Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം

എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം

ടീം മറുനാടൻ

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ ഇലക്ഷൻ 2019 ന്റെ അവസാന ഫലസൂചനകൾ പുറത്തുവിടുമ്പോൾ കേരളത്തിൽ യുഡിഎഫിന് മുന്നേറ്റം. ആകെയുള്ള 20 സീറ്റിൽ 11ലും ഐക്യമുന്നണിക്ക് വിജയ സാധ്യതയുള്ളപ്പോൾ ഇടതുമുന്നണിക്ക് മൂൻതൂക്കമുള്ളത് 9 സീറ്റുകളാണ്. അതേസമയം ബിജെപിക്ക് ലോക്‌സഭയിൽ ഇത്തവണയും അക്കൗണ്ട് തുറക്കാൻ ആകില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്.

മറുനാടൻ മലയാളി- പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ സർവേ ഫലം:

യുഡിഎഫ്- 11
എൽഡിഎഫ്-9
എൻഡിഎ-0

വയനാട്, മലപ്പുറം, പൊന്നാനി, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, തിരുവനന്തപുരം എന്നീ 11 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ, കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, കൊല്ലം, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലാണ് സർവേ പ്രകാരം എൽഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. യുഡിഎഫിന് നേരിയ മേൽക്കൈയുള്ള തിരുവനന്തപുരത്ത് വെറും ഒരു ശതമാനം വോട്ടിന് എൽഡിഎഫിന്റെയും പിന്നിലായി മൂന്നാം സ്ഥാനത്താണ് ബിജെപി. മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം നേർത്തതായതിനാൽ തിരുവനന്തപുരത്ത് ബിജെപിയും പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. മാത്രമല്ല, കുമ്മനം രാജശേഖരനെ പോലെ ജനകീയനായ നേതാവ് മത്സരിച്ചാൽ മത്സരം ഇഞ്ചോടിഞ്ചാകുമെന്നും ഉറപ്പാണ്.

കാസർകോട്, പാലക്കാട്, തൃശൂർ, ആറ്റിങ്ങൽ, പത്തനംതിട്ട, കോഴിക്കോട്, ചാലക്കുടി തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ ബിജെപിക്ക് വോട്ട് വർധിക്കുന്നുണ്ടെങ്കിലും ഇവിടെയാക്കെ വിജയിക്കാൻ പറ്റിയ നിലയിലേക്ക് വോട്ടുകൾ ഉയരുന്നില്ല. ആറ്റിങ്ങലും പത്തനംതിട്ടയും അടക്കമുള്ള പ്രദേശങ്ങളിലെ എൻഡിഎയുടെ വോട്ട് ശതമാനത്തിന്റെ വർധനവ്, തെക്കൻ ജില്ലകളിൽ ശബരിമല സമരം ബിജെപിയെ തുണച്ചുവെന്നതിന്റെ സൂചനയാണ്. എന്നാൽ മലബാറിൽ ശബരിമല പ്രക്ഷോഭമെന്നും ഏശിയിട്ടില്ലെന്നാണ് സർവേ സൂചിപ്പിക്കുന്നത്.

മലബാറിൽ എൽഡിഎഫിന്റെ മേൽക്കെ പ്രകടമാവുമ്പോൾ അതിന് തീർത്തും ഭിന്നമായ ചിത്രമാണ് മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽനിന്നും കിട്ടുന്നത്. മധ്യകേരളത്തിലെ നാലുസീറ്റുകളിൽ എൽഡിഎഫിന് ഒരിടത്തും മുന്നേറാൻ കഴിയുന്നില്ല. തെക്കൻ കേരളത്തിലെ ആറ്റിങ്ങലും, കൊല്ലവും ഒഴിച്ചുള്ള മണ്ഡലങ്ങളും യുഡിഎഫിന് ഒപ്പമാണ്. രാഷ്ട്രീയമായി നോക്കുമ്പോൾ തൃശൂർ വരെ ഇടത് ആഭിമുഖ്യവും, അവിടുന്ന് തെക്കോട്ട് വലത് ആഭിമുഖ്യവുമുള്ള ഒരു ചിത്രമാണ് സർവേയിൽ തെളിയുന്നത്.

മധ്യകേരളത്തിലെ പല മണ്ഡലങ്ങളിലും ശക്തമായ യുഡിഎഫ് തരംഗം ആഞ്ഞടിക്കയാണെന്നും സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നു. എറണാകുളത്തും, ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കാൻ സാധ്യതയുണ്ട്. കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിൽ യുഡിഎഫിന് പക്ഷേ നേരിയ മുൻതൂക്കം മാത്രമാണുള്ളത്. ഇവിടെ കെസി വേണുഗോപാൽ വീണ്ടും മൽസരിച്ചില്ലെങ്കിൽ യുഡിഎഫിന്റെ സാധ്യതകൾക്ക് വിലങ്ങുതടിയാവുമെന്നും സർവേ സൂചനകൾ വിലയിരുത്തുന്നു.

അതേസമയം മധ്യകേരളത്തിലേതുപോലെ യുഡിഎഫിന് അനുകൂലമായ തരംഗം തെക്കൻ കേരളത്തിൽ പ്രകടമല്ല. യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലങ്ങളായ പത്തനംതിട്ടയിലും, മാവേലിക്കരയും അവർ നിലനിർത്തുന്നു. എന്നാൽ ആറ്റിങ്ങൽ നിലനിർത്തുന്ന എൽഡിഎഫ്്, കൊല്ലം പിടിച്ചെടുക്കുമെന്ന സൂചനയാണ് സർവേ നൽകുന്നത്. സംസ്ഥാനത്ത് ത്രികോണ മൽസരം നടക്കുന്ന ഒരേയൊ മണ്ഡലമായ തിരുവനന്തപുരത്ത് വെറും രണ്ടു ശതമാനം വോട്ടിന് യുഡിഎഫ് എൽഡിഎഫിനോക്കാൾ മുന്നിലാണ്. വെറും ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ്. അതായത് ശരിക്കും ത്രിശങ്കുവിലാണ് അനന്തപുരിയെന്ന് ചുരുക്കം. ഇവിടെ സ്ഥാനാർത്ഥി നിർണയമാകും നിർണായകമാകുക. ബിജെപി സ്ഥാനാർത്ഥായിയി കുമ്മനം രാജശേഖരൻ എത്തിയാൽ ശശി തരൂരിന് മൂന്നാമൂഴം കടുകട്ടിയാകുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ സാഹചര്യത്തിൽ പൊടുന്നനെയുണ്ടാവുന്ന മാറ്റങ്ങളും അന്തിമ ഫലത്തെ സ്വാധീനിക്കും.

കഴിഞ്ഞ തവണ സംസ്ഥാനത്ത് എൽഡിഎഫിന് 8 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മറുനാടൻ സർവേ പ്രകാരം ഇത്തവണ അവർ 9 സീറ്റിൽ മുന്നിലാണെങ്കിലും വിജയം ഉറപ്പിക്കാൻ കഴിയുന്നത്ര വോട്ട് വ്യത്യാസം ഉള്ളത് വെറും രണ്ടേ രണ്ടു മണ്ഡലങ്ങളിലാണെന്നത് എൽഡിഎഫിന് ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. പാലക്കാട്, ആലത്തൂർ എന്നിവയിൽ മാത്രമാണ് ഇടതുമുന്നണിക്ക് വിജയം ഉറപ്പിക്കാൻ കഴിയുന്ന വോട്ട് പൊസിഷനിലേക്ക് മാറാൻ കഴിയുന്നത്. സാധാരണ അഞ്ചു ശതമാനത്തിൽ താഴെയുള്ള മണ്ഡലങ്ങളെ ചാഞ്ചാടുന്ന മണ്ഡലങ്ങളായാണ് സർവേ വിശകലന വിദഗധർ വിലയിരുത്തുന്നത്. അങ്ങനെ നോക്കുമ്പോൾ കാസർഗോഡ് അടക്കമുള്ള തങ്ങളുടെ കുത്തക മണ്ഡലത്തിൽ പോലും എൽഡിഎഫിന്റെ നില പരുങ്ങലിലാണ്. സർവേ പ്രകാരം വെറും മൂന്നു ശതമാനം വോട്ടിന്റെ ലീഡാണ് ഇടതുമുന്നണിക്ക് അവിടെ കിട്ടിയത്. വടകര, കോഴിക്കോട്, കൊല്ലം മണ്ഡലങ്ങളിലാണ് മുൻ തെരഞ്ഞെടുപ്പിൽ നിന്ന് ഭിന്നമായി എൽഡിഎഫിന് നേട്ടമാകുന്നത്. ഈ മൂന്നു സീറ്റും യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. അതേസമയം എൽഡിഎഫിന്റെ കൈയിൽനിന്ന് ചാലക്കുടി, ഇടുക്കി എന്നീ സീറ്റുകൾ യുഡിഎഫ് തിരിച്ചുപിടിക്കാൻ സാധ്യതയുണ്ടെന്ന് സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ ഐക്യമുന്നണിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പരമ്പരാഗത മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷമാണ് കിട്ടുന്നത്. 12 ശതമാനമാണ് വയനാട്ടിൽ യുഡിഎഫിന് മേൽക്കൈയുള്ളത്. മലപ്പുറത്താകട്ടെ ഒരുപടികൂടി കടന്ന് 16 ശതമാനത്തിന്റെ കൂറ്റൻ ലീഡാണ് സർവേ യുഡിഎഫിന് നൽകുന്നത്. എറണാകുളത്ത് 15 ശതമാനം വോട്ടിന്റെ വൻ ലീഡും നേടുന്നു. ഇടുക്കിയിലെയും കോട്ടയത്തെയും വലിയ മാർജിനും യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. പൊന്നാനി, ആലപ്പുഴ, ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന്റെ താഴെയുള്ള, താരതമ്യേന കുറഞ്ഞ ലീഡ് യുഡിഎഫിന് ലഭിക്കുന്നത്. അതായത് യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലങ്ങളിൽ അവർ ഭൂരിപക്ഷം ഉയർത്തുമ്പോൾ എൽഡിഎഫ് അവരുടെ മണ്ഡലങ്ങൾ നിലനിർത്താൻ പൊരുതുകയാണ്. യുഡിഎഫിന് അനുകൂലമായ തരംഗം കേരളത്തിൽ ഇല്ലെങ്കിലും വ്യക്തമായ മുന്നേറ്റം ഉണ്ടെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

എറണാകുളം: യുഡിഎഫ് തരംഗം പ്രകടം

സർവേഫലം ഇങ്ങനെ

യുഡിഎഫ് - 50

എൽഡിഎഫ് -35

എൻഡിഎ - 9

മറ്റുള്ളവർ-4

നോട്ട - 2

ലോകസ്ഭാ തെരഞ്ഞെടുപ്പുകളിൽ സാധാരണ യുഡിഎഫിന് മേൽക്കൈ കിട്ടുന്ന മണ്ഡലമാണ് എറണാകളും. ഇവിടെ കോൺഗ്രസും യുഡിഎഫും അതീവ ദുർബലമാവുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മാത്രമാണ് ഡോ. സെബാസ്റ്റ്യൻ പോളിനെയൊക്കെ സ്വതന്ത്രരായി മൽസരിപ്പിച്ച് എൽഡിഎഫ് മണ്ഡലം പിടിക്കാറുള്ളത്. ഇത്തവണ അത്തരം സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ യുഡിഎഫിന് മേൽക്കൈയുണ്ടാകുമെന്ന പൊതു നിരീക്ഷണം സാധൂകരിക്കുന്ന രീതിയിലാണ് മറുനാടൻ സർവേ ഫലങ്ങളും പുറത്തുവരുന്നത്. റാൻഡം സർവേയിൽ 50 ശതമാനം വോട്ടർമാരും യുഡിഎഫിനെ തുണക്കുമ്പോൾ, എൽഡിഎഫിന്റെ വോട്ടുകൾ വല്ലാതെ താഴ്ന്ന് വെറും 35 ശതമാനത്തിൽ എത്തുകയാണ്. 15 ശതമാനത്തോളം വരുന്ന വോട്ട് വ്യത്യാസം യുഡിഎഫ് തരംഗത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. പുതിയ വോട്ടർമാരും സ്ത്രീകളും കേന്ദ്രത്തിൽ യുഡിഎഫ് വരണമെന്ന് ആഗ്രഹിക്കുന്നതായി സർവേയുടെ അനുബന്ധ ചോദ്യങ്ങളിൽ പ്രകടമാണ്. യുഡിഎഫിന് അനുകൂലമായി ക്രിസ്ത്യൻ- മുസ്ലിം വോട്ടർമാരുടെ ഏകീകരണവും ഈ മണ്ഡലത്തിൽ പ്രകടമാണ്.

കഴിഞ്ഞ തവണ കോൺഗ്രസ് നേതാവ് കെ വി തോമസ് എൺപത്തിഏഴായിരത്തിൽ പരം വോട്ടിന് എൽഡിഎഫ് സ്വതന്ത്രനായ ക്രിസ്റ്റി ഫെർണാണ്ടസിനെ തോൽപ്പിച്ചത്. എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലോകസഭാ നിയോജകമണ്ഡലം. ഇത്തവനയും കെ വി തോമസ് തന്നെയാണ് യുഡിഎഫിൽ മൽസര രംഗത്തുള്ളത്. എൽഡിഎഫിൽ ഇവിടെ തീരുമാനമായിട്ടില്ല. പി രാജീവിനെപ്പോലുള്ള മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കിയാലെ ഇടതിന് ഇവിടെ പൊരുതി നിൽക്കാൻപോലും ആവുകയുള്ളൂ. ഉള്ളവോട്ടുകൾ നിലനിർത്തുന്നുവെന്നല്ലാതെ ബിജെപി വോട്ടുകളിൽ ഇവിടെ കാര്യമായ വർധന കാണുന്നില്ല.

ഇടുക്കി: കർഷകരോഷം എൽഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു

സർവേ ഫലം ഇങ്ങനെ

യുഡിഎഫ്- 51

എൻഡിഎഫ്- 35

എൻഡിഎ- 6

മറ്റുള്ളവർ- 4

നോട്ട- 4

കഴിഞ്ഞവർഷം കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ മറപിടിച്ചുണ്ടായ കർഷകരുടെയും മതമേലധ്യക്ഷന്മാരുടെയും രോഷം വോട്ടാക്കി വിജയിച്ച എൽഡിഎഫിന് ഇപ്പോൾ അതേ നാണയത്തിൽ തിരിച്ചടി കിട്ടുകയാണെന്ന് ഇടുക്കിയിലെ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. കാർഷിക-മലയോര പ്രദേശങ്ങൾ ഏറെയുള്ള ഇടുക്കിയിൽ, നേരത്തെ വയനാട് ജില്ലയിൽ കണ്ടതിന് സമാനമായ ഭരണവിരുദ്ധ വികാരമാണ് ആഞ്ഞടിക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ എതിരായ ഈ വികാരത്തിൽ നിന്ന് രണ്ടിടത്തും പ്രതിപക്ഷത്തായ കോൺഗ്രസ് നൈസായി രക്ഷപ്പെടുകയുമാണ്.

മറുനാടൻ സർവ്വേയിൽ, യുഡിഎഫ് തരംഗമെന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥയാണ് ഇടുക്കിയിൽ കാണുന്നത്. 51 ശതമാനം വോട്ടുകൾ യുഡിഎഫ് നേടുമ്പോൾ എൽഡിഎഫിന് കിട്ടുന്നത് വെറും 35 ശതമാനമാണ്. കാർഷിക വിലത്തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും അടക്കമുള്ള വിഷയങ്ങളിൽപെട്ട് ഉഴലുന്ന കർഷകന്റെയും കച്ചവടക്കാരന്റെയുമൊക്കെ വികാരത്തിന്റെ ഗുണഫലം കിട്ടുന്നത് പ്രതിപക്ഷമായ യുഡിഎഫിനാണ്. യുഡിഎഫിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ 2014 ൽ ജോയ്‌സിലൂടെ ഇടതിന് അട്ടിമറി ജയം സമ്മാനിച്ചത്. 50,542 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്വതന്ത്രനായി രംഗത്തിറക്കിയ ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകൻ ജോയ്‌സ് ജോർജ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡീൻ കുര്യാക്കോസിനെ തറപറ്റിച്ചത്.

2009ൽ കേരള കോൺഗ്രസ് ഇടതുമുന്നണിയിലായിരുന്നിട്ടും കോൺഗ്രസിലെ പി ടി തോമസ് 74,796 വോട്ടുകൾക്ക് വിജയിച്ച ഇടുക്കിയാണ് ഉരുൾപൊട്ടൽ പോലെ യുഡിഎഫിൽ നിന്നും 2014 ൽ ഒലിച്ചുപോയത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 37,371 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്തായിരുന്നു ഈ തിരിച്ചടി. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവീകുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോകസഭാ നിയോജക മണ്ഡലം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ച് മണ്ഡലങ്ങളും എൽഡിഎഫിന് ഒപ്പമാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളായി ഉമ്മൻ ചാണ്ടിയും ഡീൻ കുര്യാക്കോസും തൊട്ട പുറമെ മാത്യു കുഴൽനാടന്റെ പേരുവരെ പറഞ്ഞുകേൾക്കുന്നുണ്ട്.

കോട്ടയം: യുഡിഎഫ് മുന്നിൽ; ജോസ് കെ മാണിക്കെതിരെ പ്രതിഷേധം

സർവേ ഫലം ഇങ്ങനെ

യുഡിഎഫ്- 51

എൽഡിഎഫ്-37

എൻഡിഎ- 7

മറ്റുള്ളവർ -3

നോട്ട- 2

യുഡിഎഫിന്റെ പരമ്പരാഗത സീറ്റകളിൽ ഒന്നായ കോട്ടയത്തും അവർക്ക് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് സർവേഫലങ്ങൾ സൂചിപ്പിക്കുന്നത്. 51 ശതമാനം വോട്ടുകൾ യുഡിഎഫിന് ലഭിക്കുമ്പോൾ എൽഡിഎഫ് വെറും 37 ശതമാനത്തിലേക്ക് കുറയുകയാണ്. എന്നാൽ 2009ൽ എംപിയായ ജോസ് കെ മാണിക്കു നേരെ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. മണ്ഡലം അനാഥമാക്കി രാജ്യസഭാംഗമായി എന്ന വിമർശനം സർവേ നടത്തുമ്പോൾ തന്നെ നാട്ടുകാർ പ്രകടിപ്പിക്കുകയുണ്ടായി. പലരും ബാലറ്റിന്റെ പിറകിൽപോലും ജോസ് കെ മാണിയോടുള്ള രോഷം രേഖപ്പെടുത്തിയിരുന്നു. ഇതു തന്നെയാണ് മണ്ഡലത്തിൽ എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധവും. എന്നാൽ ഈ സാഹചര്യത്തിൽ നിന്ന് മുതലെടുക്കാനുള്ള പ്രാപ്തി എൽഡിഎഫിന് ഇല്ലെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കർഷകരും വ്യാപാരികളും അടങ്ങുന്ന മധ്യവർഗവും പുതിയ വോട്ടർമാരും യുഡിഎഫിനെയാണ് പിന്തുണക്കുന്നതെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. റബ്ബർ വിലയിടവ് അടക്കമുള്ള പലകാര്യങ്ങളിലും കേന്ദ്രത്തിനെതിരെയാണ് സാധാരണക്കാരന്റെ പ്രതികരണം.

കോട്ടയം ജില്ലയിലെ പിറവം, പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോട്ടയം ലോകസഭാ നിയോജകമണ്ഡലം. ഇതിൽ അഞ്ച് മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം ആയിരുന്നു. ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായത്. 2009 ൽ 71,570 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന ജോസ് കെ മാണി, 2014 ൽ അത് 120,599 ആക്കി ഉയർത്തിയിരുന്നു. ഇത്തവണയും അത്ര ഭൂരിപക്ഷം ഇല്ലെങ്കിലും വിജയസാധ്യത യുഡിഎഫിനൊപ്പമാണെന്ന് സർവേഫലങ്ങളും സൂചിപ്പിക്കുന്നു. ചരിത്രം പരിശോധിച്ചാൽ, കോട്ടയം മണ്ഡലത്തിന് വേറേയും ഉണ്ട് പ്രത്യേകതകൾ. മണ്ഡലത്തിൽ നിന്ന് ഏറ്റവും അധികം എംപിയായി തിരഞ്ഞെടുക്കപ്പെട്ട ആൾ സിപിഎമ്മിന്റെ സുരേഷ് കുറുപ്പാണ്. നാല് തവണ സുരേഷ് കുറുപ്പ് കോട്ടയത്ത് നിന്ന് ലോക്‌സഭയിൽ എത്തിയിട്ടുണ്ട്. ഇത്തവണ മുന്നണി സ്ഥാനാർത്ഥികൾ ആരാണ് എന്നതും നിർണ്ണായകമാണ്.

ആലപ്പുഴ: കെ.സി ഇല്ലെങ്കിൽ കൈയാലപ്പുറത്ത്

സർവേ ഫലം ഇങ്ങനെ

യുഡിഎഫ് - 43

എൻഡിഎഫ്- 40

എൻഡിഎ- 10

മറ്റുള്ളവർ -5

നോട്ട - 2

ആലപ്പുഴയിൽ  എത്തിയ മറുനാടൻ സർവേ ടീമിനോട് ജനങ്ങൾക്ക് വീണ്ടും അറിയേണ്ടത് ഇത്തവണ കെസി വേണുഗോപാൽ മൽസരിക്കുമോ എന്നതായിരുന്നു. എൽഡിഎഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ കെസി വേണുഗോപാലിന്റെ വ്യക്തി പ്രഭാവമായിരുന്നു പലപ്പോഴും യുഡിഎഫിനെ തുണച്ചിരുന്നത്്. അതുകൊണ്ടു തന്നെ കെസി ഇല്ലെങ്കിൽ മണ്ഡലം കൈയാലപ്പുറത്താണെന്ന് വ്യക്തം. കഴിഞ്ഞ തവണ കടുത്ത മൽസരത്തിനൊടുവിൽ പത്തൊമ്പതിനായിരം വോട്ടുകൾക്കാണ് ഇവിടെ യുഡിഎഫ് ജയിച്ചു കയറിയത്. മറുനാടൻ സർവേയിലും പ്രകടമായത് ശക്തമായ രാഷ്ട്രീയ മൽസരത്തിന്റെ സൂചനകളണ്. വെറും 3 ശതമാനം വോട്ടുകൾക്കാണ് ഇവിടെ യുഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. 43 ശതമാനം വോട്ട് നേടിയ യുഡിഎഫിന് തൊട്ടു പിറകിലായി, 40 ശതമാനം വോട്ടുമായി എൽഡിഎഫുമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെടുന്ന എൽഡിഎഫ് ഇക്കുറി പ്രമുഖരിലാരെയെങ്കിലും സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമത്തിലാണ്. 2004ന് ശേഷം ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ വിജയിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജില്ല എൽഡിഎഫിനെ പിന്തുണയ്ക്കുമ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂലമാവുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഇത്തവണ പരിചിതവും ജനകീയവുമായ മുഖങ്ങളെ പരീക്ഷിക്കാൻ സിപിഎം തീരുമാനിച്ചത്. ധനമന്ത്രി തോമസ് ഐസക്, അരൂർ എംഎൽഎ എഎം ആരിഫ് എന്നിവരുടെ പേരുകൾ സജീവമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതോടെ സിഎസ് സുജാത, എംഎ ബേബി എന്നിവരുടെ പേരുകൾ ഇടതു ക്യാംപിൽ സജീവമാവുകയാണ്. കെ.സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായതോടെ യുഡിഎഫിലും സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ബിജെപിയിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച പ്രാഥമികഘട്ടത്തിൽ ആണ്.എൻഡിഎയിൽ ഈ മണ്ഡലം ബിജെഡിഎസ് ആവശ്യപ്പെടും എന്നും കേൾക്കുന്നുണ്ട്. എന്തായാലും സ്ഥാനാർത്ഥിയും ആലപ്പുഴയിൽ വിജയത്തിൽ നിർണ്ണായകമാണെന്ന് വ്യക്തമാണ്.

പത്തനംതിട്ട: ശബരീശ മണ്ഡലത്തിൽ കടുത്ത മൽസരം

യുഡിഎഫ് - 40

എൻഡിഎഫ്- 36

എൻഡിഎ- 16

മറ്റുള്ളവർ- 6

നോട്ട- 2

ശബരിമല ഉൾക്കൊള്ളുന്ന മണ്ഡലമായ പത്തനം തിട്ട ഒരു പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ്. കഴിഞ്ഞ തവണ കോൺഗ്രസ് നേതാവ് ആന്റോ ആന്റണി 50000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്വതന്ത്രനായ ഫീലിപ്പോസ് തോമസിനെ തോൽപ്പിച്ചത്. ബിജെപി നേതാവ് എം ടി രമേശ് ഒരു ലക്ഷത്തി മുപ്പത്തിഎട്ടായിരത്തോളം വോട്ടുകൾ പിടിച്ച് സകലരെയും ഞെട്ടിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. പക്ഷേ ഇത്തവണ ശബരിമല സമരത്തിനുശേഷവും ബിജെപിയുടെ വോട്ടിൽ കാര്യമായ വർധന കാണുന്നില്ലെന്ന് സർവേ സൂചകങ്ങൾ വ്യക്താമാക്കുന്നു. സർവേ പ്രകാരം യുഡിഎഫ് 40 ശതമാനം വോട്ടുകൾ നേടി മുന്നിട്ടു നിൽക്കുമ്പോൾ, വെറും നാലു ശതമാനത്തിന്റെ കുറവിൽ എൽഡിഎഫ് തൊട്ടു പിന്നാലെയുണ്ട്. എൻഡിഎക്ക് 16 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്. അതായത് പുതിയ സാഹചര്യത്തിൽ മണ്ഡലത്തിൽ യുഡിഎഫ് തരംഗമൊന്നുമില്ല. രാഷ്ട്രീയമായി നോക്കുമ്പോൾ ഇവിടെ എൽഡിഎഫിനും ശക്തമായ മൽസരം കാഴ്ചവെക്കാൻ കഴിയുമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ഇത്തവണ ഇവിടെ ബിജെപിക്കു വേണ്ടി അൽഫോൽസ് കണ്ണന്താനം മൽസരിക്കുമെന്നും കേൾക്കുന്നുണ്ട്. പന്തളം രാജകുടുംബത്തിലെ അംഗത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്. ബിജെപി പിടിക്കുന്ന വോട്ടുകൾ ഇത്തവണ ഏതുമുന്നണിക്ക് ദോഷം ചെയ്യുമെന്നും കാത്തിരുന്നു കാണേണ്ടതാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം.

മവേലിക്കര: യുഡിഎഫിന് മുന്നേറ്റം; പക്ഷേ..

യുഡിഎഫ്-46

എൽഡിഎഫ്-39

ബിജെപി-10

മറ്റുള്ളവർ- 4

നോട്ട -1

കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ മാവേലിക്കരയിൽ ഇത്തവണയും യുഡിഎഫിന് മുൻതൂക്കമാണ് മറുനാടൻ സർവേ ഫലങ്ങളും സൂചിപ്പിക്കുന്നത്. സർവേ സൂചനകൾ പ്രകാരം 46 ശതമാനം വോട്ട് യുഡിഎഫ് നേടുമ്പോൾ, 39 ശതമാനം വോട്ടുകളാണ് എൽഡിഎഫ് നേടുന്നത്. അതായത്് ആഞ്ഞുപിടിച്ചാൽ മണ്ഡലം എൽഡിഎഫിന് അപ്രാപ്യമല്ല. ഒരു മുന്നണിക്ക് അനുകൂലമായ തരംഗവും മണ്ഡലത്തിൽ ഇല്ലെന്നും സർവേ വ്യക്താമാക്കുന്നു.

കഴിഞ്ഞതവണ കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ് 32,000 ത്തോളം വോട്ടുകൾക്കാണ് സിപിഐയിലെ ചെങ്ങറ സുരേന്ദ്രനെ തോൽപ്പിച്ചത്. സംവരണ മണ്ഡലമായ ഇവിടെ കെപിഎംഎസ് നേതാവും നവോത്ഥാന മതിലിന്റെ പ്രധാന സംഘടാകനുമായ പുന്നല ശ്രീകുമാറിനെ മൽസരിപ്പിക്കാനുള്ള നീക്കം ഇവിടെ സിപിഐ നടത്തുന്നുണ്ട്. അങ്ങനെയാണെങ്കിൽ കടുത്ത മൽസരത്തിനാണ് മണ്ഡലം സാക്ഷിയാവുക. ബിജെപിയുടെ വോട്ടുകളിലും വർദ്ധന കാണുന്നുണ്ട്. ബിഡിജെഎസിനും എസ്എസ്എസിനും സ്വാധീനമുള്ള മേഖലകളും ഇവിടെയുണ്ട്. ആർ ബാലകൃഷ്ണ പിള്ള എൽഡിഎഫിലേക്ക് മാറിയത് ഇവിടുത്തെ ഫലത്തെ കാര്യമായി തന്നെ ബാധിക്കും. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ ,കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മാവേലിക്കര ലോകസഭാ നിയോജക മണ്ഡലം.

കൊല്ലം: തിരിച്ചു പിടിക്കാൻ എൽഡിഎഫ്

എൽഡിഎഫ്- 45

യുഡിഎഫ് - 41

എൻഡിഎ- 9

മറ്റുള്ളവർ- 4

നോട്ട-1

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിൽക്കുമ്പോളും ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ കൈവിടുന്ന ചാഞ്ചാട്ടമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കൊല്ലം. പക്ഷേ ഇത്തവണ കൊല്ലം തിരിച്ചുപിടിക്കാനുള്ള എൽഡിഎഫിന്റെ ശ്രമങ്ങൾ സാധൂകരിക്കുന്ന രീതിയിലാണ് മറുനാടൻ സർവേ ഫലങ്ങൾ പുറത്തുവരുന്നത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ അവരേക്കാളും നാലു ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിലാണ്. രാഷട്രീയമായി ഈ മേഖലയിൽ സിപിഎമ്മിനുള്ള വളർച്ച തന്നെയാണ് വോട്ടാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതു പോലെ എൽഡിഎഫ് വിരുദ്ധ വികാരം ഇവിടെ പ്രകടമല്ല. പക്ഷേ എ കെ പ്രേമചന്ദ്രൻ എം പിക്കെതിരായ വികാരവും സർവേയിൽ ഇല്ല. അനുബന്ധ ചോദ്യങ്ങളിൽ പ്രേമചന്ദ്രന്റെ പ്രകടനത്തിൽ ഭൂരിഭാഗംപേരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ എം കെ പ്രേമചന്ദ്രൻ, 37000 ത്തോളം വോട്ടിന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബിയെ തോൽപ്പിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.

കൊല്ലം ജില്ലയിലെ ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതിന് വൻ ഭൂരിപക്ഷം നൽകുന്നതാണ്. കക്ഷി ബന്ധങ്ങൾ എൽഡിഎഫിന് ഗുണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലായിരുന്നു കേരളാ കോൺഗ്രസ് ബിയും ആർഎസ്‌പിയുടെ ഒരു വിഭാഗവുമൊക്കെ ഇപ്പോൾ എൽഡിഎഫിന്റെ കൂടെയാണ്.

ആറ്റിങ്ങൽ: ഇടതിന്റെ കുത്തക സീറ്റിൽ കടുത്ത പോരാട്ടം

എൽഡിഎഫ്-  40

യുഡിഎഫ്- 36

എൻഡിഎ- 17

മറ്റുള്ളവർ - 5

നോട്ട -2

ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഏറ്റവും പ്രതീക്ഷവെക്കുന്ന സീറ്റുകളിൽ ഒന്നാണ്, ദീർഘകാലമായി തങ്ങൾ ജയിച്ചുവരുന്ന ആറ്റിങ്ങൽ. എന്നാൽ ഇത്തവണ ആറ്റിങ്ങിലും എൽഡിഎഫ് കടുത്ത മൽസരം നേരിടുകയാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. വെറും നാല് ശതമാണം വോട്ടിന്റെ ലീഡ് മാത്രമാണ് സർവേ പ്രകാരം ഇടതുമുന്നണിക്ക് ഇവിടെയുള്ളത്. എന്നാൽ ശബരിമല സമരത്തിന്റെ അനുബന്ധമെന്നോണം 17 ശതമാനം വോട്ടിലേക്ക് ബിജെപി ഉയരുന്നുണ്ട്.

2014ൽ കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണയെ 69378 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥി എ സമ്പത്ത് പരാജയപ്പെടുത്തിയത്. ഇത്തവണ സമ്പത്ത് മൽസരിക്കുമോ എന്ന് ഉറപ്പില്ലാത്തത് എൽഡിഎഫിന് ഭീഷണിയാണ്. 1996ൽ പഴയ ചിറയൻകീഴ് മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ തലേക്കുന്നിൽ ബഷീറിനെ തോൽപ്പിച്ചാണ് സമ്പത്ത് ആദ്യമായി ലോക്‌സഭയിലെത്തി. ആറ്റിങ്ങൽ എന്ന് പേര് മാറിയ മണ്ഡലത്തിൽ നിന്ന് 2009ലും സമ്പത്ത് വിജയിച്ചു. മികച്ച പാർലിമെന്റേറിയൻ എന്ന നിലയിലും സമ്പത്ത് തിളങ്ങിയിട്ടുണ്ട്. മുൻ ഡിജിപി ടിപി സെൻകുമാറിന്റെ പേര് നേരത്തെ ഈ മണ്ഡലത്തിൽ ബിജെപി പരിഗണിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ആറ്റിങ്ങൽ ലോകസഭാ നിയോജകമണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതിന് അനുകൂലമാണ്. പക്ഷേ ആ വോട്ടിങ്ങ് പറ്റേണിൽനിന്ന് തീർത്തും വിഭിന്നമായ ഫലമാണ് പാർലിമെന്റിലേക്ക് ഉണ്ടാവുകയെന്ന് കൃത്യമായ സൂചന സർവേ നൽകുന്നുണ്ട്.

തിരുവനന്തപുരം: ത്രിശങ്കുവിലെത്തിയ ത്രികോണ മൽസരം

സർവേ ഫലം ഇങ്ങനെ

യുഡിഎഫ്- 33

എൽഡിഎഫ്- 31

എൻഡിഎ- 30

മറ്റുള്ളവർ- 4

നോട്ട- 2

സംസ്ഥാനത്ത് ത്രികോണ മൽസരം നടക്കുന്ന ഒരേ ഒരു മണ്ഡലമായ തിരുവനന്തപുരം സർവേ ഫലം കടുത്ത മൽസരത്തിന്റെ സൂചനകളാണ് നൽകുന്നത്. 33 ശതമാനം വോട്ടുകൾ നേടി യുഡിഎഫ് ഒന്നാമതെത്തിയപ്പോൾ, 31 ശതമാനം വോട്ടുകളുമായി എൽഡിഎഫ് തൊട്ടു പിറകിലുണ്ട്. വെറും ഒരു ശതമാനത്തിന്റെ കുറവുമായി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയും തൊട്ട പിന്നാലെയുണ്ട്. അതായത് ശരിക്കും കട്ടക്ക് കട്ട മൽസരം. ഇനി സ്ഥാനാർത്ഥികളും അവസാനവട്ട രാഷ്ട്രീയ മാറ്റങ്ങളും അനുസരിച്ചായിരിക്കും മണ്ഡലത്തിന്റെ അന്തിമമായ ഫലം വരിക.

അനന്തപുരിയിലെ പ്രസ്റ്റീജ് സീറ്റിൽ സിറ്റിങ്ങ് എം പി ശശി തരൂർ തന്നെ കോൻഗ്രസിനിൽ നിന്ന് സ്ഥാനാർത്ഥിയാവുമെന്ന് എതാണ്ട് ഉറപ്പായിട്ടുണ്ട്. കുമ്മനം രാജശേഖരൻ മുതലുള്ള മുതിർന്ന നേതാക്കളെയാണ് ബിജെപി പരിഗണിക്കുന്നത്. ആനി രാജയെപ്പോലുള്ള ഒരു മുതിർന്ന നേതാവിനെയാണ് എൽഡിഎഫ് ഇവിടെ പരിഗണിക്കുന്നതെന്ന് അറിയുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥിക്കു നേരെയുണ്ടായ പേയ്മെന്റ് സീറ്റുപോലുള്ള ആരോപണങ്ങളാണ് തങ്ങളെ പിറകോട്ട് അടുപ്പിച്ചതെന്നാണ് ഒടുവിൽ എൽഡിഎഫ് കേന്ദ്രങ്ങൾ തന്നെ സമ്മതിച്ചത്. ആനി രാജയെപ്പോലുള്ള ഒരാൾ സ്ഥാനാർത്ഥിയായാൽ കടുത്ത മൽസരമായിരിക്കും തലസ്ഥാന നഗരിയെ കാത്തിരിക്കുന്നത്.

കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ, പതിനയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ ഒ രാജഗോപാലിനെ തോൽപ്പിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി എൽഡിഎഫിനേക്കാൾ മുപ്പത്തിനാലായിരം വോട്ടാണ് കൂടുതൽ നേടിയത്. എന്നാൽ ഇത്തവണ രാഷ്ട്രീയ വോട്ടുകൾ എൽഡിഎഫിൽ നിന്ന് നഷ്ടമാവുന്നില്ലെന്ന സൂചനകളാണ് സർവേയിൽ നിന്ന് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP