഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടിൽ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച് ഭർതൃവീട്ടിൽ കഴിയാൻ അനുമതി നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP