Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗവർണറായതും ആഗ്രഹിച്ചിട്ടല്ല; സംഘടന ഏൽപ്പിച്ച ചുമതല നിർവഹിക്കുന്നു; സംഘടനാ വിധേയനാണ് ഞാൻ; സ്വയം സമർപ്പിച്ചവൻ; വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് പ്രസക്തിയില്ല; തിരിച്ചുവരാനും പഴയ പോലെ സംഘടനാപ്രവർത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം: ആർഎസ്എസ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് സൂചന നൽകി കുമ്മനം രാജശേഖരൻ; ഇനി നിർണ്ണായകം അമിത് ഷായുടെ തീരുമാനം; തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാർത്ഥിയെന്ന് ഏതാണ്ട് ഉറപ്പായി

ഗവർണറായതും ആഗ്രഹിച്ചിട്ടല്ല; സംഘടന ഏൽപ്പിച്ച ചുമതല നിർവഹിക്കുന്നു; സംഘടനാ വിധേയനാണ് ഞാൻ; സ്വയം സമർപ്പിച്ചവൻ; വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് പ്രസക്തിയില്ല; തിരിച്ചുവരാനും പഴയ പോലെ സംഘടനാപ്രവർത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം: ആർഎസ്എസ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് സൂചന നൽകി കുമ്മനം രാജശേഖരൻ; ഇനി നിർണ്ണായകം അമിത് ഷായുടെ തീരുമാനം; തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാർത്ഥിയെന്ന് ഏതാണ്ട് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരൻ തന്നെ സൂചന നൽകി. കേരളത്തിൽ ഇപ്പോഴുള്ള കുമ്മനം ഇതു സംബന്ധിച്ച് സംഘപരിവാറുമായി ചർച്ച നടത്തുമെന്നാണ് സൂചന. അതിന് ശേഷമാകും അന്തിമ തീരുമാനം. കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കേണ്ടതുണ്ടെന്നും കുമ്മനം പറയുന്നു. ഇതോടെ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കാനുള്ള സർമ്മർദ്ദം വിജയിച്ചുവെന്നാണ് ബിജെപി നേതൃത്വത്തിന്റേയും വിലയിരുത്തൽ.

കോഴിക്കോട് വച്ചാണ് ഇക്കാര്യത്തിൽ അനൗദ്യോഗികമായി കുമ്മനം മനസ്സ് തുറന്നത്. 'അങ്ങനെ വലിച്ചെറിഞ്ഞ് രാജിവെച്ചൊഴിഞ്ഞ് പോരാനാകുന്ന പദവിയല്ലല്ലോ? ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണം, കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണം എല്ലാറ്റിലുമുപരി പകരക്കാരനെ കണ്ടെത്തണം. അത്ര എളുപ്പമല്ല.'ഗവർണറായതും ആഗ്രഹിച്ചിട്ടല്ല സംഘടന ഏൽപ്പിച്ച ചുമതല നിർവഹിക്കുന്നു. സംഘടന വിധേയനാണ് ഞാൻ, സ്വയംസമർപ്പിച്ചവൻ, എന്റെ വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് പ്രസക്തിയില്ല. തിരിച്ചുവരാനും പഴയ പോലെ സംഘടനാപ്രവർത്തനം നടത്താനും തയ്യാറാണ് പക്ഷെ സംഘടന തീരുമാനിക്കണം. പണ്ടൊക്കെ എവിടെയും പോകാമായിരുന്നു ആരെയും കാണാമായിരുന്നു ഇപ്പം പക്ഷെ സെക്യൂരിറ്റിയും മറ്റും പ്രശ്‌നമാണ്-രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കുമ്മനം ഇത്തരത്തിൽ പ്രതികരിച്ചെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെയാണ് കുമ്മനത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് ഉറപ്പാണെന്ന് ബിജെപി അണികൾ വിലയിരുത്തലുമായെത്തുന്നത്. ബിജെപിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള കേരളത്തിലെ മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ കുമ്മനമാണ് ഏറ്റവും നല്ല സ്ഥാനാർത്ഥിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം നിലപാട് എടുത്തിട്ടുണ്ട്.

2018 മെയ്‌ 29നാണ് കുമ്മനം മിസോറം ഗവർണറായി ചുമതലയേറ്റെടുക്കുന്നത്, ഒരു വർഷം തികയും മുമ്പ് കുമ്മനം പദവിയൊഴിഞ്ഞ് തിരിച്ചെത്തുമോയെന്നാണ് പ്രധാനചർച്ച. ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആർഎസ്എസിന്റെ ഉറച്ച പിന്തുണയും തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് ബിജെപി തീരുമാനം. ഇതിന് ഏറ്റവും പറ്റിയ നേതാവ് കുമ്മനമാണ്. ശബരിമലയിലെ വിഷയങ്ങളിൽ കുമ്മനത്തിന്റെ സജീവ ഇടപെടലാണ് ഇതിന് കാരണം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർകോട് എന്നിവയാണു പാർട്ടി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങൾ. തിരുവനന്തപുരം ഏതു വിധേനയും പിടിച്ചെടുത്തേ തീരൂവെന്നാണു കേന്ദ്ര നിർദ്ദേശം. അതുകൊണ്ട് ഏറ്റവും മികച്ച സ്ഥാനാർത്ഥി തിരുവനന്തപുരത്ത് എന്നാണു ആവശ്യം. ഇതിന് വേണ്ടിയാണ് കുമ്മനത്തെ നിർദ്ദേശിക്കുന്നതും. മോഹൻലാലിനെ പോലും തിരുവനന്തപുരത്ത് രണ്ടാം പേരുകാരനായാണ് ബിജെപി സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥി പട്ടികയിൽ ഉയർത്തുന്നത്.

ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സജീവമായ മുൻ ഡിജിപി: ടി.പി. സെൻകുമാർ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചന ശക്തമാണ്. കൊല്ലത്തും പേര് പറഞ്ഞു കേൾക്കുന്നു. ബിഡിജെഎസിന് ഈ 2 സീറ്റുകളും താൽപര്യമുള്ളതിനാൽ സീറ്റ് വിഭജനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഇതിനിടെയാണ് ആർഎസ്എസ് പറഞ്ഞാൽ മത്സരിക്കാമെന്ന് കുമ്മനം വിശദീകരിക്കുന്നത്. ഇത് ബിജെപിക്ക് വലിയ ആശ്വാസമായി മാറും. നേരത്തെ കുമ്മനം രാജശേഖരനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ബിജെപി ദേശീയ നേതൃത്വത്തോട് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് സംസ്ഥാന നേതൃത്വും കുമ്മനമാകണം സ്ഥാനാർത്ഥിയെന്ന് നിർദ്ദേശിച്ചു കഴിഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അപ്രതീക്ഷിതമായി മാറിയതാണ് കുമ്മനം. ശബരിമല സമര നായകനായി അറിയപ്പെടുന്ന കുമ്മനം കേരളത്തിൽ നിന്ന് മാറി നിൽക്കുന്നത് വിശ്വാസികളുടെ സമരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. തിരിച്ചു വരണമെന്ന് പന്തളം രാജകുടുംബം പോലും ആവശ്യപ്പെട്ടു. എൻ എസ് എസും കുമ്മനം മടങ്ങി വരണമെന്ന അഭിപ്രായത്തിൽ എത്തിക്കഴിഞ്ഞു. വിശ്വാസികൾക്കൊപ്പം നിന്ന് സമരം നയിക്കാൻ പറ്റുന്ന വ്യക്തിയാണ് കുമ്മനം എന്നാണ് എൻ എസ് എസ് നിലപാട്. ഇതെല്ലാം പരിഗണിച്ചാണ് ബിജെപി നേതൃത്വം കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാൻ നിർദ്ദേശിക്കുന്നത്.

സംഘടനാചുമതലയുള്ള ബിജെപി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി രാംലാലും ആർഎസ്എസ്. നേതൃത്വവുമായി ബുധനാഴ്ച കൊല്ലത്തു നടത്തിയ ചർച്ചയിലാണ്, ഔദ്യോഗികമായിത്തന്നെ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ബിജെപി. സംസ്ഥാനനേതൃത്വവും കുമ്മനത്തെ കേരളത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന ആവശ്യം രാംലാലിനെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ബിജെപി. സംസ്ഥാന കോർ സമിതി യോഗവും ചേർന്നിരുന്നു. പാർട്ടി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് അന്തിമതീരുമാനമെടുക്കുക. ആർഎസ്എസ്. കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്. അവരും കുമ്മനത്തിന് അനുകൂലമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. പ്രതീക്ഷ വെച്ചുപുലർത്തുന്ന തിരുവനന്തപുരത്ത് കുമ്മനത്തിന് അപ്പുറം ഒരു സ്ഥാനാർത്ഥിയില്ലെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.

അവിവാഹിതനായ കുമ്മനം രാജശേഖരൻ സാത്വികനായ രാഷ്ട്രീയപ്രവർത്തകനായാണ് അറിയപ്പെടുന്നത്. മിസോറാമിന്റെ ഗവർണറായി അദ്ദേഹം ചുമതലയേറ്റെടുക്കുമ്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരം തന്നെയെന്ന് വിലയിരുത്തി. കുമ്മനം മിസോറാമിൽ പോയ ശേഷമാണ് ബിജെപിയും അദ്ദേഹത്തിന്റെ വില മനസ്സിലാക്കിയത്. കുമ്മനം പോയതു മുതൽ തിരിച്ചു വരണമെന്ന അഭിപ്രായമാണ് അണികൾ പങ്കുവച്ചത്. ശബരിമലയിലെ യുവതി പ്രവേശനത്തോടെ ഈ ആവശ്യത്തിന്റെ ശക്തി കൂടി. തിരുവനന്തപുരത്ത് കുമ്മനമാണ് മികച്ച സ്ഥാനാർത്ഥിയെന്ന് പല വിധത്തിൽ ചർച്ചകളെത്തി. ഇതിനെ ശമിപ്പിക്കാനാണ് മോഹൻലാലിനെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ നീക്കം നടത്തിയതും. ഇതും നടന്നില്ല. ഇതോടെ കുമ്മനം എന്ന ഒറ്റപേരിലേക്ക് ചർച്ചകളെത്തുകയായിരുന്നു.

കുമ്മനം സജീവരാഷ്ട്രീയത്തിൽ മടങ്ങിവരണമെന്നും പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്നും ബിജെപി പ്രവർത്തകർ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാർ പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തിൽ കുമ്മനത്തെ മടക്കിക്കൊണ്ടുവരാൻ ബിജെപി കേന്ദ്രനേതൃത്വത്തിനുമേൽ സമ്മർദ്ദവും ഏറുകയാണ്. പാർട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാൻ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എൻ.സീമയെപ്പോലെ തലയെടുപ്പുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മൽസരിച്ചതുകൊണ്ടാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിനുപുറമെ കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാർട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയർത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാൻ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തൽ. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ ശശിതരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലും കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജകമണ്ഡലങ്ങളിൽ ഒന്നാമതായിരുന്നു. കോവളം, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂർ രാജഗോപാലിനെ മറികടന്നത്. കുമ്മനത്തിന് ഈ മേഖലകളിൽ എല്ലാം നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP