Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേന്ദ്രത്തെ പ്രകീർത്തിച്ച ശിവഗരി സ്വാമിയെ വിർശിച്ച് മന്ത്രി കടകംപള്ളിയും സമ്പത്തും; മറുപടിയുമായി ശിവഗിരി മഠം; ശ്രീനാരായണ ഗുരു സർക്യൂട്ട് ഉദ്ഘാടനത്തിൽ രാഷ്ട്രീയ പോര് മുറുകിയപ്പോൾ മറുപടിയുമായി കണ്ണന്താനം; മന്ത്രിക്കും എംപിക്കും അവസരം നൽകാതെ എല്ലാ തിരികളും കത്തിച്ച വാർത്ത എഴുതിയ മറുനാടനെ വിമർശിച്ച് കണ്ണന്താനം വക ഫെയ്‌സ് ബുക്ക് പോസ്റ്റും

കേന്ദ്രത്തെ പ്രകീർത്തിച്ച ശിവഗരി സ്വാമിയെ വിർശിച്ച് മന്ത്രി കടകംപള്ളിയും സമ്പത്തും; മറുപടിയുമായി ശിവഗിരി മഠം; ശ്രീനാരായണ ഗുരു സർക്യൂട്ട് ഉദ്ഘാടനത്തിൽ രാഷ്ട്രീയ പോര് മുറുകിയപ്പോൾ മറുപടിയുമായി കണ്ണന്താനം; മന്ത്രിക്കും എംപിക്കും അവസരം നൽകാതെ എല്ലാ തിരികളും കത്തിച്ച വാർത്ത എഴുതിയ മറുനാടനെ വിമർശിച്ച് കണ്ണന്താനം വക ഫെയ്‌സ് ബുക്ക് പോസ്റ്റും

മറുനാടൻ മലയാളി ബ്യൂറോ

ശിവഗിരി: ശിവഗിരിയിലെ ശ്രീനാരായണഗുരു തീർത്ഥാടന ടൂറിസം സർക്യൂട്ട് നിർമ്മാണോദ്ഘാടനവേദിയിലെ ഉദ്ഘാടനത്തിന് നിലവിളക്കിലെ എല്ലാ തിരികളും കേന്ദ്രമന്ത്രിയാണ് കത്തിച്ചത്. മന്ത്രി കടകംപള്ളിക്കും എംപി.മാർക്കും അവസരം നൽകിയില്ല-ഇന്ന് മാതൃഭൂമി പത്രത്തിലെ വാർത്തയിലെ വരികൾ ഇങ്ങനെയാണ്. ഇത് തന്നെയാണ് ഇന്നലെ മറുനാടനും വിശദീകരിച്ചത്. ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനത്തിന് പോലും നിലവിളക്ക് എല്ലാ വിശിഷ്ടാതിഥികളും ചേർന്നാണ് കത്തിക്കാറ്. എന്നിട്ടും മന്ത്രി അത് ചെയ്തില്ല. ഇതിനൊപ്പം ഇക്കാര്യം റിപ്പോർട്ട് ചെയ്ത മറുനാടൻ മലയാളിക്കാണ് വിമർശനം. മന്ത്രിക്കും എംപിക്കും അവസരം നൽകാതെ എല്ലാ തിരികളും കത്തിച്ച വാർത്ത എഴുതിയ മറുനാടനെ വിമർശിച്ച് കണ്ണന്താനം വക ഫെയ്‌സ് ബുക്ക് പോസ്റ്റ് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്.

ശിവഗിരിയിലെ ശ്രീനാരായണഗുരു തീർത്ഥാടന ടൂറിസം സർക്യൂട്ട് നിർമ്മാണോദ്ഘാടനവേദിയിൽ സന്ന്യാസിമാർക്കെതിരേ രാഷ്ട്രീയ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. മന്ത്രിക്ക് അതേനാണയത്തിൽ സന്ന്യാസിമാർ മറുപടിനൽകിയതോടെ പരിപാടി വാക്‌പോരിന്റെ വേദിയായി. മന്ത്രിക്കുശേഷം എ. സമ്പത്ത് എംപി.യും സന്ന്യാസിമാരെ പരോക്ഷമായി വിമർശിച്ചു. അധ്യക്ഷപ്രസംഗത്തിൽ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ചിരുന്നു. അനേകം സർക്കാരുകൾ വന്നുപോയിട്ടും ഇപ്പോഴാണ് കേന്ദ്രത്തിന്റെ കണ്ണ് ഈ വിശുദ്ധഭൂമിയിൽ പതിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ശ്രീനാരായണഗുരുവിനെക്കുറിച്ച് ശിവഗിരിയിലെ സന്ന്യാസിമാരെക്കാൾ കൂടുതൽ പഠിച്ചിട്ടുള്ള സാധാരണക്കാർ പുറത്തുണ്ടെന്ന് എ. സമ്പത്ത് എംപി. പറഞ്ഞു. എന്നാൽ, അവർ സന്ന്യാസദീക്ഷ സ്വീകരിച്ചിട്ടില്ലെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം വലിയ ചർച്ചയായി മാറി. ഇതിനെടെയാണ് നിലവിളക്ക് മന്ത്രി മാത്രം കൊളുത്തിയതും അത് മറുനാടൻ റിപ്പോർട്ട് ചെയ്തത്.

അൽഫോൻസ് കണ്ണന്താനത്തിന്റെ മറുനാടനെ വിമർശിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ

ഇന്ന് ശിവഗിരിയിൽ സ്വദേശ് ദർശൻ പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഉദ്ഘാടനത്തിനു ഞാൻ നിലവിളക്ക് കൊളുത്തിയത് പരാമർശിച്ച് ഒരു ഓൺലൈൻ മാധ്യമം പുറത്തുവിട്ട വാർത്തയാണ് ഈ പോസ്റ്റിനു ആധാരം. ബാലിശമായ ആ വാർത്ത മറുപടി അർഹിക്കുന്നില്ലെങ്കിലും ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ച് ആ വർത്തയെഴുതിയ വ്യക്തിയുടെ അജ്ഞത മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ബാധ്യത എനിക്കുമുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ടാണ് ഞാനൊരു വിശദികരണത്തിനു മുതിരുന്നത് . ശിവഗിരിയിൽ ഉദ്ഘാടനവേളയിൽ മന്ത്രിക്കും എംപിക്കും അവസരം കൊടുക്കാതെ എന്റെ അരിശം തീർക്കാനാണ് ഞാൻ നിലവിളക്കിന്റെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ചുവെന്നാണ് മേൽ പ്രതിപാദിച്ച ഓൺലൈൻ മാധ്യമം പറയുന്നത്. എല്ലാ തിരിയും ഞാൻ തന്നെ തെളിച്ചത് അരിശം മൂലമാണെന്ന് ലേഖകൻ അങ്ങ് തീരുമാനിച്ചു കളഞ്ഞു. എന്തെങ്കിലും വാർത്ത കൊടുക്കുമ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ മനസിൽ തോന്നുന്നതല്ല എഴുതേണ്ടത് മറിച്ച് എഴുതാൻ പോകുന്ന വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിച്ചാണ് എഴുതേണ്ടത്. അതാണ് ശരിയായ മാധ്യമ ധർമ്മം.

ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിക്കാനായി നിലവിളക്കു കൊളുത്തുമ്പോൾ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങൾ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീർഘമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാൻ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നൽകുമ്പോൾ അദ്ദേഹം അത് വാങ്ങാൻ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാൾ മാത്രം വിളക്ക് കത്തിച്ചാൽ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു. സ്വാമിജിയുടെ വാക്കുകൾ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കിൽ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കിൽ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങൾ പറയുന്നത്.

അത് പ്രകാരമാണ് ഞാൻ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചത്. ലേഖകന്മാരുടെ മനസ്സിൽ തോന്നുന്നതെന്തും എഴുതിപ്പിടിപ്പിക്കാനുള്ള തിട്ടയായി മാറുകയാണോ ചില ഓൺലൈൻ മാധ്യമങ്ങൾ എന്ന് ഈ അടുത്തക്കാലത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ കാണുമ്പോൾ തോന്നിപ്പോവുകയാണ്.

മറുനാടൻ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹതിമാണ് അൽഫോൻസ് കണ്ണന്താനം വിമർശന പോസ്റ്റ് ഇടുന്നത്. എന്നാൽ എംപിക്കും മന്ത്രിക്കും അൽഫോൻസ് കണ്ണന്താനം അവസരം നൽകിയില്ലെന്ന് മാതൃഭൂമി അടക്കം റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. ഇതോടെ മറുനാടനെതിരെ ചില കേന്ദ്രങ്ങൾ മന്ത്രിയെ കൊണ്ട് പോസ്റ്റ് ഇട്ടതാണെന്ന സൂചനകളും പുറത്തു വരുന്നു. ശബരിമല പ്രതിഷേധം ആഘോഷത്തോടെയാണ് ബിജെപി അവസാനിപ്പിച്ചത്. ഇതിനായി നടന്ന നോൺ വെജിറ്റേറിയൻ പാർട്ടിയുടെ വിശദാംശങ്ങൾ മറുനാടൻ പുറത്തു വിട്ടു. അതിന് ശേഷം മറുനാടന്റേത് വ്യാജ പ്രചരണമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി പ്രചരിപ്പിച്ചു. ഇതിനായി ജില്ലാ പ്രസിഡന്റ് സുരേഷ് ലൈവിലും എത്തി. എന്നാൽ ഭക്ഷണം വിളമ്പിയതും കവിത ചൊല്ലിയതും സ്റ്റാർ ഹോട്ടലിൽ ഒത്തു കൂടിയതും സമ്മതിക്കുകയാണ് സുരേഷ് ചെയ്തത്. ഇതോടെ ഈ കള്ളത്തരം പൊളിഞ്ഞു. ഇതിന് സമാനമാണ് കണ്ണന്താനത്തിന്റെ പോസ്റ്റും.

അതിനിടെ കേന്ദ്രത്തിനും ശിവഗിരി സന്ന്യാസിമാർക്കുമെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശനമുന്നയിച്ചത് ഏറെ ചർച്ചയായിട്ടുണ്ട്. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതി കേന്ദ്രം ബൈപാസ് ചെയ്യുകയായിരുന്നെന്ന് മന്ത്രി വിമർശിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതിന്റെ അവസാനനാളുകളിൽ ഗൂഢശ്രമങ്ങളിലൂടെ സംസ്ഥാനസർക്കാരിനെ ഒഴിവാക്കി കാര്യങ്ങൾ നേരിട്ടുചെയ്യാനാണ് ശ്രമിച്ചത്. സംസ്ഥാനസർക്കാരിനെ മറികടന്ന് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പോറലേൽപ്പിക്കും. സന്ന്യാസിമാർക്കും ഒപ്പംനിൽക്കുന്നവർക്കും സങ്കുചിത രാഷ്ട്രീയതാത്പര്യമുണ്ടാകുന്നത് ആശാവഹമല്ല. ശിവഗിരിക്കായി സംസ്ഥാനസർക്കാർചെയ്ത കാര്യങ്ങൾ പറയാൻ സന്ന്യാസിമാർ വല്ലാതെ വിഷമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദയാണ് മന്ത്രിക്ക് മറുപടി നൽകിയത്. ഗൂഢനീക്കങ്ങളൊന്നും സന്ന്യാസിമാരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അത് തങ്ങളുടെ ശൈലിയല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിർവഹണം ഐ.ടി.ഡി.സി. ഏറ്റെടുക്കണമെന്ന് താത്പര്യമുണ്ടായിരുന്നു. അത് കേന്ദ്രഅഥോറിറ്റിയെ അറിയിച്ചു. സംസ്ഥാനസർക്കാരിനോടും കേന്ദ്രസർക്കാരിനോടും യാതൊരു പക്ഷപാതവുമില്ലെന്നും സ്വാമി പറഞ്ഞു. പദ്ധതി കൂടുതൽ സൗകര്യപ്രദമാക്കാനാണ് ഐ.ടി.ഡി.സി.യെ ഏൽപ്പിച്ചതെന്നും സംസ്ഥാനവുമായി സഹകരിച്ചുനീങ്ങാനാണ് താത്പര്യമെന്നും ഉദ്ഘാടനപ്രസംഗത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. പ്രധാനമന്ത്രിയും അമിത് ഷായും പ്രത്യേക താത്പര്യമെടുത്താണ് ടൂറിസം സർക്യൂട്ട് പദ്ധതി യാഥാർഥ്യമാക്കിയതെന്ന് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP