Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈത്ര റെയ്ഡിനെത്തിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ നടപടി ക്രമങ്ങളും പാലിച്ച്; പ്രതിയെ രക്ഷപ്പെടുത്താൻ വിവരം കൈമാറിയത് ഡിവൈഎസ്‌പി; ജാഗ്രത കുറവെന്ന ചെറിയ പരാമർശത്തോടൊപ്പം നടപടി ആവശ്യം പൂർണ്ണമായും തള്ളി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട്; കാലുനക്കികളായ കുറേ ഐപിഎസുകാർ ഒഴിച്ചാൽ ഐപിഎസുകാർ ഒറ്റക്കെട്ടായി ചൈത്രയ്‌ക്കൊപ്പം; ഈ സർക്കാരിന്റെ കാലത്ത് കാക്കിയിടാവുന്ന റോളൊന്നും ചൈത്രയ്ക്ക് നൽകരുതെന്ന് വാശിപിടിച്ച് പാർട്ടി നേതൃത്വവും

ചൈത്ര റെയ്ഡിനെത്തിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ നടപടി ക്രമങ്ങളും പാലിച്ച്; പ്രതിയെ രക്ഷപ്പെടുത്താൻ വിവരം കൈമാറിയത് ഡിവൈഎസ്‌പി; ജാഗ്രത കുറവെന്ന ചെറിയ പരാമർശത്തോടൊപ്പം നടപടി ആവശ്യം പൂർണ്ണമായും തള്ളി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട്; കാലുനക്കികളായ കുറേ ഐപിഎസുകാർ ഒഴിച്ചാൽ ഐപിഎസുകാർ ഒറ്റക്കെട്ടായി ചൈത്രയ്‌ക്കൊപ്പം; ഈ സർക്കാരിന്റെ കാലത്ത് കാക്കിയിടാവുന്ന റോളൊന്നും ചൈത്രയ്ക്ക് നൽകരുതെന്ന് വാശിപിടിച്ച് പാർട്ടി നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവോത്ഥാന സർക്കാർ കേരളം ഭരിക്കുമ്പോൾ സഹപ്രവർത്തകയ്‌ക്കെതിരായ നടപടിയിൽ മറുപടി പറയാൻ പോലും മുതിർന്ന ഐപിഎസുകാർക്ക് മടി. തിരുവനന്തപുരം ഡിഎസ്‌പിയായ ചൈത്രാ തേരാസാ ജോണിനെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധനയിൽ കുടുക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് മുതിർന്ന ഐപിഎസുകാരുടെ മൗനം. എന്നാൽ ഈ വിഷയത്തിൽ പരസ്യ പ്രതികരണമില്ലെങ്കിലും ബഹുഭൂരിഭാഗം ഐപിഎസുകാരും ചൈത്രാ തേരേസാ ജോണിനൊപ്പമാണ്. ഇതാണ് എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിലും പ്രതിഫലിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധന സംബന്ധിച്ച് കോടതിക്ക് എസ്‌പി സേർച്ച് മെമോറാണ്ടം നൽകിയിരുന്നതായി എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജനറൽ ഡയറിയിലും രേഖപ്പെടുത്തിയതിനാൽ ചട്ടലംഘനമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വാറണ്ടില്ലെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ റെയ്‌ഡോ തെരച്ചിലോ നടത്തിയ ശേഷം റിപ്പോർട്ട് കോടതിയിൽ നൽകിയാൽ മതി. ചൈത്ര റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. കമ്മിഷണറെയടക്കം അറിയിക്കാതെ രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ റെയ്ഡിന് കയറിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ കണ്ടെത്താനാണ് തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ ചുമതല വഹിച്ചിരുന്ന ചൈത്ര കഴിഞ്ഞ വ്യാഴാഴ്ച രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയത്. കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളേജ് സിഐ ഉൾപ്പെടെയുള്ളവരുമായാണ് എസ്‌പി പരിശോധനയ്ക്ക് പോയതെന്നും അടുത്ത ദിവസം തന്നെ സെർച്ച് റിപ്പോർട്ട് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയെന്നും മനോജ് എബ്രഹാം റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതികൾ അവിടെ ഇല്ലായിരുന്നതിനാൽ മറ്റ് പ്രശ്നങ്ങൾക്കൊന്നും നിൽക്കാതെ ഉദ്യോഗസ്ഥർ മടങ്ങി. ഇതിലൊന്നും നിയമ ലംഘനമില്ലെന്നാണ് വിശദീകരിക്കുന്നത്.

അതായത് ചൈത്രയ്‌ക്കെതിരെ നടപടിയെടുക്കരുതെന്നാണ് എഡിജിപി വിശദീകരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ പരാതിയിലുള്ള അന്വേഷണ റിപ്പോർട്ടാണു മനോജ് ഏബ്രഹാം ഡിജിപിക്കു കൈമാറിയത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്കു കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി പാർട്ടി ഓഫിസിൽ ഒളിവിലുള്ളതായി ഇയാളുടെ ഫോൺ ചോർത്തി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ്, ഡിസിപിയുടെ അധികച്ചുമതല വഹിച്ചിരുന്ന വനിതാ സെൽ എസ്‌പി ചൈത്ര 24നു രാത്രി പരിശോധനയ്ക്കു പോയത്. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് സിഐ ഒപ്പമുണ്ടായിരുന്നു. ചിലർ വിവരം ചോർത്തിയതോടെ പ്രതി കടന്നുകളഞ്ഞെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിന് പിന്നിൽ ഡിവൈഎസ്‌പിയാണെന്നാണ് സൂചന. യുവ വനിതാ ഓഫിസർക്കെതിരെ പൊലീസ് മേധാവി നൽകുന്ന ശുപാർശയും നിർണായകമാണ്. പ്രതികൂല റിപ്പോർട്ട് നൽകിയാൽ അതു യുവ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നു ചില സഹപ്രവർത്തകർ ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് അതേ പടി മുഖ്യമന്ത്രിക്ക് ഡിജിപി കൈമാറി. അതുകൊണ്ടു തന്നെ തീരുമാനം മുഖ്യമന്ത്രിയുടേതായി മാറി. പോക്‌സോ കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരെ സ്റ്റേഷനിൽ കാണാൻ സമ്മതിച്ചില്ലെന്ന തർക്കത്തിനു പിന്നാലെയാണു കല്ലേറുണ്ടായതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട വിഷയമായതിനാൽ റിപ്പോർട്ട് ഡിജിപി പരിശോധിച്ച ശേഷം അദ്ദേഹത്തെ അറിയിക്കും. പരിശോധനയുടെ അടുത്ത ദിവസം തന്നെ അധികച്ചുമതല ഒഴിവാക്കി ചൈത്രയെ വനിതാ സെല്ലിലേക്കു മടക്കിയിരുന്നു. ഇതിനൊപ്പം ചൈത്ര തെരേസ ജോണിനു സർക്കാരിന്റെ താക്കീത് കിട്ടിയെന്നാണ് സൂചന. റെയ്ഡിനു മുമ്പ് മേലധികാരികളുടെ അനുമതി തേടിയില്ലെന്ന 'കുറ്റം' ആവർത്തിക്കരുതെന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തിയാണു താക്കീത് ചെയ്തത്. അതേസമയം, സർക്കാരിന് ഉചിതമായ നടപടിയെടുക്കാമെന്ന ശിപാർശയോടെ സംഭവം സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി. സർക്കാരിനു കൈമാറയിട്ടുള്ളത്. നട്ടെല്ല് വളയ്ക്കാതെ നടപടിയെടുത്ത ചൈത്രയ്ക്കു സാമൂഹിക മാധ്യമങ്ങളിലൂടെ സല്യൂട്ട് പ്രവഹിക്കുകയാണ്. അതിനിടെ അവർക്കെതിരേ നടപടിയെടുക്കുന്നതു സർക്കാരിന്റെ പ്രതിഛായ കൂടുതൽ മോശമാക്കുമെന്നതിനാലാണു തൽക്കാലം താക്കീതിൽ നിർത്തുന്നത്.

എന്നാൽ ചൈത്രയ്ക്ക് തൽകാലം ക്രമസമാധാന പാലനം സർക്കാർ നൽകില്ല. അച്ചടക്ക നടപടിയുണ്ടായില്ലെങ്കിലും സേനയുടെ മൂലയിൽ ചൈത്രയെ ഇരുത്താനാണ് സാധ്യത. ചൈത്രയ്ക്ക് പൊലീസിൽ ജോലി നൽകരുതെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നിലപാട്. അച്ചടക്ക നടപടിയെന്ന് പോലും പറയാതെ ചൈത്രയെ പൊലീസിൽ നിന്ന് മാറ്റി പകരം ചുമതല നൽകാനുള്ള സാധ്യതയും ഏറെയാണ്.

റെയഡിലുള്ള സത്യസന്ധമായ ഉദേശ്യത്തിന്റെ പ്രതിഫലനം

സത്യസന്ധമായ ഉദ്ദേശ്യത്തോടെയായിരുന്നു ചൈത്രയുടെ റെയ്ഡെന്നാണ് എ.ഡി.ജി.പി. മനോജ് ഏബ്രഹാം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട്. അപാകതയില്ലെങ്കിലും ചെറിയ രീതിയിൽ ജാഗ്രതക്കുറവ് സംഭവിച്ചു. ക്രമസമാധാനത്തിന്റെ അധികച്ചുമതല മാത്രമാണു ചൈത്രയ്ക്കുണ്ടായിരുന്നതെന്നും റെയ്ഡിനു മുമ്പ് ഐ.ജിയെയോ കമ്മിഷണറെയോ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറെയോ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് തെരയുന്ന ചിലർ പാർട്ടി ഓഫീസിലുണ്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നു ചൈത്ര വിശദീകരണം നൽകിയിരുന്നു.

കഴിഞ്ഞ 22-നു തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു ഡിവൈഎഫ്ഐ. പ്രവർത്തകർ കല്ലെറിഞ്ഞിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ രണ്ടു പ്രവർത്തകരെ കാണാൻ അനുവദിക്കാതിരുന്നതായിരുന്നു പ്രകോപനം. ഇവർക്കായുള്ള തെരച്ചിലാണ് സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പരിശോധനയിൽ അക്രമികളെ കണ്ടെത്താനായില്ല. ഇന്റലിജൻസ് പോലും അറിയാതെയായിരുന്നു റെയ്ഡ് നടത്തിയതെങ്കിലും വിവരം സിപിഎം. നേതൃത്വത്തിനു ചോർത്തിക്കിട്ടിയിരുന്നെന്നു സംശയിക്കുന്നു. ഒരു ഡിവൈ.എസ്‌പിയാണു ചോർത്തിയതെന്നാണു സൂചന.

ജില്ലാ പൊലീസ് മേധാവി/എസ്‌പി. തലത്തിൽ വലിയ അഴിച്ചുപണിക്കു സർക്കാർ തയ്യാറെടുക്കുകയാണ്. പത്തു ജില്ലാ പൊലീസ് മേധാവിമാർക്കു മാറ്റമുണ്ടായേക്കും. ഇക്കൂട്ടത്തിൽ ചൈത്രയെ ഏതെങ്കിലും അപ്രധാന സ്ഥാനത്തേക്കു നീക്കാനിടയുണ്ട്. കടുത്ത നടപടിയാണ് സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടിരുന്നത്.

സേനയിൽ രണ്ടഭിപ്രായം

പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ കേസിൽ പ്രതികളെ കണ്ടെത്താൻ സിപിഎമ്മിന്റെ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോണിന്റെ നിലപാടിനെതിരേ സേനയിലും രണ്ടു തട്ട്. ചൈത്രയെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ വകതിരിവില്ലാത്ത പ്രവർത്തിയെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. ഇതുസംബന്ധിച്ച് പൊലീസ് വാട്സ്ആപ് ഗ്രൂപ്പുകളിലും സൈബർ സഖാക്കൾക്കിടയിലും തർക്കം മുറുകുകയാണ്.

കമ്മിഷണർ സിനിമയിലെ 'സുരേഷ് ഗോപിക്ക് പഠിക്കാനുള്ള' എടുത്തുചാട്ടമാണ് ചൈത്രയുടേതെന്നാണ് ഇടത് അനുകൂല പൊലീസ് വിഭാഗത്തിന്റെ ആരോപണം. പുതുതായി സേനയിലെത്തിയതിന്റെ ആവേശമാണിത്. കാര്യങ്ങൾ വിശദമായി പരിശോധിക്കാതെയുള്ള എടുത്തുചാട്ടമായിരുന്നു ചൈത്രയുടേത്. ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധന നടത്തിയതെന്നായിരുന്നു ചൈത്രയുടെ വിശദീകരണം. എന്നാൽ, സൈബർ സെല്ലിന്റെ സഹായം ഉൾപ്പെടെ സ്വീകരിക്കാമെന്നിരിക്കെ ഇതിനു നിൽക്കാതെ പാർട്ടി ഓഫീസ് പെട്ടെന്ന് റെയ്ഡ് ചെയ്തത് പക്വതയില്ലായ്മയാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ധീരമായ നടപടിയെന്നാണ് ചൈത്രയുടെ നിലപാടിനെ മറുഭാഗം പ്രകീർത്തിക്കുന്നത്. സംശയമുണ്ടെങ്കിൽ പാർട്ടി ഓഫീസുകളിൽ പരിശോധന നടത്താൻ എന്തിനു മടിക്കുന്നു എന്നും ഇവർ ചോദ്യമുയർത്തുന്നു. പാർട്ടി ഓഫീസുകൾ പരിശോധിക്കുന്നത് കൃത്യമായ മുൻകരുതലോടെ വേണമെന്ന പ്രചരണവും ഒരു വിഭാഗം അടിച്ചുവിടുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും ചൈ്ത്രയ്ക്ക് അനുകൂലമാണ്.

അതിനിടെ ചൈത്രയ്‌ക്കെതിരെ ഭരണക്ഷി സംഘടനകളും മുഖ്യമന്ത്രിയും രംഗത്തെത്തിയതോടെ ഐപിഎസ് അസോസിയേഷൻ അംഗങ്ങളുടെ വാട്‌സാപ് ഗ്രൂപ്പ് നിശ്ചലമായി.എസ്‌പി ചൈത്ര തെരേസ ജോണിനെ പിന്തുണച്ചോ നടപടിയെ അനുകൂലിച്ചോ ഒരാളുടെ സന്ദേശം പോലും ഗ്രൂപ്പിലെത്തിയില്ല.പ്രതിയെ പിടിക്കാൻ എസ്‌പി നടത്തിയ പരിശോധന നിയമപരമായി ശരിയെന്നു ബോധ്യമുണ്ടായിട്ടും നിലപാട് പ്രകടിപ്പിക്കാൻ ആർക്കും ധൈര്യമില്ലാത്ത സ്ഥിതിയാണുള്ളത്. ഐപിഎസ് അസോസിയേഷൻ ഇക്കാര്യത്തിൽ കൂടിയാലോചന നടത്താൻ പോലും ധൈര്യപ്പെട്ടിട്ടില്ല.

രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ പൊലീസ് നടപടി അനുവദിക്കാനാകില്ലെന്ന്

രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ പൊലീസ് നടപടി അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സ്വതന്ത്‌റമായി പ്രവർത്തിക്കാനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സർക്കാർ ഉറപ്പു വരുത്തും. അതിൽ നിന്നു വ്യത്യസ്തമായ സമീപനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അവർക്കെതിരേ യുക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്‌റി അറിയിച്ചു.

സിപിഎം ഓഫീസ് പരിശോധനയെ ഈ സമീപനത്തോടെയാണ് സർക്കാർ കാണുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പരാതി നൽകിയിരുന്നു. നേതാക്കളുടെ പരാതി ഗൗരവമായി പരിശോധിക്കും. അതിനാലാണ് അന്വേഷണം നടത്താൻ ഡി.ജി.പിക്കു നിർദ്ദേശം നൽകിയത്. മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കാണാൻ രാത്രിയിൽ സ്‌റ്റേഷനിലെത്തിയവരെ ജിഡി ചാർജുണ്ടായിരുന്ന ഉദ്യോഗസ്ഥ വിലക്കി. കാണാനുള്ള അനുമതി നിഷേധിച്ചതിനെത്തുടർന്ന് കൂടുതൽ പേർ സ്‌റ്റേഷനു മുന്നിൽ തടിച്ചുകൂടി മുദ്‌റാവാക്യം മുഴക്കി.

തുടർന്നുണ്ടായ സംഭവത്തിൽ സ്‌റ്റേഷനിലെ ജനൽ ചില്ലുകൾ പൊട്ടി 2000 രൂപയുടെ നാശനഷ്ടമുണ്ടായി. ഇതിലെ പ്രതികളെ കണ്ടെത്താനാണ് പൊലീസ് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ 24ന് അർദ്ധരാത്രിയോടെ പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ നടത്തേണ്ട നിയമപരമായ മാർഗത്തിലൂടെയാണു എസ്‌പി ചൈത്രാ തെരേസാ ജോൺ പാർട്ടി ഓഫീസിൽ പരിശോധന നടത്തിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷനിൽ ആരോപിച്ചു.

റെയ്ഡ് പ്രഹസനമെന്ന് കോടിയേരി

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡിസിപി ചൈത്രാ തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള റെയ്ഡ് പ്രഹസനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ ഉദ്യോഗസ്ഥരും സർക്കാരിന് കീഴിലും സർക്കാരിന് വിധേയരുമാണ്. സർക്കാരിന് മുകളിൽ പറക്കാൻ ആരെയും അനുവദിക്കില്ലെന്നും കോടിയേരി തുറന്നടിച്ചു.

റെയ്ഡ് വിലകുറഞ്ഞ പബ്ലിസിറ്റി നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമവാഴ്ച നടത്താനാണ് പൊലീസ് ശ്രമിക്കേണ്ടത്. ജില്ലാ കമ്മിറ്റിലെ റെയ്ഡിനെ തുടർന്ന് ഒരു പ്രതിയെയും പിടികൂടാൻ ഡിസിപിക്ക് കഴിഞ്ഞില്ല. റെയ്ഡ് ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകർ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷൻ ആക്രമിച്ചത്. ഇവർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഡിസിപി അടങ്ങുന്ന സംഘം റെയ്ഡ് നടത്തിയത്. എന്നാൽ ഓഫീസിൽ നിന്ന് പ്രതികളെ കണ്ടെത്താൽ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ചൈത്രയെ ഡിസിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. അതേസമയം ചൈത്രയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ ഡിസിപിയുടെ നടപടി ചട്ടപ്രകാരമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP