Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചീഫ് ജസ്റ്റിസ് ഗോഗോയ് ഏറിയ സമയവും വലത് ഭാഗത്തേക്ക് ചരിഞ്ഞാണ് ഇരുന്നത്; സംസ്ഥാന സർക്കാർ വാദം ആരംഭിച്ചപ്പോൾ ആ ചരിവ് ഇടത്തോട്ട് ആയി; ഡയലോഗുകൾ ഒന്നുമില്ലാതെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടക്കം മൂന്ന് അംഗങ്ങൾ മൗനികളായി; എൻ എസ് എസ്സിന് വേണ്ടി അഡ്വ. പരാശരൻ വാദിക്കുമ്പോൾ ജസ്റ്റിസ് നരിമാൻ ചോദിച്ച ചോദ്യത്തിൽ നിന്ന് പലതും വായിച്ച് എടുക്കാമായിരുന്നു; സുപ്രീം കോടതിയിൽ ബുധനാഴ്ചത്തെ ജസ്റ്റിസുമാരുടെ ശരീരഭാഷയെ കുറിച്ച് എഴുതുന്നു മാധ്യമപ്രവർത്തകനായ ബാലഗോപാൽ.ബി.നായർ

ചീഫ് ജസ്റ്റിസ് ഗോഗോയ് ഏറിയ സമയവും വലത് ഭാഗത്തേക്ക് ചരിഞ്ഞാണ് ഇരുന്നത്; സംസ്ഥാന സർക്കാർ വാദം ആരംഭിച്ചപ്പോൾ ആ ചരിവ് ഇടത്തോട്ട് ആയി; ഡയലോഗുകൾ ഒന്നുമില്ലാതെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടക്കം മൂന്ന് അംഗങ്ങൾ മൗനികളായി; എൻ എസ് എസ്സിന് വേണ്ടി അഡ്വ. പരാശരൻ വാദിക്കുമ്പോൾ ജസ്റ്റിസ് നരിമാൻ ചോദിച്ച ചോദ്യത്തിൽ നിന്ന് പലതും വായിച്ച് എടുക്കാമായിരുന്നു; സുപ്രീം കോടതിയിൽ ബുധനാഴ്ചത്തെ ജസ്റ്റിസുമാരുടെ ശരീരഭാഷയെ കുറിച്ച് എഴുതുന്നു മാധ്യമപ്രവർത്തകനായ ബാലഗോപാൽ.ബി.നായർ

ബാലഗോപാൽ.ബി.നായർ

ശബരിമല യുവതി പ്രവേശന വിധി പുനഃ പരിശോധിക്കുമോ ?

ഭരണഘടന ബെഞ്ചിൽ കേസിനെ കുറിച്ച് മൗനം പാലിച്ച ജഡ്ജിമാരിൽ പ്രതീക്ഷ അർപ്പിച്ച് ഇരു വിഭാഗവും.

സുപ്രീം കോടതി ന്യായാധിപൻ ആയിരുന്ന ജസ്റ്റിസ് എ കെ ഗോയലിന്റെ വിടവാങ്ങൽ ചടങ്ങിൽ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നടത്തിയ പ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെ 'ജസ്റ്റിസ് ഗോയൽ ഒരു കേസ് കേൾക്കുമ്പോൾ ചിരിച്ചാൽ, അപകടം മനസിലാക്കി കൊള്ളണം. ആ കേസ് അദ്ദേഹം തള്ളും'. ജഡ്ജിമാരുടെ ഓരോ ചലനവും സൂക്ഷമായി നിരീക്ഷിച്ചാൽ അവർ പരിഗണിക്കുന്ന പല കേസ്സുകളുടെയും അന്തിമ ഫലം എന്താണ് എന്ന് മുൻകൂട്ടി പറയാൻ സാധിക്കും എന്ന് കോടതിയിൽ മുതിർന്ന അഭിഭാഷകർ തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് ചിലപ്പോഴൊക്കെ ശരി ആണെന്ന് തോന്നിയിട്ടും ഉണ്ട്.

ഇന്ന് ഭരണഘടന ബെഞ്ചിലെ ഓരോ ജഡ്ജിയുടേയും ചലനങ്ങൾ സൂക്ഷമമായി ഞാൻ നിരീക്ഷിക്കാൻ ശ്രമിച്ചതാണ്. അപ്‌ഡേറ്റുകൾ ടൈപ്പ് ചെയ്യുമ്പോഴും പലപ്പോഴും നോട്ടം ഫോണിൽ ആയിരുന്നില്ല. എന്റെ കണ്ണുകൾ ഏറെ സമയവും ചീഫ് ജസ്റ്റിസിന്റെ ഇടത് വശത്ത് ഇരുന്ന ജസ്റ്റിസ് ഖാൻവിൽക്കർ, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരിൽ ആയിരുന്നു. പക്ഷേ ചെവി കൂർപ്പിച്ചിരുന്നത് ചീഫ് ജസ്റ്റിസിന്റെ വലത് വശത്ത് ഇരുന്ന ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് എന്നിവരുടെ ഭാഗത്ത് ആയിരുന്നു.

മൂന്ന് മണിക്കൂർ ഇരുപത് മിനുട്ട് വാദത്തിന് ഇടയിൽ ഒരിക്കൽ പോലും ഭരണഘടന ബെഞ്ചിലെ മൂന്ന് അംഗങ്ങൾ കേസിന്റെ വസ്തുതകളെ കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയോ, ചോദ്യങ്ങൾ ഉന്നയിക്കുകയോ ഉണ്ടായില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് അതിൽ ഒന്ന്. ചീഫ് ജസ്റ്റിസ് ഇന്ന് ഒരു ടൈം മാനേജറുടെ റോളിൽ ആയിരുന്നു. മുൻ നിശ്ചയിച്ച സമയത്തിന് ഉള്ളിൽ തന്നെ വാദം പൂർത്തിയാക്കാൻ ഒരു ഹെഡ് മാസ്റ്ററെ പോലെ അദ്ദേഹം ഇടയ്ക്ക് ചൂടായി. ജസ്റ്റിസ് ചന്ദ്രചൂഡ് ഒരിക്കൽ പോലും ഇത്ര മൗനി ആയി ഇരിക്കുന്നത് കണ്ടിട്ടില്ല. മാധ്യമ തലക്കെട്ടുകളിൽ ഉറപ്പായും സ്ഥാനം പിടിക്കുന്ന ഡയലോഗുകൾ ജസ്റ്റിസ് ചന്ദ്രചൂടിൽ നിന്ന് പ്രതീക്ഷിച്ചു. എന്നാൽ അത് ഉണ്ടായില്ല.

രാവിലെ ഹർജിക്കാരിൽ ചിലർ ആവർത്തന വിരസത ഉള്ള വാദം ഉന്നയിക്കുന്ന സമയത്ത് ആ മുഖത്ത് അസ്വസ്ഥത പ്രകടം ആയിരുന്നു. ഇടയ്ക്ക് മൂന്നോ നാലോ തവണ ജസ്റ്റിസ് നരിമാനും ആയി സംസാരിക്കുന്നത് കാണാം ആയിരുന്നു. കേസിന്റെ വാദം കേൾക്കലിന് ഇടയിൽ ജസ്റ്റിസ് നരിമാന് അദ്ദേഹത്തിന്റെ സ്റ്റാഫിൽ പെട്ട ഒരു ഉദ്യോഗസ്ഥൻ ഒരു ചിറ്റ് കൈമാറുന്നത് കണ്ടു. അതിന് ശേഷം ജസ്റ്റിസ് നരിമാൻ ചീഫ് ജസ്റ്റിസിനോട് എന്തോ പറയുന്നത് കണ്ടു. ഈ ഘട്ടത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് കൈയിൽ ഉണ്ടായിരുന്ന പുസ്തകം മടക്കി. ജസ്റ്റിസ് ചന്ദ്രചൂടിന്റെ പേര് ഏതെങ്കിലും അഭിഭാഷകൻ പരാമർശിക്കുമ്പോൾ അദ്ദേഹം തല ഉയർത്തി അവരെ നോക്കുന്നത് കാണാം ആയിരുന്നു. എന്നാൽ അവിടെയും പ്രതികരണം ആ നോട്ടത്തിൽ ഒതുങ്ങി.

ജസ്റ്റിസ് ഖാൻവിൽക്കറുടെ ചിരിക്ക് ഒരു പ്രത്യേക സൗന്ദര്യം ആണ്. ആ സൗന്ദര്യം ഇന്ന് പതിവിലും അധികം ആസ്വദിച്ചു . കൈയിൽ ഒരു പെൻസിലും ആയിട്ട് ആയിരുന്നു ജസ്റ്റിസ് ഖാൻവിൽക്കർ ഇരുന്നത്. ഇടയ്ക്ക് ചീഫ് ജസ്റ്റിസിനോടും ജസ്റ്റിസ് ഇന്ദു മൽഹോത്രയോടും സംസാരിക്കുന്നത് കാണാം ആയിരുന്നു. ഹർജിക്കാരിൽ പലരും ജസ്റ്റിസ് ഖാൻവിൽക്കറിനെ പ്രതീക്ഷയോടെ നോക്കുന്നതായി അവരുടെ വാദത്തിൽ നിന്ന് മനസിലായി. എന്നാൽ ജസ്റ്റിസ് ഖാൻവിൽക്കന്റെ മനസ്സിൽ എന്താണ് എന്ന് ആ മുഖത്ത് നോക്കിയ ആർക്കും ഇന്ന് മനസിലായി കാണില്ല. ആ പുഞ്ചിരി ഇന്ന് ആർക്കും പിടി നൽകുന്ന ഒന്നായിരുന്നില്ല.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് യെ കുറിച്ച് രണ്ട് വരി കൂടി എഴുതേണ്ടത് ഉണ്ട്. ചീഫ് ജസ്റ്റിസ് ഗോഗോയ് ഇന്ന് രാവിലെ ഏറിയ സമയവും വലത് ഭാഗത്തേക്ക് ചരിഞ്ഞാണ് ഇരുന്നത്. കൂടുതൽ സമയവും ജസ്റ്റിസ് നരിമാനോട് സംസാരിക്കുന്നതും കാണാം ആയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ വാദം ആരംഭിച്ചപ്പോൾ ആ ചരിവ് ഇടത്തോട് ആയി. സംസാരം കൂടുതലും പിന്നീട് ജസ്റ്റിസ് ഖാൻവിൽക്കറിനോട്. ഇരിക്കുന്ന ചരിവിൽ പോലും ചീഫ് ജസ്റ്റിസ് ഗോഗോയ് ഇന്ന് 50 : 50 ആയിരുന്നു.

ജസ്റ്റിസ് റോഹിങ്ടൻ നരിമാനും ജസ്റ്റിസ് ഇന്ദു മൽഹോത്രയും ആയിരുന്നു ഇന്ന് അൽപ്പമെങ്കിലും സംസാരിച്ചത്. എൻ എസ് എസ്സിന് വേണ്ടി സീനിയർ അഭിഭാഷകൻ പരാശരൻ വാദിക്കുമ്പോൾ ജസ്റ്റിസ് നരിമാൻ ചോദിച്ച ചോദ്യത്തിൽ നിന്ന് പലതും വായിച്ച് എടുക്കാം ആയിരുന്നു. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വാക്കുകളിൽ നിന്നും ചില സൂചനകൾ വ്യക്തമായിരുന്നു.

മൂന്ന് മണിക്കൂർ ഇരുപത് മിനുട്ട് വാദത്തിന് ശേഷം പുറത്ത് ഇറങ്ങിയപ്പോൾ, പലരും ഹർജികളുടെ ഭാവിയെ കുറിച്ച് പ്രവചിക്കുന്നത് കേട്ടു. ചിലർ വിജയ ആഹ്ലാദത്തിന്റെ വക്കിൽ ആയിരുന്നു. ഇരു വിഭാഗവും എന്നോട് വിജയ പ്രതീക്ഷ പങ്ക് വച്ചു. ആ പ്രതീക്ഷകൾ ഒക്കെ യാഥാർഥ്യം ആകട്ടെ എന്ന് ആശംസിക്കുന്നു. പക്ഷേ ഇത്ര ഒക്കെ നിരീക്ഷിച്ചിട്ടും എനിക്ക് ഉത്തരത്തിൽ എത്താൻ സാധിക്കാത്തത് എന്റെ ന്യൂനത ആകും. ഇനിയും ഈ മേഖലയിൽ നിന്ന് കൂടുതൽ പഠിക്കാൻ എനിക്ക് ഉണ്ടെന്ന തിരിച്ചറിവ് കൂടി ആയിരുന്നു ഇന്നത്തെ അവസാന രംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP