Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൃതിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം സഹകരണ മേഖലയെപ്പറ്റി; കുട്ടികൾ കൃതിയെ ഉത്സവമാക്കുന്നു

കൃതിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം സഹകരണ മേഖലയെപ്പറ്റി; കുട്ടികൾ കൃതിയെ ഉത്സവമാക്കുന്നു

കൊച്ചി: ജനങ്ങളെ ബാധിക്കുന്ന സർവ മേഖലകളിലും സാന്നിധ്യമറിയിച്ച കേരളത്തിലെ സഹകരണ പ്രസ്ഥാനം കേരളാ ബാങ്ക് രൂപീകരണത്തിലൂടെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണം ഈ വർഷം ഏപ്രിലോടുകൂടി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോൽസവും സന്ദർശിച്ച ശേഷം നവകേരളം നവോത്ഥാനം സഹകരണം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ തൃതല സഹകരണ ബാങ്ക് സംവിധാനം മാറ്റി ജില്ലാ സഹകരണ ബാങ്കുകളും കേരള സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിക്കുകയാണ്. ഗ്രാമീണ ബാങ്ക് ശാഖകൾ കേരളാ ബാങ്ക് കേന്ദ്രങ്ങളായി പ്രവൃത്തിക്കും. അനുമതി ലഭിച്ചാൽ കേരളാ ബാങ്കിൽ എൻആർഐ അക്കൗണ്ടുകൾ ആരംഭിക്കാൻ പ്രവാസികൾക്ക് സാധിക്കും. വിദേശത്ത് നിന്നയക്കുന്ന പണം നാട്ടിലെ സഹകരണ ബാങ്ക് ശാഖകൾ വഴി ബന്ധുക്കൾക്കടുത്തേക്ക് തൊട്ടടുത്ത ദിവസം തന്നെ എത്തിക്കാൻ കേരളാ ബാങ്കിലെ എൻആർഐ അക്കൗണ്ടുകൾ കൊണ്ട് സാധ്യമാവും. കേരളത്തിന്റെ സ്വന്തം ബാങ്കിങ് സ്ഥാപനമായി കേരളാ സഹകരണ ബാങ്ക് മാറും. നിലവിൽ കേരളം ആസ്ഥാനമായി ഷെഡ്യൂൾഡ് ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് അവർ കേരളത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻപത്തേതിനേക്കാൾ കൂടുതൽ ഉയർന്ന ഇടപെടലുകൾ നടത്താൻ ഇന്ന് സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കുന്നുണ്ട്. പൊതു ആവശ്യങ്ങൾക്കായി ഇടപെടൽ നടത്താൻ ശേഷിയുണ്ടെന്ന് സഹകരണ മേഖല തെളിയിച്ചിട്ടുണ്ട്. നാടിന്റെ ആവശ്യം സർക്കാർ ഉന്നയിക്കുമ്പോൾ സഹായിക്കാൻ സഹകരണ സ്ഥാപനങ്ങൾ തയ്യാറായി. കെഎസ്ആർടിസിയിലെ പെൻഷൻ മുടങ്ങിയ സാഹചര്യത്തിൽ സഹകരണ മേഖലയുമായി ചർച്ച നടത്തി. മാസം തോറും സഹകരണ മേഖലയിലൂടെയാണ് ഇപ്പോൾ പെൻഷൻ നൽകുന്നത്. ഈ തുക കെഎസ്ആർടിസി സഹകരണ സ്ഥാപനങ്ങൾക്ക് തിരിച്ചു നൽക്കും. ഇത് കൃത്യമായി നടന്നു പോവുന്നുണ്ട്.

മുൻപ് ക്ഷേമ പെൻഷൻ വിതരണത്തിനും സഹകരണ സ്ഥാപനങ്ങളുടെ സഹായം ലഭിച്ചിരുന്നു. സംസ്ഥാനത്തെ പ്രൈമറി ബാങ്കുകൾ വഴി പെൻഷൻ തുക ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കാൻ സാധിച്ചു. പ്രളയ ബാധിതർക്ക് കുടുംബശ്രീ വഴി ഒരുലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതി രൂപീകരിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളാണ് ഇതിന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയത്. തകർന്ന വീടുകളുടെ പുനർനിർമ്മാണ പ്രക്രിയയിലും സഹകരണ ബാങ്കുകൾ വലിയ പങ്ക് വഹിച്ചു. 2000ഓളം വീടുകളുടെ നിർമ്മാണമാണ് സഹകരണ സ്ഥാപനങ്ങൾ ഏറ്റെടുത്തത്. അതിൽ വലിയൊരു പങ്ക് നിർമ്മാണം പൂർത്തിയായി. സഹകരണ ബാങ്കുകൾ ഏറ്റെടുത്തവയടക്കം മുഴുവൻ വീടുകളുടെയും പുനർ നിർമ്മാണം ഏപ്രിലോടു കൂടെ പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

പൊതുവിതരണ രംഗത്ത് ഫലപ്രദമായാണ് കൺസ്യൂമർ ഫെഡ് ഇടപെടുന്നത്. അഴിമതി ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. മുൻപ് അഴിമതിക്ക് പേരുകേട്ട പല മേഖലകളും ഇപ്പോൾ അഴിമതി വിമുക്തമായി. കൺസ്യൂമെർഫെഡിൽ നല്ല രീതിയിലുള്ള മാറ്റങ്ങളുണ്ടാക്കാൻ പറ്റി. കാർഷിക മേഖലയുടെ വിപണനസംവിധാനവും ശക്തമാക്കും. ആരോഗ്യ രംഗത്ത് ശക്തമായി ഇടപെടുന്ന സഹകരണ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാനത്തെപ്പറ്റി

നവോത്ഥാനമുല്യങ്ങളെ ആർക്കും തകർക്കാനായിട്ടില്ല എന്ന മുദ്രാവാക്യമാണ് വനിതാമതിൽ ഉയർത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന ശക്തികൾക്കെതിരേ ശക്തമായ മുന്നേറ്റമണ് ഉയർന്നത്. അതിന് വനിതാ മതിൽ ഊൗർജം പകർന്നു. നവോത്ഥാനവുമായി ബന്ധപ്പെട്ട് പഴയകാല എഴുകത്തുകാർ നടത്തിയ പ്രവർത്തനങ്ങൾ ഓർക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന കാലത്ത് മനുഷ്യമനസ്സിലെ ഇരുട്ടകറ്റുകയായിരുന്നു എഴുത്തുകാർ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാനകാലം എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്നും ഇന്ന് എങ്ങനെ മാറിയെന്നും മനസ്സിലാക്കണം. ബഷീറിന്റെ എഴുത്ത് മുസ്ലിം സമുദായത്തിലെ ഇരുട്ടകറ്റുക മാത്രമല്ല സമൂഹത്തിന് നന്മയുടെ വെളിച്ചം പകരുകയും ചെയ്തു. ഒരു ഭഗവത് ഗീതയും കുറേ മുലകളും എന്ന പേരിൽ ഒരു കൃതി ബഷീർ ഇന്നാണ് എഴുതിയിരുന്നെങ്കിൽ എന്തായിരുന്നു സംഭവിക്കുക. ബഷീറിന് പൊലീസ് കാവൽ നൽകേണ്ട അവസ്ഥയാവും അപ്പോൾ വരികയെന്നും പിണറായി പറഞ്ഞു.

തകഴിയുടെ രണ്ടിടങ്ങഴിയുടെ ആമുഖത്തിൽ തീണ്ടലും തൊടീലുമടക്കമുള്ള അനാചാരങ്ങൾക്കെതിരേ പറയുന്നു. പൊൻകുന്നം വർക്കിയുടെ എഴുത്തുകൾ പൗരോഹിത്യത്തെ വിമർശിച്ചു. പ്രതിഭാശാലിത്വത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത കൊണ്ടും അന്നത്തെ എഴുത്തുകാർ പ്രസക്തരായിരുന്നു. അവർ പാകി മുളപ്പിച്ച വിത്തിൽ നിന്ന് വീണ്ടും നവോത്ഥാന സൃഷ്ടിക്കായി ശ്രമിക്കേണ്ട കാലമാണിത്.

മലയാളത്തിൽ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ' കാർട്ടൂണിന്റെ 100 വർഷങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. മൺമറഞ്ഞ 25 കാർട്ടൂണിസ്റ്റുകളുടെ രചനകളാണ് പുസ്തകത്തിലുൽപ്പെടുത്തിയിട്ടുള്ളത്. മുൻ എംഎൽഎ വിഎൻ വാസവൻ പുസ്തകം ഏറ്റുവാങ്ങി. മുതിർന്ന കാർട്ടൂണിസ്റ്റ് യേശുദാസനെയും സംവിധായകൻ ജയരാജിനെയും ചടങ്ങിൽ ആദരിച്ചു. ഹോർത്തൂസ് മലബാറിക്കൂസ് റിസർച്ച് ഫെലോ ഡോ. സിആർ സുരേഷിന് ജൈവകീർത്തി പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. സമകാലിക മലയാളം പ്രസിദ്ധീകരിച്ച നായനാർ സ്മൃതിയുടെ പ്രകാശനം പ്രൊഫസർ എംകെ സാനുവിന് നൽകി മുഖ്യമന്ത്രി നിർവഹിച്ചു. സാഹിത്യോൽസവത്തിന്റെ വൈദ്യുത വിതരണം സുഗമമായി നടപ്പാക്കിയതിന് കെഎസ്ഇബി ജീവനക്കാരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിച്ചു. ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് യൂനിയൻ (ബെഫി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ശേഖരിച്ച ഒന്നരക്കോടി രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. പ്രൊഫസർ എംകെ സാനു, പി രാജീവ്, ജോൺ ഫെർണാണ്ടസ് എംഎൽഎ, മിനി തോമസ് ഐഎഎസ്, ഏഴാച്ചേരി രാമചന്ദ്രൻ, പി അപ്പുക്കുട്ടൻ, സിഎൻ മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.

ആൾക്കൂട്ട ആധിപത്യത്തിന്റെ പ്രധാന ഇരകൾ സ്ത്രീകളാണെന്ന് കെ ആർ മീര

നാഗാലാൻഡിലെ ഗോത്രവർഗ സ്ത്രീകളുടേയും പ്രബുദ്ധ കേരളത്തിലെ സ്ത്രീകളുടേയും അവസ്ഥ തുല്യമാണ്. സ്ത്രീകളുടെ ദുരവസ്ഥയിലാണ് നമുക്ക് ദേശീയോദ്‌ഗ്രഥനം സാധ്യമാവുന്നതെന്നും മീര പരിഹസിച്ചു.

കൊച്ചി: ലോകമെമ്പാടും സംഭവിക്കുന്ന ആൾക്കൂട്ട ആധിപത്യത്തിന്റെ പ്രധാന ഇരകൾ എക്കാലത്തും സ്ത്രീകളാണെന്ന് പ്രശസ്ത എഴുത്തുകാരി കെ. ആർ. മീര. കൃതി വിജ്ഞാനോത്സവത്തിൽ മോബോക്രസി എന്ന വിഷയത്തിൽ സംസാരിക്കുകായിരുന്നു മീര. സ്ത്രീസംവരണ പ്രശ്നത്തിൽ തട്ടി നാഗാലാൻഡിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഏറെക്കാലമായി നടക്കുന്നില്ല. മാത്രവുമല്ല ഇതിന്റെ പേരിൽ വൻകലാപങ്ങളും നടക്കുന്നു. വാസ്തവത്തിൽ സ്ത്രീസംവരണം ഒരു മറ മാത്രമാക്കി ഗോത്രവർഗ നേതാക്കൾ പോരാടുകയായിരുന്നു. എന്തിന്റെ പേരിലായാലും തെരഞ്ഞെടുപ്പുകൾ ഒഴിവാക്കുകയാണ് അവരുടെ അജൻഡ. കേരളത്തിലെ സമീപകാല അവസ്ഥയും ഇതിനു തുല്യമാണ്.

കുട്ടിക്കാലത്ത് ഞാനൊക്കെ സയൻസും ഇംഗ്ലീഷുമൊക്കെ പഠിച്ച സമയത്ത് കുഴിക്കാട്ട് പച്ചയും തന്ത്രസമുച്ചയവും നൈഷ്ഠിക ബ്രഹ്മചര്യവുമാണ് പഠിക്കേണ്ടിയിരുന്നത്. അന്ന് നമ്മൾ പഠിച്ച ചരിത്രത്തിനും പൗരധർമത്തിനും ഇന്ന് വിലയില്ലാതായി. ആർത്തവസമയത്തെ ആചാരങ്ങളെപ്പറ്റിയായിരുന്നു അന്ന് പഠിക്കേണ്ടിയിരുന്നത്, മീര പരിഹസിച്ചു. നാഗാലാൻഡിലെ പതിനാറ് ഗോത്രവർഗങ്ങളുടെ കലാപവും സുപ്രീം കോടതി വിധിക്കെതിരെ ഇവിടെ കോപ്പുകൂട്ടുന്നതും തമ്മിൽ സാദൃശമില്ലേ, മീര ചോദിച്ചു. സ്ത്രീകൾ സ്വതന്ത്രരാകാതെ മോബോക്രസിക്ക് ഒരു പരിഹാരവും ഉണ്ടാകില്ല. സ്വന്തം പൗരത്വം സ്ത്രീകൾ ഉറക്കെ പ്രഖ്യാപിക്കാത്തിടത്തോളം കാലം ഇനിയുള്ള അവരുടെ തലമുറകളും സദാചാരപൊലീസിന്റേയും സ്ത്രീപീഡനത്തിന്റേയും പെൺവാണിഭത്തിന്റേയും ലഹരിമരുന്നിന്റേയും കൂട്ടബലാൽസംഗങ്ങളുടേയും വർഗീയ കലാപങ്ങളുടേയും ഇരകളാകും. ഇപ്പറഞ്ഞത് ഇതിന്റെ വൈകാരിക തലം.

ശാരീരികമായ ആക്രമണം അഴിച്ചു വിടുന്നതിലുപരി ഇന്ത്യയിലെ ആൾക്കൂട്ട ആധിപത്യത്തിന് ഇതുപോലൊരു വൈകാരികതലവും ബുദ്ധിപരവുമായ തലങ്ങളുണ്ട്. പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള ആളുകൾ ആൾക്കൂട്ട ആധിപത്യം പേടിച്ച് സത്യം പറയാതെയും സത്യം എഡിറ്റു ചെയ്തും സ്വയം സെൻസർഷിപ്പ് നടത്തുന്നു. മോബോക്രസിയുടെ ഏറ്റവും ഭയാനകമായ ആയുധമാണ് ബുദ്ധിപരമായ ഈ ആക്രമണം. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അനുയായികളും ആരാധകരും സഹയാത്രികരും പത്രാധിപന്മാരെ വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനേക്കാൾ അപകടം വ്യാജ ഐഡികളിലൂടെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ഭീഷണികൾക്കുണ്ടെന്നും മീര പറഞ്ഞു.

ജൂലിയസ് സീസറിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഷേക്സിപയർ വരച്ചിട്ട ആൾക്കൂട്ട ആധിപത്യത്തിന്റെ ഭീതിദമായ ചിത്രം തമാശയായാണ് അന്ന് തോന്നിയിരുന്നത്. വിഡ്ഡികളായ റോമക്കാർ എന്ന് അതു വായിച്ച കു്ട്ടിക്കാലത്ത് വിചാരിച്ചു. ഇന്ന് ഞാനാണ് വിഡ്ഡി എ്ന്ന് തിരിച്ചറിയുന്നുവെന്നും മീര പറഞ്ഞു

സാഹിത്യം പകർത്തലാവരുത് സിനിമയെന്ന് ജോൺ പോൾ

കൃതിയിലെ സിനിമയും സാഹിത്യവും ചർച്ച സജീവമായി

കൊച്ചി: സിനിമ ജീവിതത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും സാഹിത്യത്തിൽ നിന്നകലുമ്പോഴല്ല ജീവിതത്തിൽ നിന്ന് അകലുമ്പോഴാണ് സിനിമ ഇല്ലാതാവുന്നതെന്നും മുതിർന്ന തിരക്കഥാകൃത്ത് ജോൺ പോൾ. കൃതിയിൽ സിനിമയും സാഹിത്യവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിന്റെ നിലനിൽപിന് സിനിമയുടെ ആവശ്യമില്ലെന്നും അതിനാൽ സിനിമ സാഹിത്യത്തെ ഉപേക്ഷിക്കുന്നു എന്ന വാദത്തിന് പ്രസക്തിയില്ലെന്നും ജോൺപോൾ അഭിപ്രായപ്പെട്ടു. സിനിമയല്ല സാഹിത്യത്തെ ജനിപ്പിച്ചതും വളർത്തിയതും. ആദിമധ്യാന്തങ്ങളുള്ള കഥകൾ സിനിമക്ക് അനിവാര്യമല്ല. ചെറിയ സംഭവ വികാസങ്ങൾ പോലും സിനിമയാവാം. ആവശ്യമുള്ളത് മാത്രം സാഹിത്യത്തിൽ നിന്നെടുക്കുകയാണ് സിനിമയിൽ ചെയ്യുന്നത്. ജീവിതത്തോട് ചേർന്നും അതിൽ ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ തേടിയുമാണ് സിനിമ പോവേണ്ടത്. സിനിമയുടെ സ്രഷ്ടാവ് സംവിധായകനാണ് എഴുത്തുകാരനല്ല. സാഹിത്യം സിനിമയുടെ പ്രധാന പ്രമേയമായിരുന്ന കാലമുണ്ടായിരുന്നു. സാഹിത്യ കൃതികളെ അവലംബിക്കുമ്പോഴും സിനിമക്ക് മൗലികത വേണം. സാഹിത്യം പകർത്തലാവരുത് സിനിമ. ഇന്ന് 15നും 20നും ഇടക്ക് വയസ്സുള്ളവരാണ് സിനിമയെ നിർണയിക്കുന്ന പ്രേക്ഷകർ. അവരുടെ വേഗത്തിനനുസരിച്ച മാറ്റം ചലച്ചിത്രങ്ങളിൽ വന്നിട്ടുണ്ടെന്നും ജോൺ പോൾ പറഞ്ഞു.

ഒരു മിനിറ്റിലെ കഥകളുടെ കാലത്തിലേക്ക് സിനിമകൾ മാറിയതായി ചർച്ചയിൽ സംസാരിച്ച എഴുത്തുകാരനും സംവിധായകനും ചലച്ചിത്ര നടനുമായ മധുപാൽ അഭിപ്രായപ്പെട്ടു. സാഹിത്യം വേറെയും സിനിമ വേറെയുമാണ്. സിനിമക്കുവേണ്ടിയും സാഹിത്യമെന്ന നിലയിലും രചന നടത്തുന്ന എഴുത്തുകാരുണ്ട്. ഇവ രണ്ടും ഒരുമിച്ചു കൊണ്ടുപോവാൻ എഴുത്തുകാർക്ക് സാധിക്കുന്നുണ്ടെന്നും മധുപാൽ പറഞ്ഞു.

കഥാകൃത്തും നോവലിസ്റ്റും എന്ന നിലയിലാണ് തനിക്ക് സംതൃപ്തി ലഭിക്കുന്നതെന്നും ജീവിത മാർഗമെന്ന നിലയിലാണ് ചലച്ചിത്രത്തിനായുള്ള രചനയെ കാണുന്നതെന്നും എഴുത്തുകാരനായ വിനു എബ്രഹാം പറഞ്ഞു. തന്റെ നഷ്ടനായിക എന്ന നോവൽ സിനിമയായപ്പോൾ അതിൽ റോസി എന്ന മലയാളത്തിലെ ആദ്യ നായികക്ക് പകരം ആദ്യ ചിത്രത്തിന്റെ സംവിധായകനായ ജെസി ഡാനിയലിനാണ് പ്രാധാന്യം ലഭിച്ചത്. സിനിമയുടെ വിജയത്തിന് അത്തരം മാറ്റങ്ങൾ വേണ്ടി വന്നിരുന്നു. ഖസാക്കിന്റെ ഇതിഹാസം പോലത്തെ രചനകൾ പലതും സിനിമയാക്കാൻ സംവിധായകർ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടപ്പാക്കാനായില്ല. ഖസാക്കിനെക്കുറിച്ച് വായനക്കാരുടെ മനസ്സിൽ രൂപം കൊണ്ട സിനിമക്കൊപ്പമെത്താൻ സംവിധായകരുടെ സിനിമക്ക് കഴിയില്ലെന്നതിനാലാണതെന്നും വിനു എബ്രഹാം പറഞ്ഞു. 

കൃതിയിൽ തിരക്കേറുന്നു, കുട്ടികൾ കൃതിയെ ഉത്സവമാക്കുന്നു

വാഹനങ്ങളിൽ കൃതി പുസ്തകമേളയുടെ ബാനറും വഹിച്ചാണ് കേരളം സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ സാംസ്‌കാരിക തീർത്ഥയാത്ര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ യാഥാർത്ഥ്യമാക്കുന്നത്.

കൊച്ചി: നാലു ദിവസം പിന്നിട്ടപ്പോൾ കൃതി പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റേയും രണ്ടാം പതിപ്പിൽ തിരക്കേറി. ഇന്നലെ (ഫെബ്രുവരി 11) തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്‌കൂൾ കുട്ടികൾ അക്ഷരാർത്ഥത്തിൽ കൃതിയെ ഏറ്റെടുക്കുകയായിരുന്നു. രണ്ട് ജില്ലയിലെ അഞ്ച് താലൂക്കിൽ നിന്നായി 3000-ത്തിലേറെ കുട്ടികൾ ഈ ദിവസങ്ങളിൽ കൃതി സന്ദർശിച്ചുവെന്ന് എസ്‌പിസിഎസ് സെക്രട്ടറി അജിത് കെ. ശ്രീധർ പറഞ്ഞു. പ്രധാനമായും സഹകരണ സ്ഥാപനങ്ങൽലൂടെ സംസ്ഥാനത്തുടനീളം 1 കോടി 10 ലക്ഷം രൂപയുടെ കൂപ്പണുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തുകഴിഞ്ഞതായും അജിത് ശ്രീധർ പറഞ്ഞു. ഈ കൂപ്പണുകളുമായാണ് വിനോദയാത്ര വരുന്ന ആവേശത്തോടെ കുട്ടികൾ അദ്ധ്യാപകരോടൊപ്പം എറണാകുളത്തേയ്ക്ക് വരുന്നത്. വാഹനങ്ങളിൽ കൃതി പുസ്തകമേളയുടെ ബാനറും വഹിച്ചാണ് കേരളം സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ സാംസ്‌കാരിക തീർത്ഥയാത്ര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ യാഥാർത്ഥ്യമാക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും കുട്ടികളുടെ ഒഴുക്കു തുടരുമെന്നും അജിത് ശ്രീധർ പറഞ്ഞു.

250 രൂപയുടെ കൂപ്പണുകളുമായെത്തുന്ന കുട്ടികളോട് ആദ്യം പ്രദർശനനഗരി മുഴുവൻ നടന്ന് മുഴുവൻ സ്റ്റാളുകളും കാണണമെന്ന് അനൗൺസ്മെൻുകളിലൂടെ ഓർമിപ്പിക്കാനും സംഘാടകർ മറക്കുന്നില്ല. എല്ലാ സ്റ്റാളുകളും കണ്ട ശേഷം മാത്രം തങ്ങൾക്കുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കാനാണ് താൽപ്പര്യം.

കുട്ടികൾക്കുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന അമർ ചിത്രകഥ, സ്‌കോളാസ്റ്റിക്സ്, തൂലിക, സ്പൈഡർ, പെഗസ്സസ് തുടങ്ങിയ മിക്കവാറും എല്ലാ പ്രമുഖ പ്രസാധകരും മേളയിലുണ്ടെന്നതാണ് കുട്ടികളെ ഏറെ ആവേശഭരിതരാക്കുന്നത്. ഇവയ്ക്കു പുറമെ അക്കാദമിക് പുസ്തകങ്ങൾക്ക് പ്രശസ്തരായ പിയേഴ്സൺ, ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, മക്ഗ്രാഹിൽ, വൈലി, ഷ്രോഫ്, എസ് ചന്ദ് ആൻ കോ എന്നിവരും ക്ലാസിക്കുകൾക്കും മാസ്റ്റർപീസുകൾക്കും പേരു കേട്ട പെൻഗ്വിൻ റാൻഡം ഹൗസും മേളയിലുണ്ട്. എസ്‌പിസിഎസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഡിസി ബുക്സ്, മാതൃഭൂമി ബുക്സ്, മനോരമ, ചിന്ത, പൂർണ, സിഐസിസി, ഗ്രീൻ ബുക്സ് തുടങ്ങിയ പ്രമുഖ മലയാള പ്രസാധകർക്ക് പുറമെയാണിത്.

കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള 136 പ്രസാധകരാണ് മേളയിലുള്ളത്. ഇന്ത്യയിലെ മിക്കവാറും എല്ലാ വൻകിട പ്രസാധകർക്കുമൊപ്പം കേരളത്തിൽ നിന്നുള്ള 22 ചെറുകിട പ്രസാധകരുമുണ്ടെതാണ് കൃതിയെ വ്യത്യസ്തമാക്കുന്നത്. ചെറുകിടക്കാരുടെ സ്റ്റാൻഡുകളുൾപ്പെടെ 248 സ്റ്റാളുകളാണ് മേളയിലുള്ളത്. സാധാരണ നിലയ്ക്ക് കേരള വിപണയിൽ ലഭ്യമല്ലാത്ത പതിനായിരക്കണക്കിന് അക്കാദമിക്, ഇംഗ്ലീഷ്, ചിൽഡ്രൻസ് പുസ്തകങ്ങളാണ് മേളയിൽ കേരളീയരെ കാത്തിരിക്കുന്നത്

തമിഴ്‌നാട്ടുകാരി ആശാൻകൃതി അവതരിപ്പിക്കുന്നത് യാദൃശ്ചികമായി

സീതാകാവ്യത്തിന്റെ നൂറാം വർഷത്തിൽ ഇന്ന് (Feb 12) കൃതിയുടെ വേദിയിൽ ചിന്താവിഷ്ടയായ സീത ഭരതനാട്യം
സീതാകാവ്യം നൂറു തികച്ചിട്ടും ഇതുവരെ മലയാളനാട്ടിലെ ആർക്കും തോന്നാത്ത കാര്യമാണ് ലാവണ്യ സാക്ഷാത്കരിച്ചിരിക്കുന്നതെന്നറിയുമ്പോൾ അവരുടെ സമർപ്പണത്തിനു മുന്നിൽ തലകുനിക്കാതെങ്ങനെ?

കൊച്ചി: കൃതി പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റേയും ഭാഗമായ ആർട് ഫെസ്റ്റിൽ ഇന്ന് (ഫെബ്രു 12 ചൊവ്വാഴ്ച) വൈകീട്ട് ചെന്നൈയിൽ നിന്നുള്ള ലാവണ്യ അനന്ത് ആശാന്റെ സീതാകാവ്യം ഭരതനാട്യമായി അവതരിപ്പിക്കുമ്പോൾ സീതാകാവ്യത്തിന്റെ ഈ നൂറാം വർഷത്തിൽ അത് തീർത്തും യാദൃശ്ചികം. സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ മലയാളത്തിലെ ആദ്യത്തെ രചന എന്ന നിലയിൽ ചിന്താവിഷ്ടയായ സീതയുടെ നൂറു വർഷം കൃതിയുടെ പ്രധാന ഇതിവൃത്തങ്ങളിലൊന്നായി തെരഞ്ഞെടുത്തപ്പോൾ സീതാകാവ്യം ഏതെങ്കിലും കേരളീയ നൃത്തരൂപമായി അവതരിപ്പിക്കാനാവുമോ എന്നാണ് സംഘാടകർ ആലോചിച്ചത്. അപ്പോഴാണ് തമിഴ്‌നാടിന്റെ ക്ലാസിക് നൃത്തരൂപമായ ഭരതനാട്യത്തിൽ ചെന്നൈയിൽ നിന്നുള്ള പ്രസിദ്ധ നർത്തകി ലാവണ്യ അനന്ത് സീതാകാവ്യം കുറച്ചുനാൾ മുമ്പു തന്നെ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും കേരളത്തിലെ ഏതാനും വേദികളിൽ അത് അരങ്ങേറിക്കഴിഞ്ഞെന്നും സംഘാടകർ അറിയുന്നത്. അങ്ങനെയാണ് അവർ ലാവണ്യയെ ബന്ധപ്പെടുന്നതും ഇന്ന്, തമിഴ്‌നാടിനെ പങ്കാളിസംസ്ഥാനമായി പ്രഖ്യാപിച്ച കൃതി 2019-ന്റെ വേദിയിൽ, മറ്റൊരു തമിഴ് യാദൃശ്ചികതയായി, ചിന്താവിഷ്ടയായ സീതയുടെ ഭരതനാട്യരൂപം അരങ്ങേറുന്നതും.

ഏതാനും വർഷം മുമ്പ് ചെന്നൈയിലെ പ്രശസ്തമായ നാരദ ഗാനസഭയാണ് രാജാരവിവർമയുടെ പ്രസിദ്ധമായ അഞ്ച് പെയ്ന്റിംഗുകളെ അടിസ്ഥാനമാക്കി ഭരതനാട്യം ചിട്ടപ്പെടുത്താമോയെന്ന് ലാവണ്യയോട് ചോദിക്കുന്നത്. അതിലൊന്നായിരുന്നു ഭൂമികന്യക. മക്കൾ മാമുനിയോടൊപ്പം അയോധ്യയിലേയ്ക്കു പോയപ്പോൾ ആശ്രമത്തിൽ തനിച്ചിരിക്കുന്ന സീത. അതെ, സുതർ മാമുനിയോടയോധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചിരിക്കുന്ന ആശാന്റെ സീത തന്നെ. രവിവർമയുടെ സീതയെക്കണ്ടപ്പോൾ ഇങ്ങനെ ഒരു സീതയെ ഏതെങ്കിലും സാഹിത്യരൂപത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ലാവണ്യയുടെ അന്വേഷണം. അങ്ങനെ ഒന്ന് തമിഴ്ഭാഷയിൽ കണ്ടെത്താനാകാഞ്ഞതുകൊണ്ട് അന്വേഷണം മറുഭാഷകളിലേയ്ക്കു നീണ്ടു. അങ്ങനെയാണ് കലാക്ഷേത്രയിലെ കായംകുളത്തുകാരനായ സഹസംഗീതജ്ഞൻ ആശാന്റെ സീതാകാവ്യത്തെപ്പറ്റി പറയുന്നത്.

സീതാകാവ്യം നൂറു തികച്ചിട്ടും ഇതുവരെ മലയാളനാട്ടിലെ ആർക്കും തോന്നാത്ത കാര്യമാണ് ലാവണ്യ സാക്ഷാത്കരിച്ചിരിക്കുന്നതെന്നറിയുമ്പോൾ അവരുടെ സമർപ്പണത്തിനു മുന്നിൽ തലകുനിക്കാതെങ്ങനെ?

വൈകീട്ട് 6-30ന് കൃതിയുടെ പ്രധാനവേദിയായ പണ്ഡിറ്റ് കറുപ്പൻ ഹാളിലാണ് ചിന്താവിഷ്ടയായ സീതയുടെ ഭരതനാട്യം അരങ്ങേറുക.

വയലാറിന്റെ പ്രിയതമാ പ്രിയതമാ എന്ന പ്രസിദ്ധ സിനിമ ഗാനവും കൃതിയിലെ തന്റെ ഭരതനാട്യപരിപാടിയിൽ ലാവണ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. നൃത്തപരിപാടി കൂടാതെ നാളെ (ബുധനാഴ്ച) രാവിലെ പതിനൊന്നു മണിക്ക് കൃതി ഔട്ട്റീച് പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ വിദ്യാർത്ഥികളുമായി തന്റെ നൃത്തനുഭവങ്ങൾ ലാവണ്യ പങ്കുവെക്കും. നാളെ വൈകിട്ട് അഞ്ചു മണിക്ക് കൃതിയുടെ കേസരി ഹാളിൽ തമിഴ് നാട്യസംസ്‌കൃതി' എന്ന വിഷയത്തിലും അവർ സംസാരിക്കും. ചിന്താവിഷ്ടയായ സീതയെ എങ്ങിനെയാണ് താൻ പാത്രീകരിച്ചിരിക്കുന്നതെന്നും നർത്തകി ലക്ഷി വിശ്വനാഥുമായി നടക്കുന്ന ആ ചർച്ചയിൽ ലാവണ്യ വിശദീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP