Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാർസൺ അപ്പുകുട്ടന്റെ വെളിപ്പെടുത്തലുകൾ കിറുകൃത്യമെന്ന് പൊലീസ്; തെളിവെടുപ്പിനെത്തിയ പൊലീസിനെ വഴിതെളിച്ച് സാഹസിക കാമുകി; 23 ദിവസവും കാട്ടിൽ കഴിഞ്ഞത് വിവിധയിടങ്ങൾ മാറിമാറി; കപ്പയും തേങ്ങയും കരിക്കുമൊക്കെ തിന്ന് മടുത്തപ്പോൾ ഒളിയിടത്തിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ പദ്ധതി തയ്യാറാക്കിയിരുന്നെന്ന് പൊലീസ്; രാവിലെ തെളിവെടുപ്പിനെത്തിയ സംഘം മലയിറങ്ങിയത് രണ്ടു മണിയോടെ; ടാർസന്റെ ഒളിവു ജീവിതം ഇങ്ങനെ

ടാർസൺ അപ്പുകുട്ടന്റെ വെളിപ്പെടുത്തലുകൾ കിറുകൃത്യമെന്ന് പൊലീസ്; തെളിവെടുപ്പിനെത്തിയ പൊലീസിനെ വഴിതെളിച്ച് സാഹസിക കാമുകി; 23 ദിവസവും കാട്ടിൽ കഴിഞ്ഞത് വിവിധയിടങ്ങൾ മാറിമാറി; കപ്പയും തേങ്ങയും കരിക്കുമൊക്കെ തിന്ന് മടുത്തപ്പോൾ ഒളിയിടത്തിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ പദ്ധതി തയ്യാറാക്കിയിരുന്നെന്ന് പൊലീസ്; രാവിലെ തെളിവെടുപ്പിനെത്തിയ  സംഘം മലയിറങ്ങിയത് രണ്ടു മണിയോടെ; ടാർസന്റെ ഒളിവു ജീവിതം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: ഇരുപത്തി മൂന്ന് ദിവസത്തോളം നീണ്ട ഇലവീഴാപൂഞ്ചിറയിലെ ഒളിവ് ജീവിതത്തെക്കുറിച്ച് മേലുകാവ് സ്വദേശി അപ്പുകുട്ടനും കാമുകിയും വെളിപ്പെടുത്തിയ വസ്തുകൾ കിറുകൃത്യമെന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി. ഇന്ന് രാവിലെ 9 മണിയോടെയാണ് പൊലീസ് സംഘം മൊഴിപ്രകാരമുള്ള തെളിവെടുപ്പിനായി ഇലവീഴാപൂഞ്ചിറയിൽ എത്തിയത്. ഈ മേഖലയിലെ ഗുഹകളിലും കൃഷിയിടങ്ങളിലെ ഷെഡുകളിലുമായിട്ടാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നാണ് ഇവർ ഇരുവരും പൊലീസിൽ മൊഴി നൽകിയിരുന്നത്.

ആദ്യ രണ്ട് ദിവസം വീട്ടിൽ കഴിഞ്ഞ അപ്പുക്കുട്ടൻ 3ാം ദിവസം രാവിലെ ബൈക്കിൽ തന്നെയും കയറ്റി പൂഞ്ചിറ ഉഭാഗത്തേയ്ക്ക് എത്തി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. മുനിയറ ഗുഹയ്ക്ക് അടുത്തുനിന്നും തിരച്ചിലിന്റെ ആദ്യഘട്ടത്തിൽ തന്നെ ബൈക്ക് കണ്ടെത്തിയിരുന്നു.ഇവിടെ എവിടെയാണ് ഇവർ താമസിച്ചതെന്ന കാര്യത്തിൽ പൊലീസിന് ഒരു എത്തുംപിടിയും കിട്ടിയില്ല. ഇന്ന് രാവിലെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചപ്പോൾ പെൺകുട്ടിയാണ് ഈ ഭാഗത്ത് തങ്ങൾ തങ്ങിയ ഈറ്റക്കാട് പൊലീസിന് കാണിച്ചുകൊടുത്തത്.

വാഹനം പോകുന്ന പാതയിൽ നിന്നും 20 അടിയിലേറെ ഉയരത്തിലായിരുന്നു ഈറ്റക്കാട്. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് സംഘം ഇവിടെ കയറിപ്പറ്റിയത്. പരിസരത്ത് നടത്തിയ തിരച്ചിലിൽ ഭക്ഷണ അവശിഷ്ടങ്ങൾ ,ബിസ്‌ക്കറ്റിന്റെ കവർ,കുടിവെള്ളത്തിന്റെ കുപ്പി എന്നിവ ലഭിച്ചു. ഇവിടെ 3 ദിവസത്തോളം താമസിച്ചെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെ അഭിഭാഷകന്റെ കൃഷിയിടത്തിലും താഴെ പ്രദേശവാസിയുടെ കൃഷിയിടത്തിലും സ്ഥാപിച്ചിരുന്ന ഷെഡുകളിലായി ഒരാഴ്ചയിലേറെ തങ്ങിയെന്നും പിന്നീടുള്ള ദിവസങ്ങൾ ഈറ്റക്കാട്ടിലും സമീപത്തുമായി കഴിച്ചുകൂട്ടിയെന്നും മറ്റുമാണ് പെൺകുട്ടി പൊലീസിനെ ധരിപ്പിച്ചിരുന്നത്

ഇതുപ്രകാരം ഇന്ന് നടന്ന തെളിവെടുപ്പിൽ താമസിച്ച സ്ഥലങ്ങളെല്ലാം പെൺകുട്ടി തിരിച്ചറിഞ്ഞു.അഭിഭാഷകന്റെ കൃഷിയിടത്തിലെയും സമീപത്തെയും ഷെഡുകളിലെത്തി പൊലീസ് പരിശോധിച്ചു.വെള്ളത്തിനായി ഇവർ എത്തിയിരുന്നത് മുനിയറ ഗുഹയിലായിരുന്നെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ നിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. പാതയിൽ നിന്നും താഴെ മരങ്ങൾ പടർന്ന് പന്തലിച്ച് നിൽക്കുന്ന ഭാഗത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്.

ഇതിനുള്ളിൽ സാമാന്യം ഭേദപ്പെട്ട ജലപ്രവാഹമുണ്ട്. ഇക്കാര്യം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പുവരുത്തി.ഗുഹയുടെ പരിസരത്ത് കാട്ടിൽ അപ്പുക്കുട്ടൻ എത്തുമെന്ന് കരുതി പൊലീസ് മണിക്കൂറുകൾ മറഞ്ഞിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.മേലുകാവിലെ അപ്പുകുട്ടന്റെ വീട്ടിലെത്തിയും പൊലീസ് സംഘം തെളിവെടുത്തു. നേരത്തെ പൊലീസ് ഇവിടെയെത്തി അപ്പുക്കുട്ടനെ കണ്ടോ എന്നന്വേഷിച്ചപ്പോൾ ഇല്ലന്ന് മറുപിടി നൽകിയ മാതാവ് ഇന്ന് പെൺകുട്ടിയെ ഒപ്പം കണ്ടതോടെ നിലപാട് തിരുത്തി.

മകനും പെൺകുട്ടിയും വീട്ടിലുണ്ടായിരുന്നെന്നും എന്നും ഈ ഘട്ടത്തിൽ താൻ പെൺകുട്ടിയോട് സംസാരിച്ചില്ലന്നുമായിരുന്നു ഇന്ന് ഇവർ പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടടുത്താണ് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മലയിറങ്ങിയത്. കട്ടപ്പന ഡിവൈഎസ്‌പി രാജ്‌മോഹൻ നേതൃത്വം നൽകി. 40ലേറെ പൊലീസുകാരും ഏകദേശം ഇത്രത്തോളം തന്നെ നാട്ടുകാരും വിശ്രമമില്ലാതെ രാപകലന്യ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നിട്ടും കുടുങ്ങാത്ത അപ്പുക്കുട്ടൻ വലയിലായത് ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ഒളിവ് ജീവിതത്തിനിടെ സംഭരിച്ചിരുന്ന കൂവയും കാപ്പിക്കുരുവും വിൽക്കാൻ ലക്ഷ്യമിട്ട് നാട്ടിലെത്തിയപ്പോഴെന്ന് സൂചന.

കാട്ടിൽ പകൽ സമയത്ത് അപ്പുകുട്ടൻ തന്നെയും കൂട്ടിക്കൊണ്ടുപോയി കൂവപറിച്ച് അരിഞ്ഞ് പാറപ്പുറത്തിട്ട് ഉണക്കിയിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചിരുന്നു. ഒളിവ് ജീവിതത്തിനിടയിൽ എവിടെ നിന്നോ ഒരുചാക്ക് കാപ്പിക്കുരുവും അപ്പുക്കുട്ടൻ തരപ്പെടുത്തിയിരുന്നു. കപ്പയും തേങ്ങയും കരിക്കുമൊക്കെ തിന്ന് മടുത്തപ്പോൾ ഒളിയിടത്തിൽ നിന്നും പുറത്ത് ചാടി രക്ഷപെടാൻ ഇയാൾ പദ്ധതി തയ്യാറാക്കിയിരുന്നെന്നും വണ്ടിക്കൂലിക്ക് പണം സംഘടിപ്പിക്കുന്നതിനാണ് കൂവയും കാപ്പിക്കുരുവും വിൽക്കാൻ തീരുമാനിച്ചതെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഇവരിൽ നിന്നും പിടികൂടിയ കാപ്പിക്കുരുവും കൂവയും കാഞ്ഞാർ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. മൂള്ളൻ പന്നിയെ കുടുക്കാൻ അപ്പുക്കുട്ടൻ കാടുനീളെ കെണിവച്ചിരുന്നതായും പൊലീസ് കണ്ടെത്തി.ബൈക്കിന്റെയും ഓട്ടോറിക്ഷയുടെയും കേബിളുകൾ സംഘടിപ്പിച്ചായിരുന്നു ഇയാൾ മൃഗങ്ങളെ പിടിക്കാൻ കുരുക്ക് തയ്യാറാക്കിയിരുന്നത്.പൊലീസ് തിരച്ചിലിനിടയിൽ മരങ്ങളുമായി ബന്ധിപ്പിച്ച നിലയിൽ നിരവധികുരുക്കുകൾ കണ്ടെടുത്തു.

കാട്ടിൽ കയറുന്നതിന് മുമ്പുതന്നെ അപ്പുക്കുട്ടൻ കെണിയൊരുക്കുന്നതിനുള്ള വസ്തുവകകൾ സംഘടിപ്പിച്ചിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഒളിവിൽ കഴിയുന്നതിനിടെ ഇയാൾ പൊലീസിനെക്കണ്ട് ഓടി രക്ഷപ്പെട്ടപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നു.ഈ ബാഗ് പിന്നീട് പൊലീസിന് കിട്ടി ,ഇത് പരിശോധിച്ചപ്പോൾ നിരവധി കേബിളുകൾ കണ്ടെത്തി. ഇതിന്റെ അടസ്ഥാനത്തിൽ വനമേഖലയിൽ പരിശോധിച്ചപ്പോഴാണ് മൃഗവേട്ടക്കായി അപ്പുക്കുട്ടൻ ഒരുക്കിയ സന്നാഹത്തെക്കുറിച്ച് പൊലീസിന് ബോധ്യമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP