Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

365 ദിവസം തികച്ച പ്രിയന്റെ പണം വാരി പടം ചിത്രം; ലാലിനെ മികച്ച നടനാക്കിയ അമൃതം ഗമയ; അധോലോകത്തെ മലയാളിക്ക് പരിചയപ്പെടുത്തി ശോഭരാജ്; മമ്മൂട്ടിയുടെ പുലി വരുന്നേ പുലി; സൂപ്പർതാരങ്ങളെ സൃഷ്ടിച്ച ആ പഴയ നിർമ്മാതാവ് ഇപ്പോൾ മറവി രോഗത്തിന്റെ കാണാകയത്തിൽ; സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടതും മകന്റെ മരണവും അറിയാതെ നിരാലംബമായി ആ മുഖം; പഴയ കോടീശ്വരൻ ഇപ്പോഴുള്ളത് പീച്ചിയിലെ ചെറിയ വീട്ടിൽ; മലയാള സിനിമ മറന്നു പോയ പികെആർ പിള്ളയുടെ ജീവിതം ഇപ്പോഴിങ്ങനെ

365 ദിവസം തികച്ച പ്രിയന്റെ പണം വാരി പടം ചിത്രം; ലാലിനെ മികച്ച നടനാക്കിയ അമൃതം ഗമയ; അധോലോകത്തെ മലയാളിക്ക് പരിചയപ്പെടുത്തി ശോഭരാജ്; മമ്മൂട്ടിയുടെ പുലി വരുന്നേ പുലി; സൂപ്പർതാരങ്ങളെ സൃഷ്ടിച്ച ആ പഴയ നിർമ്മാതാവ് ഇപ്പോൾ മറവി രോഗത്തിന്റെ കാണാകയത്തിൽ; സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടതും മകന്റെ മരണവും അറിയാതെ നിരാലംബമായി ആ മുഖം; പഴയ കോടീശ്വരൻ ഇപ്പോഴുള്ളത് പീച്ചിയിലെ ചെറിയ വീട്ടിൽ; മലയാള സിനിമ മറന്നു പോയ പികെആർ പിള്ളയുടെ ജീവിതം ഇപ്പോഴിങ്ങനെ

എം മനോജ് കുമാർ

കൊച്ചി: സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടു, ഓർമ്മയും നഷ്ടമായി ജനലഴികളിൽ മുഖം ചേർത്ത് മരിച്ചു പോയ മകൻ തിരിച്ചു വരുമെന്ന് കരുതി കാത്തിരിക്കുന്ന നിരാലംബമായ ഈ മുഖം പി.കെ.ആർ.പിള്ളയുടേതാണ്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ഇൻഡസ്ട്രി തന്നെ അടക്കി ഭരിച്ച പ്രതാപവാനായ നിർമ്മാതാവ് പി.കെ.ആർ.പിള്ളയുടെ നിലവിലെ അവസ്ഥയാണിത്.

സ്വത്തുക്കൾ മുഴുവൻ അന്യാധീനമായ കഥ അറിയാതെ, മകൻ മരിച്ചത് അറിയാതെ ഇപ്പോഴും ജനലഴികളിൽ മുഖം നട്ടു മകനെ കാത്തിരിക്കുകയാണ് പി.കെ.ആർ.പിള്ള. അൽഷിമേഴ്സിന്റെ പിടിയിൽപ്പെട്ടതോടെയാണ് പിള്ളയ്ക്ക് ഓർമ്മകൾ നഷ്ടമായത്. അതുകൊണ്ട് തന്നെ കോടികൾ വരുന്ന തന്റെ സ്വത്തുക്കളും വ്യവസായ സാമ്രാജ്യവും അന്യാധീനമായ അവസ്ഥ പിള്ള അറിയുന്നുമില്ല. മലയാളത്തിന്റെ സൂപ്പർഹിറ്റ് നിർമ്മാതാവ് പി.കെ.ആർ.പിള്ളയ്ക്ക് കാലം കാത്തുവെച്ചത് തീർത്തും നിരാലംബമായ അതീവ ദുഷ്‌കരമായ വാർധ്യകമാണ്. കോടിക്കണക്കിനു രൂപയുടെ സ്വത്ത് വകകളും സ്ഥാപനങ്ങളും സ്വന്തമായി ഉണ്ടായിരുന്ന ഈ വ്യവസായിക്ക് മുഴുവൻ സ്വത്തുവകകളും സമ്പത്തും നഷ്ടമായി 85 ആം വയസിൽ തൃശൂരിലെ പീച്ചിയിൽ ഒരു ചെറിയ വീട്ടിൽ ആശ്രയമറ്റ് ആരും സഹായിക്കാനില്ലാതെ കഴിയുകയാണ് പിള്ള ഇപ്പോൾ.

കേരളത്തിന് പുറത്ത് ഫാക്ടറികൾ അടക്കം വൻ വ്യവസായ സാമ്രാജ്യം തന്നെ കെട്ടിപ്പൊക്കിയിരുന്ന പിള്ളയുടെ സ്വത്തുക്കൾ മുഴുവൻ അന്യാധീനമായി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അടുപ്പക്കാർ തന്നെയാണ് പിള്ളയെ ചതിച്ചത്. പിള്ളയുടെ സ്വത്തുക്കൾ പലതും പ്രമുഖരായ പല നിർമ്മാതാക്കളുടെയും കയ്യിലാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മലയാളത്തിന്റെ സിനിമാ നിർമ്മാണ രംഗത്ത് കോടികൾ പുല്ലുപോലെ വലിച്ചറിഞ്ഞ ഒരു പ്രമുഖ നിർമ്മാതാവിനാണ് ഈ ദുരവസ്ഥ എന്നത് മലയാള സിനിമാ രംഗത്തെ തന്നെ ഞെട്ടിക്കുന്നുണ്ട്.

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, ഏയ് ഓട്ടോ ഒരു യുഗസന്ധ്യ, ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, ഓണത്തുമ്പിക്കൊരൂഞ്ഞാൽ. തത്തമ്മേ പൂച്ചപൂച്ച, വെപ്രാളം, പുലി വരുന്നേ പുലി, അർഹത, അമൃതം ഗമയ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ശോഭരാജ് തുടങ്ങി മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളുടെ നിർമ്മാതാവാണ് പി..ആർ.പിള്ള. പ്രമുഖ സിനിമാ നിർമ്മാതാവായ സജി നന്ത്യാട്ടാണ് പിള്ളയുടെ ദുരിതം ചൂണ്ടിക്കാട്ടി വോയ്സ് മെസേജ് അയക്കുകയും പിള്ളയുടെ കുടുംബത്തെ സഹായിക്കാനായി രംഗത്തു വരുകയും ചെയ്തിട്ടുള്ളത്.

'അമ്മ, , ഫെഫ്ക, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ ഇപ്പോൾ പിള്ളയെ സഹായിക്കാൻ തുടങ്ങിയിട്ടുണ്ട്. സജി നന്ത്യാട്ടു തന്നെയാണ് പിള്ളയുടെ കുടുംബത്തെ സഹായിക്കാൻ ഇപ്പോൾ മുൻ നിരയിലുള്ളത്. പിള്ളയുടെ ഭാര്യ സഹായം തേടിയത് സജി നന്ത്യാട്ടിന്റെ ഫോണിൽ വിളിച്ചാണ്. നന്ത്യാട്ടു ഒരു വോയിസ് മെസ്സേജ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. അതെ തുടർന്നാണ് സിനിമാ രംഗത്തെ പ്രമുഖരുടെ ശ്രദ്ധ പിള്ളയിലേക്ക് തിരിയുന്നത്. സജി നന്ത്യാട്ടിനൊപ്പം സംവിധായകൻ വിനയനും പിള്ളയ്ക്ക് വേണ്ടി രംഗത്തുണ്ട്. കഷ്ടി ഭക്ഷണത്തിനു വക മാത്രം ഉള്ള പി.കെ.ആർ.പിള്ളയ്ക്കും കുടുംബത്തിനും മുന്നോട്ടുള്ള പോക്ക് ദുഷ്‌ക്കരമായിരിക്കുകയാണ്. അൾഷിമേഴ്സിന്റെ പിടിയിലുമാണ് പിള്ള.

പിള്ളയുടെ നാല് മക്കളിൽ ഒരു മകൻ ദുരൂഹസാഹചര്യത്തിൽ ഗോവയിൽ വെച്ച് മരിച്ചിരുന്നു. പക്ഷെ പിള്ള ഇപ്പോഴും അത് ഓർമ്മിക്കുന്നില്ല. മകൻ വരുമെന്ന് കരുതി ഇപ്പോഴും പിള്ള ജനലഴികളിൽ മുഖം ചേർത്ത് മകനെയും കാത്ത് പുറത്തേക്ക് നോക്കിയിരിക്കുകയാണ്. പിള്ളയുടെ നാല് മക്കളിൽ ഒരാൾ വിദേശത്താണ്. ഒരു മകൻ ഗോവയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഒരു മകൾ വിവാഹമോചിതയാകുന്ന അവസ്ഥയിലാണ്. ഒരു മകളുടെ വിവാഹത്തിനു ആലോചനകൾ വരുന്നു. പക്ഷെ വിവാഹത്തിനുള്ള സാമ്പത്തിക സ്ഥിതിയില്ല. ഇപ്പോൾ കുടുംബം സാമ്പത്തിക സഹായം തേടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടക്കമുള്ള വാതിലുകളിൽ മുട്ടുകയാണ്. സിനിമാ രംഗത്ത് നിന്ന് സഹായം ഇപ്പോൾ പിള്ളയ്ക്ക് വേണ്ടി ഒഴുകിയെത്താൻ തുടങ്ങിയിട്ടുണ്ട്. ഇത് കുടുംബത്തെ സംബന്ധിച്ച് ആശ്വാസകരമായ കാര്യമായി മാറിയിരിക്കുകയാണ്.

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് പി.കെ.ആർ.പിള്ള നിർമ്മിച്ച ചിത്രം. അതുവരെയുള്ള ബോക്‌സോഫീസ് റെക്കോർഡുകളെയെല്ലാം തിരുത്തിക്കുറിച്ച് മുന്നേറുകയായിരുന്നു ഈ സിനിമ. 1988 ലെ ക്രിസ്മസ് റിലീസായാണ് സിനിമയെത്തിയത്. വിഷ്ണു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. തുടക്കത്തിലെ തമാശയും പിന്നീടുള്ള വൈകാരികത നിറഞ്ഞ മുഹൂർത്തങ്ങളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആദ്യദിനത്തിൽ അത്ര നല്ല പ്രതികരണമോ, തിരക്കോ സിനിമയ്ക്ക് അനുഭവപ്പെട്ടിരുന്നില്ല. 1989 ലെ ക്രിസ്മസും കഴിഞ്ഞ് 1990 ലും ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു.

ഒരു വർഷത്തോളം പ്രദർശിപ്പിച്ച സിനിമയെന്ന റെക്കോർഡ് ചിത്രത്തിന് സ്വന്തമാണ്. അന്നുവരെയുള്ള സകല റെക്കോർഡുകളും ഭേദിച്ചാണ് ഈ ചിത്രം കുതിച്ചത്. റിലീസിങ്ങ് സെന്ററുകളിൽ നിന്നും മാത്രമായി 4 കോടിയിലധികം കലക്ഷനും സിനിമ സ്വന്തമാക്കിയിരുന്നു. 44 ലക്ഷമായിരുന്നു സിനിമയുടെ മുതൽമുടക്ക്. ബോക്‌സോഫീസിൽ നിന്നും റെക്കോർഡ് നേടിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ഇന്നും ലഭിക്കുന്നത്. പിള്ളയുടെ മിക്ക സിനിമകളും ശ്രദ്ധ പിടിച്ചു പറ്റി, പലതും സൂപ്പർ ഹിറ്റുകളുമാവുകയും ചെയ്തു.

തത്തമ്മേ പൂച്ച പൂച്ച (1984), വെപ്രാളം (1984), ഏഴുമുതൽ ഒമ്പതുവരെ (1985), പുലി വരുന്നേ പുലി (1985), ഓണത്തുമ്പിക്കൊരൂഞ്ഞാൽ (1985), ഒരു യുഗ സന്ധ്യ (1986), ശോഭരാജ് (1986), അമൃതം ഗമയ (1987), വന്ദനം (1989), അർഹത (1990), കിഴക്കുണരും പക്ഷി (1991), റാപിഡ് ആക്ഷൻ ഫോഴ്സ് (2000), ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ (2002), പ്രണയമണിത്തൂവൽ (2002). ഇതിൽ പലതും സൂപ്പർ ഹിറ്റ് സിനിമകളായിരുന്നു.ഇപ്പോൾ ആലംബമില്ലാതെ മലയാള സിനിമ വ്യവസായത്തിന്റെ കരുണ തേടുന്ന അവസ്ഥയിലാണ് പി.കെ.ആർ.പിള്ള.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP