Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിട്ടിയ അവസരം മുതലെടുത്ത് പ്രധാനമന്ത്രിപദ സാധ്യത നിലനിർത്താൻ മമത; ആശങ്കയുണ്ടെങ്കിലും മോദി വിരുദ്ധ മുന്നേറ്റത്തിൽ നിന്നും മാറി നിൽക്കാനാവാതെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ; സമരത്തിന്റെ ഓരോ ദിനവും വൻ നഷ്ടക്കച്ചവടമെന്ന് തിരിച്ചറിഞ്ഞ് സിപിഎം; മമതയുടെ മുന്നേറ്റത്തിൽ ആശങ്കയോടെ ബിജെപി നേതൃത്വവും; കൊൽക്കത്തയിൽ കാണുന്നത് ചുറ്റിനുമുള്ള എല്ലാവർക്കും എതിർപ്പെങ്കിലും എല്ലാവരും ഒരുമിച്ച് പിന്തുണയ്ക്കുന്ന വിചിത്ര കാഴ്ച

കിട്ടിയ അവസരം മുതലെടുത്ത് പ്രധാനമന്ത്രിപദ സാധ്യത നിലനിർത്താൻ മമത; ആശങ്കയുണ്ടെങ്കിലും മോദി വിരുദ്ധ മുന്നേറ്റത്തിൽ നിന്നും മാറി നിൽക്കാനാവാതെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ; സമരത്തിന്റെ ഓരോ ദിനവും വൻ നഷ്ടക്കച്ചവടമെന്ന് തിരിച്ചറിഞ്ഞ് സിപിഎം; മമതയുടെ മുന്നേറ്റത്തിൽ ആശങ്കയോടെ ബിജെപി നേതൃത്വവും; കൊൽക്കത്തയിൽ കാണുന്നത് ചുറ്റിനുമുള്ള എല്ലാവർക്കും എതിർപ്പെങ്കിലും എല്ലാവരും ഒരുമിച്ച് പിന്തുണയ്ക്കുന്ന വിചിത്ര കാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: സിബിഐ.യെ രാഷ്ട്രീയ ലക്ഷ്യത്തിനായി മോദിസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജി നടത്തുന്ന ധർണയ്ക്ക് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ദ്രപ്രസ്ഥമാണ്. മോദി വിരുദ്ധ ചേരിയുടെ അതിശക്തയായ മുഖമായി മാറാനുള്ള മമതയുടെ ശ്രമം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി തോറ്റാൽ അടുത്ത പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടുള്ള നീക്കം. ഇത് ബിജെപിക്ക് നന്നായി അറിയാം. ഇതിനൊപ്പം കോൺഗ്രസിനും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വെല്ലുവിളി ഉയർത്തി പ്രധാനമന്ത്രിയാകാനുള്ള മമതയുടെ നീക്കത്തെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇത് തന്നെയാണ് പ്രതിപക്ഷത്തെ ഓരോ പാർട്ടിയുടേയും അവസ്ഥ. പ്രധാനമന്ത്രി പദ മോഹമുള്ള മയാവതിയും അഖിലേഷ് യാദവും കെജ്രിവാളുമെല്ലാം മമതയെ പിന്തുണയ്ക്കുകയാണ്. മോദി വിരുദ്ധ മുന്നേറ്റത്തിൽ നിന്ന് മാറി നിൽക്കാൻ ആകാത്തതാണ് ഇതിന് കാരണം. അവസരം മുതലെടുത്ത് ബംഗാളിൽ കൂടുതൽ പിടിമുറുക്കുകയാണ് മമതയും.

മമതയുടെ സമരത്തിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്തുണയറിയിച്ചിരുന്നെങ്കിലും അദ്ദേഹം നേരിട്ടെത്തി ആവേശം പകരാനിടയില്ല. മമതയുടെ പ്രതിച്ഛായ വർധിപ്പിക്കാനുതകുന്ന സമരത്തിന് രാഹുൽ ഊർജം പകരേണ്ടതില്ലെന്ന സംസ്ഥാനഘടകത്തിന്റെ നിലപാടാണ് അദ്ദേഹത്തെ പിന്നാക്കം വലിക്കുന്നത്. കോൺഗ്രസിന്റെ എംപി.മാരിലൊരാളായ മാൽദയിലെ മൗസം നൂറിനെ തൃണമൂൽ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിൽ മമത വിജയിച്ചിരുന്നു. ബിജെപി വിരുദ്ധ കക്ഷികളെ എല്ലാം തൃണമൂലിൽ അടുപ്പിക്കാനാണ് മമതയുടെ ശ്രമം. ഫലത്തിൽ ബംഗാളിൽ കോൺഗ്രസ് ഇല്ലാതാകുന്ന സ്ഥിതിയിലാണ്. തങ്ങളുടെ 17 എംഎ‍ൽഎ.മാരെയും മറുകണ്ടം ചാടിച്ച മമതയോട് ഒരടുപ്പവും വേണ്ടെന്നാണ് ബംഗാളിലെ കോൺഗ്രസുകാരുടെ നിലപാട്. അതിനിടെ പൊലീസ് കമ്മിഷണറെ രക്ഷിക്കാനാണോ അതോ സ്വയം രക്ഷിക്കാനാണോ മുഖ്യമന്ത്രി മമതാ ബാനർജി ഇപ്പോൾ ധർണയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി. നേതാവുമായ പ്രകാശ് ജാവഡേക്കർ പരിഹസിച്ചു. മമതയുടെ ധർണ്ണ ദേശീയ തലത്തിൽ ചർച്ചയാക്കുന്നത് ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. മോദി വിരുദ്ധ ക്യാമ്പിന് അതിശക്തയായ നേതാവിനെ കിട്ടുന്നുവെന്ന് അവരും തിരിച്ചറിയുന്നു. വെട്ടിലാകുന്നത് സിപിഎമ്മാണ്. മോദിയേും മമതയേയും എതിർക്കേണ്ട അവസ്ഥയിലാണ് അവർ. ഇത് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ആശങ്ക സിപിഎമ്മിൽ സജീവമാണ്.

ഭരണഘടനയും രാജ്യവും രക്ഷിക്കപ്പെടുംവരെ സത്യഗ്രഹം തുടരുമെന്നു പ്രഖ്യാപിച്ചാണു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമരം തുടരുന്നത്. കേന്ദ്രസർക്കാരിനു നടപ്പാക്കിക്കൊടുക്കാൻ പറ്റാത്തതും തിരഞ്ഞെടുപ്പു പ്രചാരണച്ചുവയുമുള്ള ആവശ്യമാണിത്. കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ്കുമാർ സിബിഐയുമായി സഹകരിക്കണമെന്നോ കീഴടങ്ങണമെന്നോ സുപ്രീം കോടതി ഇന്നു നിർദ്ദേശിച്ചാൽ മമത വെട്ടിലാവും. എന്നാൽ സുപ്രീംകോടതി മമതയ്ക്ക് അനുകൂലമായി പ്രതികരിച്ചാൽ അത് മോദി സർക്കാരിനും വലിയ തിരിച്ചടിയാകും. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതു മമതയ്ക്കു വീരപരിവേഷം നൽകുമെന്നു ബിജെപി വിലയിരുത്തുന്നു. മമതയെ പിന്തുണയ്ക്കുമ്പോഴും കോൺഗ്രസും ഇടതു പാർട്ടികളും മാത്രമല്ല, പ്രതിപക്ഷത്തെ മിക്ക കക്ഷികളും മമത പ്രതിപക്ഷത്തിന്റെ മുഖ്യപോരാളിയായി മാറുന്നതിനോട് താൽപ്പര്യപ്പെടുന്നില്ല. സിബിഐയുടെ നടപടി രാഷ്ട്രീയമായി എതിർക്കപ്പെടുമ്പോഴും ചിട്ടിക്കേസുകളിലെ വസ്തുതകൾ മമതയ്ക്ക് അനുകൂലമല്ല. ഇത് പ്രതിപക്ഷത്തെ മറ്റ് പാർട്ടികൾക്കും അറിയാം. എന്നിട്ടും മോദിയെ എതിർക്കുന്നതിനാൽ എല്ലാവരും മമതയെ അനുകൂലിക്കുകുയാണ്.

ദേശവ്യാപകമായുള്ള പ്രതിപക്ഷ ഐക്യയോഗങ്ങളിൽ പലതിലും പങ്കെടുക്കാറുണ്ടെങ്കിലും ബംഗാൾ സാഹചര്യത്തിൽ സിപിഎമ്മിന്റെ നിലപാട് വ്യത്യസ്തമാണ്. സിബിഐ. കേന്ദ്രസർക്കാരിന്റെ ഉപകരണമായി മാറുന്ന സാഹചര്യമുണ്ടെങ്കിൽ അതിനെ നിയമപരമായി നേരിടട്ടെയെന്നും എന്നാൽ, അതുകൊണ്ട് ചിട്ടിതട്ടിപ്പിൽ കോടികൾ തട്ടിയെടുത്തവരെ ശിക്ഷിക്കാതെ വിടരുതെന്നുമാണ് ഇടതുമുന്നണി നിലപാടെടുത്തിരിക്കുന്നത്. പൊലീസ് കമ്മിഷണർ രാജീവ്കുമാർ കേസന്വേഷണവുമായി ബന്ധപ്പെട്ട പല നിർണായകതെളിവുകളും നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റുചെയ്യണമെന്നും സിപിഎം. പി.ബി. അംഗം മുഹമ്മദ് സലീം ഞായറാഴ്ചത്തെ ബ്രിഗേഡ് റാലീയിൽ ആവശ്യപ്പെട്ടിരുന്നു. ''കള്ളനെ പിടിക്കൂ, ജയിലിലടയ്ക്കൂ'' എന്ന മുദ്രാവാക്യമുയർത്തി സിപിഎം. തിങ്കളാഴ്ച നഗരത്തിൽ പ്രകടനം നടത്തി. പി.ബി. അംഗം ബിമൻ ബോസ്, സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര എന്നിവർ നയിച്ചു. ഇത് ബിജെപിക്ക് അനുകൂലമാണ്. എന്നാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാനും കഴിയുന്നില്ല. നാലുവർഷം അന്വേഷിച്ചിട്ടും ചിട്ടിതട്ടിപ്പിന്റെ ഇരകൾക്ക് നീതിനൽകാൻ സിബിഐ.യ്ക്ക് കഴിയാഞ്ഞതെന്തെന്ന് ബിമൻ ബോസ് ചോദിച്ചു. ഇങ്ങനെ ബിജെപിയേയും മമതയേയും കരുതലോടെ ആക്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്. സിബിഐ.യുടെ നടപടിക്കെതിരേ മമത തുടങ്ങിയ തെരുവുസമരത്തിന് ഇടതു പാർട്ടികൾ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റിനകത്തും പുറത്തും വിഷയം തുടർന്നുള്ള ദിവസങ്ങളിൽ ചൂടുപിടിക്കുമെന്നും ഉറപ്പാണ്.

ഞായറാഴ്ച വൈകിട്ടുമുതൽ കൊൽക്കത്തയിൽ തുടരുന്ന രാഷ്ട്രീയനാടകം ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളുമായോ രാജ്യതാൽപ്പര്യങ്ങളുമായോ ബന്ധപ്പെട്ട് ഉണ്ടായതല്ലെന്നാണ് സിപിഎം വിമർശനം. ഇതിലെ കക്ഷിയായ സിബിഐയെ നയിക്കുന്ന കേന്ദ്ര സർക്കാരിനോ മറുപക്ഷത്തെ മമത ബാനർജി സർക്കാരിനോ അഴിമതിക്കാരെ തുറങ്കിലടക്കുക എന്ന കാതലായ വിഷയത്തിൽ ഒരു താൽപ്പര്യവും ഇല്ലെന്ന് വ്യക്തമാണ്. മറിച്ച് നെറികെട്ട രാഷ്ട്രീയക്കളിക്ക് ഇരുപക്ഷവും ഭരണാധികാരം ഉപയോഗിക്കുന്നതിന്റെ ലജ്ജാകരമായ കാഴ്ചയാണ് മാധ്യമങ്ങളിൽ നിറയുന്നതെന്നും സിപിഎം പറയുന്നു. സിപിഎം നേതൃത്വത്തിൽ ഇരുസർക്കാരുകളുടെയും ജനവിരുദ്ധതയ്‌ക്കെതിരെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മഹാറാലി ബംഗാളിലാകമാനം സൃഷ്ടിച്ച അലയൊലികൾ ചെറുതായിരുന്നില്ല. മോദി, മമത സർക്കാരുകൾക്കെതിരെ ഉയരുന്ന ജനരോഷത്തിൽ മാധ്യമശ്രദ്ധ പതിയാതിരിക്കാനുള്ള നാടകമായാണ് ഈ സിബിഐ - പൊലീസ് കളിയെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. ഭരണഘടനാ പ്രതിസന്ധിയാണെന്നും അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി അടുത്ത ദിവസത്തേക്ക് മാറ്റിയ സുപ്രീംകോടതിയും അടിവരയിടുന്നതുകൊൽക്കത്ത നാടകത്തിന്റെ പൊള്ളത്തരം തന്നെയെന്നും അവർ വിശദീകരിക്കുന്നു.

കോടികളുടെ ശാരദ- റോസ്വാലി ചിട്ടിഫണ്ട് തട്ടിപ്പുകേസിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജിയുടെ അടുപ്പക്കാരായ ഒട്ടേറെ പേർ ഉൾപ്പെട്ടിട്ടുണ്ട്. മമത ബാനർജി മികച്ച ഉദ്യോഗസ്ഥനെന്ന് പുകഴ്‌ത്തിയ കമീഷണർ രാജീവ്കുമാർ ശാരദ കേസിന്റെ തെളിവുകൾ മുഴുവൻ നശിപ്പിച്ചു എന്ന ആരോപണം ഇപ്പോൾ ഉയർന്നതല്ല. സിബിഐ അന്വേഷണം ഏറ്റെടുക്കുന്ന ഘട്ടത്തിൽത്തന്നെ കുറ്റവാളികളെ രക്ഷിക്കാൻ മമത സർക്കാർ നടത്തിയ മറയില്ലാത്ത ഇടപെടലുകൾ നാട്ടിൽ പാട്ടായിരുന്നു. അന്നത്തെ സേവ് തൃണമൂൽ ടീമിലെ ഒന്നാംപേരുകാരനാണ് രാജീവ്കുമാർ. നിരവധി സുപ്രധാന രേഖകൾ കടത്തിയതിന്റെയും തെളിവുകൾ നശിപ്പിച്ചതിന്റെയും സൂത്രധാരൻ ഇദ്ദേഹമായിരുന്നു. എന്നാൽ, അഞ്ചുവർഷത്തോളം ഈ യാഥാർഥ്യങ്ങൾക്കുമേൽ അടയിരുന്ന സിബിഐ, സിപിഐ എമ്മിന്റെ മഹാറാലി ദിനത്തിൽത്തന്നെ കമീഷണറുടെ വീട് റെയ്ഡ് ചെയ്യാൻ തെരഞ്ഞെടുത്തത് യാദൃച്ഛികമല്ല. തീവ്രവാദശക്തികളുടെ സഹായത്തോടെ തൃണമൂൽ നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ നേരിട്ട് നല്ലതോതിൽ തിരിച്ചുവരവിന് സിപിഎം സജ്ജമായി കഴിഞ്ഞതായി മഹാറാലിയോടെ എല്ലാവർക്കും ബോധ്യമായിട്ടുണ്ടെന്ന് സിപിഎം പറയുമ്പോഴും അവരുടെ വാക്കുകളിൽ ആശങ്ക വ്യക്തമാണ്. ഇപ്പോഴത്തെ സമരത്തിലൂടെ പ്രതിപക്ഷ ഐക്യ നിരയിലെ പ്രധാനിയായി മമത മാറുമ്പോൾ ബംഗാളിലെ മോദി വിരുദ്ധ വോട്ടുകൾ അവർക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി പദസാധ്യ കൂടി മുന്നിൽ വച്ചുള്ള മമതയുടെ പ്രചരണവും തകർക്കുക സിപിഎമ്മിനെയാകും.

മമത ആർജിക്കുന്ന പിന്തുണയെ കരുതലോടെയാണ് ബിജെപി. വീക്ഷിക്കുന്നത്. പ്രതിപക്ഷമുന്നണിയുടെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാകാനൊരുങ്ങുന്ന മമതാ ബാനർജിക്കും ബിജെപി.ക്കും ബംഗാളിലെ പുതിയ സംഭവവികാസങ്ങൾ നിർണായകം. സിബിഐ.യും കൊൽക്കത്ത പൊലീസും തമ്മിലുള്ള ഏറ്റമുട്ടലിനും കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരിനും അപ്പുറം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഘടകമായി ഇത് മാറാനാണ് സാധ്യത. പ്രതിപക്ഷരാഷ്ട്രീയ നേതാക്കളെ ഒതുക്കാൻ സിബിഐ.യെ ഉപയോഗിക്കുന്നു എന്ന ആരോപണം കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പാർട്ടികൾ എക്കാലത്തും നേരിട്ടിട്ടുണ്ട്. അതിൽ കഴമ്പുള്ള സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഉന്നത തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ശാരദാ ചിട്ടിഫണ്ട് കേസിന്റെ അന്വേഷണത്തിനായി സിബിഐ. ഉദ്യോഗസ്ഥർ കൊൽക്കത്തയിൽ എത്തിയത് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്. ഇതിനെയാണ് മമത ചർച്ചയാക്കുന്നത്. ശാരദാ ചിറ്റ് ഫണ്ട്, റോസ് വാലി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നാലരവർഷം സിബിഐ.യോ മറ്റ് ഏജൻസികളോ നടപടി സ്വീകരിക്കാതിരിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മുന്നിട്ടിറങ്ങുകയും ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

പ്രതിപക്ഷ പാർട്ടികളുടെ അമരത്തേക്ക് മമത ഉയർന്നു തുടങ്ങുകയും ബിജെപിക്കെതിരേ പ്രതിപക്ഷ പാർട്ടികളുടെ റാലി സംഘടിപ്പിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ കേന്ദ്രം കേസന്വേഷണവുമായി എത്തിയെന്നതാണ് വസ്തുത. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് പോലും മമതയുടെ പ്രതിഷേധത്തെ പിന്തുണയ്‌ക്കേണ്ടി വരുന്നത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യംചെയ്യാൻ മാത്രമാണ് എത്തിയതെന്നാണ് സിബിഐ.യുടെയും കേന്ദ്ര സർക്കാരിന്റെയും വാദം. അന്വേഷണം നടത്തുന്നതിനുമുമ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി നേടിയില്ല എന്നു മമതയും ടി.എം.സി.യും ചൂണ്ടിക്കാട്ടുന്നു. ബംഗാളിൽ സിബിഐ.ക്കുള്ള പ്രവർത്തനാനുമതി കഴിഞ്ഞ നവംബർ 16-ന് മമത സർക്കാർ പിൻവലിച്ചിരുന്നു. ഏതായാലും ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ കേന്ദ്രവും മമതാ ബാനർജിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ വെട്ടിലായത് ഇടതുപക്ഷമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പുള്ള ശക്തിപ്രകടനമെന്ന നിലയിൽ കൊൽക്കത്ത ബ്രിഗേഡ് മൈതാനിയിൽ സംഘടിപ്പിച്ച റാലിയിൽനിന്ന് മാധ്യമശ്രദ്ധയും ജനശ്രദ്ധയും തിരിച്ചുവിടാൻ മമത കാണിച്ച നാടകമാണ് കേന്ദ്രവുമായുള്ള ഏറ്റുമുട്ടലെന്നാണ് സിപിഎം. വിലയിരുത്തൽ.

തൃണമൂലിനും ബിജെപി.ക്കുമെതിരേ ബംഗാൾ ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന പ്രതിഷേധത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബ്രിഗേഡ് മൈതാനിയിലെ റാലി കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ നടന്ന നാടകങ്ങളെന്നും സിപിഎം. അഭിപ്രായപ്പെട്ടു. ഏറെനാളത്തെ തയ്യാറെടുപ്പിനുശേഷമാണ് ഞായറാഴ്ച ബ്രിഗേഡ് മൈതാനിയിൽ ഇടതുറാലി സംഘടിപ്പിച്ചത്. ബംഗാളിൽ ദുർബലമാണെന്ന വിലയിരുത്തലുകൾക്കിടെ അഞ്ചുലക്ഷത്തിലേറെ പേർ റാലിയിൽ പങ്കെടുത്തത് ഇടതുപക്ഷത്തെ ഉണർവിന്റെ തെളിവായി. സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ. ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു. പക്ഷേ, മമതയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏറ്റുമുട്ടലോടെ ഇടതുപക്ഷത്തിന്റെ ശക്തിപ്രകടനത്തിന് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചില്ല. പ്രതിപക്ഷനേതാക്കൾ ഒന്നടങ്കം മമതയ്ക്ക് പിന്തുണയുമായി എത്തിയതും ഇടതുപക്ഷത്തെ കുഴക്കി. ബംഗാളിൽ അധികാരം തിരിച്ചു പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾ കൂടി മനസ്സിലാക്കിയാണ് മമതയുടെ പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP