Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാർപ്പാപ്പപോലും അസുഖം വന്നാൽ ആശ്രയിക്കുന്നത് ധ്യാനകേന്ദ്രങ്ങളെയല്ല അത്യാധുനിക ആശുപത്രികളെയാണ്; പ്ലസീബോ ഇഫക്ട എന്നതിന് അപ്പുറം ഇവയൊന്നും ഒന്നുമല്ല; നിങ്ങളുടെ തോന്നലായ ബാധയെ ഒഴിപ്പിക്കാം, പക്ഷേ ട്യൂമറിനെ മാറ്റാനാവില്ല; പ്രാർത്ഥനാ ചികിൽസ അശാസ്ത്രീയം മാത്രമല്ല ശുദ്ധ തട്ടിപ്പുകൂടിയാണ്; എം റിജു എഴുതുന്നു

മാർപ്പാപ്പപോലും അസുഖം വന്നാൽ ആശ്രയിക്കുന്നത് ധ്യാനകേന്ദ്രങ്ങളെയല്ല അത്യാധുനിക ആശുപത്രികളെയാണ്; പ്ലസീബോ ഇഫക്ട എന്നതിന് അപ്പുറം ഇവയൊന്നും ഒന്നുമല്ല; നിങ്ങളുടെ തോന്നലായ ബാധയെ ഒഴിപ്പിക്കാം, പക്ഷേ ട്യൂമറിനെ മാറ്റാനാവില്ല; പ്രാർത്ഥനാ ചികിൽസ അശാസ്ത്രീയം മാത്രമല്ല ശുദ്ധ തട്ടിപ്പുകൂടിയാണ്; എം റിജു എഴുതുന്നു

എം റിജു

' രാൾ ബ്രാൻഡിയിൽ വെള്ളമൊഴിച്ച് കഴിച്ചു. അയാൾക്ക് ലഹരിയുണ്ടായി. തുടർന്ന് അയാൾ വിസ്‌ക്കിയിലും വോഡ്ക്കയിലും ഇതേ പരീക്ഷണം ആവർത്തിച്ചു. മൂന്നിനും ലഹരി കിട്ടി. അതോടെ അയാൾ ഒരു നിഗമനത്തിലെത്തി. വെള്ളത്തിന് ലഹരിയുണ്ടാക്കാനുള്ള കഴിവുണ്ട്.'- ഇപ്പോൾ വാട്‌സാപ്പിലൊക്കെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ കുറിപ്പ്, വിശ്വാസ ചികിൽസ പ്രാർത്ഥനാ ചികിൽസ എന്നതിനൊക്കെ സൈദ്ധാന്തിക അടിത്തറ ചമക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ കണ്ടപ്പോൾ ഓർത്തുപോയതാണ്. ഇതേ കപട യുക്തിയിലാണ് പ്രാർത്ഥനാ ചികിൽസയും ഫലിക്കുന്നത്.

വെള്ളത്തിന് ലഹരിയുണ്ടോയെന്ന് നോക്കാനായി അടിസ്ഥാനമായി ചെയ്യേണ്ടിയിരുന്നത് വെള്ളം മാത്രം കുടിച്ച് പരീക്ഷിച്ച് നോക്കുകയാണ്. അതുപോലെ പ്രാർത്ഥന മാത്രം ചെയത് നിങ്ങൾക്ക് പഠിക്കാതെ പരീക്ഷയെഴുതാം, മരുന്നു കഴിക്കാതെ പ്രാർത്ഥിക്കുക മാത്രം ചെയ്ത് നിപ്പ ബാധയെ നേരിടാം, ദൈവങ്ങളെ തൊഴുതുകൊണ്ട് ലൈഫ് ജാക്കറ്റ് ധരിക്കാതെ കടലിൽ ചാടാം.... പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും റോക്കറ്റ് പൊങ്ങും. അതിന്റെ ടെക്ക്‌നോളജി ശരിയാണെങ്കിൽ. ഇല്ലെങ്കിൽ തേങ്ങയടിയല്ല, പൊങ്കലയും യാഗവും നടത്തിയിട്ടും കാര്യമില്ല. എന്നാൽ ഒരു വിശ്വാസിയും അങ്ങനെ ചിന്തിക്കുന്നില്ല എന്ന് മാത്രമല്ല താൻ പാതി ദൈവം പാതിയെന്ന മറ്റൊരു വ്യാജ സിദ്ധാന്തം ഉയർത്തി, ന്യായീകരണം കണ്ടെത്തുകയുമാണ് അവർ ചെയ്യുന്നത്.

അതായത് പച്ചവെള്ളത്തിന്റെ ലഹരിപോലെ പ്രാർത്ഥനാ ചികിൽസകൊണ്ട് രോഗം മാറണമെങ്കിൽ പ്രാർത്ഥന മാത്രംപോര. നിങ്ങൾ മരുന്നും കഴിക്കണം. അല്ലെങ്കിൽ മുമ്പ് കഴിച്ചതിന്റെ ഇഫക്ട് എങ്കിലും ഉണ്ടായിരിക്കണം. ശാസ്ത്രീയമായ ഡബിൾ ബ്ലൻഡ് പരീക്ഷണങ്ങളിലൊക്കെ വിശ്വാസ ചികിൽസകൾ ദയനീയമായി തോറ്റിട്ടേയുള്ളൂ. അതായത് ഒരു ഗ്രൂപ്പിന് മരുന്നും, മറുഗ്രൂപ്പിന് പൊള്ളമരുന്നും കൊടുത്തുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ. ഇവയിലൊന്നും പ്രാർത്ഥനാ ചികിൽസക്ക് ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയുമെന്ന് കണ്ടെത്താനായിട്ടില്ല. പിന്നെ പ്രാർത്ഥനാ ഗ്രൂപ്പുകൾ കൃത്രിമമായി ഉണ്ടാക്കിയ ചില പരിശോധനാ ഫലങ്ങളാണ് പ്രചരിക്കുന്നത്. അവയുടെ സ്ഥാനം ചവറ്റുകൂട്ടയിലാണ്. ( നേച്ചർ, ലാൻസെറ്റ് തുടങ്ങിയ പ്രമുഖ വൈദ്യശാസ്ത്ര ജേർണലുകളോ അക്കാദമിക്ക് സമൂഹമോ ഒന്നും പ്രാർത്ഥാന ചികിൽസയെ അംഗീകരിച്ചിട്ടില്ല) അനുഭവങ്ങൾ എന്ന് പറയുന്നവക്ക് സയൻസിൽ ഒരു സ്ഥാനവുമില്ല. ഒരാൾ ഡിങ്കനെ പ്രാർത്ഥിച്ചതിനാൽ അസുഖം മാറിയെന്നത് തന്റെ അനുഭവസാക്ഷ്യമാണെന്ന് പറഞ്ഞാൽ അത് ഡിങ്കൻ ഉള്ളതിന് സാധൂകരണം ആവുന്നില്ല.

കേരളത്തിൽ എന്നുമാത്രമല്ല ലോകവ്യാപകമായി വേരുപിടിച്ച ഒരു കപട ചികിൽസാ രീതിയാണ് പ്രാർത്ഥനാ ചികിൽസ. ഈ 21ാം നൂറ്റാണ്ടിലും പ്രാർത്ഥനകൊണ്ട് കൊക്കപ്പുഴു മുതൽ കാൻസർവരെയുള്ളവ മാറിയെന്നുള്ള സാക്ഷ്യം പറച്ചിലുകൾ കാണുമ്പോൾ സത്യത്തിൽ നാം അമ്പരക്കേണ്ട അവസ്ഥയുണ്ട്. വെള്ളത്തിലേക്ക് തുപ്പി മന്ത്രിച്ചൂതി കൊടുക്കുന്ന ലോക്കൽ തങ്ങന്മാർ തൊട്ട്, രോഗശാന്തി ഏലസുകൾ വിൽക്കുന്ന സിന്ധന്മാർ തൊട്ട്, വലിയ വചനോൽസവങ്ങളും, ധ്യാന പ്രഭാഷണങ്ങളും, പോട്ട ഡിവൈൻ ധ്യാനകേന്ദ്രങ്ങൾ പോലുള്ള വമ്പൻ ആത്മീയ കേന്രങ്ങളുമായി ഇന്ന് കോടികളുടെ ബിസിനസ് ആണിത്. എന്താണ് ഇതിനുപിന്നിലെ രഹസ്യം.

അസുഖം മാറിയെന്നുള്ള രോഗിയുടെ തോന്നലാണ് പലപ്പോളും ആത്മാർഥമായ രോഗശാന്തി വിമുക്തി പ്രചാരണത്തിന് കാരണമാവുന്നത്. ചില അസുഖങ്ങൾ താനെ മാറുന്നവയാണ്. ശരീരത്തിലെ വിവിധ മുഴകൾ അങ്ങനെയാണ്. അണ്ഡാശയത്തിലും ഗർഭത്തിലും ഒക്കെ കാണുന്ന സിസ്റ്റ് അൽപം കഴിയുമ്പോൾ ക്രമേണ താനേ പോകുന്നവയാണ്. നാം ഒന്നും ചെയ്യണമെന്നില്ല. എന്നാൽ ചില സിസ്റ്റുകൾക്കുള്ളിൽ നിൽക്കുന്ന ദ്രാവകാംശം രക്തമയമുള്ളതാണെങ്കിൽ അത് പ്രശ്നകാരിയായി മാറും. അത് പറമേ നിന്ന് പറയാൻ പറ്റില്ല. അത് സൂചിയിട്ട് നോക്കണമെന്നോ എന്തെങ്കിലും ഡോക്ടർമാർ പറയുമ്പോഴേക്കും അതിനെ ഓപ്പറേഷൻ എന്ന പദമാക്കി ചില രോഗികൾ മാറ്റുന്നു. മാത്രമല്ല ഇപ്പോൾ നിരുപദ്രവകാരികൾ ആയി നിൽക്കുന്ന മുഴകൾ ചിലപ്പോൾ പ്രായം വർധിക്കുന്നതിനനുസരിച്ച് ഉപദ്രവകാരിയായി മാറാം. ഇത്തരം കാര്യങ്ങൾ ഉള്ളതു കൊണ്ടാവും ഡോക്ടർമാർ എന്തെങ്കിലും ഒരു സർജിക്കൽ കറക്ഷൻ പറയുക. ഉടൻ ധ്യാനകേന്ദ്രത്തിലേക്ക് പോകും. ഇവിടെ പോയി ധ്യാനത്തിന് ഇരുന്ന ശേഷം മുഴ പോയി എന്ന് പറയും. യഥാർത്ഥത്തിൽ സിസ്റ്റിനുള്ളിലെ ദ്രാവകാംശം താനെ ഇല്ലാതായവുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് പ്രാർത്ഥനയുടെ അത്ഭദമായി ചിത്രീകരിക്കപ്പെടുന്നു.നേരെ മറിച്ച് യാഥാർഥത്തിലുള്ള ഉപദ്രവകാരിയായ ട്യൂമർ മാറുകയുമില്ല. പക്ഷേ അതിന് പ്രാർത്ഥനാ ചികിൽസകർക്ക് സ്ഥിരം നമ്പറുണ്ട്. എല്ലാം ദൈവത്തിന്റെ കൈയിലാണെല്ലോ.

വന്ധ്യതാ ചികിൽസയാണ് പ്രാർത്ഥനാ ചികിൽസകരുടെ തുറുപ്പുചീട്ട്.കുട്ടികൾ ഇല്ലാതെ ചികിത്സയിൽ ആയിരുന്ന ദമ്പതികൾ ഇന്ന് പോട്ടയിൽ പോയി നാളെ മൂത്രം പരിശോധിക്കുമ്പോൾ ഗർഭം ഉള്ളതായി കാണുന്നു. ഇന്ന് പ്രാർത്ഥന നടത്തി നാളെ ഉണ്ടാകുന്നതല്ല ഗർഭം എന്ന് വൈദ്യശാസ്ത്രത്തിൽ പ്രാഥമിക വിഞ്ജാനമുള്ള ആർക്കും അറിയാം. ഗർഭം ഉണ്ടായിട്ട് കുറച്ച് ദിവസങ്ങളായി പക്ഷേ ക്രെഡിറ്റ് പോകുന്നത് പ്രാർത്ഥനക്കാണ്. സത്യത്തിൽ നേരത്തെ നടത്തിയ ചികിൽസയാണ് ഗുണം ചെയ്തത്.

കാൻസർ അടക്കമുള്ള രോഗങ്ങളുടെ വേദന ചാക്രികമാണ് ( cyclic) . പെയിൻ ഗ്രാഫുപോലും പലയിടത്തുമുണ്ട്. ചികിൽസയുടെ ചില ഘട്ടങ്ങളിൽ വേദന വല്ലാതെ കുറയുകയും ആശ്വാസം തോന്നുകയും ചെയ്യും. ഈ സമയത്ത് ധ്യാനത്തിനുപോയ രോഗി കരുതുന്നത്, നേരത്തെ വെള്ളത്തിന് ലഹരിയുണ്ടെന്ന് കരുതിയപോലെ, പ്രാർത്ഥനയുടെ ഫലമാണെന്നാണ്. റേഡിയേഷനും കീമോ കഴിഞ്ഞുള്ള രോഗികൾക്ക് കുറച്ചുകാലം മുടികൊഴിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാവും. പക്ഷേ ക്രമേണെ ഇത് താനെ മാറും. പക്ഷേ ഈ സമയത്ത് പ്രാർത്ഥന കൂടിയ രോഗിയെ കപട ചികിൽസകർ പറഞ്ഞ് ഫലിപ്പിക്കുക, ഇത് തങ്ങളുടെ മധ്യസ്ഥ പ്രാർത്ഥനയുടെ ഫലമാണെന്നാണ്. ചികിൽസ നിർത്തുന്ന രോഗി താമസിയാതെ ദുരന്തത്തിലേക്ക് നടന്ന് അടുക്കുയും ചെയ്യും. ലക്ഷ്മിത്തരു മുള്ളാത്ത തുടങ്ങിയവപോലും നമ്മുടെ നാട്ടിൽ കാൻസർ രോഗികളുടെ ജീവൻ അപഹരിച്ചിട്ടുണ്ട്.

ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് തോനിപ്പിച്ച് താൽക്കാലിക ആശ്വാസം കിട്ടുന്നതിനെയാണ് സയൻസ് പ്ലസീബോ ഇഫക്ട് എന്ന് പറയുന്നത്. അതായത് മരുന്നു ഉള്ളിൽ ചെന്നു എന്ന തോന്നലിൽനിന്നുള്ള ആത്മവിശ്വാസം വഴിയുള്ള മാനസിക മാറ്റമാണത്. അതുമാത്രമേ പ്രാർത്ഥന കൊണ്ട് കഴിയൂ. ബാധയെമാത്രമേ നിങ്ങൾക്ക് ഒഴിപ്പിക്കാനാവൂ. ട്യൂമറിനെ പ്രാർത്ഥനകൊണ്ടും യാഗങ്ങൾകൊണ്ടും മന്ത്രിച്ചൂതിയ വെള്ളം കൊണ്ടും അകറ്റാൻ അവില്ല. കാരണം ബാധയെന്നത് സത്യത്തിൽ ഇല്ലാത്തതാണ്. അത് മനസ്സിന്റെ തോന്നലാണ്. അപ്പോൾ ബാധ ഇറങ്ങിയെന്ന തോന്നൽ ഉണ്ടാക്കിയാൽ രോഗത്തിന് താൽക്കാലിക ശ്രമമുണ്ടാവും. പക്ഷേ അവിടെയാണ് വലിയ പ്രശ്‌നം കിടക്കുന്നത്. രോഗ സാധ്യത മാറുന്നില്ല. മണിച്ചിത്രത്താഴിലെ നാഗവല്ലിയെപ്പോലെ അനുകൂലമായ ഒരു സാഹചര്യം വന്നാൽ അത് വീണ്ടും പുറത്തുചാടും. ആധുനിക മനഃശാസ്ത്രം ആ സാധ്യതകളെ കൂടി നുള്ളിക്കളയുകയാണ് ചികിൽസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രാർത്ഥനാ ചികിൽസകർ അടക്കമുള്ള കപട ചികിൽസകരെകൊണ്ടുള്ള പ്രധാന ഉപദ്രവവും ഇതുതന്നെ. യഥാർഥ ചികിൽസ രോഗിക്ക് നിഷേധിക്കുന്ന ക്രിമിനൽ കുറ്റമാണ് ഇവർ ചെയ്യുന്നത്.( ഓസ്‌ട്രേലിയയിലും ചില സ്‌കാൻഡനേവിയൻ രാജ്യങ്ങളിലുമൊക്കെ ഹോമിയോപ്പതിപോലും കുറ്റകരമാണ്) മാർപ്പാപ്പക്കുപോലും അസുഖം വന്നാൽ അത്യാധുനിക ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്. എല്ലാവരെയും തലയിൽ കൈവെച്ച് അസുഖം മാറ്റുന്ന പോട്ട ധ്യാനകേന്ദ്രത്തിലെ ഒരു അച്ചന് ഹൃദയാഘാതം വന്നപ്പോൾ, സ്വന്തം കൈ തലയിൽവെച്ച് മാധ്യസ്ഥ പ്രാർത്ഥന നടത്താതെ തൊട്ടടുത്തുള്ള സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്കാണ് മാറ്റിയത്. താൻ തുപ്പിയ വെള്ളം വിശ്വാസികൾക്ക് സർവ രോഗ സംഹാരിയായി കൊടുക്കാറുള്ള ഒരു ഇസ്ലാമിക സിദ്ധന്മാരും സ്വന്തം കുട്ടിക്ക് അസുഖത്തിന് തുപ്പൽവെള്ളം റഫർ ചെയ്തതായി കേട്ടിട്ടില്ല. ഏതുരോഗത്തിനും രോഗശാന്തി ശുശ്രൂഷയിലൂടെ പരിഹാരമുണ്ടാക്കുമെന്ന പ്രചരണം നടത്തി കോടികൾ നേടില ഡോ. മാർട്ടിൻ സെബാസ്റ്റ്യൻ എന്ന പെന്തക്കോസ്ത് പാസ്റ്ററായ ഹീലർ ബാബ, രണ്ടുവർഷ മുംബയിൽ വൃക്കരോഗങ്ങളും പ്രമേഹവുമായാണ് മരിച്ചത്. അതായത് ശുദ്ധമായ വഞ്ചനയും കൊടിയ തട്ടിപ്പും ആത്മീയ വാണിഭവും തന്നെയാണ് ഇവർ നടത്തുന്നത്. മാത്രമല്ല കരിസ്മാറ്റിക്ക് ബ്രദർ 'ഹാലോലുയ' പറഞ്ഞ് തൊടുമ്പോൾ ഷോക്കടിച്ചതുപോലെ വീഴുന്നവരെ കണ്ടിട്ടില്ലേ. മൂൻകൂട്ടി പരിശീലിപ്പിച്ച് നടത്തുന്ന നാടകങ്ങളാണ് ഇവയെന്ന് അടുത്തകാലത്ത് തെളിവുകൾ പുറത്തുവന്നിരുന്നു. എത്രയേറെ ദുരൂഹമരണങ്ങൾ ആരോപിക്കപ്പെട്ടിട്ടും പോട്ട ധ്യാനകേന്ദ്രത്തെക്കുറിച്ച് നല്ലപോലെ ഒരു അന്വേഷണംപോലും ഉണ്ടായിട്ടില്ല.

അതായത് മതത്തിന്റെ അല്ലെങ്കിൽ വിശ്വാസത്തിന്റെ ഒരു മോമ്പൊടിയുണ്ടായാൽ നിങ്ങൾക്ക് ഈ രാജ്യത്ത് എന്തും ചെയ്യാം. അങ്ങനെയായിപ്പോയി നമ്മുടെ ജനാധിപത്യം. ഒരു പ്രത്യേക തരം മതേതര രാഷ്ട്രം തന്നെ.

വാൽക്കഷ്ണം: എഎസ്ആർഒയിലെ ശാസ്ത്രജ്ഞരൊക്കെ റോക്കറ്റ് വിക്ഷേപണത്തിന് മുമ്പ് തേങ്ങയുടക്കുന്നത് കേട്ടിട്ടുണ്ട്. അതുപോലെ ഡോക്ടർമാർ പലപ്പോളും ഐസിയുവിലുള്ള രോഗികളുടെ ബന്ധുക്കളോട പറയുക പ്രാർത്ഥിക്കാൻ ആണല്ലോ എന്നതാണ് ഇതുസംബന്ധിച്ച് ഫേസ്‌ബുക്ക് ചർച്ചകളിലൊക്കെ ഒന്നാമതായി കേൾക്കാറുള്ളത്. ശാസ്ത്ര പ്രഭാഷകൻ ഡോ അഗസ്റ്റസ് മോറിസ് അതിനു നൽകിയ മറുപടി ഇങ്ങനെയാണ്. ' രോഗി എങ്ങനെ മരിച്ചാലും ആശുപത്രികൾ തല്ലിത്തകർക്കുന്ന പ്രവണതയുള്ള ഒരു രാജ്യത്ത് ഡോക്ടർമാരുടെ ഒരു സ്വയം പ്രതിരോധം കൂടിയാവാം ഇത്. ദൈവത്തിനുകൂടി പങ്കുള്ള കാര്യമല്ലേ. തല്ലരുതേ എന്നായിരിക്കും അവർ പരോക്ഷമായി പറയുന്നത്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP