Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാടുവെടക്കാക്കാൻ വിടല്ലേ മക്കളേ! നമ്പ്രാടത്ത് ജാനകിയുടെ ചൊൽവിളി കേട്ടുണർന്ന വയൽക്കിളികളുടെ കൂടൊഴിഞ്ഞു; ശബരിമലയെ കിട്ടിയപ്പോൾ ബിജെപിക്കാർ കീഴാറ്റൂരിനെ കൈവിട്ടു; ബൈപ്പാസ് കീഴാറ്റൂർ വയലിലൂടെ തന്നെ എന്ന് കേന്ദ്രസർക്കാർ അന്തിമ വിജ്ഞാപനം ഇറക്കിയതോടെ സമരത്തിന്റെ ചൂടും ചൂരും പോയി; കീഴാറ്റൂർ പ്രത്യക്ഷ സമരത്തിൽ നിന്ന് വയൽക്കിളികൾ പിന്മാറി; വിജയിച്ചത് സർക്കാരിന്റെ ഉറച്ച നിലപാട്; ഭൂമി വിട്ടുകൊടുക്കുന്നവരിൽ സുരേഷ് കീഴാറ്റൂരിന്റെ അമ്മയും; തീരുമാനം സ്വാഗതം ചെയ്ത് പി.ജയരാജൻ

നാടുവെടക്കാക്കാൻ വിടല്ലേ മക്കളേ! നമ്പ്രാടത്ത് ജാനകിയുടെ ചൊൽവിളി കേട്ടുണർന്ന വയൽക്കിളികളുടെ കൂടൊഴിഞ്ഞു; ശബരിമലയെ കിട്ടിയപ്പോൾ ബിജെപിക്കാർ കീഴാറ്റൂരിനെ കൈവിട്ടു; ബൈപ്പാസ് കീഴാറ്റൂർ വയലിലൂടെ തന്നെ എന്ന് കേന്ദ്രസർക്കാർ അന്തിമ വിജ്ഞാപനം ഇറക്കിയതോടെ സമരത്തിന്റെ ചൂടും ചൂരും പോയി; കീഴാറ്റൂർ പ്രത്യക്ഷ സമരത്തിൽ നിന്ന് വയൽക്കിളികൾ പിന്മാറി; വിജയിച്ചത് സർക്കാരിന്റെ ഉറച്ച നിലപാട്; ഭൂമി വിട്ടുകൊടുക്കുന്നവരിൽ സുരേഷ് കീഴാറ്റൂരിന്റെ അമ്മയും; തീരുമാനം സ്വാഗതം ചെയ്ത് പി.ജയരാജൻ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസ് വിരുദ്ധ പ്രത്യക്ഷ സമരത്തിൽ നിന്നും വയൽക്കിളികൾ പിന്മാറുന്നു. സമരരംഗത്തുള്ള വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മയടക്കമുള്ളവർ ഭൂമി വിട്ടു നൽകുന്നതിനായുള്ള രേഖകൾ കൈമാറി. അതേസമയം ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നാണ് വയൽക്കിളികൾ പറയുന്നത്. ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരമുഖത്ത് നിന്നും വയൽക്കിളികൾ പിന്മാറുന്നത്.വയൽക്കിളികളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.

തളിപ്പറമ്പ് വഴി കടന്നു പോകുന്ന ദേശീയപാത 45 മീറ്ററാക്കി വീതി കുടൂമ്പോൾ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും മറ്റു പ്രശ്‌നങ്ങളും ഒഴിവാക്കാനായാണ് ബൈപ്പാസ് റോഡിന്റെ സാധ്യത സർക്കാർ പരിശോധിച്ചത്. തുടർന്ന് നടത്തിയ പഠനങ്ങൾക്കും സർവ്വേക്കും ഒടുവിൽ കുപ്പം-കീഴാറ്റൂർ-കൂവോട്-കുറ്റിക്കോൽ വഴി ബൈപ്പാസ് നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാവുകയായിരുന്നു,

എന്നാൽ ഈ പാത വഴി ബൈപ്പാസ് നിർമ്മിച്ചാൽ നൂറോളം വീടുകൾ പൊളിക്കേണ്ടി വരുമെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് പാതയുടെ അലൈന്മെന്റ് കീഴാറ്റൂരിലെ വയൽ വഴി പുനർനിർണയിച്ചു. പുതിയ പാതയിലൂടെ ബൈപ്പാസ് വന്നാൽ മുപ്പതോളം വീടുകൾ മാത്രം പൊളിച്ചാൽ മതിയെന്നായിരുന്നു ഇതിനുള്ള പ്രധാനകാരണം. എന്നാൽ ബൈപ്പാസ് പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് പോയതോടെ കീഴാറ്റൂർ കേന്ദ്രീകരിച്ച് ബൈപ്പാസിനെതിരെ സമരം ആരംഭിച്ചു.

വീടുകൾ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിക്കുന്ന രീതിയിലുള്ള ദേശീയപാത നിർമ്മാണത്തിനെതിരേ ഗ്രാമവാസികൾ രംഗത്തുവന്നു. തികഞ്ഞ പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ ഉയർന്ന ഈ പരിസ്ഥിതി പ്രക്ഷോഭത്തെ ആദ്യഘട്ടത്തിൽ പിന്തുണച്ച ഭരണകക്ഷിയായ സിപിഎം പിന്നീട് സർക്കാർ നിലപാടിനൊപ്പം മാറി. പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറി പി.ജയരാജൻ നേരിട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ സമരക്കാരിൽ ഒരു വിഭാഗം ബൈപ്പാസിന് അനുകൂലമായ നിലപാട് സ്വീകരിച്ചു.

എന്നാൽ സിപിഎം പ്രവർത്തകനായ സുരേഷ് കീഴാറ്റൂരിന് നേതൃത്വത്തിൽ ഒരുവിഭാഗം പ്രദേശവാസികൾ വയൽക്കിളികൾ എന്ന പേരിൽ സമരം ശക്തമാക്കി. സർവേ നടപടികളും സ്ഥലമേറ്റെടുക്കാനുള്ള മറ്റു നീക്കങ്ങളും വയൽക്കിളികൾ ശക്തമായി പ്രതിരോധിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതിനോടകം തന്നെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു. വിഷയത്തിൽ സജീവമായി ഇടപെട്ട ബിജെപി സുരേഷ് കീഴാറ്റൂരുമായി ഡൽഹിയിലെത്തിക്കുകയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്‌ച്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തു.

കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരം ബിജെപി ഹൈജാക്ക് ചെയ്തുവെന്ന ആരോപണം സമരക്കാരിൽ നിന്ന് തന്നെയാണ് ആദ്യം ഉയർന്ന് വന്നത്. കേരളത്തിൽ അധികാരം പിടിക്കുന്നതിന് വേണ്ടി ജനകീയസമരങ്ങളെ ഉപയോഗപ്പെടുത്തുക എന്ന തന്ത്രമാണ് കീഴാറ്റൂരിൽ ബിജെപി പ്രയോഗിച്ചത്. കർഷക വിരുദ്ധ സർക്കാരെന്ന ആക്ഷേപം നേരിടുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ വെള്ളപൂശിക്കൊണ്ടാണ് കീഴാറ്റൂരിൽ ബിജെപി പ്രകൃതിസ്നേഹവും കർഷക സ്നേഹവും വിളമ്പിയത്. കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരത്തെ ബിജെപി പൂർണമായും ഏറ്റെടുത്തു.

പിന്നീട് കീഴാറ്റൂർ സമരത്തെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയർന്നു. വയൽക്കിളികൾ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ ബിജെപി എംപി സുരേഷ് ഗോപി, ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തിരുന്നു. മാത്രമല്ല അന്ന് മോദി സർക്കാരിന് അനുകൂലമായ പ്രസംഗം നടത്താനും സുരേഷ് ഗോപിക്ക് അവസരം കിട്ടി. കീഴാറ്റൂർ സമരസമിതി നേതാക്കളിലൊരാളായ കെ സഹദേവൻ ഇതിനെതിരെ ഫേസ്‌ബുക്കിൽ പ്രതികരിക്കുകയും ചെയ്തു. ' കീഴാറ്റൂർ സമരവേദിയിൽ മോദി മാഹാത്മ്യം വിളമ്പാനുള്ള അവസരമൊരുക്കി കൊടുത്തവർ കേരളത്തിലെ ജനകീയ സമരപ്രവർത്തകരെ അപമാനിക്കുകയാണ് ചെയ്തത്.

എന്തായാലും ഈ കളിയിൽ നമ്പ്രാടത്ത് ജാനകിയമ്മയോ സുരേഷ് കീഴാറ്റൂരോ ഇല്ലെന്ന് ഉറപ്പ്. കളിച്ചവർ മറുപടി പറയേണ്ടി വരും' എന്നായിരുന്നു പോസ്റ്റ്. എന്നാൽ ഇത്തരമൊരു സമരത്തിൽ ബിജെപിയുടേത് ഉൾപ്പെടെ ആരുടെ സഹായവും സ്വീകരിക്കും എന്നാണ് സമരക്കാരിൽ ഒരു വിഭാഗത്തിന്റെ നിലപാട്. വയൽക്കിളി സമരം പൂർണമായും ബിജെപി ഏറ്റെടുക്കുകയാണ് എന്ന് ബിജെപി തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

പാരിസ്ഥിതികാഘാതപഠനമുൾപ്പടെ എല്ലാം നടത്തിയ ശേഷമാണ് കീഴാറ്റൂരിൽ ബൈപ്പാസ് അലൈന്മെന്റ് നിശ്ചയിച്ചത്. എന്നാൽ ബിജെപിയുടെ പ്രചാരണം ഈ അലൈന്മെന്റ് മാറ്റുമെന്നായിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി വയൽക്കിളികൾക്ക് സംഘപരിവാർ പിന്തുണ നൽകി. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാനുള്ളതല്ലെന്ന ബിജെപിയുടെ നിലപാട് വീണ്ടും തെളിയിക്കപ്പെട്ടു.

ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂർ നിവേദനം മന്ത്രിക്ക് നൽകിയെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തുവന്നു. സമരത്തെ ആദ്യഘട്ടത്തിൽ ശക്തമായി പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്നീട് പിൻവലിഞ്ഞിരുന്നു. ബഹുജനസംഘടനകളുടെ പിന്തുണ കുറഞ്ഞതോടെ സമരം വാർത്തകളിലൊതുങ്ങി. സിപിഎമ്മിൽനിന്നും നിരന്തരം ഭീഷണി നേരിട്ട വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂർ പി.ജയരാജനൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിലിട്ടത് അടുത്ത കാലത്ത് പലതരം അഭ്യൂഹങ്ങൾക്ക് വഴി വച്ചിരുന്നു.     

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP