Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്ലസ്ടു പ്രശ്‌നത്തിൽ ഇടുക്കിരൂപതയോടു 'കളിച്ച' വൈദികനെ സ്ഥലം മാറ്റി; നാടിനൊപ്പം നിന്ന വികാരിക്കുള്ള യാത്രയയപ്പ് ആഘോഷമാക്കി വിശ്വാസികൾ; ഉപ്പുതോടിന് നല്ല വികാരിയും പ്ലസ്ടുവും നഷ്ടമാകാൻ കാരണം രൂപതയുടെ അന്ധമായ പി. ടി തോമസ് വിരോധം

പ്ലസ്ടു പ്രശ്‌നത്തിൽ ഇടുക്കിരൂപതയോടു 'കളിച്ച' വൈദികനെ സ്ഥലം മാറ്റി; നാടിനൊപ്പം നിന്ന വികാരിക്കുള്ള യാത്രയയപ്പ് ആഘോഷമാക്കി വിശ്വാസികൾ; ഉപ്പുതോടിന് നല്ല വികാരിയും പ്ലസ്ടുവും നഷ്ടമാകാൻ കാരണം രൂപതയുടെ അന്ധമായ പി. ടി തോമസ് വിരോധം

ഇടുക്കി: പ്ലസ്ടു ആരംഭിക്കുന്നതു സംബന്ധിച്ച തർക്കത്തിൽ ഇടുക്കി രൂപതാധികൃതരുടെ കണ്ണിലെ കരടായി മാറിയ വൈദികനെ രൂപതാ അധികാരികൾ സ്ഥലം മാറ്റി പകവീട്ടിയപ്പോൾ, അദ്ദേഹത്തിന് ആഘോഷപൂർവം യാത്രയയപ്പ് നൽകി വിശ്വാസികൾ രൂപതയ്ക്ക് തിരിച്ചടി നൽകി.

പത്രങ്ങളിൽ സപ്ലിമെന്റ് വരെ പ്രസിദ്ധീകരിച്ചും നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെ പുരോഹിതനെ പുതിയ സേവനസ്ഥലത്തെത്തിച്ചുമായിരുന്നു വിശ്വാസികളുടെ മധുരപ്രതികാരം. ഉപ്പുതോട് വികാരി ഫാ. ജോർജ് കൊച്ചുപുരയ്ക്കലിനാണ് വിശ്വാസസമൂഹം ആഘോഷപൂർവമുള്ള യാത്രയയപ്പ് നൽകി തട്ടേക്കണ്ണി ഇടവകയിൽ കൊണ്ടുപോയി ആക്കിയത്.

മുൻ എം. പി: പി. ടി തോമസിനോട് ഇടുക്കി രൂപത വച്ചുപുലർത്തുന്ന ശത്രുതാ മനോഭാവത്തിന്റെ ഭാഗമായാണ് ഉപ്പുതോട് സ്‌കൂളിന് പ്ലസ്ടുനഷ്ടമാക്കിയതും വികാരിയെ സ്ഥലം മാറ്റിയതെന്നുമാണ് വിശ്വാസികളുടെ വിലയിരുത്തൽ. രൂപതയിലെ പ്രമുഖരുടെ തന്നിഷ്ടത്തിനെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഉപ്പുതോട് ഇടവകക്കാർ രൂപതാ കാര്യാലയത്തിലെത്തി ബഹളമുണ്ടാക്കിയതിനു പിന്നാലെയാണ് രൂപതാ അധികാരികളുടെ കണ്ണിലെ കരടായ വികാരിക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകിയത്.

കസ്തൂരിരംഗൻ-ഗാഡ്ഗിൽ വിഷയത്തിൽ സഭയുടെ അപ്രീതിക്കു പാത്രമായ പി. ടി തോമസിന്റെ ജന്മനാട്ടിൽ പ്ലസ്ടു അനുവദിക്കേണ്ടതില്ലെന്ന രൂപതയുടെ നിലപാടും ഉപ്പുതോട് നിവാസികൾ രൂപതാധികൃതർക്കു നേരെ തിരിഞ്ഞതിലുള്ള അമർഷവുമാണ് വികാരിയെ സ്ഥലം മാറ്റാൻ കാരണമായത്. നാടിന്റെ വികസനത്തിന് നാട്ടുകാർക്കൊപ്പം ചേർന്നു പ്രവർത്തിച്ചതാണ് അധികാരികളുടെ മുമ്പിൽ ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ ചെയ്ത തെറ്റ്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം കത്തോലിക്കാ വിശ്വാസികളും ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയപ്പോൾ, ഉപ്പുതോട് നിവാസികളിൽ മിക്കവരും പി. ടി തോമസിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചതാണ് രൂപതയെ ചൊടിപ്പിക്കാനും പ്ലസ്ടു നിഷേധിക്കാനും ഇടയാക്കിയത്. ഫലത്തിൽ രൂപതയ്ക്ക് പി. ടി തോമസിനോടുള്ള വിരോധത്തിൽ പ്ലസ്ടു സ്‌കൂൾ ഇല്ലാതെയായി, ഇതിനായി പ്രയത്‌നിച്ച വൈദികന് ആളില്ലാ ഇടവകയിലേയ്ക്ക് സ്ഥലംമാറ്റവുമുണ്ടായി.

2013 മേയിൽ ഉപ്പുതോട് സെന്റ് ജോസഫ് പള്ളി വികാരിയായി സ്ഥാനമേറ്റ ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ സാധാരണ കാലാവധിയായ മൂന്നു വർഷം പൂർത്തിയാക്കാതെയാണ് സ്ഥലം മാറ്റപ്പെടുന്നത്. 750 കുടുംബങ്ങളുള്ള ഉപ്പുതോട് ഇടവകയിൽനിന്ന് 90-ൽ താഴെ മാത്രം കുടുംബങ്ങളുള്ള തട്ടേക്കണ്ണിയിലേക്കുള്ള സ്ഥലം മാറ്റം ശിക്ഷാനടപടിയായാണ് കരുതപ്പെടുന്നത്. ഇതിനെതിരെ ഉപ്പുതോട്ടിൽ മാത്രമല്ല, രൂപതയുടെ പല ഭാഗത്തുനിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്.

ഫാ. ജോർജ് കൊച്ചുപുരയ്ക്കലിന്റെ നേതൃത്വത്തിൽ ഉപ്പുതോട്ടിൽ പ്ലസ്ടു അനുവദിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പി. ടി തോമസിനെ അനുകൂലിക്കുന്നവരുടെ നാടെന്ന നിലയിൽ ഇതിനെ രൂപതാ അധികൃതർ എതിർക്കുകയും പ്ലസ്ടു ആവശ്യമില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പ്ലസ്ടുവിനായി രൂപത അപേക്ഷ നൽകാതിരുന്നപ്പോൾ ഉപ്പുതോട് സ്‌കൂൾ സ്വന്തം നിലയിൽ അപേക്ഷ നൽകുകയും അനുവദിച്ചു കിട്ടുകയും ചെയ്തു. എന്നാൽ രൂപത പിന്നെയും ഇടങ്കോലിട്ടു. മരിയാപുരത്ത് സ്‌കൂൾ അനുവദിപ്പിക്കാനും ഉപ്പുതോടിന്റേതു റദ്ദാക്കാനും ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ ഉൾപ്പെടെയുള്ളവർ ശ്രമം നടത്തിയെന്നാണ് ആക്ഷേപം.

ഇടക്കാലത്ത് റോം സന്ദർശനത്തിനു പോയ ഫാ. ജോർജ് കൊച്ചുപുരയ്ക്കലിന്റെ ലെറ്റർപാഡ് ദുരുപയോഗം ചെയ്ത്, ഉപ്പുതോടിന് പ്ലസ്ടു വേണ്ടെന്ന് രൂപതാധികൃതർ വ്യാജക്കത്ത് ചമച്ചു. ഇത് സംബന്ധിച്ച തർക്കം കോടതിയിലെത്തി. മരിയാപുരം സ്‌കൂളിൽ പ്ലസ്ടു ആരംഭിക്കാൻ രൂപത തയ്യാറെടുത്തു. ഇതുസംബന്ധിച്ച് യാതൊരു നടപടിയും പാടില്ലെന്ന് കഴിഞ്ഞ മാസം 19-നു ഹൈക്കോടതി ഉത്തരവിട്ടത് മാനിക്കാതെ 21-ന് മരിയാപുരത്ത് ഹയർ സെക്കൻഡറി സ്‌കൂൾ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തതും വിവാദമായി.

സംഭവം കോടതിയലക്ഷ്യ നടപടികളിലേയ്ക്ക് നീങ്ങവേയാണ് ഫാ. ജോർജ് കൊച്ചുപുരയ്ക്കലിനെ മാറ്റിയത്. ഉപ്പുതോടിന് പ്ലസ്ടു വേണമെന്ന ജനങ്ങളുടെ നിലപാടിനെ ഉറച്ചു പിന്തുണയ്ക്കുന്ന ഫാ. കൊച്ചുപുരയ്ക്കലിനെ മാറ്റുകവഴി ഇനിയെത്തുന്ന വികാരി ഇതിന് എതിരായിരിക്കണമെന്നും രൂപത സൂചന നൽകുന്നുണ്ട്. പ്ല്‌സ് ടു വിവാദം ചൂടുപിടിച്ചു നിൽക്കെ, വികാരിയെ സ്ഥലം മാറ്റി ഉത്തരവുണ്ടായതിനെ തുടർന്ന് സ്ത്രീകളടക്കമുള്ളവർ ജനുവരി 24ന് രൂപതാ കാര്യാലയത്തിൽ എത്തി ബഹളമുണ്ടാക്കുകയും വഴിവിട്ട നടപടികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പ്രമുഖ ദിനപത്രങ്ങളിൽ ഫാ. ജോർജ് കൊച്ചുപുരയ്ക്കലിന് യാത്രാമംഗളം നേർന്നുകൊണ്ട് ഇടവകാംഗങ്ങൾ പരസ്യം നൽകി. ഇതിനായി പണം കണ്ടെത്തിയത് ഇടവകാംഗങ്ങൾ തന്നെയാണ്. പി. ടി തോമസ്, ഫ്രാൻസീസ് ജോർജ് എന്നീ മുൻ എം. പിമാരുടെ ആശംസകൾ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഒരു നാടിന്റെ വികസനത്തിന് ഏറെ ഉപകരിക്കുമായിരുന്ന പ്ലസ്ടു കാര്യത്തിൽ പ്രതിലോമകരമായ തീരുമാനങ്ങൾ എടുക്കുന്നവർ നാടിന്റെ വികസനത്തെ തല്ലിക്കെടുത്തുന്നവരാണ്' എന്നാണ് ഇടുക്കി രൂപതയെ പരോക്ഷമായി വിമർശിച്ച് പി. ടി തോമസ് സന്ദേശം നൽകിയിരിക്കുന്നത്.

ഇടുക്കി രൂപതയിലെ ഭരണം പരോക്ഷ വിമർശനത്തിന് ഇടം നൽകുന്ന കാഴ്ചയാണ് ഇതുവരെ ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോഴത് പരസ്യമായ ഏറ്റുമുട്ടലിലേയ്ക്കാണ് നീങ്ങുന്നത്. സഭാ നേതൃത്വത്തിന്റെ രാഷ്ട്രീയ താൽപര്യവും ഉപ്പുതോട്ടിലെ വിശ്വാസികളുടെ വികസനസ്വപ്‌നവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നേതൃത്വത്തെ വിശ്വാസികൾ പരസ്യമായിത്തന്നെ വെല്ലുവിളിച്ചുമുമ്പോട്ടുപോകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP