Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസങ്ങൾക്ക് മുൻപ് വന്നത് പ്രളയമെങ്കിൽ ദിവസങ്ങൾക്ക് മുൻപേ വന്നത് 'സെസ് പ്രളയാഗ്നി'; നിത്യോപയോഗ സാധനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്തി പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള സർക്കാർ നീക്കം സാധാരണക്കാരനുള്ള അടി; ഒരു നേരമെങ്കിലും അന്നം മുടങ്ങരുതെന്ന് പ്രാർത്ഥിച്ച് കഴിയുന്നവർക്ക് രോഗദുരിതം വന്നാൽ ആശ്രയിക്കേണ്ട മരുന്നുകൾക്ക് വരെ 'സെസ് ഒടിവിദ്യ' ; പുത്തൻ സംസ്ഥാന ബജറ്റ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമോ ?

മാസങ്ങൾക്ക് മുൻപ് വന്നത് പ്രളയമെങ്കിൽ ദിവസങ്ങൾക്ക് മുൻപേ വന്നത് 'സെസ് പ്രളയാഗ്നി'; നിത്യോപയോഗ സാധനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്തി പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള സർക്കാർ നീക്കം സാധാരണക്കാരനുള്ള അടി;  ഒരു നേരമെങ്കിലും അന്നം മുടങ്ങരുതെന്ന് പ്രാർത്ഥിച്ച് കഴിയുന്നവർക്ക് രോഗദുരിതം വന്നാൽ ആശ്രയിക്കേണ്ട മരുന്നുകൾക്ക് വരെ 'സെസ് ഒടിവിദ്യ' ; പുത്തൻ സംസ്ഥാന ബജറ്റ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമോ ?

തോമസ് ചെറിയാൻ കെ

2019ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ഇതിൽ നിന്നും സാധാരണക്കാരന് നേട്ടമാണോ കോട്ടമാണോ എന്ന് വ്യക്തമാകാനായി ബജറ്റ് ദിനത്തിന് പിറ്റേന്നുള്ള പത്രങ്ങൾ അരിച്ചുപെറുക്കുകയാവും മിക്കവരും ചെയ്യുക. പ്രളയത്തിന്റെ ദുരിതം ഇപ്പോഴും പല രൂപത്തിലും തീരാ തലവേദനയായി നിൽക്കെ ചെയ്താണ് സെസ് എന്ന പ്രളയം ഇപ്പോൾ സംസ്ഥാനത്തിന് മേൽ മൂടാൻ പോകുന്നത്.

വേഗ റെയിലിന് 55,000 കോടിയിൽ തുടങ്ങി പ്രളയദുരിതത്തിൽ നിന്നും കരകയറാനായി കണ്ടെത്തിയിരിക്കുന്ന 4700 കോടിയുടെ ജീവനോപാധി പാക്കേജ് അടക്കം കോടികളുടെ കണക്കുകൾ വീശി സംസ്ഥാന സർക്കാർ സ്വയം ഉയരാൻ ശ്രമിക്കുമ്പോൾ താഴെ തട്ടിൽ നിന്നുകൊണ്ട് പക്ഷപാതമില്ലാതെ ഒരു ശരാശരി സാധാരണ മലയാളിയായി സംസ്ഥാന ബജറ്റിനെ ഒന്ന് നോക്കാം.

സാധാരണക്കാരായ ഒരു കുടുംബത്തിന് പ്രത്യേകിച്ച് ഇന്ന് അധികമായും കണ്ടു വരുന്ന അണുകുടുംബത്തിനെ സംസ്ഥാന ബജറ്റ് ബാധിക്കുന്നുണ്ടോ എന്നും ഉണ്ടെങ്കിൽ അതിന്റെ ഗുണ ദോഷങ്ങൾ ഏതൊക്കെയാണെന്നാണ് ഇന്നത്തെ മണിച്ചെപ്പിലൂടെ വിശകലനം ചെയ്യാൻ പോകുന്നത്. സാധാരണക്കാരിയായ ഒരു ഗൃഹനാഥനോ ഗൃഹനായികയ്ക്കോ വീടിന്റെ ബജറ്റിലും കുടുംബത്തിന്റെ സാമ്പത്തികമായ താളത്തിനും ഏതെങ്കിലും തരത്തിൽ 'തട്ടുകേട്' വരുത്തുന്ന ബജറ്റാണോ ധനമന്ത്രി ടി.എം. തോമസ് ഐസക്ക് പ്രഖ്യാപിച്ചതെന്ന് നോക്കാം. സാധാരണ കുടുംബത്തിന്റെ ആശങ്കകൾ അറിഞ്ഞ് ബജറ്റിലേക്ക് ലളിതമായ ഒരു തിരിഞ്ഞു നോട്ടം..

വില കൂടുമെന്ന് കേട്ടു എന്തിനൊക്കെയാ..എന്താ ചെയ്യുക ?.....

സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയത്തിന്റെ കെടുതികളിൽ നിന്നും കരകയറാൻ 928 ഉൽപന്നങ്ങൾക്ക് പ്രളയ സെസ്് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനമാണ് വീട്ടമ്മമാരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചത്. 12%, 18 %, 28% ശതമാനം എന്നീ ജിഎസ്ടി സ്ലാബുകൾക്ക് കീഴിൽ വരുന്ന ഉൽപന്നങ്ങൾക്കാണ് 1 % പ്രളയ സെസ് ഏർപ്പെടുത്തുന്നത്. അതായത് നൂറ് രൂപയ്ക്ക് വാങ്ങുന്ന സാധനത്തിന് ഒരു രൂപ സെസ് നൽകേണ്ടതായി വരും. ഏപ്രിൽ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുമ്പോൾ നേരത്തെ തന്നെ വില കൂടിയ ഉൽന്നങ്ങൾക്ക് മേൽ സാധാരണക്കാരന് താങ്ങാവുന്നതിനേക്കാൾ അൽപം അധികം തുക അടയ്ക്കേണ്ടി വരുമെന്ന് ചുരുക്കം.

സ്വർണത്തിനും വെള്ളിക്കും കുറഞ്ഞ സെസായ 0.25 ശതമാനം മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ബജറ്റിൽ ലളിതമായി പറഞ്ഞെങ്കിലും നിലവിലെ സ്വർണവില വച്ച് നോക്കുമ്പോൾ ഇത് അൽപം കൂടുതൽ തന്നെയാണ്. സാധാരണക്കാരായ ആളുകൾക്ക് നിത്യമായി ഉപയോഗിക്കേണ്ട ഉൽപന്നങ്ങൾ തന്നെയാണ് മേൽപറഞ്ഞ സ്ലാബുകളിലുള്ളത്. 12 ശതമാനം സ്ലാബിന് കീഴിൽ വരുന്നയിൽ പ്രധാനമായുമുള്ളത് മരുന്ന്, നെയ്യ് , അച്ചാറുകൾ, 1000 രൂപയ്ക്ക് മേലുള്ള തുണിത്തരങ്ങൾ, കണ്ടൻസ്ഡ് പാൽ, സോസ്, കണ്ണട, കുട, ഇറച്ചി ഉൽപ്പന്നങ്ങൾ, നോട്ടുബുക്കുകൾ എന്നിവയൊക്കെയാണ്. ഇവയെ കൂടാതെ മറ്റ് സാധനങ്ങളും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ടെങ്കിലും അത്യാവശ്യമായി സാധാരണക്കാരുൾപ്പടെ അടിക്കടി വാങ്ങുന്ന മേൽപറഞ്ഞ സാധനങ്ങൾക്ക് വില കൂടുന്നത് ഒരു തിരിച്ചടി തന്നെയാണ്.

കുപ്പിവെള്ളം, സോപ്പ്, ബിസ്‌ക്കറ്റ്, കേക്ക്, തുകൽ ഉൽപ്പന്നങ്ങൾ, ബാഗ്, മെത്ത, ഗ്യാസ് സ്റ്റൗ, പെയിന്റ്, റഫ്രിജറേറ്റർ, ടിവി, ക്യാമറ, ഫാൻ,ഗ്രൈൻഡർ, ഗാർഹികാവശ്യത്തിനുള്ള ഇലക്ട്രിക്ക് ഉപകരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ടോയലറ്റ് സ്പ്രേ, വാട്ടർ ടാങ്ക്, കംപ്യൂട്ടർ, ലാപ്ടോപ്പ്, വാട്ടർ കൂളർ, പ്ലൈവുഡ് തുടങ്ങി ഒരു വീടിനു വേണ്ട അത്യാവശ്യം സാധനങ്ങളാണ് 18 ശതമാനം ജിഎസ്ടി സ്ലാബിൽ വരുന്ന സാധനങ്ങൾ. ഇവയ്ക്കും വില കൂടുമെന്നുറപ്പ്. മാത്രമല്ല ഇതേ സ്ലാബിൽ സേവന വിഭാഗത്തിൽ വരുന്ന സിനിമാ ടിക്കറ്റ്, ഹോട്ടൽ ബിൽ, ഐടി ആൻഡ് ടെലികോം സർവീസുകൾ എന്നിവയ്ക്കും വില കൂടും.

ആഡംബര വസ്തുക്കൾ എന്ന് പൊതുവേ പറയുമെങ്കിലും 28 ശതമാനം സ്ലാബിൽ വരുന്ന ഉൽപന്നങ്ങളുടെ വിലക്കയറ്റവും സാധാരണക്കാരന് വെള്ളിടി തന്നെയാണ്. കാർ, ഇരുചക്ര വാഹനങ്ങൾ, എ.സി ഷേവിങ് ക്രീം, സെറാമിക് ടൈൽസ്, സോഡ ഉൾപ്പടെയുള്ള ശീതള പാനീയങ്ങൾ, ഓട്ടോ മൊബൈൽ ഉൽപന്നങ്ങൾ, പുകയില ഉൽപന്നങ്ങൾ തുടങ്ങി ഈ വിഭാഗത്തിലെ സേവന നിരയിൽ വരുന്ന സ്വകാര്യ ലോട്ടറിയിലും 7500 രൂപയ്ക്ക് മുകളിൽ വരുന്ന ഹോട്ടൽ ബില്ലിനും വില ഉയരുക തന്നെ ചെയ്യും.

ഒരു തുണ്ടു ഭൂമിക്കായി ഇനി എന്ത് ?

ബജറ്റ് പ്രഖ്യാപനത്തിൽ പൊതുജനങ്ങളെ ഏറെ ആശങ്കയിലാഴ്‌ത്തിയ ഒന്നാണ് ഭൂമിയുടെ ന്യായ വിലയിലുണ്ടായ വർധന. കഴിഞ്ഞ ബജറ്റിലും ഭൂമിയുടെ ന്യായ വില പത്തു ശതമാനം കൂട്ടിയത് സാധാരണക്കാരായ ആളുകൾക്ക് സ്വന്തമായി ഭൂമി എന്ന സ്വപ്നത്തെ ബാധിച്ച ഒന്നായി മാറിയെങ്കിൽ അതേ പ്രഖ്യാപനം ഇത്തവണയും ആവർത്തിച്ചത് ഭൂമിയെന്നാൽ സാധാരണക്കാരന് ദുസ്വപ്നമായി മാറുന്ന ഒന്നായാണ്. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി തളർന്ന് നിന്ന റിയൽ എസ്റ്റേറ്റ് മേഖലയെ വീണ്ടും തളർത്തുന്ന ഒന്നായാണ് ഈ പ്രഖ്യാപനവും മാറിയത്.

വീടുകളുടെ ആഡംബര നികുതി വർധിപ്പിച്ചതാണ് മറ്റൊരു പ്രധാന സംഗതി. 1999 ഏപ്രിൽ ഒന്നിന് ശേഷം പണിത 3000 സ്‌ക്വയർഫീറ്റിന് മുകളിലുള്ള വീടുകൾക്ക് നിലവിൽ 4000 രൂപയാണ് ആഡംബര നികുതി. എന്നാൽ ഇത്തരത്തിൽ നിർമ്മിച്ച കെട്ടിടങ്ങളോട് ചേർന്ന് നിർമ്മാണം നടത്തി 3000 സ്‌ക്വയർഫീറ്റിന് മുകളിൽ വന്നാലും ഈ നികുതിയുടെ പുരിധിയിൽ വരുമെന്നും, ഈ നിരക്ക് വർധിപ്പിച്ച് 10,000 രൂപ വരെ ഈടാക്കകാൻ തീരുമാനമായെന്നുമുള്ള പ്രഖ്യാപനവും നെഞ്ചിടിപ്പോടെയാണ് ഏവരും കേട്ടത്.

മരുന്നിന്റെ വിലക്കയറ്റം കുറയാൻ 'ചികിത്സയുണ്ടോ' ?

12 ശതമാനം ജിഎസ്ടി സ്ലാബിൽ വരുന്ന മരുന്നുകൾക്ക് സെസ് ചുമത്തുന്നതാണ് അടുത്ത തലവേദനയെന്ന് പറയുന്നത്. ഇൻസുലിൻ അടക്കം ആകെ വിൽക്കുന്ന മരുന്നുകളുടെ 23 ശതമാനം മാത്രമാണ് 5 ശതമാനം സ്ലാബിൽ വരുന്നത്. എന്നാൽ കേരളത്തിൽ വിപണിയിലുള്ള 90 ശതമാനം മരുന്നുകളും 12 ശതമാനം സ്ലാബിലാണ് വരുന്നത് എന്നത് സാധാരണക്കാരെ ഒട്ടേറെ ആശങ്കപ്പെടുത്തുന്നുണ്ട്. കേരളത്തിൽ വർധിച്ചു വരുന്ന ഹൃദ്രോഗം, ക്യാൻസർ, വൃക്ക രോഗം തുടങ്ങിയ അസുഖങ്ങളാൽ വലയുന്ന സാധാരണക്കാർ ആശ്രയിക്കണ്ടി വരുന്നത് ഈ ഗണത്തിൽപെട്ട മരുന്നുകളെയാണ്. ഇതിനും സെസ് ഏർപ്പെടുത്തിയാൽ ചികിത്സാ ചെലവിനായി ജനങ്ങൾ പരക്കം പായേണ്ട സ്ഥിതി വരുമെന്നതിൽ തർക്കമില്ല.

വീട്ടിലെ വാഹനം ഇനി അനങ്ങുമോ ?

സാധാരണക്കാർ ഉൾപ്പടെ ആശ്രയിക്കുന്ന കാറിനും ബൈക്കിനും സെസ് ചമുത്തുന്നതോടെ അപ്രതീക്ഷിതമായ തുകയാണ് നികുതിയായി നൽകേണ്ടി വരിക. വാഹന വിലയ്ക്ക് പുറമേ അതിന്റെ നികുതിയും ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടിയും തുക മുടക്കുമ്പോഴേ സാധാരണക്കാരന്റെ നടുവൊടിഞ്ഞിരിക്കും. മാത്രമല്ല 15 വർഷത്തേക്ക് അടയ്‌ക്കേണ്ട ഒറ്റത്തവണ നികുതിയിലും വൻ വർധനയാണ്് ബജറ്റ് പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഒരു ലക്ഷത്തിൽ നിന്നും ആരംഭിച്ച് 20 ലക്ഷം വരെ വില വരുന്ന വാഹനങ്ങൾക്ക് 2000 രൂപ മുതൽ 40,000 രൂപ വരെ നികുതി വില വർധിക്കുമെന്ന കാര്യം കേട്ട് ഇപ്പോൾ തന്നെ 'കാറ്റു' പോയ അവസ്ഥയാണ് പൊതു ജനങ്ങൾക്ക്.

മനസറിഞ്ഞ് സന്തോഷിച്ചിരുന്ന വിനോദങ്ങൾക്കും ബജറ്റിൽ ' ഒടി' വിദ്യ

100 രൂപ വരെയുണ്ടായിരുന്ന സിനിമാ ടിക്കറ്റിന് ഇനി മുതൽ 23 ശതമാനം നികുതിയാണ് അടയ്ക്കേണ്ടത്. നേത്തെ 12 ശതമാനം ആക്കിയിരുന്നത് തന്നെ സാധാരണക്കാരന് താങ്ങാൻ പറ്റാതിരുന്ന അവസരത്തിലാണ് സിനിമാ ടിക്കറ്റിലെ ഈ ഒടി വയ്‌പ്പ്. 100 രൂപയ്ക്ക് മുകളിൽ വരുന്ന ടിക്കറ്റുകൾക്ക് 18 ശതമാനമായിരുന്ന നികുതി 29 ശതമാനമാക്കുന്നനതോടെ സിനിമാ തിയേറ്ററുകൾ വൈകാതെ കാലിയാകുമെന്നതിൽ തർക്കം വേണ്ട. ഒരു സമയത്ത് തകൃതിയായി നില നിന്നിരുന്ന വ്യാജ സിഡികൾ തലപൊക്കാനും സിനിമാ വ്യവസായം തകരാനും മറ്റെന്ത് വേണമെന്ന് സിനിമാ അണിയറ പ്രവർത്തകരും പ്രേക്ഷകരും ഒരുപോലെ ചോദിക്കുന്നു. സിനിമാ മാത്രമല്ല, സർക്കസ്, ടിക്കറ്റ് വച്ചുള്ള സ്പോർട്ട്സ് എന്നിവയടക്കമുള്ളവയിൽ സെസ് എന്ന മഹാപ്രളയം സാധാരണക്കാരനെ വിഴുങ്ങും. ജിഎസ്ടിക്ക് പുറമേ തദ്ദേശ സ്ഥാപനങ്ങൾക്ക് പത്തു ശതമാനം നികുതി ഈടാക്കാമെന്നുള്ളതും സാധാരണക്കാരന്റെ വിനോദ സ്വപ്നങ്ങൾക്ക് വിലങ്ങുതടി തന്നെയാണ്.

ചുരുക്കിപറഞ്ഞാൽ............

സെസ് എന്ന വെള്ളിടികൊണ്ട് കോടികൾ സമാഹരിക്കാനുള്ള തീരുമാനത്തിന് മുൻഗണന നൽകി ധനമന്ത്രി ടി.എം. തോമസ് ഐസക്ക് പ്രഖ്യാപിച്ച ബജറ്റിൽ 55,000 കോടിയുടെ വേഗ റെയിൽ, റബറിന് താങ്ങുവിലയായി 500 കോടി, രണ്ടാം കുട്ടനാട് പാക്കേജിന് 1000 കോടി, കൃഷിക്ക് 1250 കോടി, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾക്ക് 4 ശതമാനം പലിശ നിരക്കിൽ 3500 കോടിയുടെ വായ്പ, ക്ഷേമ പെൻഷനിലെ 100 രൂപയുടെ വർധന തുടങ്ങി അനുഗ്രഹങ്ങൾ ഒട്ടേറെയുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങൾക്ക് ബജറ്റ് ഒരു പരിധിക്ക് മേൽ ഗുണം ചെയ്യുന്നുണ്ടോ എന്നും ഇത്തവണത്തെ ബജറ്റിലൂടെ അവർക്ക് വളർച്ചയാണോ തളർച്ചയാണോ സംഭവിച്ചതെന്നും സർക്കാർ ഓർക്കണം.

ഭക്ഷണം, വസ്ത്രം, നിത്യോപയോഗ സാധനങ്ങൾ, ഭൂമി, കെട്ടിട നികുതി, മരുന്നിന്റെ വില വർധന തുടങ്ങി വിനോദത്തിനായി ആകെ ആശ്രയിക്കുന്ന സിനിമാ ടിക്കറ്റിൽ വരെ സെസ് കുത്തിതിരുകിയ സർക്കാരിന്റെ തീരുമാനം കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെക്കാൾ വലിയ ദുരന്തമാണോ എന്നാണ് ഓരോ സാധാരണക്കാരായ ഓരോ കുടുംബവും ചോദിക്കുന്നത്. ടൂത്ത് പേസ്റ്റ് മുതൽ ടിവിക്ക് വരെ വില കൂട്ടിയ സ്ഥിതിക്ക് സാധാരണക്കാരൻ പല സ്വപ്നങ്ങളും കുഴിച്ചു മൂടുകയും നിത്യോപയോഗ സാധനങ്ങളുടെ ഉപയോഗം മുൻ വർഷത്തെക്കാൾ കുറച്ച് ഞെരുങ്ങി ജീവിക്കേണ്ടി വരുമെന്നും ഇപ്പോൾ ചിന്തിക്കുന്നതിൽ അതിശയോക്തി ഒട്ടുമില്ല. ഒരു കുടുംബത്തിന്റെ ബജറ്റിനെ താളം തെറ്റിക്കുന്ന തീരുമാനങ്ങളിൽ ഒന്നു കൂടി ചിന്തിക്കാനും വേണ്ട മാറ്റം കൃത്യമായി വരുത്തി പൊതു ജനത്തെ സഹായിക്കാനും ഈ സർക്കാരിന് സാധിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP