Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതൽ ലാഭകരം; സിസ്റ്റത്തിനൊപ്പം നിന്ന് ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതിരിക്കുകയാണ് വെല്ലുവിളി! ദേവികുളത്ത് രേണുരാജ് കൈയടി നേടുമ്പോൾ ഐഎസുകാരിയുടെ പഴയ വാക്കുകൾ കുത്തിപ്പൊക്കി ചർച്ചയാക്കി സോഷ്യൽ മീഡിയ; മൂന്നാറിൽ ആൺ പുലികൾക്ക് കഴിയാത്തത് നേടാനുറച്ച് പെൺപുലി; കൈയേറ്റ മാഫിയയെ കുടിയൊഴുപ്പിക്കാൻ കരുതലോടെ സബ് കളക്ടർ മുന്നോട്ട് തന്നെ

പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതൽ ലാഭകരം; സിസ്റ്റത്തിനൊപ്പം നിന്ന് ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതിരിക്കുകയാണ് വെല്ലുവിളി! ദേവികുളത്ത് രേണുരാജ് കൈയടി നേടുമ്പോൾ ഐഎസുകാരിയുടെ പഴയ വാക്കുകൾ കുത്തിപ്പൊക്കി ചർച്ചയാക്കി സോഷ്യൽ മീഡിയ; മൂന്നാറിൽ ആൺ പുലികൾക്ക് കഴിയാത്തത് നേടാനുറച്ച് പെൺപുലി; കൈയേറ്റ മാഫിയയെ കുടിയൊഴുപ്പിക്കാൻ കരുതലോടെ സബ് കളക്ടർ മുന്നോട്ട് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദീർഘദൃഷ്ടിയുള്ള ചോദ്യം. ഔദ്യോഗിക ജീവിതത്തിൽ രാഷ്ട്രീയം, പണം, അധികാരം തുടങ്ങിയവയുടെ സ്വാധീനമുണ്ടായാൽ എന്തു ചെയ്യും? 'പണമാണു ജീവിതത്തിലെ ലക്ഷ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതായിരുന്നു കൂടുതൽ ലാഭകരം. സിസ്റ്റത്തിനൊപ്പം നിൽക്കുകയും വ്യക്തിപരമായ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതിരിക്കുകയുമാണ് എന്റെ മുന്നിലുള്ള വെല്ലുവിളി. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നിൽ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നിൽ വരേണ്ടി വരില്ല.-ദേവികുളം സബ്കളക്ടർ രേണു രാജ് വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇവ. സിപിഎം പാർട്ടി ഓഫിസിലെ റെയ്ഡിലൂടെ കൈയടി നേടിയ ഐപിഎസുകാരി ചൈത്ര തെരേസ ജോണിന് പിന്നാലെ രേണുവും ഇടത് സർക്കാരിനെ വിറപ്പിക്കുകയാണ്.

സബ് കലക്ടർമാർ വാഴാത്ത സ്ഥലമാണ് ഇടുക്കി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇവിടെ വന്നുപോയത് 14 സബ് കലക്ടർമാർ. ഏറ്റവുമൊടുവിൽ വി.ആർ. പ്രേംകുമാറിനെ മാറ്റിയപ്പോഴാണ് ഡോ. രേണു രാജ് പുതിയ സബ് കലക്ടറായത്. ശ്രീറാം വെങ്കിട്ടറാമിനെ പോലുള്ളവർക്ക് അവധിയെടുത്ത് പഠനത്തിന് പോകേണ്ട സാഹചര്യമൊരുക്കിയ ദേവികുളത്തെ മുൾകിരീടം. എന്നാൽ ഇതൊന്നും രേണുവിനെ ഭയപ്പെടുത്തിയില്ല. രേണു കൂസാക്കാത്ത നടപടികളുമായി മുമ്പോട്ടു പോകുമ്പോൾ വെട്ടിലാകുന്നത് സിപിഎം എംഎൽഎ രജേന്ദ്രനാണ്. നവോത്ഥാന വനിതാ മതിൽ തീർത്ത സർക്കാരിനെ തീർത്തും പ്രതിസന്ധിയിലാക്കുകയാണ് സബ് കളക്ടർ. എന്നാൽ വനിതാ നവോത്ഥാന മുദ്രാവാക്യം ചർച്ചയാക്കിയ സിപിഎമ്മിന് കുറച്ചു കാലമെങ്കിലും ദേവികുളത്ത് രേണുവിനെ ഇരുത്തേണ്ടി വരും. അതുകൊണ്ട് തന്നെ മൂന്നാറിലെ കൈയേറ്റക്കാർ ഭീതിയിലുമാണ്.

എറണാകുളം, തൃശൂർ എന്നിവടങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നു ഇടുക്കി രേണുവിന്. ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ്കലക്ടർ പ്രതീക്ഷിച്ചതിന് അപ്പുറത്തേക്കാണ് പോകുന്നത്. അതൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയുടെ നിലയ്ക്കാത്ത കൈയടി ഈ ഡോക്ടർക്ക് കിട്ടുന്നത്. അഴിമതിവീരന്മാർ ഭയന്ന് വിറയ്ക്കുകയാണ്. അതിനിടെ രേണു രാജിനോട് അപമര്യാദയായി പെരുമാറിയ എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ സമൂഹമാധ്യമങ്ങളിലും രോഷം പുകയുകയാണ്. കലക്ടറെ പിന്തുണച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ തന്റെ സഹപ്രവർത്തകയായിരുന്ന രേണുരാജിനെ പിന്തുണച്ച് ഡോ. നെൽസൺ പങ്കുവച്ച കുറിപ്പും ശ്രദ്ധനേടുകയാണ്. 'അതായത്, പ്രിയപ്പെട്ട ജനപ്രതിനിധീ, സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച് എൻട്രൻസ് എഴുതി ഗവൺമെന്റ് മെഡിക്കൽ കോളജിൽ കയറാനുള്ള റാങ്ക് നേടി, അതിനു ശേഷം ഡോക്ടറായി, അവിടെനിന്ന് വീണ്ടും പഠിച്ച് ഐഎഎസ് നേടിയ ഒരാളുടെ ബുദ്ധി അളക്കാൻ തൽക്കാലം താങ്കൾ പോരാ...' അദ്ദേഹം കുറിച്ചു. ഈ പോസ്റ്റ് ഇന്നലെ മറുനാടൻ വാർത്തയാക്കിയിരുന്നു. ഇതോടെ ഇത് വൈറലായി മാറുകയായിരുന്നു.

എട്ടു വർഷത്തിനിടെ ദേവികുളത്ത് 14 സബ് കലക്ടർമാരാണു വന്നു പോയത്. മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ നിയമ നടപടികൾ ആദ്യം വാർത്തയിൽ വന്നത് 2007ൽ ആയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ചുമതല കെ. സുരേഷ്‌കുമാർ, ഋഷിരാജ് സിങ്, രാജു നാരായണസ്വാമി എന്നിവർക്കാണ് നൽകിയത്. സിപിഎം നേതാക്കന്മാരുടെ കൈയേറ്റങ്ങൾക്കെതിരെയും കൈയേറ്റ സ്ഥലത്തുള്ള സിപിഐ ഓഫിസിനെതിരെയും നടപടി വന്നതോടെ രാഷ്ട്രീയ വിവാദമായി. മേയിൽ തുടങ്ങിയ ഒഴിപ്പിക്കൽ നടപടി ജൂണിൽ സമാപിച്ചു.സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചതോടെയാണു ദേവികുളം സബ് കലക്ടർ ശ്രീറാമിനെതിരെ സിപിഎം നേതൃത്വം തിരിഞ്ഞത്. അന്ന് ശ്രീറാമിനെതിരെ വിമർശനവുമായി മന്ത്രി എംഎം മണിയും എസ് രാജേന്ദ്രൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും രംഗത്തെത്തി. പിന്നീട് ശ്രീറാമിനെ സ്ഥലം മാറ്റി. വി.ആർ. പ്രേംകുമാർ കൊട്ടാക്കമ്പൂരിൽ ജോയ്‌സ് ജോർജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയതോടെ ഇടുക്കിയിൽ നിന്ന് പുറത്തായി. തുടർന്നാണ് ദേവികുളത്ത് ആദ്യ വനിതാ സബ് കലക്ടറായി ഡോ. രേണു രാജ് എത്തിയത്. ഇത് സിപിഎമ്മിന് സമ്മാനിച്ചത് ഊരാക്കുടുക്കാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രേണു രാജിനെ മാറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ തെരഞ്ഞെടുപ്പിൽ നവോത്ഥാനം ചർച്ചയാക്കാൻ യുവ ഐഎഎസുകാരിയെ തൊട്ടാൽ കഴിയുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്.

ഇതെല്ലാം മനസ്സിലാക്കിയാണ് രേണു രാജും മുമ്പോട്ട് പോകുന്നത്. റവന്യൂവകുപ്പിന്റെ അനുമതി വേണമെന്ന ഹൈക്കോടതിയുടെ 2010-ലെ ഉത്തരവിന് വിരുദ്ധമാണ് മൂന്നാറിലെ ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മാണമെന്നത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് രേണുവിന്റെ നീക്കം. വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയുടെ ഹർജിയിലായിരുന്നു 2010-ലെ ഉത്തരവ്. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, കരാറുകാരൻ, എംഎ‍ൽഎ. തുടങ്ങിയവരുടെ അറിവോടെയാണിതെന്ന കാര്യം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ചീഫ് ജസ്റ്റിസിന് ചൊവ്വാഴ്ച സമർപ്പിച്ചേക്കും. തിങ്കളാഴ്ച വൈകീട്ട് ഹൈക്കോടതിയിലെത്തിയ ദേവികുളം സബ് കളക്ടർ ഡോ. രേണു രാജ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാനുമായി ചർച്ച നടത്തിയിരുന്നു. അനധികൃത നിർമ്മാണം സംബന്ധിച്ച് ഹൈക്കോടതിയെ അറിയിക്കുമെന്ന് രേണുരാജ് പറഞ്ഞു. സ്റ്റോപ്പ് മെമോ നൽകിയിട്ടും നിർമ്മാണം തുടരുന്ന സാഹചര്യത്തിലാണ് നടപടിയാവശ്യപ്പെടുന്നത്. ഇത് അവഗണിക്കാൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനും കഴിയില്ല.

അതിനിടെ രേണു രാജിനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ വിഷയത്തിൽ എസ് രാജേന്ദ്രൻ എംഎൽഎയ്‌ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നടപടിയെടുത്തു. എംഎൽഎയുടെ പരാമർശം ശരിയല്ലെന്നും രാജേന്ദ്രന്റെ പരാമർശങ്ങളെ പാർട്ടി പൂർണ്ണമായും തള്ളിക്കളയുന്നതായും ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. രാജേന്ദ്രൻ ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് വിഷയത്തിൽ ഇടപെട്ട് പരിഹാരംകാണുകയായിരുന്നു വേണ്ടെന്നും എന്നാൽ സബ് കളക്ടർക്കെതിരെ അദ്ദേഹം മോശമായി പ്രതികരിക്കുന്ന ദൗർഭാഗ്യകരമായ സാഹചര്യമുണ്ടായെന്നും ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വിഷയത്തിൽ പാർട്ടി ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും. സബ് കളക്ടർക്കെതിരെ രാജേന്ദ്രന്റെ പരാമർശം മോശമായിപ്പോയെന്ന വിലയിരുത്തലുമായി മന്ത്രി എംഎം മണിയും രംഗത്തെത്തി. എംഎൽഎയുടെ ഖേദപ്രകടനവും തെറ്റായ രീതിയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ, എംഎൽഎ ഔദ്യോഗിക കൃത്യനിർവണത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് സബ് കളക്ടർ രേണു രാജ് വ്യക്തമാക്കി. എന്നാൽ തന്നെ പൊതുജനമധ്യത്തിൽ അവഹേളിക്കുന്ന പരാമർശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സബ് കളക്ടർ പറഞ്ഞു. മൂന്നാറിൽ ഉത്തരവിന്റെ ലംഘനം നടന്നത് ഹൈക്കോടതിയിൽ അറിയിക്കുമെന്നും കോടതി നിർദ്ദേശം അനുസരിച്ച് മുന്നോട്ടു പോകുമെന്നും രേണു രാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP