Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമയിൽ കാണുന്നതുപോലെ ഒരു കസേരയിൽ 'വില്ലൻ' ഇരിക്കുന്നു; ദിലീപ് കാലിന്മേൽ കാൽകയറ്റി കസേരയിലും; തുളസീദാസിനെ ദിലീപ് നിർത്തി സംസാരിപ്പിച്ചു; തന്റെ സിനിമയിൽ അഭിനയിക്കാതെ വട്ടം കറക്കുകയാണെന്ന് പിടികിട്ടിയപ്പോൾ മാക്ടയിൽ വിനയന് പരാതി നൽകി; വിനയനെ ഒതുക്കുന്നത് മുതൽ അമ്മയുടെ ട്വിന്റി 20 സക്‌സസാകും വരെ കള്ളക്കളികൾ തുടർന്നു; പല്ലിശേരിയുടെ പരമ്പര തുടരുന്നു

സിനിമയിൽ കാണുന്നതുപോലെ ഒരു കസേരയിൽ 'വില്ലൻ' ഇരിക്കുന്നു; ദിലീപ് കാലിന്മേൽ കാൽകയറ്റി കസേരയിലും; തുളസീദാസിനെ ദിലീപ് നിർത്തി സംസാരിപ്പിച്ചു; തന്റെ സിനിമയിൽ അഭിനയിക്കാതെ വട്ടം കറക്കുകയാണെന്ന് പിടികിട്ടിയപ്പോൾ മാക്ടയിൽ വിനയന് പരാതി നൽകി; വിനയനെ ഒതുക്കുന്നത് മുതൽ അമ്മയുടെ ട്വിന്റി 20 സക്‌സസാകും വരെ കള്ളക്കളികൾ തുടർന്നു; പല്ലിശേരിയുടെ പരമ്പര തുടരുന്നു

പല്ലിശേരി

തുളസീദാസ് വലുതും ചെറുതുമായ നടീടന്മാരെ അഭിനയിപ്പിച്ച് സിനിമകൾ ഉണ്ടാക്കിയ സംവിധായകനാണ്. മമ്മൂട്ടി, മോഹൻലാൽ, മുരളി, ജയറാം, ദിലീപ് തുടങ്ങിയവരെ നായകന്മാരാക്കിയും സിനിമകൾ ചെയ്തിട്ടുണ്ട്. തുളസീദാസിന്റെ 'മായപ്പൊന്മാൻ' എന്ന സിനിമയിൽ ദിലീപ് നായകനായിരുന്നു. നായിക മോഹിനിയും. സിനിമ ഹിറ്റായപ്പോൾ മറ്റൊരു ഡേറ്റ് നൽകുമെന്ന് ദിലീപ് തുളസീദാസിന് വാക്ക് കൊടുത്തിരുന്നു. ദിലീപ് സിനിമകൾക്ക് പറ്റിയ സംവിധായകനായിരുന്നു തുളസീദാസ്. എന്നാൽ ദിലീപിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊടുക്കാൻ തുളസീദാസ് തയ്യാറായിരുന്നുമില്ല. ദിലീപ് പറഞ്ഞതെല്ലാം അനുസരിക്കുകയാണെങ്കിൽ പിന്നെ സംവിധായകന്റെ ആവശ്യമെന്ത്?

അടുത്ത സിനിമ ചെയ്യുമ്പോൾ തുളസീദാസിനെ മര്യാദ പഠിപ്പിക്കാമെന്ന് ദിലീപ് സ്വയം പറഞ്ഞ് സന്തോഷിച്ചു. പുതിയ സിനിമകൾക്ക് കഥ തയ്യാറാക്കിയ തുളസീദാസ് കഥപറയുന്നതിനായി ദിലീപിനെ സമീപിച്ചു. കഥ കേട്ടശേഷം ദിലീപ് സന്തോഷം നടിച്ച് സമ്മതിച്ചു. അഡ്വാൻസ് കൈപ്പറ്റിയ തുളസീദാസിനെ വിളിച്ച് ദിലീപ് പറഞ്ഞു നമുക്ക് മറ്റൊരു കഥ ചെയ്യാം. അങ്ങനെ കഥകൾ പലതും മാറി, ഡേറ്റുകളും മാറി.

ദിലീപ് മനപ്പൂർവമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കിയ തുളസീദാസ് തത്കാലം എല്ലാം ക്ഷമിക്കാൻ തീരുമാനിച്ചു. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനായി മറ്റു നടീനടന്മാരിൽ നിന്നും ഡേറ്റ് വാങ്ങിയിരുന്നു. ദീലീപ് ഡേറ്റുകൾ മാറ്റിയപ്പോൾ അതിനനുസരിച്ച് മറ്റുള്ളവരുടെ ഡേറ്റുകളും മാറി. തുളസീദാസുമായി നല്ലബന്ധം സൂക്ഷിച്ചിരുന്ന നടീനടന്മാർ തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞു. അവർ പറഞ്ഞത് ന്യായമാണെന്ന് മറ്റാരേക്കാളും കൂടുതൽ തുളസീദാസിനും അറിയാമായിരുന്നു. ദിലീപും ആഗ്രഹിച്ചത് ഇതൊക്കെ തന്നെയാണ്.

തുളസീദാസിന്റെ പടം ചെയ്യില്ല എന്ന് തീരുമാനം എടുത്തുകഴിഞ്ഞെങ്കിലും രണ്ടാമതൊരാളോട് ഇക്കാര്യം ദിലീപ്് സൂചിപ്പിച്ചില്ല. അന്ന് വിനയൻ മാക്ടയുടെ നായകനായിരുന്നു. ന്യായമായ ആവശ്യങ്ങൾ ആർക്കായാലും അംഗീകരിച്ചുകൊടുത്തിരുന്നു. ദിലീപ് വട്ടം കറക്കിയെന്ന് മനസിലായപ്പോൾ തുളസീദാസ് വിനയനെ സമീപിച്ചു. ദിലീപുമായി നല്ല ബന്ധം പുലർത്തിയിരുന്ന വിനയൻ മുഖേന പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കരുതി. ദിലീപിനെ രക്ഷപെടുത്തിയ കാര്യത്തിൽ ആത്മവിശ്വാസവുമുണ്ടായിരുന്നു.

ദിലീപ് പഴയ ദിലീപ് അല്ലെന്ന് മനസിലാക്കി തന്നെയായിരുന്നെങ്കിലും നന്ദിയില്ലാത്ത ഒരുവനായി വളർന്നെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. പരാതി സ്വീകരിക്കുന്നതിന് മുൻപ് ദിലീപിനെ ചെന്ന് കണ്ട് ഒന്നുകൂടി സംസാരിക്കാൻ വിനയൻ ഉപദേശിച്ചു. അതിനനുസരിച്ച് തുളസീദാസ് ലൊക്കേഷനിൽ ചെന്ന് ദിലീപിനെ കണ്ടു. എന്നാൽ തുളസീദാസ് അപമാനിക്കപ്പെടുകയായിരുന്നു. സിനിമയിൽ കാണുന്നതുപോലെ ഒരു കസേരയിൽ വില്ലൻ ഇരിക്കുന്നു. മറ്റൊരു കസേരയും അവിടെ ഉണ്ടായിരുന്നില്ല. അതുപോലെയായിരുന്നു ലൊക്കേഷനിലും. തുളസീദാസിനെ ദിലീപ് നിർത്തി സംസാരിപ്പിച്ചു. ദിലീപ് കാലിന്മേൽ കാൽകയറ്റി കസേരയിലും. തുളസീദാസിന്റെ സിനിമയിൽ അഭിനയിക്കുന്നവരും സഹകരിക്കുന്നവരും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ആരേയും വേദനിപ്പിക്കുന്ന രംഗങ്ങളായിരുന്നു അവിടെ നടന്നത്. ദിലീപ് സിനിമയിൽ അഭിനയിക്കുകയില്ലെന്ന് തുളസീദാസിന് മനസിലായി. അഭിനയിച്ചില്ലെങ്കിൽ അഡ്വാൻസ് വാങ്ങിയ ലക്ഷങ്ങൾ തിരികെ കൊടുക്കേണ്ടതല്ലേ. അത് ദിലീപ് ചെയ്തില്ല. ഒടുവിൽ തുളസീദാസ് വിനയൻ നേതാവായ മാക്ടയിൽ പരാതി നൽകി. നീതിക്ക് വേണ്ടി തന്നെ സമീപിച്ച തുളസീദാസിന്റെ ഭാഗത്താണ് ന്യായം എന്ന് മനസിലാക്കുന്ന രീതിയിൽ മുന്നോട്ട് നീങ്ങിയ വിനയനെ ചതിക്കാനാണ് ദിലീപ് കരുക്കൾ നീക്കിയത്.

വിനയൻ തുളസീദാസിനെ സഹായിച്ചതിന്റെ പേരിൽ ദിലീപ് കളി തുടങ്ങി. പലരേയും തെറ്റിദ്ധരിപ്പിച്ച് സംഘടനയിൽ നിന്ന് വിനയനെ ഒറ്റപ്പെടുത്തി. അതിന് ശേഷം ഫെഫ്ക എന്ന സംഘടന ഉണ്ടാക്കുന്നതിന് സജീവമായി ചരട് വലിച്ചതും ദിലീപ് തന്നെയായിരുന്നു. ദിലീപ് ചതിച്ചതിന്റെ പേരിൽ തുളസീദാസിന്റെ സിനിമ നടന്നില്ല. ഒടുവിൽ വിനയനെതിരേ നടപടികൾ എടുക്കുകയും ചെയ്തു. വിനയനോടൊപ്പം കുറെ നടീനടന്മാരും ടെക്നീഷ്യന്മാരും നിന്നതിന്റെ പേരിൽ പലരേയും ഒറ്റപ്പെടുത്തി. അധികാരത്തിന്റെ മറവിൽ വിലക്കുകൾ ഏർപ്പെടുത്തിയപ്പോൾ ദിലീപ് പൊട്ടിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇതിന്റെ എല്ലാം പിന്നിൽ ദിലീപ് ആയിരുന്നുവെന്ന് വളരെ വൈകിയാണ് പലരും മനസിലാക്കിയത്. ദിലീപ് ഇതിനകം തന്നെ സിനിമാരംഗത്തെ തന്റെ സാമ്രാജ്യം കുറേശേ കുറേശേ ആയി വികസിപ്പിച്ചുകൊണ്ടിരുന്നു. അതിനുസരിച്ച് ബന്ധങ്ങളും.

ആയിടയ്ക്കാണ് താരങ്ങളുടെ സംഘടനയായ അമ്മ ഫണ്ട് സ്വരൂപിക്കാനായി സിനിമ നിർമ്മിക്കുന്ന കാര്യം ആലോചിച്ചത്. ആലോചന സജീവമായി നടന്നെങ്കിലും അതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അപ്പോഴാണ് ദിലീപ് ഒരു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സ്വയം ചോദിച്ചത് സിനിമ നിർമ്മിക്കാൻ തനിക്ക് കഴിയില്ലേ? കഠിനാധ്വാനവും കുതികാൽ വെട്ടും മനസാക്ഷി പണയംവെച്ചുമല്ലേ ഇവിടം വരെ എത്തിയത്. ഇവിടേയും ചങ്കൂറ്റം കാണിക്കണം. നടീനടന്മാരെല്ലാം സൗജന്യമായി അഭിനയിക്കണം. മലയാളസിനിമ ഇതുവരെ കാണാത്ത താരനിരയുമായി സിനിമ ചെയ്താൽ അത് എന്നെന്നും ഓർമ്മിക്കപ്പെടും. നഷ്ടം ഉണ്ടാകാതെ നോക്കാനും തനിക്ക് കഴിയും. എനിക്ക് കഴിയും എനിക്ക് കഴിയും എന്ന് സ്വയം പറഞ്ഞ് ഉറപ്പിച്ച ദിലീപ് താൻ അച്ഛനെപ്പോലെ കാണുന്ന ഇന്നസെന്റുമായി ആലോചിച്ചു. ദിലീപിന്റെ കഠിനാദ്ധ്വാനത്തെ അറിയാവുന്ന ഇന്നസെന്റിന് സന്തോഷമായി. അയാൾ ദിലീപിനെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ദിലീപിന് അമ്മയുടെ സിനിമാ നിർമ്മാണത്തിന് ദിലീപിന് ധൈര്യം ലഭിച്ചത്.

അമ്മയുടെ സിനിമ ദിലീപ് നിർമ്മിക്കാൻ പോകുന്ന കാര്യം അവതരിപ്പിച്ചപ്പോൾ തന്നെ പലരും അതൊരു തമാശയായി കരുതി. ചിലർ പലരീതിയിലും ദിലീപിന്റെ മനസ് തകർക്കുന്ന രീതിയിൽ പ്രചാരണവും അഴിച്ചുവിട്ടു. ഇന്നസെന്റ് പാറ പോലെ ദിലീപിനൊപ്പം ഉറച്ച് നിന്ന് എല്ലാ സഹായവും നൽകി. ഒടുവിൽ അമ്മയുടെ ദൗത്യം ദിലീപ് ഏറ്റെടുത്തു. അമ്മയ്ക്ക് ഒരു കോടി രൂപ അഡ്വാൻസ് നൽകിയ സംവിധായകനായി ജോഷിയെ തീരുമാനിച്ചു. പിന്നീടുള്ള പ്രവർത്തനങ്ങൾ സജീവമായിരുന്നു. ഷൂട്ടിംഗിനിടയിൽ ദിലീപിനെ പലരും വേദനിപ്പിച്ചു. മറ്റൊരാളായിരുന്നെങ്കിൽ പ്രൊജക്ട് തന്നെ വേണ്ടെന്ന് വെക്കുമായിരുന്നു. എന്ത് ത്യാഗം സഹിച്ചാലും ഷൂട്ടിങ് പൂർത്തിയാക്കുമെന്ന് ദിലീപ് ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തു. ട്വന്റി 20 എന്ന് സിനിമയ്ക്ക് പേരിടുകയും ചെയ്തു. പൂജ തുടങ്ങിയത് മുതൽ വലിയ പബ്ളിസിറ്റിയാണ് സിനിമയക്ക് ലഭിച്ചത്. ഒരു വലിയ സംഭവമായി മാറാൻ പോകുന്ന സിനിമയുടെ നിർമ്മാതാവെന്ന നിലയിൽ ദിലീപ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
2008 ൽ ട്വന്റി 20 റിലീസ് ചെയ്തു. റിലീസ് ചെയ്യും മുൻപ് തന്നെ സിനിമ സൂപ്പർ ഹിറ്റായി മാറുമെന്നായിരുന്നു പ്രചാരണം. ആ പ്രചാരണം സത്യമായിരുന്നു. സംവിധായകൻ ജോഷി ആയതുകൊണ്ട് മാത്രമാണ് ട്വന്റി 20 വിചാരിച്ച രീതിയിൽ മുന്നോട്ട് പോയത്. വേറെ ഏതെങ്കിലും സംവിധായകനായിരുന്നെങ്കിൽ ആ സിനിമയുടെ ഗതി നിർണ്ണയിക്കാൻ കഴിയുമായിരുന്നില്ല. ഈ പ്രൊജക്ട് പൂർത്തിയാകാതിരിക്കാൻ വേണ്ടി അണിയറയിൽ ചില കളികൾ നടന്നിരുന്നു

ദിലീപിനെക്കുറിച്ച് പലതരം ആക്ഷേപം ഉണ്ടായിരുന്നുവെങ്കിലും ഈ പ്രൊജക്ട് ദിലീപിന്റെ ജീവിതം തന്നെയായിരുന്നു. ഏതെങ്കിലും തരത്തിൽ സിനിമ തകർന്നിരുന്നുവെങ്കിൽ അത് ദിലീപിനെ മാത്രമേ ബാധിക്കുമായിരുന്നുള്ളൂ. ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ചു എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ഈ സിനിമയ്ക്ക് വേണ്ടി ദിലീപ് അനുഭവിച്ചു. അതുകൊണ്ട് സിനിമ വിജയിക്കേണ്ടത് ദിലീപിന്റെ മാത്രം ആവശ്യമായിരുന്നു. അമ്മയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞ തുക മുഴവൻ നൽകി. അപ്പോഴും ഇന്നസെന്റ് പറഞ്ഞു നീ രക്ഷപെടും. ഈ സിനിമ കൊണ്ട് നീ അമ്മയുടെ തന്നെ പൊന്നുമോനായി മാറും. പിന്നെ നിനക്ക് കളിക്കാൻ അറിയാവുന്നതുകൊണ്ട് ജയിക്കാൻ വേണ്ടി ഏത് കള്ളക്കളിയും നടത്തും. നീ ജയിക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അപ്പച്ചന്റെ നാവ് പൊന്നായിരിക്കട്ടെ എന്നു പറഞ്ഞ് ദിലീപ് ഇന്നസെന്റിനെ ഇക്കിളിയിട്ടു

ട്വന്റി 20 സൂപ്പർ ഹിറ്റായി മാറി. അമ്മ ചോദിച്ചതിനേക്കാൾ കൂടുതൽ തുക നൽകിയ ആ സിനിമ ദിലീപിനെ കോടികളുടെ അധിപനാക്കി. മാത്രമല്ല അസാധ്യമായത് സാധിച്ച വീരൻ എന്ന നിലയിലാണ് പലരും പിന്നീട് ദിലീപിനെ കണ്ടത്. അവിടം മുതൽ ദിലീപ് അമ്മയിൽ സർവാധിപത്യം നേടുകയായിരുന്നു. ആവശ്യത്തിലേറെ പണം വന്നുചേർന്നപ്പോൾ സ്വഭാവത്തിലും മാറ്റം വന്നു. പ്രതികാരദാഹം സജീവമായി. ഒതുക്കേണ്ടവരെ കൈകാര്യം ചെയ്യാൻ മനസിൽ പേരുകൾ കുറിച്ചിട്ടു. ചിരിച്ചുകൊണ്ട് കഴുത്തറുക്കാൻ ദിലീപ് ഒരുങ്ങിത്തുടങ്ങി. എന്തിനും തയ്യാറായി ഏതാനും നടീനടന്മാരും ദിലീപിനൊപ്പം ചേർന്നു. അമ്മയുടെ സമ്പന്നനായ മകൻ എന്ന് അഹങ്കാരത്തോടെ പറഞ്ഞ: ഞാനില്ലായിരുന്നെങ്കിൽ അമ്മ തകരുമായിരുന്നു. അമ്മക്ക് എത്രയോ വലിയ മക്കൾ ഉണ്ട്. അവരാരും ഈ പ്രൊജക്ട് ഏറ്റെടുത്തില്ലല്ലോ. പലരും കോമാളിയെന്നും കള്ളനെന്നും ചതിയനെന്നും വിളിക്കുന്ന ചെറിയ ഞാൻ തന്നെ വേണ്ടിവന്നില്ലേ അമ്മയെ രക്ഷിക്കാൻ.

ദിലീപും കൂട്ടരും അമ്മയെ എല്ലാ രീതിയിലും കൈപ്പിടിയിൽ ഒതുക്കാൻ ശ്രമം തുടങ്ങിയ അതിന് ഒരു പരിധി വരെ സഹായം അമ്മയുടെ പ്രസിഡന്റിൽ നിന്നും ഉണ്ടായിരുന്നു. തനിക്ക് തടസമായി നിൽക്കുന്ന എന്തിനേയും തട്ടിനീക്കാൻ പറ്റിയ ഒരു ടീമിന്റെ എല്ലാ സഹായവും ചെയ്ത് ദിലീപ് ഒപ്പം നിർത്തി. അപ്പോഴാണ് രാജസേനൻ തന്റെ പുതിയ സിനിമയക്ക് വേണ്ടി ദിലീപിനെ സമീപിച്ചതും അഡ്വാൻസ് ആയി പത്ത് ലക്ഷം നൽകിയതും. ദിലീപിന്റെ പുതിയ ചതി ഇവിടം മുതൽ തുടങ്ങി.

( തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP