Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡ് സാക്ഷരതയിൽ മലയാളികൾ എവിടെയാണ്?റോഡുകൾ സർക്കസിലെ മരണക്കിണറുകളോ? കഴിഞ്ഞവർഷം മാത്രം റോഡിൽ പൊലിഞ്ഞത് 4199 ജീവനുകൾ! രജീഷ് പാലവിള എഴുതുന്നു

റോഡ് സാക്ഷരതയിൽ മലയാളികൾ എവിടെയാണ്?റോഡുകൾ സർക്കസിലെ മരണക്കിണറുകളോ? കഴിഞ്ഞവർഷം മാത്രം റോഡിൽ പൊലിഞ്ഞത് 4199 ജീവനുകൾ! രജീഷ് പാലവിള എഴുതുന്നു

തായ് ലാൻഡ്, രജീഷ് പാലവിള

2019 ഫെബ്രുവരി നാലുമുതൽ -പത്തുവരെ സംസ്ഥാന സർക്കാർ റോഡ് സുരക്ഷാവാരമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ഓരോ വർഷവും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു വകുപ്പ് തലത്തിൽ ഇങ്ങനെ നടക്കുന്ന പരിപാടികൾ ആചാരമായിമാത്രം മാറേണ്ടതല്ല .അത്രമാത്രം ആശങ്കപ്പെടുത്തുന്നതാണ് വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും മരണനിരക്കുകളും.റോഡുകളുടെ ശോചനീയാവസ്ഥകൾക്ക് പുറമേ ആളുകൾ റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നതിൽ കാണിക്കുന്ന അലംഭാവവും ഉദാസീനതയും റോഡ് യാത്രകൾ വെല്ലുവിളികളാക്കുന്നു.ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കാനും സുരക്ഷിതത്വബോധത്തോടെ വാഹനം ഓടിക്കാനും തയ്യാറാവാത്തിടത്തോളം ഇതെല്ലാം അവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും.വാഹനങ്ങളുടേയും യാത്രക്കാരുടേയും എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മരണഭീതിയോടെയല്ലാതെ റോഡിലേക്ക് പോകാൻകഴിയാത്ത അവസ്ഥയാണ്!

ഇന്ത്യയിൽ കഴിഞ്ഞ ഒരു പത്തുവർഷത്തിനിടയിൽ റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതിവർഷകണക്കിൽ ശരാശരി ഒരുലക്ഷത്തി മുപ്പത്തിനായിരമാണ്.അതായത് ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറവുള്ള ആദ്യത്തെ പത്ത് പട്ടണങ്ങളെടുത്താൽ അവിടെയുള്ളതിനേക്കാൾ കൂടുതൽവരും ഓരോവർഷവും റോഡപകടത്തിൽ രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം!കേരളത്തിലാകട്ടെ പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ശരാശരി 4133 പേരാണ് ഓരോ വർഷവും നിരത്തുകളിൽ കൊല്ലപ്പെട്ടത്.2018ൽ മാത്രം4199പേർ മരണപ്പെട്ടു!അതായത് പ്രതിദിനകണക്കിൽ ശരാശരി 11പേര് കേരളത്തിൽ കഴിഞ്ഞവർഷം വാഹനാപകടത്തിൽ മരിച്ചു.കഴിഞ്ഞ പത്തുവർഷത്തെ കണക്കിൽ ഏറ്റവും അധികം മരണവും അപകടവും 2018ൽ തന്നെ.ഇത് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ മാത്രമാണ്.അപകടങ്ങളുടെ പ്രധാന കാരണം ഡ്രൈവറുടെ പിഴവുകൊണ്ടാണ് എന്ന് പൊലീസിന്റെ കണക്കുകൾ കാണിക്കുന്നത്.വാഹനത്തിന്റെ അമിത വേഗത,മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിങ്,അശ്രദ്ധമായി വാഹനമോടിക്കൽ എന്നിവയാണ് അതിലധികവും.റോഡ് സാക്ഷരതയിൽ നമ്മൾ എവിടെയാണ് ?റോഡുകൾ മലയാളികൾക്ക് സർക്കസിലെ മരണക്കിണറുകളാണോ?

വളരെയേറെ ഗൗരവത്തോടെ ഓരോരുത്തരും ചിന്തിക്കേണ്ടതും ഏറ്റെടുക്കേണ്ടതുമായ വിഷയമാണിത്.വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന ഒരാൾ തിരികെയെത്തുംവരെ കുടുംബാംഗങ്ങൾ ആശങ്കകളോടെ കാത്തിരിക്കേണ്ട സാഹചര്യം എത്ര പരിതാപകരമാണ്.വഴിയോരങ്ങളിലെ ആശുപത്രികൾക്കുള്ള വാഗ്ദാനങ്ങളായി മാറേണ്ടവരല്ല യാത്രക്കാർ!ഓരോ അപകടങ്ങളും വ്യക്തിക്കും കുടുംബത്തിനും ഉണ്ടാക്കുന്ന ആഘാതങ്ങൾ നികത്താവുന്നതല്ല.അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്മൂലം എത്രയെത്ര കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പൊലിഞ്ഞുപോയി.കേന്ദ്ര വാഹനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നവരിൽ അറുപതുശതമാനം പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്.ജീവിതത്തിൽ ഇനിയുമെത്രയോ മുന്നോട്ടുപോകേണ്ടിയിരുന്നവർ!


റോഡ് നിയമങ്ങൾ പൊലീസിനെ കാണിക്കാൻ മാത്രമുള്ള ആചാരങ്ങളല്ല!


ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നതും കാറുകളിലും മറ്റുംപോകുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്നതും ഇനിയും നമ്മുടെ നിരന്തരശീലമായിട്ടില്ല. എവിടെയെങ്കിലും പൊലീസ് പരിശോധനയോ ക്യാമറാപോയിന്റ്റോ ഉണ്ടെങ്കിൽ ഒരാചാരംപോലെയാണ് പലരും അതൊക്കെ ചെയ്യുന്നത്.എന്ന് മാത്രമല്ല പൊലീസ് ചെക്കിങ് ഉണ്ടെങ്കിൽ നിയമം ലംഘിച്ച് റോഡിലൂടെ വരുന്നവർക്ക് 'മുന്നറിയിപ്പ്' നൽകി 'സഹായിക്കാനും' നമുക്ക് ഉത്സാഹമാണ്.പൊലീസ് ചെക്കിംഗിൽ നിന്നും രക്ഷപ്പെടാന്മാത്രം റോഡിൽ നമ്മൾ നടത്തിക്കൂട്ടുന്ന ഇത്തരം'വഴിപാട്‌നിയമപാലനങ്ങൾ' സുരക്ഷയെക്കുറിച്ചുള്ള നമ്മുടെ അജ്ഞതയിലേക്കും അലസതയിലേക്കുമാണ് വിരൽചൂണ്ടുന്നത്.ആവിശ്യത്തിന് വെളിച്ചമുള്ള റോഡുകളിൽപോലും രാത്രിയാത്രകളിൽ 'ഹൈ ബീം ലൈറ്റ്' തെളിച്ച് വണ്ടിയോടിക്കുന്നതാണ് പലരുടേയും മറ്റൊരു ശീലം!എതിരെവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണുകളെ ഒരുനിമിഷത്തേക്കെങ്കിലും നിഷ്പ്രഭമാക്കാതെ ഒരു സമാധാനവുമില്ല എന്ന തരത്തിലാണ് ഇത്തരക്കാർ വണ്ടിയോടിക്കുന്നത്.അമിതവേഗത,മദ്യപിച്ചുകൊണ്ടുള്ള വാഹനമോടിക്കൽ,ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക,റോഡിലെ ട്രാഫിക് സിഗ്‌നലുകളും മുന്നറിയിപ്പുകളും അവഗണിക്കുക,അശ്രദ്ധമായി വണ്ടിയോടിക്കുക,മറ്റുവാഹനങ്ങളുമായി മത്സരിച്ച് ഓടിക്കുക,തെറ്റായ സമയത്ത് തെറ്റായ ഇടങ്ങളിൽവച്ച് വാഹനങ്ങൾ നിർത്തുക ,തിരിക്കുക,മാറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യുക, മതിയായ വിശ്രമമില്ലാതെയും ഉറക്കമിളച്ചും തുടർച്ചയായി വാഹനമോടിക്കുക, തുടങ്ങി ഇങ്ങനെ ഓരോ ഡ്രൈവിംഗിലും നമ്മൾ കാണിച്ചുകൂട്ടുന്ന അസംഖ്യം നിയമലംഘനങ്ങളുടെ പ്രത്യാഘാതമാണ് ചെറുതും വലുതുമായ ഓരോഅപകടങ്ങളും.റോഡിലേക്ക് മാലിന്യങ്ങലും ഭക്ഷ്യാവശിഷ്ടങ്ങളും വലിച്ചെറിയുകയും അതുവഴി തെരുവ് നായകളുടെ വിഹാര കേന്ദ്രമായി റോഡുകൾ മാറുകയും പല അപകടങ്ങൾക്കും അത് കാരണമാകുന്നതും ചെയ്യുന്നതും ഇതോടൊപ്പം എടുത്ത് പറയേണ്ടതാണ്.മൂക്കുപൊത്താതെ പോകാൻ കഴിയാത്ത റോഡുകളിലേക്കാണ് നമ്മൾ സങ്കോചമില്ലാതെ സഞ്ചാരികളെ വിളിക്കുന്നത് എന്ന് ഇനിയെങ്കിലും ലജ്ജയോടെ ഓർക്കണം.റോഡുകൾ മനോഹരമായി സൂക്ഷിക്കുന്നതിൽ പല രാജ്യങ്ങളും പുലർത്തുന്ന ശുഷ്‌കാന്തി കാണുമ്പോഴായാണ് നമ്മുടെ റോഡുകളുടെ ഈ ദുരന്തചിത്രം കൂടുതൽ ഭീകരമാകുന്നത്!നമ്മുടെ വലിച്ചെറിയൽ സംസ്‌കാരത്തിന്റെ ചുവരുകളാണ് കേരളത്തിലെ പല റോഡുകളും !

2020-)ടുകൂടി റോഡപകടങ്ങൾ അമ്പത് ശതമാനം കുറയ്ക്കണം എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടന 2011-2020റോഡ് സുരക്ഷയുടെ പതിറ്റാണ്ടായി പ്രഖ്യാപിക്കുകയും അതിനുവേണ്ടിയുള്ള കർമ്മപദ്ധതികളും റിപ്പോർട്ടുകളും തയ്യാറാക്കുന്നതിന് 2010ൽ ലോകാരോഗ്യ സംഘടനയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.WHO യുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെടുന്നതിന് എട്ടാം സ്ഥാനമാണ് റോഡപകടങ്ങൾക്കുള്ളത്.ഓരോ വർഷവും 1.35ദശലക്ഷം ആളുകളാണ് ഇത്തരത്തിൽ മരണപ്പെടുന്നത്. വേഗത,മദ്യം തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്,ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ ഒഴിവാക്കൽ, വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷതിത്വത്തിലുള്ള അശ്രദ്ധ തുടങ്ങിയവയാണ് റോഡപകടങ്ങളിലെ സുപ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.ബോധവൽക്കരണങ്ങളും കർശനമായ നിയമങ്ങളുംകൊണ്ട് നല്ല ഡ്രൈവിങ് ശീലം ഉണ്ടാക്കാൻ കഴിയുമെന്ന് WHO നിർദ്ദേശിക്കുന്നു.അതിലെ നിർദ്ദേശങ്ങൾ പലതും നമുക്ക് സുപരിചിതമാണ്.

1 .അമിത വേഗത നിയന്ത്രിക്കാൻ സ്പീഡ് ലിമിറ്റുകൾ കർശനമായി നടപ്പാക്കുക.പട്ടണപ്രദേശങ്ങളിൽ പരമാവധി വേഗത 50Km/H ആയിരിക്കണം.മറ്റിടങ്ങളിലും വിദ്യാലയങ്ങൾ,ആശുപത്രികൾ മറ്റ് സുരക്ഷാപ്രദേശങ്ങൾ എന്നിവിടങ്ങളോട് ചേർന്ന റോഡുകളിൽ ഇതേ മാനദണ്ഡങ്ങൾ കർശനമാക്കണം.

2. മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗിന് നിയന്ത്രണം

3.സുരക്ഷിതമായതും ഗുണമേന്മയുള്ളതുമായ ഹെൽമെറ്റ് ഉപയോഗിച്ചുള്ള ഇരുചക്രവാഹന ഡ്രൈവിങ്

4.സീറ്റ് ബെൽറ്റുകളുടെ കൃത്യമായ ഉപയോഗം

5 .സുരക്ഷിതത്വത്തിനായി വാഹങ്ങളുടെ മുൻസീറ്റിൽ പത്തുവസ്സിനു താഴെയുള്ളതും 135cmനു മുകളിൽ ഉയരമില്ലാത്തതുമായ കുട്ടികളെ യാത്രചെയ്യിപ്പിക്കാതെയിരിക്കുക.കുട്ടികൾക്ക് പാകമാകുന്ന സീറ്റ് ബെൽറ്റ് ഉപയോഗിക്കുക

6.ശാസ്ത്രീയമായി നിർമ്മിച്ച മികച്ച റോഡുകളുടെ ലഭ്യത

7. സാങ്കേതികമായി മികച്ച സുരക്ഷതിമായ വാഹനങ്ങളുടെ ഉപയോഗം

മേൽപ്പറഞ്ഞവയിൽ മിക്കതും ഉൾക്കൊള്ളുന്നതാണ് നമ്മുടെ ഗതാഗത നിയമങ്ങൾ.എന്നാൽ അത് നടപ്പാക്കുന്നതിലും പാലിക്കുന്നതിലും നമുക്ക് എന്ത് ഗൗരവമുണ്ട് എന്നതാണ് ചോദ്യം. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഇതിനെക്കുറിച്ചെല്ലാം ചർച്ച ചെയ്യുകയും പിന്നീട് നാം മറക്കുകയും ചെയ്യുന്നു.റോഡ് നിയമങ്ങൾ 'വഴിപാടുകൾ' മാത്രമാക്കുന്നതാണ് നമ്മുടെ പ്രധാന പ്രശ്‌നം.ഇതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.നല്ലൊരു ഡ്രൈവിങ്ശീലം വളർത്തിയെടുക്കുക എന്നത് ഓരോരുത്തരുടേയും കടമയാണ്.മികച്ച റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും ഉണ്ടാവുകയും അതുപയോഗിക്കാൻ നാം തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്.അത് റോഡിലെ വാഹനങ്ങളും അനുബന്ധ പ്രശ്‌നങ്ങളും കുറയ്ക്കാൻ ഇടവരുത്തും.

റോഡ് സുരക്ഷയിൽ സർക്കാർ സംവിധാനങ്ങളോടൊപ്പം ഉണർന്നുപ്രവർത്തിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണം!ഓരോ ജീവനും വിലപ്പെട്ടതാണ്.നമ്മുടെ ചെറിയൊരു അശ്രദ്ധ സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ കവരാൻ ഇടവരരുത്.'റോഡ് എന്റെ തറവാട്' എന്ന മനോഭാവം ഉപേക്ഷിക്കപ്പെടണം.സുരക്ഷാമുൻകരുതലുകളും നിയമങ്ങളും പാലിക്കുന്നതിലുള്ള അജ്ഞതയും അലംഭാവവും വരുത്തിവയ്ക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ജാഗ്രതയുണ്ടായേ മതിയാകൂ!അതിനുള്ള തുടക്കമാകട്ടെ ഫെബ്രുവരി നാലുമുതൽ പത്തുവരെയുള്ള റോഡ് സുരക്ഷാവാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP