Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ വയറ്റിൽ കിടക്കുന്ന പ്രണയ്‌യുടെ കുഞ്ഞിനെ കൊന്നു കളയാൻ പിതാവ് നിർബന്ധിച്ചിട്ടും അവൾ പോരാടി; ഭർത്താവിന്റെ മരണം ഉള്ളിൽ നീറുമ്പോൾ ആൺകുഞ്ഞിന് ജന്മം നൽകി അമൃതവർഷിണി; തെലങ്കാനയിലെ 'പ്രണയകൊലപാതകം' നടന്ന് മാസങ്ങൾ പിന്നിടുമ്പോഴും ഭാര്യ അമൃത കഴിയുന്നത് ഭയത്തോടെ; അമ്മയും കുഞ്ഞും എവിടെയാണെന്ന് വെളിപ്പെടുത്താതെ പ്രണയ്‌യുടെ പിതാവ് ബാലസ്വാമി

തന്റെ വയറ്റിൽ കിടക്കുന്ന പ്രണയ്‌യുടെ കുഞ്ഞിനെ കൊന്നു കളയാൻ പിതാവ് നിർബന്ധിച്ചിട്ടും അവൾ പോരാടി;  ഭർത്താവിന്റെ മരണം ഉള്ളിൽ നീറുമ്പോൾ ആൺകുഞ്ഞിന് ജന്മം നൽകി അമൃതവർഷിണി; തെലങ്കാനയിലെ 'പ്രണയകൊലപാതകം' നടന്ന് മാസങ്ങൾ പിന്നിടുമ്പോഴും ഭാര്യ അമൃത കഴിയുന്നത് ഭയത്തോടെ; അമ്മയും കുഞ്ഞും എവിടെയാണെന്ന് വെളിപ്പെടുത്താതെ പ്രണയ്‌യുടെ പിതാവ് ബാലസ്വാമി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ് : പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ പ്രണയ് എന്ന യുവാവിന് സ്വന്തം ജീവൻ ബലി നൽകേണ്ടി വന്നപ്പോൾ ഭാര്യ അമൃത വർഷിണിക്ക് നഷ്ടമായത് തന്റെ ജീവിതം കൂടിയാണ്. എന്നാലിപ്പോൾ പ്രിയതമന്റെ ആൺകുഞ്ഞിന് അമൃത ജന്മം നൽകിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രണയ് യുടേയും അമൃതവർഷിണിയുടേയും ഒന്നാം വിവാഹ വാർഷിക വേളയിലാണ് ദൈവാനുഗ്രഹമെന്നവണ്ണം ആൺകുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവമായിരുന്നെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും പ്രണയ് യിന്റെ പിതാവ് ബാലസ്വാമി അറിയിച്ചു.

അമൃതയുടെ വീട്ടുകാർ അമ്മയേയും കുഞ്ഞിനേയും ആക്രമിക്കുമോ എന്ന് ഭയന്ന് ഇവർ എവിടെയാണെന്ന വിവരം പുറത്ത് വിട്ടിട്ടില്ല. മാത്രമല്ല അമൃതയ്ക്കും കുഞ്ഞിനും പൊലീസ് സംരക്ഷണം നൽകണമെന്ന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ബാലസ്വാമി വ്യക്തമാക്കി.2018 സെപ്റ്റംബർ 14നായിരുന്നു നാടിനെ നടുക്കിയ അരും കൊലപാതകം. ഗർഭിണിയായിരുന്ന അമൃതയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴായിരുന്നു പ്രണയ്‌യെ
വെട്ടിക്കൊലപ്പെടുത്തിയത്. അമൃതയുടെ മുന്നിലിട്ടായിരുന്നു പ്രണയ്‌യെ ക്വട്ടേഷൻ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്.

തലയിൽ ആഴത്തിലുള്ള വെട്ടേറ്റതിനാൽ സംഭവസ്ഥലത്തു വച്ചുതന്നെ പ്രണയ് മരിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും അന്നു പുറത്തുവന്നിരുന്നു. അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിർദ്ദേശപ്രകാരമാണ് പ്രണയിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിനായി ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികൾക്ക് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മാരുതി റാവു നൽകിയത്.

കേസിൽ കൊലയാളി ഉൾപ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി. 2018 ജനുവരിയിലാണ് പ്രണയും അമൃതവർഷിണിയും തമ്മിലുള്ള വിവാഹം നടന്നത്. പട്ടികജാതിക്കാരനായ യുവാവിനെ മകൾ വിവാഹം ചെയ്തതിനോട് അമൃതവർഷിണിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും എതിർപ്പായിരുന്നു.

ഗർഭഛിദ്രം നടത്താൻ പിതാവ് നിർബന്ധിച്ചിരുന്നു

പ്രണയിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ഗർഭഛിദ്രം നടത്താൻ പിതാവ് നിർബന്ധിച്ചിരുന്നതായി അമൃത നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് അമൃതയും പ്രണയ്യും പ്രണയിച്ച് വിവാഹം കഴിച്ചത്. പ്രണയ് കൊല്ലപ്പെടുമ്പോൾ അമൃത മൂന്ന് മാസം ഗർഭിണിയായിരുന്നു.

വിവാഹത്തിന് ശേഷം അച്ഛൻ തന്നോട് അപൂർവമായി മാത്രമേ മിണ്ടിയിരുന്നുള്ളു എന്നും എപ്പോൾ വിളിച്ചാലും ഗർഭം അലസിപ്പിച്ച് വീട്ടിൽ മടങ്ങി വരണമെന്ന് അച്ഛൻ ആവശ്യപ്പെട്ടിരുന്നതായും അമൃത വെളിപ്പെടുത്തി. കൊലപാതകം നടന്ന ഏതാനും ദിവസം കഴിഞ്ഞ് മാധ്യമ പ്രവർത്തകരോടാണ് അമൃത വർഷിണി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രണയിനെ തന്റെ പിതാവ് ക്വട്ടേഷൻ നൽകി കൊല്ലുന്നതിന് രണ്ട് ദിവസം മുമ്പ് ബുനാഴ്ചയും ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അമൃത വെളിപ്പെടുത്തി.

ഗർഭസ്ഥ ശിശുവിനെ അബോർഷൻ ചെയ്ത് ഇല്ലാതാക്കിയ ശേഷം പ്രണയിനെ കൊലപ്പെടുത്തി തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടു പോകാനായിരുന്നു പിതാവിന്റെ ലക്ഷ്യമെന്നും അമൃത പറഞ്ഞു. ഇനി തന്റെ കുഞ്ഞിന് വേണ്ടി മാത്രമായിരിക്കും തന്റെ ജീവിതമെന്നും അമൃത കൂട്ടിച്ചേർത്തു. പ്രണയിനെ വീട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നിരുന്നു. എന്നാൽ പരസ്യമായി കൊല്ലുമെന്ന് കരുതിയില്ല. പ്രതികൾക്ക് ശിക്ഷ ലഭിക്കണം. ജയിൽ ശിക്ഷ ലഭിച്ചാൽ പോര പ്രണയിനെ കൊന്നത് പോലെ അവർക്കും മരണശിക്ഷ വിധിക്കണമെന്നും അമൃത പറഞ്ഞു.

ഗർഭിണിയായ അമൃതയുമായി ആശുപത്രിയിൽ നിന്ന് ചെക്കപ്പ് കഴിഞ്ഞിറങ്ങിയപ്പോഴാണ് അക്രമി പ്രണയ്‌നെ വെട്ടിക്കൊന്നത്.അമൃതയുടെ പിതാവ് മാരുതി റാവു ഒരു കോടി രൂപയ്ക്ക് ക്വൊട്ടേഷൻ നൽകിയാണ് പ്രണയിനെ കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മാരുതി റാവു, അമൃതയുടെ അമ്മാവൻ ശ്രാവൺ കുമാർ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. അമൃത വൈശ്യ സമുദായക്കാരിയും കൊല്ലപ്പെട്ട പ്രണയ് ദളിത് ക്രിസ്ത്യൻ സമുദായക്കാരനുമാണ്. ഇതാണ് അമൃതയുടെ പിതാവിന്റെ വൈരാഗ്യത്തിന് കാരണം.

നാടിന് തേങ്ങലായി ബാലസ്വാമിയുടെ കണ്ണീർ

'എന്തിനാണ് നിങ്ങൾ എന്റെ മകനെ കൊന്നുകളഞ്ഞത് ? നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ മകളെ തിരികെ കൊണ്ടു പോകാമായിരുന്നല്ലോ? എന്നാൽ അത് ചെയ്യാതെ നിങ്ങൾ ഞങ്ങളുടെ മകന്റെ ജീവൻ ഇല്ലാതാക്കി' - പ്രണയുടെ പിതാവ് ബാലസ്വാമി പറഞ്ഞ വാക്കുകൾ മാസങ്ങൾക്കിപ്പുറവും ജനഹൃദയങ്ങളിൽ നിന്നും മായുന്നില്ല. അമൃതയെ മരുമകളായി പ്രണയ്യുടെ കുടുംബം തുടക്കത്തിൽ സ്വീകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് മകന്റെ പ്രണയ വിവാഹം ഇവർ അംഗീകരിക്കുകയാണ്. ദളിത് ക്രിസ്ത്യൻ കുടുംബമാണ് പ്രണയ്യുടേത്. വൈശ്യവിഭാഗത്തിൽപ്പെട്ടവളാണ് അമൃത.

പ്രണയ്യുടെ വീടിന് സമീപത്തായി തന്നെയാണ് അമൃതയുടെ വീട്. അതിസമ്പന്നരാണ് അമൃതയുടെ വീട്ടുകാരെന്നും ഏകമകളായ അമൃതയും ദളിത് യുവാവായ പ്രണയിയെ വിവാഹം ചെയ്തത് അവർ അംഗീകരിച്ചിരുന്നില്ലെന്നും സുഹൃത്തുക്കൾ പറയുന്നു.തെലങ്കാനയിലെ കാകാത്തിയ കൺസപ്റ്റ് സ്‌കൂളിൽ പ്രണയുടെ ജൂനിയറായി പഠിച്ചതാണ് അമൃത. ശ്രീനിധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പ്രണയ് അമൃതയെ വിവാഹം ചെയ്യുന്നത്. ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ബിരുദ കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അമൃത.

അമൃതയുടേയും പ്രണയുടേയും ബന്ധത്തിന് തുടക്കം മുതലേ വീട്ടുകാർ എതിരായിരുന്നെന്നും ആറ് മാസത്തോളം അമൃതയെ അവരുടെ വീട്ടുകാർ വീട്ടുതടങ്കലിൽ ഇട്ടിരുന്നെന്നും പ്രണയ്യുടെ സുഹൃത്ത് പറയുന്നു. 2018 ജനുവരിയിൽ ഹൈദരാബാദിലെ ആര്യ സമാജത്തിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. അമൃത അവരുടെ ഏകമകളാണ്. അമൃതയുടെ പേരിൽ സ്‌കൂളുകളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും ഉണ്ട്. പ്രണയിയുമായുള്ള ബന്ധം അറിഞ്ഞ ഉടൻ തന്നെ ഭീഷണിയുമായി വീട്ടുകാർ രംഗത്തെത്തിയിരുന്നു. പ്രണയിയെ കൊന്നുകളുമെന്ന് നേരത്തെ തന്നെ അമൃതയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രണയുടെ ബന്ധുക്കളും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP