Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞനന്തന് നടക്കാൻ പോലും പറ്റില്ലെന്ന് അഭിഭാഷകൻ; ജയിലിൽ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതിയും; ജയിലിൽ കിടന്നിട്ടേ ഇല്ലല്ലോ എന്നും ജഡ്ജിയുടെ നിരീക്ഷണം; ടിപി കേസിലെ പ്രതിയെ പുറത്തു കൊണ്ടു വരാനുള്ള സിപിഎം നീക്കത്തിന് സർക്കാർ പച്ചക്കൊടി കാട്ടിയതും ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ; ചികിൽസയ്ക്ക് ജാമ്യം വേണമെന്ന ഹർജി ഇനി പരിഗണിക്കുക എട്ടിന്

കുഞ്ഞനന്തന് നടക്കാൻ പോലും പറ്റില്ലെന്ന് അഭിഭാഷകൻ; ജയിലിൽ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതിയും; ജയിലിൽ കിടന്നിട്ടേ ഇല്ലല്ലോ എന്നും ജഡ്ജിയുടെ നിരീക്ഷണം; ടിപി കേസിലെ പ്രതിയെ പുറത്തു കൊണ്ടു വരാനുള്ള സിപിഎം നീക്കത്തിന് സർക്കാർ പച്ചക്കൊടി കാട്ടിയതും ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ; ചികിൽസയ്ക്ക് ജാമ്യം വേണമെന്ന ഹർജി ഇനി പരിഗണിക്കുക എട്ടിന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ജയിലിൽ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. കുഞ്ഞനന്തനെ പിന്തുണച്ച് സർക്കാർ നിലപാട് ഹൈക്കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ചോദ്യം. കുഞ്ഞനന്തന് നടക്കാൻ പോലും പറ്റില്ലെന്ന് അഭിഭാഷകൻ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.7 വർഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തിൽ ജയിലിൽ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാൾ പരോൾ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലിൽ നിരവധി തടവ് പുള്ളികൾ ഉണ്ടല്ലോ, നടക്കാൻ വയ്യ എന്നതൊന്നും പ്രശ്‌നമല്ലെന്നും നിരീക്ഷിച്ചു.എന്താണ് ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയകോടതി കേസ് ഈ മാസം 8 ലേക്ക് മാറ്റിവച്ചു. ഇത് കുഞ്ഞനന്തന് അനുകൂല റിപ്പോർട്ട് നൽകിയ സർക്കാരിനും കോടതിയുടെ നിരീക്ഷണങ്ങൾ തിരിച്ചടിയാണ്.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ. കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞനന്തന് അടിയന്തിര ചികിത്സ ആവശ്യമുള്ള വ്യക്തിയാണെന്നും അറിയിച്ചിരുന്നു. കേസ് റദ്ദാക്കി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. തനിക്ക് ഹൃദയസംബന്ധമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയിലിൽ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കേസിൽ നിന്നും ഒഴിവാക്കി ജാമ്യം നൽകണമെന്നുമാണ് കുഞ്ഞനന്തൻ ജാമ്യഹർജിയിൽ പറഞ്ഞിരിക്കുന്നത്. ജയിലിൽ തുടർന്നാൽ തനിക്ക് കൃത്യമായ ചികിത്സ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും പറയുന്നു.

കുഞ്ഞനന്തനെ ജയിൽ മോചിതനാക്കാൻ പല ശ്രമങ്ങൾ പിണറായി സർക്കാർ നടത്തി. തടവുകാരുടെ ശിക്ഷ ഇളവ് നൽകുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങൾ ഗവർണ്ണർ തടഞ്ഞതോടെ പൊളിഞ്ഞു. ഇതോടെയാണ് പുതിയ തന്ത്രവുമായെത്തുകയാണ് സിപിഎമ്മും കുഞ്ഞനന്തനും എത്തിയത്. ഹൈ്‌ക്കോടതിയിൽ നിന്ന് നിമയപരമായ ജാമ്യം സംഘടിപ്പിക്കാനാണ് നീക്കം. ഇതിന് സർക്കാരും കൂട്ടു നിൽക്കുന്നുവെന്നതിന് തെളിവാണ് കോടതിയിൽ സർക്കാരെടുക്കുന്ന നിലപാട്. വിചാരണക്കോടതിയുടെ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതിയിലുണ്ടെന്നും തെളിവുകൾ ദുർബലമായതിൽ അപ്പീൽ അനുവദിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഗുരുതര രോഗത്തിന് കഴിഞ്ഞ സെപ്റ്റംബർ മുതൽ തലശ്ശേരി സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടുകയാണ്. ശസ്ത്രക്രിയയ്ക്കും വിധേയനായി എന്ന് കുഞ്ഞനന്തൻ പറയുന്നു. ഇനി കോടതി എടുക്കുന്ന നിലപാടാകും നിർണ്ണായകം.

കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അടിയന്തിര ചികിത്സ ആവശ്യമാണെന്നുമായിരുന്നു ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട്. കുഞ്ഞനന്തന് സ്ഥിരമായി പരോൾ നൽകുന്നതിനെതിരേ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ സമർപ്പിച്ച ഹർജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസമാണ് പിണറായി സർക്കാർ പരോൾ നൽകിയത്. സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയിലും പറഞ്ഞിരുന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ കുഞ്ഞനന്തന് സ്ഥിരമായി പരോൾ നൽകുന്നതിനെ ടി പി യുടെ ഭാര്യ കെ.കെ. രമ എതിർത്ത് ഹർജി നൽകിയിട്ടുണ്ട്. ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണ് ആരോപണം.

ഇക്കഴിഞ്ഞ ജനുവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒറ്റയ്‌ക്കൊരു മുറിയിലാക്കി നിരീക്ഷണത്തിലും ചികിത്സയിലുമാണ്. സന്ധിവേദന, വാതം തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കും നീര് കുറയാനുള്ള മരുന്നുകളും നൽകുന്നുണ്ട്. കുഞ്ഞനന്തൻ കണ്ണൂർ സെൻട്രൽ ജയിലിലായിരിക്കവേ, ജയിലിലെ മൂന്ന് പശുക്കൾ അജ്ഞാതരോഗംമൂലം ചത്തിരുന്നു. അവയുടെ പാല് ഉപയോഗിച്ചതുകാരണം ഹർജിക്കാരന് എന്തെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് ഡോക്ടർമാർ നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യനില ദിവസേന മോശമാവുകയാണ്. രോഗം കടുത്ത ഭീഷണിയാണെന്നും അതിനാൽ ജീവൻ രക്ഷിക്കാൻ ജയിലിൽനിന്ന് വിടണമെന്നുമാണ് ആവശ്യം. അതിനായി ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാണ് കുഞ്ഞനന്തന്റെ ആവശ്യം.

കടുത്ത നടുവേദനയെത്തുടർന്ന് ജനുവരി 11-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിങ്ങിൽ എല്ലിന് തേയ്മാനം കണ്ടെത്തിയിരുന്നു. സ്‌പോൺഡിലോസിസും വിളർച്ചയും കണ്ടു. 14-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുഞ്ഞനന്തന് പരിധിവിട്ട് പരോൾ നൽകുന്നതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിൽ കോടതി കുഞ്ഞനന്തനും സർക്കാരിനും നോട്ടീസിന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുതിയ നീക്കവുമായി കുഞ്ഞനന്തൻ എത്തുന്നത്. പരോൾ നൽകുന്നത് തടസ്സപ്പെടുത്താതിരിക്കാനുള്ള നീക്കമായും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന താൻ ഇതിനകം 6 വർഷവും 7 മാസവും തടവ് അനുഭവിച്ചു. തുടർന്നും തടങ്കലിൽ വയ്ക്കുന്നതു മാനസികവും ശാരീരികവുമായ ആരോഗ്യനില വഷളാക്കും. കോടതി നിർദ്ദേശിക്കുന്ന ഏതു വ്യവസ്ഥയും പാലിക്കാൻ തയാറാണെന്നു ഹർജിക്കാരൻ പറയുന്നു. ഈ ഹർജിയിൽ സർക്കാരിന്റെ നിലപാടാകും നിർണ്ണായകം. 6 വർഷവും 7 മാസവും തടവ് അനുഭവിച്ചുവെന്നത് ശരിയല്ലെന്ന വാദവും സജീവമാണ്. ഇതിനിടെയിൽ ബഹുഭൂരിപക്ഷം ദിവസവും പരോളിൽ പുറത്തായിരുന്നു കുഞ്ഞനന്തൻ.

പിണറായി സർക്കാരെത്തിയ ശേഷം ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന് ജയിൽ ഇടത്താവളം മാത്രമാണെന്ന് പരാതി ഉയരുന്നതിനിടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയും വിമർശനം ഉന്നയിച്ചിരുന്നു. കുഞ്ഞനനന്തന് അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും ചികിത്സ നൽകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞിരുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സിപിഎം പാനൂർ ഏരിയാകമ്മിറ്റിയംഗം പി കെ കുഞ്ഞനന്തൻ ജയിലിലാകുന്നത് 2014 ജനുവരിയിലാണ്. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പോയ കുഞ്ഞനനന്തൻ പക്ഷേ നാല് വർഷം പിന്നിടുമ്പോൾ 389 ദിവസം പുറത്തായിരുന്നുവെന്നാണ് പരോൾ രേഖകൾ വ്യക്തമാക്കുന്നത്. കുഞ്ഞനനന്ത് പരോൾ അനുവദിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചത് . സാധാരണ പരോളിന് പുറമെ ജയിൽ സൂപ്രണ്ടിന് 10 ദിവസവും, ഡിജിപിക്ക് 15 ദിവസവും, സർക്കാരിന് 45 ദിവസവും അധികമായി അനുവദിക്കാമെന്നും നിയമപ്രകാരമുള്ള ഈ ഇളവേ കുഞ്ഞനനന്തന് കിട്ടുന്നുള്ളൂവെന്നുമാണ് നേരത്തെ സംഭവത്തിൽ ജയിൽവകുപ്പ് നൽകിയ വിശദീകരണം. നേരത്തെ പ്രായാധിക്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ കെ കെ രമയുടെ പരാതിയിൽ ഗവർണ്ണർ ഇടപെട്ടതോടെ അത് നടക്കാതെ പോവുകയായിരുന്നു.

രണ്ടരമാസത്തെ ഇടവേളകളിൽ മാത്രമേ പരോൾ അനുവദിക്കാവുവെന്നാണ് ജയിൽ ചട്ടം. കുഞ്ഞനന്തന് കിട്ടിയ പരോളിന്റെ നാൾവഴി നോക്കുക. 2016 ജൂൺ 2 മുതൽ 13 വരെയായിരുന്നു ആദ്യ പരോൾ. 14ന് ജയിലിൽ തിരിച്ചെത്തിയതിന്റെ തൊട്ടടുത്തദിവസം വീണ്ടും 16 ദിവസത്തെ പരോൾ. അതായത് ആ മാസം ജയിലിൽ കിടന്നത് വെറും ഒരു ദിവസം. അതിന് ശേഷം 2018 ഫെബ്രൂവരി വരെയുള്ള എല്ലാ മാസവും പത്തും പതിനഞ്ചും ദിവസം വീതം പരോൾ അനുവദിച്ചു. പരോൾ അനുവദിച്ചതിന്റെ കാരണം പരിശോധിക്കുമ്പോൾ, വഴിവിട്ട സഹായമാണ് നൽകിയതെന്ന് വ്യക്തമാകും. 15 തവണയിൽ ഏഴുതവണയും കുടുംബത്തോടൊപ്പം കഴിയാനാണ് പരോൾ അനുവദിച്ചത്. ബാക്കി ഭാര്യയുടെ ചികിത്സയ്ക്കും. ഇടയ്ക്ക് പ്രായാധിക്യത്തിന്റ പേരിൽ ശിക്ഷ ഇളവ് നൽകി സർക്കാർ വിട്ടയയ്ക്കാൻ ഒരുങ്ങിയതും വിവാദമായിരുന്നു. 70 വയസ്സ് കഴിഞ്ഞ തടവുകാർക്കുള്ള ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയാണ് ശിക്ഷയിളവിന് നടപടിയുണ്ടായിരുന്നത്. ശിക്ഷയിളവ് നൽകുന്നതു സംബന്ധിച്ച് ജയിൽ ഉപദേശക സമിതി പൊലീസ് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഇത് ഗവർണ്ണറുടെ നിലപാട് മൂലം നടന്നിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP