Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുണ്ട് മടക്കി കുത്തിയിരിക്കുന്ന, നടക്കുന്ന പുരുഷന്റെ തുടകൾ പ്രദർശിപ്പിക്കപ്പെടുമ്പോൾ കുഴപ്പമില്ല; പെണ്ണിന്റെ തുടയോ കാലുകളോ കണ്ടാൽ നാണക്കേടാണ് പോലും; പുരുഷൻ ഷർട്ടിടാതെ നെഞ്ചും കാണിച്ച് നടന്നാൽ കുഴപ്പമില്ല; സ്ത്രീ ബ്രാ ധരിക്കാതെ വീടിനുള്ളിൽ നടന്നാൽ നാണക്കേടാണ് പോലും; സോഷ്യൽ മീഡിയയിലെ ഞരമ്പുരോഗികളെ പൊളിച്ചടുക്കിയതിന് പിന്നാലെ ശരീരസ്വാതന്ത്ര്യത്തെ കുറിച്ച് തുറന്നെഴുതി ജോമോൾ ജോസഫ്

മുണ്ട് മടക്കി കുത്തിയിരിക്കുന്ന, നടക്കുന്ന പുരുഷന്റെ തുടകൾ പ്രദർശിപ്പിക്കപ്പെടുമ്പോൾ കുഴപ്പമില്ല; പെണ്ണിന്റെ തുടയോ കാലുകളോ കണ്ടാൽ നാണക്കേടാണ് പോലും; പുരുഷൻ ഷർട്ടിടാതെ നെഞ്ചും കാണിച്ച് നടന്നാൽ കുഴപ്പമില്ല; സ്ത്രീ ബ്രാ ധരിക്കാതെ വീടിനുള്ളിൽ നടന്നാൽ നാണക്കേടാണ് പോലും; സോഷ്യൽ മീഡിയയിലെ ഞരമ്പുരോഗികളെ പൊളിച്ചടുക്കിയതിന് പിന്നാലെ ശരീരസ്വാതന്ത്ര്യത്തെ കുറിച്ച് തുറന്നെഴുതി ജോമോൾ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുഞ്ഞുടുപ്പിട്ട ചിത്രങ്ങൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തപ്പോൾ പാഞ്ഞെത്തിയ സോഷ്യൽ മീഡിയയിലെ സദാചാരക്കാർക്കും ഞരമ്പന്മാർക്കും കലക്കൻ മറുപടി നൽകിയ ജോമോൾ ജോസഫ് എന്ന യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സൈബർ ലോകത്ത് പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളുടെ പേരിൽ അവഹേളിക്കാനും ശൃംഗരിക്കാനും വരുന്നവരുടെ തൊലിയുരിക്കുന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ സ്വന്തം സ്‌പെയ്‌സ് കണ്ടെത്താനാവാതെ സ്ത്രീകൾ വിഷമിക്കുന്നതിനെ കുറിച്ചാണ് ജോമോളുടെ പുതിയ പോസ്റ്റ്. വീടിനുള്ളിൽ പോലും സ്വതന്ത്രമായി വസ്ത്രം ധരിക്കാനാവാത്തതിന്റെ വീർപ്പുമുട്ടലും അവർ പങ്കുവയ്ക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മൂടിപ്പൊതിഞ്ഞ സ്ത്രീ ശരീരങ്ങൾ വെന്തുരുകുന്നത് ആർക്കുവേണ്ടി

ആദ്യം ഒരു ടിപ്പിക്കൽ കേരള സ്ത്രീയുടെ വസ്ത്ര ധാരണ രീതിയെന്തെന്ന് പരിശോധിക്കാം. വീടുകളിൽ സ്വതവേ നൈറ്റിയാണ് പലരും ധരിക്കുന്നത്. നൈറ്റിക്കടിയിൽ അടിപ്പാവാടയും അതിനടിയിൽ പാന്റീസും ധരിക്കും. മുകളിൽ ബ്രായും ആണ് സാധാരണ വേഷം.

പലപ്പോഴും വീട്ടിലെ ജോലിത്തിരക്കു മൂലമോ ഒക്കെ, ശരീരം വിയർത്ത് വിയർപ്പടിഞ്ഞ് ഗുഹ്യഭാഗങ്ങളും, ബ്രായുട അടിവശവും ഒക്കെ വിയർപ്പുവന്നടിഞ്ഞ് അസ്വസ്ഥമാകാറുണ്ട്. കൂടാതെ ചൂട് സഹിക്കാനാകാതെ വെന്തുരുകുന്ന അവസ്ഥയിലായിരിക്കും സ്ത്രീ ശരീരം.

നമ്മുടെ വീടുകളിലെ സ്ത്രീകൾ മിക്കവരും എങ്ങനെയെങ്കിലും അടിയിലുള്ളതെല്ലാം ഊരിപ്പറിച്ച് കളഞ്ഞ് അസ്വസ്ഥതയിൽ നിന്നും സ്വതന്ത്രമാകണമെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. അത്രയേറെ വീർപ്പു മുട്ടലുകളാണ് പലപ്പോഴും നേരിടേണ്ടി വരുന്നത്. ഇതെല്ലാം സഹിച്ച് സ്ത്രീകൾ ടിപ്പിക്കൽ സ്ത്രീയുടെ വസ്ത്ര ധാരണ രീതിയുമായി നിൽക്കുന്നത്, പലപ്പോഴും പുരുഷകേന്ദ്രീകൃത പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി മാത്രമാണ്. അല്ലാതെ അവരാരും സന്തോഷത്തോടെ ചെയ്യുന്നതല്ല. നിങ്ങശുടെ വീട്ടിലെ സ്ത്രീകളോടൊന്ന് ചോദിച്ചു നോക്കൂ, അവരുടെ സത്യസന്ധമായ മറുപടി ഇതായിരിക്കും, നാണക്കേടുകൊണ്ടാണ് എന്ന്. അതായത് സ്ത്രീകൾക്ക് സ്വന്തം വീടിനകത്തു പോലും സ്വന്തം ശരീരം നാണക്കേടാണ്. അവൾ ചാക്കിൽ പൊതിഞ്ഞ് പഴുപ്പിക്കാനായി വെച്ച വാലക്കുലപോലെ വെന്തുരുകണം. ആ വിയർപ്പിൽ കുളിച്ച് ചൊറിച്ചിൽ സഹിച്ച്, മുലകളുടെ അടിയിൽ വന്നടിയുന്ന വിയർപ്പു സഹിച്ച് പുരുഷനെ തൃപ്തിപ്പെടുത്തണം.. സർവ്വം സഹയായ പെണ്ണ്

ഇനി പുരുഷന്റെ കാര്യമെന്ന് ആലോചിക്കാം, വീട്ടിൽ വന്നു കയറിയാൽ മിക്കവരും ആദ്യം തന്നെ ഷർട്ടഴിച്ച് കളയും, പിന്നെ കൈലിയുടുക്കും. മിക്കവരും വീടുകളിൽ ഷഡ്ഡി ഇടുകയില്ല. അവർ സ്വതന്ത്രരായി കഴിയും. മുണ്ട് മടക്കി കുത്തി നടക്കും. മുണ്ട് അഴിച്ചിട്ട് നടന്നാൽ തട്ടി വീഴുകയോ, കാലുകളിൽ ഉരഞ്ഞ് അസ്വസ്ഥതയോ വരും പോലും ശരിയല്ലേ?

അപ്പോൾ സ്ത്രീകൾ കാൽപ്പാദം വരെയെത്തുന്ന നൈറ്റിയുമിട്ട് വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുമ്പോൾ തട്ടി വീഴുകയോ, കാലുകളിൽ വസ്ത്രം തടഞ്ഞ് അസ്വസ്ഥയാകുകയും ചെയ്യുകയില്ലേ? ചെയ്യും, പക്ഷെ സ്ത്രീ കാലുകൾ പാദം വരെ മറച്ചില്ല എങ്കൽ നാണക്കേടാണ് പോലും, മറച്ചേ പറ്റൂ, കാരണം സ്ത്രീ സർവ്വം സഹയാണ്

മുണ്ട് മടക്കി കുത്തിയിരിക്കുന്ന, നടക്കുന്ന പുരുഷന്റെ തുടകൾ പ്രദർശിപ്പിക്കപ്പെടുമ്പോൾ കുഴപ്പമില്ല, പെണ്ണിന്റെ തുടയോ കാലുകളോ കണ്ടാൽ നാണക്കേടാണ് പോലും പുരുഷൻ ഷർട്ടിടാതെ നെഞ്ചും കാണിച്ച് നടന്നാൽ കുഴപ്പമില്ല, സ്ത്രീ ബ്രാ ധരിക്കാതെ വീടിനുള്ളിൽ പോലും നടന്നാൽ നാണക്കേടാണ് പോലും കാരണം അവളുടെ ശരീരം അവൾക്ക് നാണക്കേടുണ്ടാക്കുന്നതാണ്.

ഇവിടെയാണ് മൂടിപ്പൊതിയലിൽ നിന്നും, വസേതേര സ്വാതന്ത്ര്യത്തിലേക്ക്, അവൾക്ക് കംഫർട്ട് ഫീൽ ചെയ്യുന്ന വസ്ത്ര ധാരണ രീതി ആവൾക്ക് തിരഞ്ഞെടുക്കാനായി അവകാശവും സ്വാതന്ത്ര്യവും വേണം എന്ന് പറയുന്നതിന് കാരണം. സ്ത്രീ സ്ലീവ് ലെസ്സ് ഇട്ടാൽ അവളുടെ കക്ഷം കണ്ടാൽ നാണക്കേട്, പുരുഷന് പുരുഷന്റെ കക്ഷം നാണക്കേടേയല്ല.

സ്ത്രീകൾ മുഴുവൻ സമയവും ബ്രാ ധരിച്ച് നടക്കണം, വീട്ടു ജോലികൾ ഓടി നടന്ന് ചെയ്ത്,വിയർത്ത് കുളിച്ച് വെന്തുരുകിയാലും സ്ത്രീ ശരീരത്തിൽ ബ്രാ നിർബന്ധം അതുവഴി വരുന്ന ആരോഗ്യ പ്രശ്‌നങ്ങൾ, ബ്രസ്റ്റ് ക്യാൻസറിലേക്ക് പോലും നീണ്ടേക്കാവുന്ന ആരോഗ്യവിഷയങ്ങൾ, ശാരീരിക അസ്വസ്ഥതകൾ ഇതൊക്കെ സ്ത്രീയുടെ മാത്രം വിഷയമാണ്, അവൾ സഹിച്ചേ മതിയാകൂ, കാരണം അവൾ സർവ്വം സഹയാണ്..

മുഴുവൻ സമയവും പാന്റീസിട്ട് നടക്കുന്ന സ്ത്രീകൾക്കും ഇതേ വിഷയമുണ്ട്, വിയർപ്പടിഞ്ഞ് ബാക്ടീരിയ പെരുകി സംഭവിക്കുന്ന യൂറിനറി ഇൻഫെക്ഷൻ സ്തരീകൾ നേരിടുന്ന മുഖ്യമായ ആരോഗ്യ പ്രശ്‌നം തന്നെയാണ്. ആവർത്തിച്ചാവർത്തിച്ച് വരുന്ന യൂറിനറി ഇൻഫെക്ഷൻ യൂട്രസിനെ വരെ ബാധിക്കും എന്ന് എത്ര പേർക്കറിയാം? അവളുടെ യൂട്രസ്സ് പോയാൽ പോലും അവൾ സഹിക്കണം, കാരണം അവൾ സർവ്വം സഹയാണ്.

ഒരു പെൺകുട്ടി ജനിക്കുന്ന നാൾ മുതൽ, എങ്ങനെ ഇരിക്കണം, എങ്ങനെ കിടക്കണം, ഉച്ചത്തിൽ സംസാരിക്കരുത്, ഉറക്കെ ചിരിക്കരുത്, ആണുങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ കയറി സംസാരിക്കരുത്, ഹാളിൽ ഇരിക്കരുത്, അടുക്കളയിലോ ബെഡ്‌റൂമിലോ ഇരിക്കാവൂ, റോഡിലൂടെ തലതാഴ്‌ത്തി നടക്കണം, പുരുഷന്റെ മുഖത്ത് നോക്കരുത്, ആളുകൾ വീട്ടിൽ വന്നാൽ അകത്തേക്ക് വലിയണം.. അവനാണല്ലേ നീ പെണ്ണല്ലേ.. എന്തൊക്കെ നിബന്ധനകളാണ് വരുന്നത്. ഇതൊക്കെ ആരാണ് നമ്മളെ പറഞ്ഞ് പഠിപ്പിച്ചത്? ജനിച്ച നാളുമുതൽ ഒരു പെൺകുഞ്ഞ് വളർന്നു വലുതാകുമ്പോഴേക്കും ഇത്തരം നിബന്ധനകൾക്ക് വിധേയമാക്കി മാറ്റിയെടുക്കുകയല്ലേ ചെയ്യന്നത്?

ഇങ്ങനെ പൊതു വിടത്തിൽ നിന്നും മെല്ലെ മെല്ലെ അകറ്റിയകറ്റിയല്ലേ, അവൾക്ക് പൊതുവിടത്തിൽ സാന്നിധ്യമില്ലാതായി, ആ പൊതുവിടം പുരുഷന്മാരുടെ മാത്രം ഇടമായി മാറിയത്? പുരുഷൻ സ്വന്തമാക്കി വെച്ചിരിക്കുന്ന പൊതുവിടത്തിലേക്ക് നടന്നടുക്കുന്ന ഒരു സ്ത്രീയെ അവർ കേസര വലിച്ചിട്ടിരുത്തി, അരിയിട്ട് വാഴിക്കുമോ? അവന്റെയിടങ്ങൾ സ്വന്തമാക്കാനായി വരുന്ന ഏതവളേയും അവർ കൂട്ടം കൂടി ആക്രമിച്ചും, കല്ലെറിഞ്ഞും, ആക്ഷേപിച്ചും, സ്വഭാവ ഹത്യ നടത്തിയും, പിഴച്ചവളെന്ന് മുദ്രകുത്തിയും, അവളുടെ സ്വൈര്യ ജീവിതം തകർത്തും, അവളെ അവന്റെ ഇടങ്ങളിൽ മാത്രമല്ല ഒരിടവും പ്രാപ്യമല്ലാതാക്കുക എന്നതാണ് കണ്ടുവരുന്നത്. അല്ലേൽ അവൾ ഏതെങ്കിലും സംഘടിത ശക്തിയുടെ ഭാഗമായിരിക്കണം, എന്നിരുന്നാൽ പോലും അവൾ ഒരിക്കലും പുരുഷനോടൊപ്പം സമത്വമോ തുല്യതയോ ഉള്ളവളാകില്ല, അവൾ പുരുഷന് വിധേയയായി തന്നെയാണ് തുടരാവൂ.

സ്ത്രീകൾക്കും ഓരോ വിഷയത്തിലും, നിലപാടുകളും അഭിപ്രായവും ഉള്ളവൾ തന്നെയാണ്. അവൾ അഭിപ്രായം പറഞ്ഞാൽ, അവൾ നിലപാടുകൾ പറഞ്ഞാൽ, അവൾ കെട്ടവളോ വേശ്യയോ ആയി മാറും. പിഴച്ചവളേ അങ്ങനെ സംസാരിക്കൂ എന്നതാണ് നമ്മുടെ പോതുബോധം, ആ പൊതുബോധം പുരുഷ കേന്ദ്രീകൃതമാണ്, വേദനയോടെ പറയട്ടേ പുരുഷ കേന്ദ്രീകൃത പൊതുസമൂഹത്തിൽ സ്ത്രീക്കായി അവൻ വലിച്ചെറിഞ്ഞ് തരുന്ന എല്ലിൻ കഷ്ണങ്ങൾ മാത്രമല്ലാതെ, സ്ത്രീ സ്ത്രീയുടെ സ്‌പേസ് സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു.

NB: വരകളും, ചുളിവുകളും, പാടുകളും ഒക്കെയുള്ള ഒരു സാധാരണ മനുഷ്യ ശരീരമാണ് എന്റേത്, അതിനുമപ്പുറം വേറൊന്നുമല്ല എന്റെ ശരീരം. ഈ ശരീരത്തിനകത്ത് എനിക്കൊരു മനസ്സുണ്ട്, നിലപാടുകളുണ്ട്, ചിന്തകളുണ്ട്, അതിനുമപ്പുറം ആറ്റിറ്റിയൂടുണ്ട്. ആ ആറ്റിറ്റിയൂഡ് തന്നെയാണ് മോഡലിങ് എന്ന പ്രൊഫഷനിലേക്ക് എന്നെ നയിക്കാൻ കാരണം

എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP