Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കി സീറ്റിൽ വാശി വിടാതെ ജോസഫ് കളത്തിലിറങ്ങിയത് മാണിക്കുള്ള താക്കീതായി; പഴയ ശത്രുവായ ജോർജിനെ ഉപവാസ പന്തലിൽ എത്തിച്ചത് മാണിയെ വിരട്ടാൻ; ലയനം കൊണ്ട് പ്രയോജനമുണ്ടായില്ല എന്ന കുത്തുവാക്കിന് അതേ വാക്കിൽ മറുപടി കൊടുത്ത് ഉടക്കിനെങ്കിൽ ഉടക്കിന് തന്നെയെന്ന് സൂചന നൽകി മാണിയും; എൽഡിഎഫും യുഡിഎഫും ചേർക്കാതായതോടെ കച്ചിത്തുരുമ്പ് തേടി നടന്ന ജോർജിന്റെ കൈയിൽ ജോസഫ് വീണെന്ന ആരോപണം ശക്തം; മാണിയും ജോസഫും ഏറ്റു മുട്ടുമ്പോൾ തലവേദന കോൺഗ്രസിന്

ഇടുക്കി സീറ്റിൽ വാശി വിടാതെ ജോസഫ് കളത്തിലിറങ്ങിയത് മാണിക്കുള്ള താക്കീതായി; പഴയ ശത്രുവായ ജോർജിനെ ഉപവാസ പന്തലിൽ എത്തിച്ചത് മാണിയെ വിരട്ടാൻ; ലയനം കൊണ്ട് പ്രയോജനമുണ്ടായില്ല എന്ന കുത്തുവാക്കിന് അതേ വാക്കിൽ മറുപടി കൊടുത്ത് ഉടക്കിനെങ്കിൽ ഉടക്കിന് തന്നെയെന്ന് സൂചന നൽകി മാണിയും; എൽഡിഎഫും യുഡിഎഫും ചേർക്കാതായതോടെ കച്ചിത്തുരുമ്പ് തേടി നടന്ന ജോർജിന്റെ കൈയിൽ ജോസഫ് വീണെന്ന ആരോപണം ശക്തം; മാണിയും ജോസഫും ഏറ്റു മുട്ടുമ്പോൾ തലവേദന കോൺഗ്രസിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എം. മാണി-പി.ജെ. ജോസഫ് ഏറ്റുമുട്ടൽ പരസ്യമായതോടെ വെട്ടിലാകുന്നത് കോൺഗ്രസ്. ജോസഫിന് യുഡിഎഫിൽ തുടരാനാണ് താൽപ്പര്യം. കേരളാ കോൺഗ്രസി(എം)ൽ പ്രതിസന്ധി രൂക്ഷമായി പാർട്ടി പിളർന്നാൽ മാണിയും ജോസഫും ഒരു മുന്നണിയിൽ എങ്ങനെ നിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മാണിയെ തള്ളി ജോസഫിനെ കൂടെ കൂട്ടാൻ കോൺഗ്രസിനാകില്ല. ഇതിനൊപ്പമാണ് ജോസഫിനൊപ്പം ചേർന്നുള്ള പിസി ജോർജിന്റെ നടത്തം. ജോസഫ് ഇടതുപക്ഷത്തേക്ക് മാറിയാൽ അത് ഇടുക്കിയിൽ പ്രതിഫലനവുമുണ്ടാകും. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിലെ പുതിയ പ്രതിസന്ധിയെ സസൂക്ഷ്മം വീക്ഷിക്കുകയാണ് കോൺഗ്രസ്.

മാണിയുടെ നിഴൽ വിട്ട് യു.ഡി.എഫിൽത്തന്നെ പ്രത്യേക ഗ്രൂപ്പായി നിൽക്കാനാണു ജോസഫ് പക്ഷത്തിന്റെ നീക്കം. ഇടതുമുന്നണിയിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസുമായി സഹകരിക്കാൻ തടസമില്ലെന്നു പറയുമ്പോഴും യു.ഡി.എഫ്. വിടാൻ ജോസഫിന് ഉദ്ദേശ്യമില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് സാധ്യത ഏറെയാണ്. ലോക്‌സഭയിലേക്ക് കൂടുതൽ സീറ്റ് എന്ന ആവശ്യത്തിൽ ജോസഫ് വിട്ടുവീഴ്ചയ്ക്കില്ല. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സർവമതപ്രാർത്ഥന ഏറെ ചർച്ചകൾക്കും വഴിവയ്ക്കുന്നു. ഈ പ്രാർത്ഥനയിൽ പിസി ജോർജും പങ്കെടുത്തു. രണ്ട ്‌സീറ്റുകൾ വിട്ടുകൊടുത്താൽ ഈ പ്രശ്‌നം തീരുമെന്ന് കോൺഗ്രസിന് അറിയാം. എന്നാൽ ഇതിന് കഴിയുകയുമില്ല.

കോട്ടയവും ഇടുക്കിയും വേണമെന്നാണ് ജോസഫിന്റെ ആവശ്യം. രണ്ട് സീറ്റ് കൊടുത്താൽ മാണിയുടെ പ്രതിനിധി കോട്ടയത്തും ജോസഫ് ഇടുക്കിയിലും മത്സരിക്കും. അല്ലെങ്കിൽ കോട്ടയവും ചാലക്കുടിയുമെന്നതാണ് ജോസഫിന്റെ ആവശ്യം. മാണിക്ക് കോട്ടയം മാത്രം മതി. പ്രശ്‌ന പരിഹാരത്തിനായി രണ്ട് സീറ്റ് കേരളാ കോൺഗ്രസിന് കൊടുത്താൽ മുസ്ലിം ലീഗും വയനാട്ടിൽ നിലപാട് കടുപ്പിക്കും. അവർക്കും സീറ്റ് നൽകേണ്ടി വരും. ഇതോടെ യുഡിഎഫിൽ കോൺഗ്രസിന് മത്സരിക്കാനുള്ള സീറ്റിന്റെ എണ്ണം ഏറെ കുറയുകയും ചെയ്യും. ഇതെല്ലാം യുഡിഎഫിൽ പുതിയ പ്രശ്‌നമായി മാറും. അതിനാൽ കേരളാ കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകാൻ കോൺഗ്രസിന് കഴിയില്ല. ഇതിനെ മുതലെടുക്കാൻ ഇടതു പക്ഷം തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഇടുക്കി സീറ്റിൽ വാശി വിടാതെ ജോസഫ് കളത്തിലിറങ്ങിയത് മാണിക്കുള്ള താക്കീതുമായാണ്. പാർട്ടിയിൽ രണ്ടാമൻ താനാണെന്ന ഓർമ്മപ്പെടുത്തൽ. പഴയ ശത്രുവായ ജോർജിനെ ഉപവാസ പന്തലിൽ എത്തിച്ചത് മാണിയെ വിരട്ടാൻ കൂടിയാണ്. മാണിയുടെ പ്രധാന രാഷ്ട്രീയ ശത്രുവാണ് ജോർജ്. ഇതെല്ലാം മനസ്സിലാക്കിയാണ് ലയനം കൊണ്ട് പ്രയോജനമുണ്ടായില്ല എന്ന കുത്തുവാക്കിന് അതേ വാക്കിൽ മറുപടി കൊടുത്ത് ഉടക്കിനെങ്കിൽ ഉടക്കിന് തന്നെയെന്ന് സൂചന നൽകി മാണിയും കളം നിറയുന്നത്. ഇതോടെ കേരളാ കോൺഗ്രസിൽ പ്രതിസന്ധി പുതിയ തലത്തിൽ എത്തുകയാണ്. എൽഡിഎഫും യുഡിഎഫും ചേർക്കാതായതോടെ കച്ചിത്തുരുമ്പ് തേടി നടന്ന ജോർജിന്റെ കൈയിൽ ജോസഫ് വീണെന്ന ആരോപണം മാണി വിഭാഗം ശക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിൽ പിളർപ്പിന് വീണ്ടും മാണി തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

പഴയ കേരളാ കോൺഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കണമെന്നാണു ജോസഫ് പക്ഷത്തെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ, യു.ഡി.എഫ്. വിടാൻ ജോസഫിനു താത്പര്യമില്ല. കൂറുമാറ്റനിരോധനനിയമവും തടസമാണ്. ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടി, യു.ഡി.എഫിൽ പ്രത്യേകവിഭാഗമായി നിലകൊള്ളാനാണു ജോസഫിന്റെ നീക്കം. ഇടുക്കി സീറ്റ് കൂടി കേരളാ കോൺഗ്രസി(എം)നു ലഭിച്ചാൽ ജോസഫ് തന്നെയാകും സ്ഥാനാർത്ഥി. അങ്ങനെയെങ്കിൽ രാഷ്ട്രീയഗുരുനാഥനായ ജോസഫിനെതിരേ മത്സരിക്കാൻ ഇടതുമുന്നണി അവസരം നൽകിയാലും ഫ്രാൻസിസ് ജോർജ് തയാറാവില്ല. ഇത് ഇടതുമുന്നണിയിലും പ്രശ്നങ്ങൾ സൃഷ്ടിക്കും.

പാർട്ടി ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാനാണു കേരള യാത്രാ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിയോഗിച്ചതെന്നു ജോസഫ് വിഭാഗം കരുതുന്നു. യാത്രയ്ക്കു ബദലായി ഗാന്ധിസമാധി തിരുവനന്തപുരത്ത് ആചരിച്ച ജോസഫ് വിഭാഗം വിലപേശലിനായി ലോക്‌സഭാ സീറ്റാണ് കരുവാക്കുന്നത്. ലയനം കൊണ്ടു പ്രയോജനം ഉണ്ടായില്ലെന്നു കെ.എം. മാണിയും പി.ജെ. ജോസഫും തുറന്നു പറഞ്ഞതും ഏറെ ചർച്ചയായിട്ടുണ്ട്. ഭിന്നത ചർച്ചയിലൂടെ പരിഹരിക്കാമെന്നാണു മാണി വിഭാഗത്തിന്റെ പ്രതീക്ഷ. മുൻ തിരഞ്ഞെടുപ്പുകളിലും സംസ്ഥാന സമ്മേളനത്തിലും തർക്കങ്ങളുണ്ടായെങ്കിലും ചർച്ചയിലൂടെ പരിഹരിച്ചതാണ് ആത്മവിശ്വാസത്തിന് അടിസ്ഥാനം. പാർട്ടി നേതാക്കളില്ലാതെ കുടുംബാംഗങ്ങൾക്കൊപ്പം കെ.എം. മാണി ഇന്നലെ 86ാം പിറന്നാൾ പാലായിൽ ആഘോഷിക്കുമ്പോഴാണ് ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തിരുവനന്തപുരത്ത് ചേർന്നത്. പിറന്നാളിന്റെ പേരിൽ ഗാന്ധിസമാധി ആചരണത്തിൽ നിന്നു വിട്ടുനിന്ന കെ.എം. മാണി ഭിന്നത ഇല്ലെന്നു വരുത്താനാണ് എംഎൽഎമാരായ സി.എഫ്. തോമസ്, എൻ. ജയരാജ്, ജോസഫ് എന്നിവരെ സമാധിദിന ചടങ്ങിന് അയച്ചതും. ഇത് നിർണ്ണായക നീക്കമായി.

ഇപ്പോൾ കെ.എം. മാണിയാണ് ചെയർമാൻ. പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും. ചെയർമാനെയും വർക്കിങ് ചെയർമാനെയും ഒഴിവാക്കി വൈസ് ചെയർമാനെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചത് ചെയർമാന്റെ കസേര ലക്ഷ്യമിട്ടാണെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. ചെയർമാൻ സ്ഥാനത്തിന് അവകാശം ഉന്നയിക്കുന്നതിനു പകരം ലോക്‌സഭാ സീറ്റിന്റെ പേരിൽ അതൃപ്തി രേഖപ്പെടുത്താനാണു ജോസഫ് ഗ്രൂപ്പിന്റെ നീക്കം. സിറ്റിങ് സീറ്റായ കോട്ടയം വിട്ടു നൽകാൻ മാണി വിഭാഗം തയാറല്ല.രാജ്യസഭാ സീറ്റും ലോക്‌സഭാ സീറ്റും മാണി വിഭാഗം എടുക്കുന്നതിലാണു ജോസഫ് വിഭാഗത്തിന് അതൃപ്തി. കോട്ടയത്തിനു പുറമെ രണ്ടാം സീറ്റു കിട്ടിയാൽ ജോസഫ് വിഭാഗത്തിനു നൽകാമെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്. ഇടുക്കി കേരള കോൺഗ്രസിനു കിട്ടിയാൽ ജോസഫ് മത്സരിക്കുകയും മകൻ അപു ജോസഫിനെ തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ മൽസരിപ്പിക്കുകയുമാണ് ലക്ഷ്യമെന്നു മാണി വിഭാഗം കരുതുന്നു. കോട്ടയത്തു നിഷ ജോസ് കെ. മാണിയെ മത്സരിപ്പിക്കാനാണു നീക്കമെന്നു ജോസഫ് സംശയിക്കുന്നു.

ജോസഫ് ഗ്രൂപ്പിലെ പഴയ നേതാവു കൂടിയായ പി.സി. ജോർജ് എംഎൽഎ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തതാണ് മറ്റൊരു വിവാദം. ജോർജ് പങ്കെടുത്തതിൽ തെറ്റില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. എന്നാൽ മോൻസ് ജോസഫ് എംഎൽഎയാണു ജോർജിനെ ക്ഷണിച്ചതെന്നു പി.ജെ. ജോസഫ് പറഞ്ഞു. ഭിന്നത പറഞ്ഞു തീർത്തില്ലെങ്കിൽ വീണ്ടുമൊരു ശക്തി പ്രകടനത്തിനു ജോസഫ് വിഭാഗം തയ്യാറെടുക്കുന്നുവെന്നു സൂചനയുണ്ട്. തൊടുപുഴ ആസ്ഥാനമായി ജോസഫ് നേതൃത്വം നൽകുന്ന ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാ യജ്ഞം. മുൻവർഷങ്ങളിലെല്ലാം ഈ പരിപാടി തൊടുപുഴയിലാണ് നടത്തിയിരുന്നത്. പിസി ജോർജിനെ പങ്കെടുത്ത് പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് തുടക്കമിടാനാണ് വേദി തിരുവനന്തപുരത്തേക്ക് മാറിയത്. ഇടതും വലതും പിസിയെ അടുപ്പിക്കുന്നില്ല. ഇത് മനസ്സിലാക്കി ജോസഫുമായി പിസി വീണ്ടും അടുക്കുന്നുവെന്നാണ് വിലയിരുത്തൽ. ജോസഫിനെ മാണിയിൽ നിന്ന് പിളർത്തിയെടുത്ത് പുതിയ പാർട്ടിയാണ് ജോർജിന്റെ ലക്ഷ്യം.

കേരളാ കോൺഗ്രസി(എം)ൽ ലയിച്ചതു മുതൽ ജോസഫ് ആവശ്യപ്പെടുന്നതാണ് ഇടുക്കി ലോക്സഭാ സീറ്റ്. ഓരോ തവണയും മാണി ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്ത് തങ്ങളെ ചതിക്കുന്നുവെന്നാണു ജോസഫിന്റെ പരാതി. പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിനു പരാതിയുണ്ട്. ജോസ് കെ. മാണിയെ ലോക്സഭാംഗത്വം രാജിവയ്‌പ്പിച്ച് രാജ്യസഭാംഗമാക്കിയതിനു പുറമേ, വർക്കിങ് ചെയർമാനായ തന്നെ മറികടന്ന് വൈസ് ചെയർമാൻ ജോസിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാൻ കേരളയാത്ര സംഘടിപ്പിച്ചതിലും ജോസഫിനു പ്രതിഷേധമുണ്ട്. അതിന്റെ പ്രതിഫലനമായിരുന്നു സർവമതപ്രാർത്ഥന.

ഉമ്മൻ ചാണ്ടിക്കു മത്സരിക്കണമെങ്കിൽ കോട്ടയം സീറ്റ് കോൺഗ്രസിനു വിട്ടുകൊടുക്കണമെന്നാണു ജോസഫിന്റെ നിലപാട്. പകരം ഇടുക്കിയും ചാലക്കുടിയും കിട്ടണം. ഇടുക്കി കിട്ടിയാൽ ജോസഫ് മത്സരിക്കും. വിജയിച്ചാൽ, ഒഴിവുവരുന്ന തൊടുപുഴ നിയമസഭാമണ്ഡലത്തിൽ മകനെ മത്സരിപ്പിക്കാനാണു നീക്കം. എന്നാൽ, കോട്ടയം സീറ്റിനു പുറമേ മറ്റൊരു സീറ്റ് കേരളാ കോൺഗ്രസി(എം)നു നൽകാൻ കോൺഗ്രസ് തയാറാകില്ല. ഈ സാഹചര്യമുണ്ടായാൽ ഇടുക്കി മതിയെന്നാണ് ജോസഫിന്റെ പക്ഷം. അതിനിടെ ഒരു സീറ്റേ ലഭിക്കൂവെങ്കിൽ ജോസഫിന്റെ എതിർപ്പു മറികടന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണു മാണിയുടെ തീരുമാനം. 

 മാണിയുമായി അകന്ന പി.ജെ. ജോസഫിനു പിന്തുണയുമായെത്തിയ പി.സി. ജോർജിന്റെ ലക്ഷ്യം യു.ഡി.എഫ്. പ്രവേശനമാണ്. യു.ഡി.എഫിന്റെ ഭാഗമാകാൻ നേരിട്ടു നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണു മാണി-ജോസഫ് ഭിന്നത ഉപയോഗപ്പെടുത്താൻ ജോർജ് ശ്രമം തുടങ്ങിയത്. കോൺഗ്രസുമായി സഹകരിക്കാനുള്ള താൽപര്യമറിയിച്ച് ജോർജ് നേരത്തേ രാഹുൽ ഗാന്ധിക്കു കത്തയച്ചിരുന്നു. യു.ഡി.എഫായിരുന്നു ലക്ഷ്യം. കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും നഖശിഖാന്തം എതിർത്തതോടെ ജോർജിനെ സ്വീകരിക്കുന്ന കാര്യം ചർച്ചയിൽപ്പോലുമില്ലെന്നു കെപിസിസി. നേതൃത്വം വ്യക്തമാക്കി. അതിനു പിന്നാലെയാണു ജോസഫിന്റെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്തു നടത്തിയ ഉപവാസത്തിൽ ജോർജ് പങ്കെടുത്തത്.

നേരത്തേ ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന പി.സി. ജോർജ്, ജോസഫുമായി തെറ്റിയാണു പുറത്തുപോയത്. പിന്നീട് മാണി, ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചു. ഇടക്കാലത്ത് മാണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി. ബാർ കോഴയോടെ അത് തെറ്റി. തുടർന്ന് ഒരു മുന്നണിയിലുമില്ലാതെയാണു നിൽപ്പ്. ഈ സാഹചര്യത്തിലാണ് ജോസഫിനെ മാണി ഗ്രൂപ്പിൽനിന്നു പുറത്തുചാടിക്കാനുള്ള നീക്കങ്ങൾക്കു പിന്നിൽ ജോർജ് ഇടപെടുന്നത്. യു.ഡി.എഫിൽത്തന്നെ നിൽക്കാനുദ്ദേശിക്കുന്ന ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായി നിന്ന് മുന്നണിയിൽ ഇടം നേടാനാണ് ജോർജിന്റെ കരുനീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP